News Desk

ശബരിമലയുടെ പൂർണ്ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതിക്ക്

keralanews the supervision committee appointed by the high court will take over full control of sabarimala

പത്തനംതിട്ട:മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂർണ്ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി ഏറ്റെടുക്കും.ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാം. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ അപ്പപ്പോള്‍ കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ശബരിമലയില്‍ ക്രമസമാധാനപാലനത്തിനൊഴികെ പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും റദ്ദാക്കിക്കൊണ്ടും സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി റിട്ട. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സമിതിക്കും ഹൈക്കോടതി രൂപം നല്‍കിയത്. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആര്‍. രാമന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരാണ് സമിതിയിലുള്ളത്.ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുത്. എന്നാല്‍ ഇതിന്റെ മറവില്‍ പ്രതിഷേധവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഇതിന് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്ക്കല്‍ – പമ്ബ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തടസപ്പെടുത്തരുത്. എന്നാല്‍ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉചിതമായ നിയന്ത്രണമാകാം. പമ്ബയിലെ ടോയ്ലെറ്റ് സൗകര്യം ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിട്ടിയും ഉറപ്പാക്കണം.സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

പറക്കാനൊരുങ്ങി കണ്ണൂർ

keralanews kannur ready to fly

കണ്ണൂർ:ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകിക്കൊണ്ട് കണ്ണൂർ വിമാനത്താവളം എന്ന സ്വപനം യാഥാർഥ്യമാവുകയാണ്.ഈ ഡിസംബർ ഒൻപതാം തീയതി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്കുള്ള ആദ്യ വിമാനം പറന്നുയരും.സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരിൽ ഒരുങ്ങുന്നത്.ഇതോടെ മട്ടന്നൂരിലെ മൂർഖൻപറമ്പ് എന്ന ഗ്രാമം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. കേരള സർക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ,അതുപോലെതന്നെ ഈ പ്രദേശത്തുള്ള പ്രവാസികൾ എന്നിവർ ചേർന്ന് രൂപം നൽകിയ ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം.മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായിരുന്ന വി.തുളസീദാസാണ് കണ്ണൂർ ഇന്റർനാഷൻ എയർപോർട്ട് ലിമിറ്റഡിന്റെ(കിയാൽ) മാനേജിങ് ഡയറക്റ്റർ.കണ്ണൂരിൽ നിന്നും ഏകദേശം 120 കിലോമീറ്റർ മാത്രം ദൂരത്തിൽ കോഴിക്കോട് എയർപോർട്ട് ഉള്ളപ്പോൾ കണ്ണൂരിൽ ഒരു എയർപോർട്ട് ആവശ്യമുണ്ടോ എന്ന സംശയം നിരവധിപേർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂരിൽ ഒരു രാജ്യാന്തര വിമാനത്താവളം വേണമെന്ന ആവശ്യം വളരെ പണ്ടുതന്നെ ശക്തമായിരുന്നു. മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സ്ഥലം ഉത്തരമലബാറാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം.ഇവിടെയുള്ള പ്രവാസികളുടെ ഒരു ആവശ്യമായിരുന്നു കണ്ണൂരിൽ ഒരു വിമാനത്താവളം വേണമെന്നത്.കോഴിക്കോട് ജില്ലയുടെ ഒരുഭാഗം,വയനാട് ജില്ലയുടെ ഏകദേശം മുഴുവൻ ഭാഗവും,മാഹി,കണ്ണൂർ,കാസർകോഡ് ജില്ലകൾ എന്നിവ ഉൾപ്പെടുന്നതാണ് ഉത്തരമലബാർ എന്നറിയപ്പെടുന്നത്.ഇവിടെ നിന്നുള്ള പ്രവാസികളാണ് ഏറ്റവും കൂടുതൽ കണ്ണൂർ എയർപോർട്ടിനെ ആശ്രയിക്കുക.അതോടൊപ്പം കുടകിൽ നിന്നും കർണാടകയിലെ കേരളത്തോട് ചേർന്ന് കിടക്കുന്ന ജില്ലകളിൽ നിന്നും കൂടുതൽ എളുപ്പം കണ്ണൂർ വിമാനത്താവളമാണെന്നത് കൊണ്ടുതന്നെ ഇവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും കണ്ണൂർ വിമാനത്താവളം വരുന്നതോടെ യാത്ര കൂടുതൽ സൗകര്യപ്രദമാകും.കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്,മംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരിൽ കുറവുണ്ടാകുമോ എന്നതും ഒരു ചോദ്യമാണ്.ഉത്തരമലബാറിലെ പ്രവാസികൾ കൂടുതലായും ആശ്രയിച്ചിരുന്ന എയർപോർട്ടുകളാണ് കോഴിക്കോടും മംഗലൂരുവും.അതുകൊണ്ട് സ്വാഭാവികമായും കണ്ണൂർ വിമാനത്താവളം വരുന്നതോടെ ഇവിടെ നിന്നുള്ള യാത്രക്കാരിൽ കുറവുണ്ടാകും.

