News Desk

ട്രാൻസ്ജെൻഡറുകൾ അയ്യനെ കാണാൻ സന്നിധാനത്തെത്തി

keralanews transgenders visit sabarimala

ശബരിമല:പോലീസ് അനുമതി നൽകിയതിനെ തുടർന്ന് ട്രാൻസ്ജെൻഡറുകൾ അയ്യനെ കാണാൻ സന്നിധാനത്തെത്തി.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ഇന്ന് രാവിലെ മല ചവിട്ടിയത്.നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലി പോലീസ് തടഞ്ഞിരുന്നു.എന്നാൽ  ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് തടസങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.ഇതേ തുടർന്നാണ് പോലീസ് ശബരിമല ദർശനത്തിന് ഇവർക്ക് അനുമതി നൽകിയത്.തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്ന് ട്രാൻസ്ജെൻഡറുകൾ പറഞ്ഞു.ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തിലെ ആദ്യ തെയ്യം മ്യൂസിയം കണ്ണൂരിൽ സ്ഥാപിക്കും

keralanews the first theyyam museum in kerala will be set up at kannur

കണ്ണൂർ:കേരളത്തിലെ ആദ്യ തെയ്യം മ്യൂസിയം കണ്ണൂരിൽ സ്ഥാപിക്കും.കണ്ണൂര്‍ ചന്തപ്പുരയില്‍ വണ്ണാത്തി പുഴയുടെ തീരത്തുള്ള ഒന്നരയേക്കര്‍ സ്ഥലത്താണ് തെയ്യം മ്യുസിയം സ്ഥാപിക്കുന്നത്.സ്ഥലം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.തെയ്യമെന്ന അനുഷ്ഠാന കലയുടെ  സംരക്ഷണവും തെയ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയുമാണ് മ്യൂസിയം കൊണ്ട് ലക്ഷ്യമിടുന്നത്.തെയ്യത്തിന്റെ കലാപരമായ ഘടകങ്ങളെ പ്രദര്‍ശിപ്പിക്കുക,തെയ്യം കെട്ടുന്നവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ പ്രവര്‍ത്തികളും തെയ്യം മ്യുസിയത്തിന്റെ നേതൃത്വത്തില്‍ നടക്കും. മുഖത്തെഴുത്ത്,തോറ്റംപാട്ട്,തെയ്യത്തിന്റെ ആടയാഭരണങ്ങൾ എന്നിവ ശേഖരിക്കുകയും ഇത് പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയുംചെയ്യും.ചായങ്ങള്‍, അണിയലം, തെയ്യം ശില്‍പ്പങ്ങള്‍, ത്രീഡി ഷോ എന്നിവ മ്യുസിയത്തില്‍ ഒരുക്കും. മ്യുസിയത്തിന്റെ രൂപകല്‍പ്പന പുരോഗമിക്കുകയാണ്. മാര്‍ച്ച്‌ മാസത്തില്‍ തറക്കല്ലിടാനാനാണ് ആലോചന.

ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിൽ നിന്നും പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ

keralanews 152 m panel conductors were dismissed from the district due to the high court order

കണ്ണൂർ:ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ.കണ്ണൂർ–56, തലശ്ശേരി–44, പയ്യന്നൂർ–52 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരുടെ എണ്ണം. കണ്ടക്റ്റർമാരുടെ കുറവ് ഉച്ചയ്ക്കു ശേഷമുള്ള സർവീസുകളെ ബാധിച്ചു. 3 ഡിപ്പോകളിൽ നിന്നായി 21 സർവീസുകളാണു ഇന്നലെ റദ്ദാക്കിയത്. ഇന്ന് ഇത് ഇരട്ടിയിലധികമാകുമെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.സർവീസുകൾ പരമാവധി മുടങ്ങാതിരിക്കാൻ സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പ്രതിദിനം 268 സർവീസുകളാണു നടത്തുന്നത്. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ മിക്ക ദിവസങ്ങളിലും നാൽപതോളം സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഇതിനു പുറമേ കണ്ടക്ടർമാരുടെ കുറവു മൂലം സർവീസുകൾ റദ്ദാക്കുന്നതോടെ  യാത്രാക്ലേശം രൂക്ഷമാകും. 112 സർവീസുകൾ ഉള്ള കണ്ണൂർ ഡിപ്പോയിൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തിയാലും 80 സർവീസുകളേ നടത്താനാകു. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 90 സർവീസുകളും തലശ്ശേരിയിൽ നിന്ന് 66 സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. ഇതും വെട്ടിക്കുറയ്ക്കേണ്ടിവരും.

തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാർത്ഥിയെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സഹപാഠികളായ നാലു വിദ്യാർഥികൾ കസ്റ്റഡിയിൽ

keralanews student from thaliparamb keezhattoor found murdered in bengalooru four classmates arrested

തളിപ്പറമ്പ്:തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാർത്ഥിയെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട  സഹപാഠികളായ നാലു വിദ്യാർത്ഥികളെ ബെംഗളൂരു യലഹങ്ക പൊലീസ് കസ്റ്റഡിയിലെടുത്തു.കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്‍-സുരേഖ ദമ്ബതികളുടെ ഏക മകന്‍ അര്‍ജുന്‍ പ്രഭാകരന്‍ (22) ആയിരുന്നു കൊല്ലപ്പെട്ടത്.ബൈക്ക് അപകടത്തിൽ അർജുൻ മരിച്ചുവെന്നാണ് കോളേജ് അധികൃതർ വീട്ടുകാരെ വിവരമറിയിച്ചത്.ഇതിനെ തുടര്‍ന്ന് ബംഗളൂരുവിലെത്തിയ ബന്ധുക്കള്‍ അര്‍ജ്ജുന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും അസാധാരണ മുറിവുകളും കണ്ട് മരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം അപകടമായിരുന്നില്ല കൊലപാതകം ആയിരുന്നെന്ന്  കണ്ടെത്തിയത്.അന്വേഷണത്തില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു. അര്‍ജുനും മറ്റുചില മലയാളി വിദ്യാര്‍ത്ഥികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ പരാതി നല്‍കിയ വിരോധത്തില്‍ ഭീഷണി നിലവിലുള്ളതായി അര്‍ജുന്‍ പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് ശക്തിപ്രാപിക്കുന്നു

keralanews fethai hurricane getting strong in andra coast

ഹൈദരാബാദ്:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് ശക്തിപ്രാപിക്കുന്നു. ചുഴലിക്കാറ്റില്‍ മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ് . വിജയവാഡയിലുണ്ടായ അതിശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അതിശക്തമായ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്.ചുഴലിക്കാറ്റിനെ തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി  ആന്ധ്രയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 50 ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി.ആന്ധ്രയിലെ 350 ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറോളം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കുകയും ചെയ്തു.ആന്ധ്രയില്‍ കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്.100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച്‌ ആന്ധ്ര തീരത്തോട് അടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ വടക്ക് തീരങ്ങളിലും, പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ് തീരങ്ങളിലും, ഒറിസയുടെ തെക്കന്‍ തീരങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്.

ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് അനുമതി

keralanews transgenders got permission to visit sabarimala

പത്തനംതിട്ട:ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് പോലീസ് അനുമതി നൽകി. വിഷയത്തിൽ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് നാലു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു.അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്.സ്ത്രീവേഷത്തില്‍ ശബരിമലയിലേക്കു പോവാനാവില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. തുടക്കത്തില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് ട്രാന്‍ജെന്‍ഡറുകള്‍ വഴങ്ങി. എന്നാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊലിസ് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി അറിയിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊലീസ് അനുമതി നല്‍കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു ശബരിമലയില്‍ എത്തുമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറിയിച്ചു.

