ബെംഗളൂരു:എച് ഐ വി ബാധിതയായ യുവതി ചാടി ജീവനൊടുക്കിയ തടാകം നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചു. കര്‍ണാടക ഹുബ്ബള്ളിയിലെ മൊറാബ് ഗ്രാമത്തിലെ 32 ഏക്കർ വിസ്തൃതിയുള്ള തടാകമാണ് ബുധനാഴ്ച വറ്റിച്ചത്. 20 സിഫോണുകളും നാലു മോട്ടോര്‍ പമ്പുകളും തടാകം വറ്റിക്കാന്‍ ഉപയോഗിച്ചു. കഴിഞ്ഞ മാസം 29-നാണ് എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം തടാകത്തില്‍നിന്നു കണ്ടെടുത്തത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നാണു ഇവരുടെ വാദം.നാട്ടുകാരുടെ ആവശ്യത്തിനു വഴങ്ങാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്ന് നവാല്‍ഗുണ്ട് തഹസീല്‍ദാര്‍ നവീന്‍ ഹുള്ളുര്‍ പറഞ്ഞു.വറ്റിച്ച തടാകം ശുദ്ധീകരിച്ചശേഷം സമീപത്തെ മലാപ്രഭ കനാലില്‍നിന്ന് വെള്ളം എത്തിച്ച് തടാകം നിറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഈ മാസം ഇരുപതോടെ തടാകം നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, നാട്ടുകാരുടെ ഭയത്തിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ.നാഗരാജ് പറഞ്ഞു. എച്ച്‌ഐവി വൈറസിന് എട്ടു മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും 25 ഡിഗ്രി സെന്‍റിഗ്രേഡില്‍ കൂടുതല്‍ താപനിലയില്‍ വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തി
തിരുവനന്തപുരം:ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തി.ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.11 പവന്‍ സ്വര്‍ണവും ഇവിടെനിന്നും മോഷ്ടാക്കള്‍ കവര്‍ന്നു. നേരത്തെ വാടകയ്ക്കു താമസിച്ചവരാണ് മോഷണത്തിനു പിന്നിലെന്ന് രത്നമ്മ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ പീഡനക്കേസ്;കസ്റ്റഡിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭം ചെയ്ത കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു.പ്രതികളുടെ അറസ്റ്റ് പോലീസ് വൈകിപ്പിച്ചതോടെ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.പത്ത് മിനുട്ടിലേറെ പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പിന്നീട് എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഏറെനേരം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. റോഡ് ഉപരാധത്തിന് നേതൃത്വം നൽകിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടി.വി.രവീന്ദ്രന്‍, പി.രാജീവന്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്,ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എടാട്ട് ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു
പയ്യന്നൂർ:എടാട്ട് ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.കാക്കടവ് കാലിച്ചനടുക്കത്തെ രാജുവിന്റെ മകന്‍ മുണ്ടത്താന്‍പ്ലാക്കല്‍ മനു(30)വിനാണ് പരിക്കേറ്റത്.ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ എടാട്ട് ദേശീയപാതയില്‍ കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.വടകര പയ്യോളിയില്‍ ചെങ്കല്ലിറക്കി തിരിച്ച് വരികയായിരുന്നു അപകടത്തില്‍പെട്ട ലോറി.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ ഗോവയിലെ വിനോദയാത്ര കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പയ്യന്നൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാബിന്‍ പൊളിച്ചാണ് പുറത്തെടുത്തത്.
നടിയെ ആക്രമിച്ച കേസ്;പ്രതിപട്ടികയിൽ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒഴിവാക്കി
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒഴിവാക്കി.നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന കേസിലാണ് അഭിഭാഷകരായ പ്രതീഷ് ചാക്കൊ,രാജു ജോസഫ് എന്നിവരെ പ്രതിസ്ഥാനത്ത് നിന്ന് ഹൈക്കോടതി ഒഴിവാക്കിയത്.പ്രതികള്‍ ഫോണ്‍ നശിപ്പിച്ചുവെന്നതിന് തെളിവില്ലന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ സാക്ഷിമൊഴികളില്‍ നിന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്
രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി
പത്തനംതിട്ട:ചോദ്യം ചെയ്യാനായി രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. നേരത്തെയും കസ്റ്റഡി ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയത്.മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷയും കോടതി ഇന്നലെ വീണ്ടും തള്ളിയിരുന്നു.ജാമ്യാപേക്ഷാ തള്ളിയതോടെ വീണ്ടും രഹനയ്ക്ക് കൊട്ടാരക്കര ജയിലില്‍ തന്നെ കഴിയേണ്ടി വരും.
ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്ത് നില്‍ക്കുന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്നതിനിടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.അടുത്ത ദിവസം ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരം തന്‍റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്‍റി മത്സരങ്ങളും കളിച്ച താരമാണ് ഗംഭീര്‍. രണ്ടു ലോകകപ്പുകള്‍ നേടിയ ടീമില്‍ ഗംഭീര്‍ അംഗമായിരുന്നു- 2007-ല്‍ ട്വന്‍റി 20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും. 154 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍ഡ് ടീമില്‍നിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു.ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
കണ്ണൂരിലെ പീഡനം;കസ്റ്റഡിയിലായവരില്‍ കുട്ടിയുടെ പിതാവും ഡിവൈഎഫ് ഐ പ്രാദേശിക നേതാവും
തളിപ്പറമ്പ്:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭാഗത്തിനിടയാക്കിയ സംഭവത്തിൽ കസ്റ്റഡിയിലായവരിൽ കുട്ടിയുടെ പിതാവും ഡിവൈഎഫ്ഐ പ്രാദേശിക നേതാവും.മാട്ടൂല്‍ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിന്‍, പരിപ്പായി സ്വദേശി വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി.അയൂബ്, അരിമ്ബ്ര സ്വദേശി കെ.പവിത്രന്‍ എന്നിവരാണ് പിടിയിലായത്.പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ചതായിരുന്നു പെണ്‍കുട്ടിക്ക് പീഡനം ഏറ്റത്.പീഡനദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തായത് .ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴിയുള്ളതായാണ് പോലീസ് പറയുന്നത്.പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയുമായാണ് പെണ്‍കുട്ടിയും മാതാവും കണ്ണൂരിലെ വനിതാ പൊലീസിനെ സമീപിച്ചത്.തുടർന്ന് വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി.പിന്നീട് തളിപ്പറമ്പ് പൊലീസാണ് കേസ് വിശദമായി അന്വേഷിച്ചതും പ്രതികളെ തിരിച്ചറിഞ്ഞതും. മൊബൈല്‍ ഫോണ്‍ ലക്ഷ്യമാക്കിയുള്ള അന്വേഷണം കേസിനു ഗുണം ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു.