ഒരേ സമയം ഇരുപത് വിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.നിലവിൽ 3050 മീറ്ററാണ് റൺവേയുടെ നീളം.കോഡ് E ഗണത്തില്‍ പെടുന്ന ബോയിങ്ങ് B-777, എയര്‍ബസ് A-330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്പന.ഭാവിയില്‍ ഇത് എയര്‍ബസ് A-380 പോലെയുള്ള കോഡ് F ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കാനും പദ്ധതിയുണ്ട്.24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും.ഇതിന്‍റെ പുറമെ നാലു ഇ-വീസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ് ഒരുക്കിയിരിക്കുന്നത്. വാഹനപാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സ്വകാര്യവും ഒരുക്കിയിട്ടുണ്ട്.

എയർ ഇന്ത്യ എക്പ്രസ് വിമാനമാണ് ഉൽഘാടന ദിവസം കണ്ണൂരിൽ നിന്നും സർവീസ് നടത്തുക.അബുദാബിയിലേക്കും റിയാദിലേക്കുമാണ് ഡിസംബർ 9നു കണ്ണൂരിൽ നിന്നു വിമാനം പറക്കുക. കണ്ണൂരിലേക്ക് അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും അതെ ദിവസം സർവീസുകളുണ്ട്.ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ 10ന് കണ്ണൂരിൽ ഫ്ലാഗ്ഓഫ് ചെയ്യുന്ന വിമാനം യുഎഇ സമയം 12.30നു അബുദാബിയിലെത്തിച്ചേരും.തിരിച്ച് യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും.ഞായർ, ബുധൻ, ശനി ദിവസങ്ങളിലാണ് അബുദാബി സർവീസ്. ഉദ്ഘാടന ദിവസം മാത്രമായിരിക്കും അബുദാബിയിലേക്കുള്ള വിമാനം രാവിലെ പത്തുമണിക്ക് പുറപ്പെടുക.പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മണിക്കായിരിക്കും സർവീസ്.റിയാദിലേക്കുള്ള വിമാനം രാത്രി 9.05നു പുറപ്പെട്ട് റിയാദ് സമയം രാത്രി 11.30നു റിയാദിലെത്തും.പത്താം തീയതി മസ്ക്കറ്റിലേക്കും ദോഹയിലേക്കും തിരിച്ചും സർവീസുകളുണ്ടായിരിക്കും.രാത്രി 8.20 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് ദോഹസമയം രാത്രി 10 മണിക്ക് ദോഹയിലെത്തുകയും അവിടെ നിന്നും തിരിച്ച് ദോഹ സമയം രാത്രി പതിനൊന്നു മണിക്ക് പുറപ്പെട്ട് പുലർച്ചെ 5.45 ഓടെ കണ്ണൂരിലെത്തുന്ന തരത്തിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ഞായർ, തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണു ദോഹ സർവീസ്.10നു രാവിലെ 9ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് മസ്ക്കറ്റ് സമയം 11.15നു മസ്ക്കറ്റിൽ എത്തുന്ന തരത്തിലും തിരികെ മസ്ക്കറ്റിൽ നിന്നു 12.15നു പുറപ്പെട്ട് വൈകിട്ട് 5.30നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണു മസ്ക്കറ്റ് സർവീസ്.ഷാർജ സമയം രാത്രി ഏഴിന് ഷാർജയിൽ നിന്നു പുറപ്പെട്ട് രാത്രി 12.10നു കണ്ണൂരിലെത്തുന്ന തരത്തിലും പുലർച്ചെ 1.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് ഷാർജ സമയം 3.40നു ഷാർജയിൽ എത്തുന്ന തരത്തിലുമാണ് ഷാർജ സർവീസ്.

