മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 22 ആയി.ഇതിൽ മൂന്ന് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്നാണ് വിവരം. ബോട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടം താനൂരിനടുത്ത് ഓട്ടുമ്പ്രം തൂവൽതീരത്താണുണ്ടായത്.തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത് ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7), ഹസ്‌ന (18), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസൻ (4), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (10), പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‌ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), കുന്നുമ്മൽ ആവയിൽ ബീച്ച് റസീന, പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38), പുതിയ കടപ്പുറം കുന്നുമ്മൽ വീട്ടിൽ ഷംന കെ (17), മുണ്ടുംപറമ്പ മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ഒട്ടുംപുറം കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സഹറ, പരപ്പനങ്ങാടി, സൈതലവിയുടെ മകൾ സഫ്‌ല ഷെറിൻ, ചെട്ടിപ്പടി വെട്ടിക്കൂട്ടിൽ വീട്ടിൽ ആദിൽ ഷെറി, ചെട്ടിപ്പടി അയിഷാ ബി, വെട്ടിക്കാട്ടിൽ വീട്ടിൽ അർഷൻ, പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സീനത്ത് (45), വെട്ടിക്കൂട്ടിൽ വീട്ടിൽ അദ്‌നാൻ (9) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് ആറ് മരണം
മലപ്പുറം: താനൂർ ഒട്ടുമ്പ്രം ബീച്ചിൽ ഹൗസ്ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കുട്ടികളും മുതിർന്നവരുമടക്കം 35 പേർ ബോട്ടിൽ ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ കയറാവുന്നതിനേക്കാൾ കൂടുതൽ യാത്രക്കാർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ വെളിച്ച കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്.തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ.പൊള്ളാച്ചി സ്വദേശി സുജയ് (32), ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരെ തമിഴ്‌നാട് പൊലീസിന് കൈമാറി.ചൊവ്വാഴ്ചയാണ് കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശിനി സുബ്ബലക്ഷ്മി(20) മരിച്ചത്. സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സുബ്ബലക്ഷ്മിയെ സുജയിയുടെ ഫ്‌ലാറ്റിലാണ് കഴുത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെടുകയായിരുന്നു. സുജയും സുബ്ബലക്ഷ്മിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് സുജയ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.ഇവര്‍ പൊള്ളാച്ചി കോട്ടാംപട്ടിയിലെ ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അടുത്തിടെ, ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയിരുന്നു. ചൊവ്വാഴ്ച സുജയിയുടെ ഫ്‌ലാറ്റില്‍ എത്തിയ സുബ്ബലക്ഷ്മി യുവാവുമായി വഴക്കിട്ടു. അതിനിടെയാണ് കൊലപാതകം നടന്നത് എന്നും പൊലീസ് പറഞ്ഞു.സുബ്ബലക്ഷ്മിയെ കുത്തിയ കാര്യം അമ്മയെ അറിയിക്കുകയും മരണം പൊലീസിനെ അറിയിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടതിന് ശേഷം സുജയ് ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കില്‍ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍നിന്ന് പുലര്‍ച്ചയോടെ ഇരുവരെയും പിടികൂടിയത്.
സംസ്ഥാനത്ത് വേനലവധിക്ക് ക്ലാസുകൾ വേണ്ടെന്ന കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്;CBSEക്കും ബാധകം
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസ് നടത്തരുതെന്ന കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.നിർദ്ദേശങ്ങൾ ലംഘിച്ച് പല സ്കൂളുകളിലും ക്ലാസ്സുകൾ നടത്തുന്നതായുള്ള വിവരങ്ങളെ തുടർന്നാണ് നിർദേശം പുറത്തിറക്കിയത്.ക്ലാസ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും DPI നിർദേശിച്ചിട്ടുണ്ട്.എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസുകൾക്കും നിരോധന ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനം കനത്ത ചൂടിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.വേനലവധിക്ക് ക്ലാസുകള്‍ നടത്തി ക്ലാസില്‍ വച്ചോ അല്ലെങ്കില്‍ യാത്രയ്ക്കിടയിലോ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദികളായിരിക്കും.
വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം ; വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.നേരത്തെ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.അതേസമയം രണ്ട് ദിവസം മുൻപ് തിരൂരിനു സമീപം വച്ച് വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. മലപ്പുറം തിരുർ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. സി 4 കോച്ചിലാണ് കല്ലേറുണ്ടായത്.ട്രെയിനിന്റെ ചില്ലിൽ വിളളൽ വീണു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വന്ദേഭാരതിന് സുരക്ഷ കൂട്ടാനാണ് ആർ പി എഫ് തീരുമാനം
കടബാധ്യത; വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ
വയനാട്: കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കര്‍ഷകൻ ജീവനൊടുക്കി. ചെന്നലോട് പുത്തൻപുരയിൽ ദേവസ്യ എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം
കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുൻപ് വിഷം കഴിച്ച് അവശ നിലയായി കൃഷിയിടത്തിൽ ദേവസ്യയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് ദേവസ്യക്കുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു ഇദ്ദേഹം കടമെടുത്തത്.