കണ്ണൂരിൽ രണ്ടിടങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം;പരിയാരം കോരൻപീടികയിൽ നിന്നും 15 പവനും താണയിൽ നിന്നും 20 പവനും കവർന്നു
കണ്ണൂർ:കണ്ണൂരിൽ രണ്ടിടങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം.പരിയാരം കോരൻപീടികയിൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ആമിന മൻസിലിൽ സൈനുൽ ആബിദിന്റെ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണ്ണവും 50000 രൂപയും കവർന്നു.തിങ്കളാഴ്ച്ച രാത്രിയാണ് കവർച്ച നടന്നത്.വീടിനു പുറകുവശത്തെ വാതിലും ഗ്രിൽസും പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തുകടന്നത്.അകത്തെ ഷെൽഫിൽ സൂക്ഷിച്ച പണവും സ്വർണ്ണവുമാണ് കവർന്നത്.കുറച്ചുനാളായി ആബിദും കുടുംബവും പിതാവിന്റെ വീട്ടിലായിരുന്നു താമസം. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച്ച മറുനാടൻ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു.ഇവർ പണികഴിഞ്ഞ് പോയശേഷം വീട്ടുകാർ വീടുപൂട്ടി പോയി.ചൊവ്വാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.ഉടനെ പോലീസിൽ വിവരമറിയിച്ചു.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂർ താണയിലും പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഏകദേശം 20 പവൻ സ്വർണ്ണം മോഷ്ടിച്ചു. താണ മാണിക്കക്കാവിനു സമീപം ഇസ്താനയിൽ സാഹിറയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ കുടുംബസമേതം ശനിയാഴ്ച ചങ്ങനാശ്ശേരിയിലെ സഹോദരിയുടെ വീട്ടിൽ പോയിരുന്നു.ഇവർ തിരിച്ചെത്തിയാൽ മാത്രമേ കവർച്ച ചെയ്യപ്പെട്ട സാധനങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ.ചങ്ങനാശ്ശേരിയിലേക്ക് പോകുന്നതിനു മുൻപായി വീട്ടുകാർ പെയിന്റിങ് നടത്തുന്ന ആളുടെ കൈവശം താക്കോൽ നൽകിയിരുന്നു.ഇയാൾ തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.വാതിൽ വെട്ടിപ്പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തുകടന്നിരിക്കുന്നത്.ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സിറ്റി പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി.ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആകാം മോഷണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.
കണ്ണൂരിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവം;നാലുപേർ കസ്റ്റഡിയിൽ
കണ്ണൂർ:കണ്ണൂരിൽ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. മാട്ടൂൽ,ശ്രീകണ്ഠപുരം സ്വദേശികളാണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തു.രണ്ടര വര്‍ഷം മുമ്ബ് പരിചയപ്പെട്ട അഞ്ജന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ ചതിയില്‍ വീഴ്‌ത്തിയതെന്നാണ് വിവരം.ഇവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.പെൺകുട്ടിയെ ചൊവ്വാഴ്ച തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തി.ഇരുപതോളംപേർ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനല്കിയിട്ടുണ്ട്. ഫേസ്ബുക് വഴിയാണ് പെൺകുട്ടി സ്ത്രീയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ നവംബര്‍ 13 ന് പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ ബന്ധു പറശ്ശിനിക്കടവിലെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും അവിടെ കാറിലുണ്ടായിരുന്ന സ്ത്രീ വാഹനത്തിലേക്ക് വിളിച്ചു കയറ്റുകയുമായിരുന്നത്രെ.പത്താം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഈ സ്ത്രീ കാറില്‍ വെച്ച് തന്നെ യൂണിഫോം മാറ്റിപ്പിക്കുകയും പകരം മറ്റൊരു വസ്ത്രം നല്‍കുകയും ചെയ്തു. കസ്റ്റഡിയിലുള്ള സന്ദീപും കാറിലുണ്ടായിരുന്നു. പിന്നീട് പറശ്ശിനിക്കടവിലെ ഒരു ലോഡ്ജില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഈ സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞില്ല.എന്നാല്‍ ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യം ചിത്രീകരിച്ചിട്ടുണ്ടെന്നും അത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും സ്ത്രീ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി മറ്റുപ്രതികളുടെ അടുത്തെത്തിച്ചതായും പെൺകുട്ടി മൊഴിനൽകി.വിദ്യാർത്ഥിനിയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ശാസ്ത്രീയാന്വേഷണവും പുരോഗമിച്ചു.പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ മുഴുവൻ ഫോണുകളും പോലീസ് പിന്തുടർന്നു.തുടർന്ന് ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും ഏതാനും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.