ന്യൂഡൽഹി: രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങി.7 ലക്ഷത്തിലധികം പേരാണ് ഇതുവരെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തത്.15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷനാണ് ഇന്ന് ആരംഭിച്ചത്.ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസായാണ് നല്‍കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.ശനിയാഴ്ച മുതലാണ് കൗമരക്കാർക്കായുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. കഴിഞ്ഞ മാസം 24 നാണ് 15 നും 18 നും ഇടയിലുള്ളവർക്ക് കൊവാക്‌സിൻ നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. കേരളത്തിൽ കൗമാരക്കായ 15.34 ലക്ഷം പേർ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് മുഴുവൻ ഉടൻ പ്രതിരോധ വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്‌സി എന്നിവിടങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം. ഈ മാസം 10 വരെ ബുധൻ ഒഴികെ എല്ലാ ദിവസവും വാക്‌സിൻ നൽകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് വാക്‌സിൻ വിതരണം.കൗമാരക്കാരുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡുകൾ സ്ഥാപിക്കും. വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തും. കൊറോണ വന്നുപോയവരാണെങ്കിൽ മൂന്ന് മാസങ്ങൾക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി.
പുതുവത്സരദിനത്തിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: പുതുവത്സരദിനത്തിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.എറണാകുളം കടവന്ത്രയിലാണ് സംഭവം. ഭാര്യയെയും നാലും എട്ടും വയസ് പ്രായമുള്ള കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.നാരണയൻ എന്നയാളാണ് കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.നാരണയന്റെ ഭാര്യ ജയമോൾ,മക്കളായ ലക്ഷ്മികാന്ത്,അശ്വന്ത് നാരായൺ എന്നിവരാണ് കൊല്ലപ്പെട്ടത്.മൂവർക്കും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഹോൾസെയിലായി പൂക്കച്ചവടം നടത്തിയിരുന്നയാളാണ് നാരായൺ.ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.കഴിഞ്ഞ ദിവസം നാരായണൻ സുഹൃത്തുക്കൾക്കും മറ്റും പുതുവത്സരദിനാശംസകൾ നേർന്ന് മെസേജ് അയച്ചിരുന്നു. പിന്നാലെ സോറി എന്നും മെസേജ് അയച്ചിരുന്നതായി നാട്ടുകാർ വ്യക്തമാക്കി.സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഭാര്യയെയും, മക്കളെയും ഷൂലെയ്സ് കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചു.മൂവരെയും, കൊലപ്പെടുത്തിയ ശേഷം ബ്ലേഡ് കൊണ്ട് സ്വയം കഴുത്തറത്തുവെന്നും പ്രതിയുടെ മൊഴി.നാരായണയ്‌ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; നാലുപേര്‍ മരിച്ചു
ചെന്നൈ:തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു.എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.ശ്രീവല്ലിപുത്തുരിലെ ആര്‍.കെ.വി എം. പടക്കനിര്‍മ്മാണ ശാലയില്‍ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്.എസ്. കുമാര്‍ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാര്‍ (40), പി. മുരുഗേശന്‍ (38) എന്നിവരാണ് മരിച്ചത്. കുമാര്‍, പെരിയസ്വാമി, വീരകുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മുരുഗേശന്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍വെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പൂജ നടത്താനായാണ് ജോലിക്കാര്‍ പടക്ക നിര്‍മ്മാണ യൂണിറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പപ്പടവും ഇനി പൊള്ളും;നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍
തിരുവനന്തപുരം: ഉല്പാദന ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പപ്പടത്തിന്റെ വില ഇന്നുമുതല്‍ കൂടുമെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പപ്പടം വ്യവസായത്തെ സംരക്ഷിക്കാന്‍ വില വര്‍ദ്ധനവല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.കേരളത്തില്‍ പപ്പടം നിര്‍മിക്കുന്നത് ഉഴുന്ന് കൊണ്ടാണ്. എന്നാല്‍ മൈദ കൊണ്ട് പപ്പടം നിര്‍മിച്ച് കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിംഗ് കമ്മോഡിറ്റി ആക്‌ട് പ്രകാരം പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. വില വര്‍ദ്ധനവ് ഇന്നുമുതല്‍ നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു.
വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം
മാനന്തവാടി: വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം.കാവേരി പൊയിൽ കോളനിയോട് ചേർന്ന വയലിന് സമീപത്താണ് പ്രദേശവാസികൾ കടുവയുടെ കാൽപാട് കണ്ടെത്തിയത്. കൂടിന് സമീപം വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറ കഴിഞ്ഞദിവസം അഴിച്ചുമാറ്റിയിരുന്നു.പിന്നാലെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം ജീവനക്കാർ കാൽപാട് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിൽ സ്ഥാപിച്ച രണ്ടു കാമറ ട്രാപ്പുകൾ പരിശോധിച്ചു.ഇതിൽ ഒരു കാമറയിൽ വ്യാഴാഴ്ച രാത്രി 9.45ന് കടുവ വനമേഖലയിൽനിന്ന് വയൽകടന്ന് മറ്റൊരു വനത്തിലേക്ക് കടക്കുന്നതും ആറു മിനിറ്റിനുശേഷം വന്ന ഭാഗത്തേക്ക് തന്നെ തിരികെ പോകുന്ന ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. ആരോഗ്യമുള്ള കടുവയാണ് ക്യാമറയിൽ പതിഞ്ഞത്.കഴുത്തിൽ മുറിവുകൾ കാണാനുമില്ല.കുറുക്കൻമൂലയിൽ നിരന്തര ആക്രമണം നടത്തിയ കടുവയല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കുറുക്കന്മൂലയിലെ കടുവ ആക്രമണം; നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി യോഗം
വയനാട്: മാനന്തവാടി കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ വർധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു രൂപീകരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നു യോഗം ശുപാർശ ചെയ്തു. വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്മൂലയിലേത് പ്രത്യേകമായി പരിഗണിച്ചു വിപണി വിലയിൽ ഉയർന്ന നഷ്ട പരിഹാരം നല്കണമെന്നണ് സമിതിയുടെ ശുപാർശ.മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിനു സബ് കമ്മിറ്റി രൂപീകരിച്ചത്. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ടി. സിദ്ദീഖ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, രാഹുൽ ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ്, നഗരസഭാ അധ്യക്ഷർ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എഡിഎം എൻ.ഐ. ഷാജു, ജില്ലാ പ്ലാനിങ് ഓഫിസർ ആർ. മണിലാൽ,മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.കടുവയുടെ ആക്രമണത്തിൽ 13 പേരുടെ 16 വളർത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തിൽ പയ്യമ്പള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും നഷ്ടപ്പെട്ട കേസുകളിലാണു പ്രത്യേക പാക്കേജിന് ശുപാർശ.
ജമ്മുകശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു;നിരവധിപേർക്ക് പരിക്കേറ്റു
ജമ്മു: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.കത്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തിന് പിന്നാലെ തീർത്ഥാടനം നിർത്തിവെച്ചു. ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്ര ബോർഡ് പ്രതിനിധികളും അപകടസ്ഥലത്തുണ്ട്. ഡൽഹി ,ഹരിയാന,പഞ്ചാബ് ,ജമ്മുകശ്മീർ എന്നിവടങ്ങളിൽ നിന്നെത്തിയ ഭക്തർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ നരേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.ജമ്മു കശ്മീരിലെ ഘട്രാ പട്ടണത്തിന് സമീപമുള്ള പർവതത്തിലാണ് ലോകപ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രം.
കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ;മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കാനിരിക്കെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്.ഓൺലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിൻ രജിസ്‌ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്.സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കും. 2007ലോ അതിന് മുൻപോ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണു വാക്‌സീന്‍ വിതരണം ആരംഭിക്കുക. കോവാക്‌സിന്‍ ആണു നല്‍കുന്നത്. കേരളത്തില്‍ 15 ലക്ഷത്തോളം കുട്ടികള്‍ക്കു വാക്‌സീന്‍ ലഭിക്കും. കുട്ടികള്‍ക്കുള്ള 5 ലക്ഷം ഡോസ് ഇന്നു സംസ്ഥാനത്ത് എത്തും.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴിയാവും നടത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്കു സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യാം. അതേസമയം 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തും.
പാപ്പിനിശ്ശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.വടകര സ്വദേശികളായ അമല്‍ജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ട ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം.തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;11 മരണം;2742 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂർ 234, കോട്ടയം 224, കണ്ണൂർ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസർകോട് 34 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 342 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2453 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2742 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 541,കൊല്ലം 234, പത്തനംതിട്ട 147, ആലപ്പുഴ 102, കോട്ടയം 380, ഇടുക്കി 114, എറണാകുളം 324, തൃശൂർ 192, പാലക്കാട് 62, മലപ്പുറം 72, കോഴിക്കോട് 338, വയനാട് 49, കണ്ണൂർ 157, കാസർകോട് 30 എന്നിങ്ങനെയാണ് രോഗമുക്തിയായത്.