ഡിസംബർ ഒൻപതിന് രാവിലെ പത്തിനാണ് കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിക്കുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ ഒരുലക്ഷം പേർ പങ്കെടുക്കും. ടെർമിനൽ കെട്ടിടത്തിന് സമീപമാണ് വേദി ഒരുക്കുക.ഉദ്ഘാടന ദിവസം പ്രധാന വേദിയില്‍ രാവിലെ എട്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഒൻപതിന് മട്ടന്നൂര്‍ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും.10 മണി മുതലാണ് ഉദ്ഘാടന ചടങ്ങ്. ആദ്യ വിമാനത്തില്‍ പോകുന്ന യാത്രക്കാരെ വായന്തോട് ജംക്ഷനില്‍നിന്ന് പ്രത്യേക വാഹനത്തിൽ എയർപോർട്ടിലെത്തിക്കും.ഡിസംബര്‍ ഏഴിന് മട്ടന്നൂരില്‍ വിപുലമായ വിളംബര ഘോഷയാത്ര നടത്തും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരെ വിമാനത്താവളത്തിൽ എത്തിക്കാന്‍ 60 ബസുകളാണ് ഏർപ്പാടാക്കുക. ഉദ്ഘാടന ദിവസം ഗതാഗത കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്തു നിന്നുള്ളവ മട്ടന്നൂര്‍ ഹൈസ്‌കൂൾ, പോളി ടെക്‌നിക് എന്നിവിടങ്ങളിലും പാര്‍ക് ചെയ്യണം.ഇവിടെ നിന്നും മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ നിന്നും ആളുകളെ പ്രത്യേക ബസുകളിലായിരിക്കും വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഇതിനായി 40 കെഎസ്ആര്‍ടിസി ബസുകളും 20 സ്വകാര്യ ബസുകളും ഏർപ്പെടുത്തും.ഇതിനു യാത്രക്കാരില്‍നിന്ന് ചാര്‍ജ് ഈടാക്കില്ല. രാവിലെ ഏഴു മുതല്‍ 10 വരെയും ഉദ്ഘാടനം കഴിഞ്ഞു തിരിച്ചും ബസ് സർവീസ് ഉണ്ടാകും.

കണ്ണൂരിൽ വ്യാപാരിയുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം പണം കവർന്ന യുവാവ് പിടിയിൽ

keralanews youth arrested for stoling money after scattering chilli power in the eyes of merchant in kannur

കണ്ണൂർ:കണ്ണൂരിൽ വ്യാപാരിയുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം പണം കവർന്ന യുവാവ് പിടിയിൽ.എളയാവൂര്‍ കോളനിയിലെ വിനീത് (20) ആണ് അറസ്റ്റിലായത്.കാപ്പാട് സ്വദേശി പ്രദീപ്കുമാറി (56) നെയാണ് യുവാവ് രാത്രി കൊള്ളയടിച്ചത്.രാത്രി കടപൂട്ടി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പ്രദീപ് കുമാറിന്റെ മുഖത്ത് മുളകുപൊടി വിതറി കൈയിലുണ്ടായിരുന്ന പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച്‌ യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രദീപ് കുമാർ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചലിലാണ് പ്രതിയെ പിടികൂടിയത്.ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പണമടങ്ങിയ ബാഗ് യുവാവിന്റെ കൈയില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു.

ശബരിമല വിഷയം:തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ബി.ജെ.പി

keralanews sabarimala issue bjp plans for hunger strike infront of secretariate from monday

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നിരാഹാരമിരിക്കും.നിരോധാനാജ്ഞ പിന്‍വലിക്കണം, സുരേന്ദ്രനെതിരെ ചുമത്തിയ കേസ് റദ്ദാക്കണം എന്നിങ്ങനെ നാല് ആവശ്യങ്ങൾ ഉന്നയിച്ച 15 ദിവസത്തെ നിരാഹാര സമരമാണ് നടത്തുക. ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നേരിടേണ്ടി  വന്നവര്‍ക്ക് രണ്ടാം തിയതി എറണാകുളത്ത് എത്തി പരാതി ബോധിപ്പിക്കാം. ശബരിമല വിഷയം പഠിച്ച്‌ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ അറസ്റ്റ് അധികാരത്തെ സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു.നിയമവിരുദ്ധമായാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കെ പി ശശികലയുടെ സഹോദരന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ്ജിനോടൊപ്പം ചേരാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സംസ്ഥാനത്ത് നിപ്പ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി സർക്കാർ

