മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനം അന്താരാഷ്ട്ര നിലവാരത്തിൽ നടത്തും.ഉദ്ഘാടനത്തിനായി അധികൃതരും കണ്ണൂരും സജ്ജമായി കഴിഞ്ഞു.ഇതിനായുള്ള നീക്കങ്ങള്‍ മട്ടന്നൂരില്‍ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയാണ് ഉദ്ഘാടന വേദിയും സദസും സജ്ജീകരിക്കുക.ഒരു ലക്ഷം പൊതുജനങ്ങള്‍ ഉദ്ഘാടനത്തിന് എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇവര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസം മട്ടന്നൂര്‍ ടൗണിലും മറ്റും ഗതാഗത നിയന്ത്രണവുമുണ്ടാകും. വിളംബര ജാഥയടക്കം പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം ആഘോഷമാക്കാനാണ് ജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും തീരുമാനം.ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. ഇതിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്നാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് തുടക്കവും ഉദ്ഘാടനവും ചേര്‍ന്ന് വരുന്നതിനാല്‍ പിഴവില്ലാത്ത ഒരുക്കങ്ങളാണ് നടക്കുന്നത്.
കേന്ദ്രമന്ത്രി അനന്ത്കുമാർ അന്തരിച്ചു
ബംഗളൂരു:കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബംഗളൂരു ബസവനഗുഡിയിലെ ശ്രീ ശങ്കരാചാര്യ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ഓടെയായിരുന്നു അന്ത്യം.ലണ്ടനില്‍ വിദഗ്ധ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസം 20നാണ് അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയത്. പാര്‍ലിമെന്ററികാര്യത്തിന് പുറമെ രാസവള വകുപ്പിന്റെ ചുമതലയും അനന്ത്കുമാര്‍ വഹിച്ചിരുന്നു. എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ബിജെപിയില്‍ സജീവമായി.1996 മുതല്‍ ലോക്‌സഭയില്‍ തെക്കന്‍ ബംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അടല്‍ ബിഹാരി വാജ്പയ് മന്ത്രിസഭയില്‍ സിവില്‍ ഏവിഷേയന്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി, എബിവിപി ദേശീയ പ്രസിഡന്റ്, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര കൊലപാതകം;രണ്ടുപേർ അറസ്റ്റിൽ; ഡിവൈഎസ്പി രക്ഷപെടാൻ ഉപയോഗിച്ച കാറും കണ്ടെത്തി
തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.നെയ്യാറ്റിൻകര സ്വദേശികളായ സതീഷ് കുമാർ,അനൂപ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാർഡ് എടുത്തു കൊടുത്ത കുറ്റത്തിനാണ് സതീഷ് കുമാർ പിടിയിലായിരിക്കുന്നത്. ഇയാളെ ഞായറാഴ്ച തമിഴ്‌നാട്ടില്‍നിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഡിവൈഎസ്‌പി ഹരികുമാരിനും ബിനുവിനും രക്ഷപ്പെടാനുള്ള വാഹനം എത്തിച്ച് നല്‍കിയത് അനൂപ് കൃഷ്ണയാണ്.ഇയാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഡിവൈഎസ്‌പി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. സനല്‍ മരിച്ച ശേഷം രക്ഷപ്പെട്ട ഹരികുമാര്‍ കല്ലമ്ബലം വരെ യാത്ര ചെയ്തത് ഇതേക്കാറിലാണ് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ അനൂപിനെ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.നെയ്യാറ്റിന്‍കര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏല്‍പിക്കണമെന്നുമായിരുന്നു സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതില്‍ ഹര്‍ജി നല്‍കുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് മുക്കത്ത് സിപിഎം-കോൺഗ്രസ് സംഘർഷം
കോഴിക്കോട്: മുക്കത്ത് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. സംഭവസ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
സനലിന്റെ കൊലപാതകം അപകടമരണമാക്കാൻ ശ്രമമെന്ന് ഭാര്യ വിജി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കാറിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ മരണം അപകടമരണമാക്കി തീർക്കാൻ ശ്രമമെന്ന് സനലിന്റെ ഭാര്യ വിജി ആരോപിച്ചു.ഇപ്പോഴത്തെ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്നും കേസ് സിബിഐ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്നും വിജി പറഞ്ഞു.സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും വിജി വ്യക്തമാക്കി.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് വിജി നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധനയ്ക്ക് ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നും ടാക്‌സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ് നിര്‍ദേശിക്കുന്നുണ്ട്.റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കുമെന്നാണു സൂചന.
മൺവിളയിൽ പ്ലാസ്റ്റിക് ഫാക്റ്ററിക്ക് തീയിട്ടത് തങ്ങൾ തന്നെയെന്ന് പിടിയിലായ ജീവനക്കാരുടെ കുറ്റസമ്മതം
തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്റ്ററിക്ക് തീയിട്ടത് തങ്ങൾ തന്നെയെന്ന് പിടിയിലായ ജീവനക്കാരുടെ കുറ്റസമ്മതം.ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങള്‍ തന്നെയാണ് ഫാക്‌ടറിയ്‌ക്ക് തീവച്ചത് എന്ന് കുറ്റസമ്മതം നടത്തിയത്.ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഫാക്‌ടറിക്ക് തീയിട്ടത്.വിമലിന്‍റെയും ബിനുവിന്‍റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുൻപ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹെല്‍പ്പറായിരുന്ന വിമലാണ് ഡ്യൂട്ടിക്ക് ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയത്. സംഭവദിവസം വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. പ്രതികളിലൊരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയർഫോഴ്‌സ് ജീവനക്കാരും വ്യക്തമാക്കിയിരുന്നു. വിവരമറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു.എന്നാൽ ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു.
നവംബർ 17 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്സി പണിമുടക്ക്
തിരുവനന്തപുരം:ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 17 മുതല്‍ സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങി ഒൻപത് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
നെയ്യാറ്റിൻകര കൊലപാതകം;ഡിവൈഎസ്പി മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന
തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന. ഹരികുമാറിനൊപ്പം സുഹൃത്ത് ബിനുവും ഉണ്ട് എന്നാണ് പോലീസ് പറയുന്നത്.സംഭവ ശേഷം ക്വാറി മാഫിയയുടെ സംരക്ഷണയിൽ ഹരികുമാർ മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.ഇതനുസരിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മധുരയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.ഇതിനിടെയിലാണ് ഇയാൾ ഇവിടെ നിന്നും മുങ്ങിയതായി സൂചന ലഭിച്ചിരിക്കുന്നത്.എന്നാല്‍ സംഭവം നടന്ന് 6 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.നേരത്തെ വീട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതേസമയം ഹരികുമാര്‍ പോലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ കർണാടകയിൽ പ്രതിഷേധം;പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു
ബെംഗളൂരു:ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ കർണാടകയിൽ പ്രതിഷേധം.ബിജെപിയും സംഘപരിവാർ സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി കുടക്,ശ്രീരംഗപട്ടണം,ചിത്രദുർഗ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടകിൽ ടിപ്പു ജയന്തി പോരാട്ട സമിതി ബന്ദിന് ആഹ്വനം ചെയ്തിട്ടുണ്ട്.ഇതേ തുടർന്ന് ദ്രുതകർമ സേനയടക്കം വൻ പോലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.കേരളത്തിന്റെ അതിർത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേസമയം മൂന്നു ദിവസത്തേക്ക് ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരിക്കുന്നതിനാൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ആഘോഷങ്ങളിൽ പങ്കെടുക്കില്ല.