ഓപ്പറേഷൻ കാവേരി; ജിദ്ദയിൽ നിന്ന് 186 പേരടങ്ങുന്ന വിമാനം കൊച്ചിയിലെത്തി
ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക വിമാനം കൊച്ചിയിലെത്തി.ഓപ്പറേഷൻ കാവേരിയുടെ ഭാഗായി ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തുന്ന ഒൻപതാമത്തെ വിമാനമാണിത്. ജിദ്ദയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് ഒൻപതാമത്തെ വിമാനം 186 യാത്രാക്കാരുമായി പുറപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 2500 ഇന്ത്യൻ പൗരന്മാരെയാണ് സുഡാനിലെ സംഘർഷ ഭൂമിയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിൽ 2300 പേരെ ഇന്ത്യയിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.യുദ്ധഭൂമിയായി മാറിയ സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ദൗത്യത്തിന്റെ പേരാണ് ഓപ്പറേഷൻ കാവേരി.കപ്പൽ,വിമാനം എന്നിവ ഉപയോഗിച്ചാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിക്കുന്നത്. തുടർന്ന് ജിദ്ദയിൽ നിന്ന് വ്യോമസേന, വാണിജ്യ വിമാനങ്ങളിലായി നാട്ടിലെത്തിക്കും.
കണ്ണൂരിൽ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു
കണ്ണൂർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത് അംഗം മരിച്ചു. കീഴ്പള്ളി പാലരിഞ്ഞാല്‍ സ്വദേശി എം കെ ശശി(51)ആണ് മരിച്ചത്.വീടിന് സമീപത്ത് വച്ച് അബദ്ധത്തില്‍ ഷോക്കേൽക്കുകയായിരുന്നു.ടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആറളം പഞ്ചായത്ത് മുൻ അംഗമായ എം കെ ശശി നിലവിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്.അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും അധികൃതർ അറിയിച്ചു.
തിരുവില്വാമലയിൽ പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ ഫോൺ 3 വർഷം മുൻപ് വാങ്ങിയത്; കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്ക്
തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ ഫോൺ 3 വർഷം മുൻപ് വാങ്ങിയതെന്ന് റിപ്പോർട്ട്. കുട്ടിയുടെ അച്ഛന്റെ അനുജൻ പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പൊലീസ് നിഗമനം. മറ്റു വിവരങ്ങൾ ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.അപകട സമയത്ത് പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു.തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.
ഭക്ഷണം കഴിക്കാനെത്തി; ഒരു വയസുള്ള കുട്ടിയെ ഹോട്ടലിൽ മറന്ന് വെച്ച് കുടുംബം
കണ്ണൂർ: ഭക്ഷണം കഴിച്ച് മടങ്ങവേ ഒരു വയസുള്ള കുട്ടിയെ ഹോട്ടലിൽ മറന്ന് വെച്ച് കുടുംബം. തളിപ്പറമ്പിലെ ഏഴാം മൈലിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു. ചപ്പാരക്കടവ് ഭാഗത്ത് നിന്നും രണ്ട് വാഹനങ്ങളിലായാണ് കുടുംബം ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിയത്. ഈ സമയം ഒരു വയസുള്ള ആൺകുട്ടി കുടുംബത്തിലെ മുതിർന്നയാളുടെ മുതിർന്നയാളുടെ കയ്യിലായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനായി ഇയാൾ കുട്ടിയെ താഴെ നിർത്തി. എന്നാൽ പിന്നീട് കുട്ടിയെ എടുക്കാതെ ഇവർ തിരികെ വാഹനങ്ങളിൽ കയറി പോകുകയായിരുന്നു.ഇവർ പോയതിന് പിന്നാലെ ഹോട്ടൽ കൗണ്ടറിന് സമീപം കുട്ടിയെ കണ്ടെത്തിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കുടുംബത്തെ തിരിച്ചറിയുന്നത്. ഉടൻ തന്നെ ഹോട്ടലുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസുകാർ എത്തി കുട്ടിയെ തളിപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ചു.കിലോമീറ്ററുകൾക്ക് ശേഷമാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉടൻ തന്നെ ഇവർ തളിപ്പറമ്പിലെ ബന്ധുക്കളോട് വിവരം പറഞ്ഞു. പിന്നാലെ ബന്ധുക്കൾ ഹോട്ടലിൽ എത്തി വിവരം തിരക്കി. ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം ബന്ധുക്കൾ പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ വിട്ട് കിട്ടിയില്ല. അച്ഛനും അമ്മയും നേരിട്ടെത്തിയ ശേഷമാണ് കുട്ടിയെ കൈമാറിയത്.കുട്ടിയെ അശ്രദ്ധമായി ഹോട്ടലിൽ ഉപേക്ഷിച്ചതിന് പോലീസ് വീട്ടുകാരെ ശകാരിക്കുകയും ചെയ്തു.