keralanews government to issue alert against nipah virus in the state

തിരുവനന്തപുരം:സംസ്ഥാനത്ത് നിപ്പ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി സർക്കാർ.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പാ വൈറസ് ബാധ കൂടുതലായും ബാധിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം.ഇക്കാലയളവില്‍  പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്ബോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ഇവ ഭക്ഷിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോഴും ജാഗ്രത വേണം. ഇക്കാര്യത്തില്‍ ബോധവൽക്കരണം നൽകണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.ആശുപത്രിയിൽ ചുമ പോലെയുള്ള നിപ്പാ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധനിക്കാന്‍ പ്രത്യേക മേഖല തന്നെ സജ്ജമാക്കണമെന്നും ഇവിടെ ചുമതലയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്നും അറിയിപ്പിലുണ്ട്. ചുമയുള്ളവര്‍ വീടിന് പുറത്തിറങ്ങുമ്ബോഴും മറ്റുള്ളവരുമായി ഇടപെടുപ്പോഴും മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ഉത്തരമലബാറിലെ മുൾമുനയിൽ നിർത്തിയത്.പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസ് ബാധയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.

പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

keralanews the assembly was dissolved for today due to opposition party dispute

തിരുവനന്തപുരം:പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ത്തി നടുത്തളത്തില്‍ പ്ലക്കാർഡുകളും ബാനറുകളുമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി പിരിയുകയായിരുന്നു.സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച്‌ ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.തുടര്‍ച്ചയായി ചോദ്യോത്തരവേള തടസപ്പെടുത്തിയാല്‍ ചെയറിന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നൽകി.

സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

keralanews rehna fatima will be produced in the court today for allegedly hurting religious sentiments through the media

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫേസ്ബുക്കില്‍ പ്രതികരണങ്ങള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടത്തി പോലീസ് രഹനയെ അറസ്റ്റ് ചെയ്തതത്. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.തുലാമാസ പൂജയ്ക്കായി  ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്‌ന ഫാത്തിമ എത്തിയിരുന്നു.ഇവര്‍ക്ക് പോലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.

സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി

keralanews the restrictions imposed by police at sannidhanam have been removed

ശബരിമല:സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവെയ്ക്കാം. നാമജപത്തിനായി കൂട്ടം കൂടുന്നതിനും വിലക്കില്ല. ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ മാത്രമെ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കേരളത്തിൽ വിൽപ്പന നടത്തുന്ന രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

keralanews presence of e coli bacteria found in two brand bottled water in kerala

തിരുവന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തികൊണ്ടിരിക്കുന്ന രണ്ട് ബ്രാന്‍ഡ്‌ കുപ്പിവെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അഞ്ച് ബ്രാന്‍ഡ്‌കളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡ്‌കളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍, എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ആകുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായി. സംസ്ഥാനതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വ്യവസ്ഥകള്‍ മാറ്റാന്‍ കേന്ദ്രം തയാറായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍ അoഗമായതെന്നും മന്ത്രി പറഞ്ഞു.

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലും കെ.സുരേന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തു

keralanews police registered case against k surendran in the incident of blocking thrupthi desai

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്തെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയൊരു കേസില്‍ കൂടി പൊലീസ് അദ്ദേഹത്തെ പ്രതിയാക്കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനും മറ്റ് 20 പേര്‍ക്കുമെതിരെ കേസ്. നിരോധന മേഖലയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചത് സുരേന്ദ്രന്റെ നേതൃത്വത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കും.നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ഇന്ന് നെയ്യാറ്റിന്‍കര കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റ് ആറ് കേസുകള്‍ കൂടി ഉള്ളതിനാല്‍ സുരേന്ദ്രന് ജയിൽ മോചിതനാകാനാവില്ല. ഇതിനിടയിലാണ് പുതിയൊരു കേസ് കൂടി പോലീസ് സുരേന്ദ്രനുമേൽ ചുമത്തിയിരിക്കുന്നത്.അതേസമയം, സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.