കെഎസ്ആർടിസിക്ക് അന്ത്യശാസനവുമായി ഹൈക്കോടതി;വൈകുന്നേരത്തിനകം മുഴുവന്‍ താത്കാലികക്കാരെയും പിരിച്ച്‌ വിടണം

keralanews high court give last warning to ksrtc dismiss all temporary workers before evening

കൊച്ചി: ഇന്ന് വൈകുന്നേരത്തിനകം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്‌ടര്‍മാരെയും പിരിച്ച്‌ വിടണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം.ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.ഇന്ന് വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്‌ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താത്‌കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല.ജോലിയില്‍ നിന്ന് പിരിച്ച്‌ വിടുന്ന ഒരു കൂട്ടം കണ്ടക്‌ടമാരാണ് തങ്ങളെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിലാണ് കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പുറത്താക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം കോര്‍പറേഷന്‍ എം.ഡി ഉറപ്പ് വരുത്തണം. ഒരു താത്‌കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് കാട്ടി എം.ഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മിസ് ഫിലിപ്പീന്‍സ് കാട്രിയോണ ഗ്രേ ലോക സുന്ദരിപ്പട്ടം നേടി

keralanews philippines contestant catriona gray named miss universe

ബാങ്കോക്ക്:93 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളി മിസ് ഫിലിപ്പീന്‍സ് 24 കാരിയായ കാട്രിയോണ ഗ്രേ ലോക സുന്ദരിപ്പട്ടം നേടി.തായ്‌ലന്റിലെ ബാങ്കോക്കില്‍ നടന്ന 2018 മിസ്സ് യൂണിവേര്‍സ് മത്സരത്തിലാണ് കാട്രിയോണ ഗ്രേ കിരീടമണിഞ്ഞത്.മിസ് സൗത്ത് ആഫ്രിക്ക താമ്‌റിന്‍ ഗ്രീന്‍ ഫസ്റ്റ് റണ്ണറപ്പായി.വെനസ്വേലയുടെ സ്‌തെഫാനി ഗുടിയര്‍സാണ് മൂന്നാം സ്ഥാനത്ത്.ഇത് നാലാം തവണയാണ് ഫിലിപ്പീന്‍സ് ലോക സുന്ദരിപ്പട്ടം നേടുന്നത്.ഗ്ലോറിയ ഡൈസ്, മാര്‍ഗീ മോറന്‍, പിയ വൂര്‍ട്‌സ്ബാച്ച്‌ എന്നിവരാണ് ഫിലിപ്പീന്‍സില്‍ നിന്നെത്തി ലോക ഹൃദയം നേടിയ മറ്റു ലോക സുന്ദരികള്‍.

രാഹുൽ ഈശ്വർ അറസ്റ്റിൽ

keralanews rahul ishwar arrested

പത്തനംതിട്ട : അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഗവണ്മെന്റ് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരുന്നത്.കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാന്‍ രാഹുൽ ഈശ്വർ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പമ്ബ പോലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഒപ്പിടേണ്ടത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്ബ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

കൊച്ചിയിൽ മയക്കുമരുന്ന് വേട്ട;സീരിയൽ നടി അറസ്റ്റിൽ

keralanews serial actress arrested with drugs in kochi

കൊച്ചി:കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി അറസ്റ്റിൽ.തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവിനെയാണ് ഇന്നലെ രാവിലെ കാക്കനാടുള്ള നടിയുടെ ഫ്ലാറ്റില്‍ നിന്നും തൃക്കാക്കര പൊലീസ് പിടികൂടിയത്. നടിയോടൊപ്പം ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.നിരോധിത ലഹരിമരുന്നായ 3.5 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്നും പിടികൂടിയത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് ഇവര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു.വിൽപ്പനയ്ക്ക്  പുറമെ മൂന്ന് ദിവസത്തിലൊരിക്കല്‍ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.