News Desk

ശബരിമല ദർശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു

keralanews police blocked rahul ishwar at nilaikkal

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ധര്‍മ്മസേനാ നേതാവ് രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ വെച്ച്‌ പോലീസ് തടഞ്ഞു.പമ്പയിലേക്ക് രാഹുലിനെ കടത്തി വിടാന്‍ പറ്റില്ലെന്നും അനുമതിയില്ലാതെ മുന്നോട്ടു പോയാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. രണ്ടുപേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. പോലീസ് നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ കടത്തി വിടാമെന്ന് പോലീസ് രാഹുലിലോടു പറഞ്ഞു. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ശബരിമലയിലെ സംഘർഷം;കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി

keralanews conflict in sabarimala court rejected the bail application of k surendran

പത്തനംതിട്ട:ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ നടന്ന സംഘഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സുരേന്ദ്രന്‍ സുപ്രീംകോടതി വിധി പരസ്യമായി ലംഘിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം സുരേന്ദ്രനെ ചോദ്യം ചെയ്യാനായി കോടതി പോലീസിന് ഒരു മണിക്കൂര്‍ സമയം അനുവദിച്ചു. വൈകിട്ട് ഏഴുമണിക്കു മുന്‍പാകെ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാണ് നിബന്ധന.വീട്ടുകാരോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ജയിലിലെ ടെലിഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സുരേന്ദ്രനു സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കുടുംബത്തെ വിളിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. സുരേന്ദ്രനെതിരെ റാന്നി പോലീസ് 2014ല്‍ എടുത്ത കേസില്‍ കോടതി ജാമ്യം നല്‍കി. പമ്ബ ടോള്‍ ഗേറ്റ് ഉപരോധിച്ച കേസാണിത്. ഇതുവരെ സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. ജാമ്യവും എടുത്തിരുന്നില്ല.

കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

keralanews 25 died when a private bus fell into a canal in mandya karnataka

കർണാടക:മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു.മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരയിലേക്കു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബെംഗളൂരു- മൈസൂരു പാതയിലെ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചക്കാണ് അപകടം നടന്നത്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു.അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുപ്പതിലധികം പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.

കണ്ണൂർ ചിന്മയ മിഷൻ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി സമാധിയായി

keralanews chinmaya mission acharya swamini apoorvananda saraswathi passed away

കണ്ണൂർ:കണ്ണൂർ ചിന്മയ മിഷൻ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി(58) സമാധിയായി.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടുമാസത്തോളമായി രോഗബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വഞ്ചിയൂർ അത്താണി ലൈൻ എ.ആർ.എ 100 ഇൽ പരേതരായ ബി.പെരുമാൾ രാജിന്റെയും എസ്.സാവിത്രി രാജിന്റെയും മകളാണ്.ഗായത്രിരാജ് എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്.മുംബൈ സാന്ദീപനി സാധനാലയത്തിൽ സ്വാമി തേജോമയാനന്ദയുടെ ശിഷ്യയായാണ് സന്യാസം സ്വീകരിച്ചത്.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വേദാന്തപഠനം നടത്തിയിട്ടുണ്ട്.തൃശൂർ,മലപ്പുറം,കണ്ണൂർ എന്നിവിടങ്ങളിലെ ചിന്മയ മിഷൻ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരളം ചിന്മയ മിഷന്റെ വനിതാ സംഘമായ ദേവി ഗ്രൂപ്പിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററാണ്.മൃതദേഹം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മണക്കാട് ചിന്മയ പദ്മനാഭയിൽ പൊതുദർശനത്തിനു വെയ്ക്കും.ശേഷം പതിനൊന്നു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

കണ്ണൂർ കാവിന്മൂലയിൽ കൈത്തറിഭവൻ ഗോഡൗണിൽ തീപിടുത്തം

keralanews fire broke out in kaitharibhavan godown in kavinmoola

ചക്കരക്കൽ:കാവിന്മൂല പുറത്തേക്കാട് റോഡിൽ കൈത്തറി ഗോഡൗണിൽ തീപിടുത്തം. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് സംഭവം.അപകടത്തിൽ ലക്ഷങ്ങൾ വിലവരുന്ന തുണിത്തരങ്ങൾ കത്തിനശിച്ചു.ഓടിട്ട കെട്ടിടത്തിന്റെ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു തുണികൾ.ഗോഡൗൺ കെട്ടിടവും കത്തിനശിച്ചു. ഇരുപതുലക്ഷത്തിന്റെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.കാവിന്മൂല സ്വദേശി നളിനാക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് കൈത്തറിഭവൻ.ഇവരുടെ വില്പനകേന്ദ്രം കാവിന്മൂല ടൗണിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് സംശയിക്കുന്നു. നേരത്തെ കാവിന്മൂലയിൽ പ്രവർത്തിക്കുന്ന ഇവരുടെ കടയ്ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സന്നിധാനത്തെ സംഘർഷം;കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

keralanews conflict in sabariala the court will consider the bail application of k surendran today

പത്തനംതിട്ട:ചിത്തിരയാട്ട വിശേഷ സമയത്ത് സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കണം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രന്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. കേസില്‍ ജാമ്യം ലഭിച്ചാലും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രന്‍ ജയില്‍ മോചിതനാവില്ല.

എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീകളുടെ മാർച്ച്

keralanews the womens march to the office of sp yatish chandra today

തൃശൂർ:എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീകളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.തൃശൂരിലെ ഓഫീസിലേക്കാണ് മാർച്ച് നടത്തുക.രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിന്നാണ് മാര്‍ച്ച്‌ തുടങ്ങുന്നത്.ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്ര അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച്‌ ചോദിച്ചത്. ഇത് നിഷേധമാണെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോ എന്നും പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.എന്നാല്‍, ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതില്‍ പ്രത്യേകിച്ച്‌ അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണം;വിശദമായ അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു

keralanews death of balabhaskar dgp ordered for detailed investigation

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിനു കാരണമായ വാഹനാപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു.മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ ബാലഭാസ്കറിന്‍റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. ലോക്കല്‍ പോലീസിനാണ് അന്വേഷണം സംബന്ധിച്ച നിര്‍ദേശം ഡിജിപി നല്‍കിയിരിക്കുന്നത്. ഡിജിപിയെ നേരില്‍ കണ്ടാണ് ബാലഭാസ്കറിന്‍റെ പിതാവ് സി.കെ.ഉണ്ണി പരാതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവർ അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.എന്നാല്‍ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി നൽകി.അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ കുടുംബം പോലീസിനെ സമീപിച്ചത്.

കെ.എം ഷാജിയുടെ അയോഗ്യത;സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി

keralanews disqualification of k m shaji high court says the stay can not be extended

കൊച്ചി:കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്തത് നീട്ടാനാകില്ലെന്ന് ഹൈക്കോടതി.സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് അയോഗ്യനാക്കിയ  ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ കെഎം ഷാജി ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിംകോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും സ്‌റ്റേ അനുവദിച്ചിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന അടുത്ത ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഇനി ഹര്‍ജി പരിഗണിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും വര്‍ഗീയപ്രചാരണം നടത്തിയും വോട്ട് തേടിയെന്ന പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് അഴീക്കോട് എംഎല്‍എയായ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഹർജി  സുപ്രിംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ നിയമസമഭയില്‍ പോവുന്നതിനു തടസ്സമില്ലെന്നും ആനുകൂല്യങ്ങള്‍ പറ്റരുതെന്നും വാക്കാല്‍ പറഞ്ഞെങ്കിലും രേഖമൂലം ലഭിക്കാതെ നിയമസഭയില്‍ പ്രവേശിക്കാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

വേങ്ങാട് സ്കൂൾ ബസ്സിടിച്ച് യുവാവ് മരിച്ചു

keralanews youth died in an accident in vengad

കൂത്തുപറമ്പ്:വേങ്ങാട് സ്കൂൾ ബസ്സിടിച്ച് യുവാവ് മരിച്ചു.ലോഡിങ് തൊഴിലാളിയായ മട്ടന്നൂർ കയനിയിലെ പാറക്കണ്ടിപറമ്പ് വീട്ടിൽ എ.ടി. രാജീവൻ (42) ആണ് മരിച്ചത്.ഇന്നലെ രാത്രി 7-30 ഓടെ വേങ്ങാട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. വേങ്ങാട് നിന്നും വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെ സ്കൂൾ ബസ്സിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ മരിച്ചു.മാങ്ങാട്ടിടംകണ്ടേരിയിലെ പരേതരായ ഗോപാലൻ – ദേവു ദമ്പതികളുടെ മകനാണ്.ഭാര്യ:രജിന.മക്കൾ: ആതിര,കൃഷ്ണാഞ്ജലി, അദൃഷ്ണ.