കണ്ണൂർ:തോക്കേന്തിവന്ന മാവോയിസ്റ്റുകള്‍ അമ്പായത്തോട് ടൗണില്‍ പരസ്യമായി മുദ്രാവാക്യം മുഴക്കി ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തെ തുടർന്ന് അമ്പായത്തോട് മേഖലയില്‍ ബോര്‍ട്ടും നക്സല്‍ വിരുദ്ധ സേനയും സംയുക്തമായി തിരച്ചില്‍ നടത്തി.ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് തിരച്ചില്‍ അവസാനിപിച്ചത്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം തിരച്ചിലിന് നേതൃത്വം നല്‍കി.ഇന്ന് രാവിലെ എസ് പി സ്ഥലത്തെത്തിയ ശേഷം കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. 10 പേര്‍ അടങ്ങിയ സംഘമാണ് എത്തിയത്.4 പേര്‍ മുദ്രാവാക്യം മുഴക്കി ലഘുലേഖകൾ വിതരണം ചെയ്തു.ബാക്കിയാളുകള്‍ മാറി നിന്നു.എകെ 47 യന്ത്രത്തോക്ക് ഉള്‍പ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു.ഒരുസ്ത്രീയും സംഘത്തില്‍ ഉണ്ടായിരുന്നു.അതേസമയം മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.സിപിഎം മാവോയിസ്റ്റിന്റെ കബനീദളത്തിലെ അംഗങ്ങളാണ് ഇവര്‍.രാമു, ടി.പി മൊയ്തീന്‍, കവിത എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനാലാണ് തിരിച്ചറിയാന്‍ സാധിച്ചത്.
മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടർന്ന് മടങ്ങി
പത്തനംതിട്ട: മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് മടങ്ങി.തെലങ്കാന സ്വദേശികളായ രണ്ട് യുവതികള്‍ മറ്റ് തീര്‍ത്ഥാടകരോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസിലാണ് നിലയ്‌ക്കലിലെത്തിയത്.മകരവിളക്ക് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് ഉള്ളതിനാല്‍ ഇപ്പോള്‍ പോകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് പൊലീസ് ഇവരോട് പറഞ്ഞു. തുടര്‍ന്നാണ് തത്കാലം യാത്ര മതിയാക്കി തങ്ങള്‍ മടങ്ങുകയാണെന്ന് ഇവര്‍ അറിയിച്ചത്.കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം യുവതികളുമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലെത്തിച്ച് നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി പൊലീസ് വിശദമായി യുവതികളോട് പറഞ്ഞതോടെ ഇവര്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.അതേസമയം, മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചതോടെ അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. ഇന്ന് രാവിലെയും തിരക്ക് തുടരുകയാണ്.
കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;ആറുപേർക്ക് പരിക്കേറ്റു
കൊടൈക്കനാൽ:കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊടൈകനാലിന് സമീപത്തുവെച്ചാണ് വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്.ഐ.വി ബാധ;രക്തം നൽകിയ യുവാവ് ജീവനൊടുക്കി
ചെന്നൈ:തന്റെ രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്.ഐ.വി ബാധ കണ്ടെത്തിയതിനെ തുടർന്ന് രക്തം നൽകിയ പത്തൊൻപതുകാരൻ ജീവനൊടുക്കി. രാമനാഥപുരം സ്വദേശിയായ യുവാവാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കിയത്.വിഷം കഴിച്ചയുടൻ ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.രണ്ടു ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞു.ഞായറാഴ്ച രാവിലെ ആന്തരിക രക്തസ്രാവം ഉണ്ടായതോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.നവംബർ മാസത്തിൽ യുവതിക്ക് രക്തം നൽകുമ്പോൾ എച്ഐവി ബാധിതനാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല.2016 ഇൽ നടന്ന ഒരു രക്തദാന ക്യാമ്പിൽ പങ്കെടുത്ത യുവാവിന്റെ രക്തം പരിശോധിച്ചപ്പോൾ എച് ഐ വി ബാധയുള്ളതായി കണ്ടെത്തിയിരുന്നു.എന്നാൽ കൗൺസിലേഴ്‌സ് ഇയാളെ വിവരം അറിയിച്ചിരുന്നില്ല.പിന്നീട് വിദേശത്ത് പോകാനായി രക്തപരിശോധന നടത്തിയപ്പോഴാണ് എച് ഐ വി ബാധ കണ്ടെത്തിയത്.തുടർന്നാണ് ഇയാളുടെ രക്തം യുവതിക്ക് നൽകിയതായും യുവതിക്ക് എച് ഐ വി ബാധിച്ചതായും ഡോക്റ്റർമാർ കണ്ടെത്തിയത്.യുവതിയെ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തിൽ തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭയിൽ; ശക്തമായി എതിർക്കാനൊരുങ്ങി പ്രതിപക്ഷം
ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ‌് അവഗണിച്ച‌് ലോക‌്സഭ പാസാക്കിയ മുത്തലാഖ‌് നിരോധന ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും.ഭൂരിപക്ഷം ഉപയോഗിച്ച‌് കേന്ദ്ര സര്‍ക്കാര്‍ ലോക‌്സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ ശക്തമായി എതിര്‍ക്കുമെന്ന‌് പ്രതിപക്ഷം വ്യക്തമാക്കി. രാജ്യസഭയില്‍ നിലവിലുള്ള മുത്തലാഖ് ബില്‍ പിന്‍വലിക്കാതെ പുതിയ ബില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ‌് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത‌്. ഇതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യും.കഴിഞ്ഞ തവണ ലോക‌്സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭ ചര്‍ച്ച ചെയ‌്തങ്കിലും പരാജയം ഉറപ്പായതിനാല്‍ സര്‍ക്കാര്‍ വോട്ടിങ്ങിലേക്ക‌് പോയിരുന്നില്ല. രാജ്യസഭയില്‍ ഇത്തവണയും ബില്‍ പാസാക്കാനുള്ള അംഗസംഖ്യ ബിജെപിക്ക‌് ഇല്ല. ശിവസേനയുടെയും അകാലിദളിന്റെയും പിന്തുണയാണുള്ളത‌്.ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ഭേദഗതി പ്രമേയങ്ങള്‍ അവതരിപ്പിക്കും. പുതിയ ബില്ലും ഓര്‍ഡിനന്‍സും തള്ളിക്കളയണമെന്ന‌് ആവശ്യപ്പെടും.വിവേചനപരമായ മുത്തലാഖ‌് നിരോധന ബില്‍ അംഗീകരിക്കില്ലെന്ന‌് കോണ്‍ഗ്രസ‌് ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച‌് ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ‌് നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ഈ ബില്‍ അപ്രസക്തമാണെന്നും വിവേചനപരമാണെന്നും സിപിഐ എമ്മും വ്യക്തമാക്കി. മുത്തലാഖ‌് ബില്‍ പാസാക്കുന്നതിനുമുമ്ബ‌് വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ സെലക‌്റ്റ‌് കമ്മറ്റിയുടെ പരിഗണനയ‌്ക്ക‌് വിടണമെന്ന‌് ചൂണ്ടിക്കാട്ടി ഇടത് എംപിമാരായ എളമരം കരിം, കെ സോമപ്രസാദ‌്, ബിനോയ‌് വിശ്വം എന്നിവര്‍ ശനിയാഴ‌്ച രാജ്യസഭാ ചെയര്‍മാന‌് കത്ത‌് നല്‍കിയിരുന്നു.മുത്തലാഖിനെ എതിര്‍ക്കുന്നുവെന്നും എന്നാല്‍, അതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതും കഠിനമായ ജാമ്യവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതും അംഗീകരിക്കില്ലെന്നുമാണ‌് പ്രതിപക്ഷത്തിന്റെ നിലപാട‌്.
തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
കണ്ണൂർ:തളിപ്പറമ്പ് ദേശീയപാതയിൽ ബക്കളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരായ അജീര്‍, ഷാനവാസ്. അസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍.പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ
കണ്ണൂർ:കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ നടക്കുന്നു. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.28 ആം തീയതി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ പതി ഫോക് അക്കാദമി അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും.29 ന് ഡിജെ ആൻ അവതരിപ്പിക്കുന്ന ഡിജെ നൈറ്റ്, 30 ന് പ്രശസ്ത മിമിക്രി കലാകാരൻ സുധി കലാഭവൻ അവതരിപ്പിക്കുന്ന വൺ മാൻ ഷോ എന്നിവയും ഉണ്ടാകും.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തഞ്ഞൂറോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോരത്തിന്റെ സുന്ദരിയായ പാലക്കയം തട്ട് കണ്ണൂരില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണ്. തളിപ്പറമ്പില്‍ നിന്നും കുടിയാന്‍മല- പുലിക്കുരുമ്പ റൂട്ടില്‍ 4 കിലോമീറ്റര്‍ മതി പാലക്കയം തട്ടിലെത്താന്‍.കുടിയാന്‍മല മുതല്‍ പാലക്കയംതട്ടുവരെയുള്ള യാത്ര സഞ്ചാരികൾക്ക് വന്യമായ ഒരനുഭൂതിയാണ് സമ്മാനിക്കുന്നത്.ഓടിയെത്തി മുഖം കാണിച്ചുപോകുന്ന മഞ്ഞും ഇരുവശങ്ങളിലായി നിറഞ്ഞു നില്ക്കുന്ന മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒക്കെ പാലക്കയം തട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നു.മെയിന്‍ റോഡില്‍ നിന്ന് നേരേചെന്നു കയറുന്നത് അടിവാരത്താണ്. ഇവിടെനിന്നാണ് പാലക്കയം തട്ടിന്റെ നെറുകയിലേക്കുള്ള യാത്ര തുടങ്ങുന്നത്.ചരലുകള്‍ നിറഞ്ഞ ചെമ്മണ്‍ പാത.നടന്നു കയറുകയാണെങ്കില്‍ അവസാനത്തെ ഒന്നരകിലോമീറ്റര്‍ കുത്തനെ മണ്‍റോഡിലൂടെയുള്ള കയറ്റം തികച്ചും സാഹഹസികമാണ്. വെട്ടിയുണ്ടാക്കിയ വഴിയുപേക്ഷിച്ച് പുല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ കയറുന്നവരും ഉണ്ട്.മുകളിലെത്തിയാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പുകമഞ്ഞുവന്നു മൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. ഉദയസൂര്യനെ കാണാൻ പുലർച്ചെ മലകയറുന്നവരുമുണ്ട്.നോക്കിനിൽക്കെ കുടക് മലനിരകൾക്ക് മുകളിലൂടെ ഉയർന്നുവരുന്ന സ്വർണവർണമുള്ള സൂര്യരശ്മികൾ നമ്മുടെ അരികിലെത്തും. ഈ ഉദയം പോലെ തന്നെ മനോഹരമാണ് ഇവിടുത്തെ അസ്തമയവും.അസ്തമയ സൂര്യനേയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കിൽ മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. ഭക്ഷണവും ഇവിടെ ലഭിക്കും.പക്ഷെ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഞ്ചോളം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സോർബിങ് ബോൾ, സിപ്പ്‌ലൈൻ, ഗൺ ഷൂട്ടിങ്ങ്, ആർച്ചറി, റോപ്പ് ക്രോസ് എന്നിവയാണവ.


കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കാന്‍ വയല്‍ക്കിളികളും സംഘവും ഞായറാഴ്ച ഇറങ്ങും
കണ്ണൂർ:കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കാന്‍ വയല്‍ക്കിളികളും സംഘവും ഞായറാഴ്ച ഇറങ്ങും.”വയല്‍ക്കിളി’ ഐക്യദാര്‍ഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പ്രതീകാത്മക വയൽപിടിച്ചെടുക്കൽ നടക്കുക.ഇതിനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തളിപ്പറമ്പിലെത്തി കീഴാറ്റൂര്‍ വയലിലേക്ക് മാര്‍ച്ച് നടത്തും.പ്രതീകാത്മക വയല്‍പിടിച്ചെടുക്കലിന് രണ്ടായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഡി.സുരേന്ദ്രനാഥ് അറിയിച്ചു.വയല്‍നികത്തി ദേശീയപാത ബൈപ്പാസ് പണിയുന്നതിന്‍റെ ഭാഗമായി ത്രീജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വയല്‍ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം തുടങ്ങുന്നത്.കീഴാറ്റൂര്‍ വയലില്‍ സംഗമിക്കുന്ന പ്രവര്‍ത്തകര്‍ വയല്‍വയലായി തന്നെ നിലനിര്‍ത്താന്‍ എന്ത് ത്യാഗത്തിനും തയാറാണെന്ന് പ്രതിജ്ഞ ചെയ്യും. ഹൈവേ സമരങ്ങളുടെ നേതാവ് ഹാഷിം ചേന്ദമ്ബള്ളി ഉദ്ഘാടനം നിര്‍വഹിക്കും.സി.ആര്‍.നീലകണ്ഠന്‍, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവ്, എം.കെ.ദാസന്‍, പ്രഫ. കുസുമം ജോസഫ്, ഡോ.ഡി.സുരേന്ദ്രനാഥ്, സൈനുദീന്‍ കരിവെള്ളൂര്‍, സി.പി.റഷീദ്, കെ.സുനില്‍കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.സമരത്തിന്‍റെ പശ്ചാത്തലത്തിൽ തളിപ്പറമ്ബിലും കീഴാറ്റൂരിലും ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറിയിച്ചു.
പത്തനംതിട്ടയിൽ അന്യസംസ്ഥാനക്കാരിയായ വേലക്കാരിയുടെ അടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട:അടുക്കളയിൽ നടന്ന തർക്കത്തിനൊടുവിൽ അന്യസംസ്ഥാനക്കാരിയായ വേലക്കാരിയുടെ അടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മുട്ടുമണ്‍ മേലേത്തേതില്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ(77)യാണ് കഴിഞ്ഞ ദിവസം അടിയേറ്റു മരിച്ചത്. പ്രതിയായ വീട്ടുജോലിക്കാരി ജാര്‍ഖണ്ഡ് ഡുംകാ സ്വദേശി സുശീല (24)യെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.വീട്ടമ്മയും വേലക്കാരിയും അടുക്കളയില്‍ വെച്ച് തര്‍ക്കം ആവുകയായിരുന്നു. ശേഷം രോഷം പൂണ്ട വേലക്കാരി വീട്ടമ്മയെ അടിച്ച് വീഴ്ത്തുകയായിരുന്നു. വീട്ടമ്മ തല്‍ക്ഷണം മരിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സീരിയൽ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവം;അന്വേഷണം സിനിമ-സീരിയൽ രംഗത്തേക്കും വ്യാപിപ്പിക്കുന്നു
കൊച്ചി:സീരിയൽ നടി അശ്വതി ബാബു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം സിനിമ-സീരിയൽ രംഗത്തേക്ക് വ്യാപിപ്പിക്കുന്നു.നടി താമസിച്ചിരുന്ന ഫ്ലാറ്റില്‍, അഭിനയ രംഗത്തുള്ളവര്‍ പങ്കെടുത്ത ലഹരിമരുന്ന് പാര്‍ട്ടികള്‍ നടന്നിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം.സിനിമ സീരിയല്‍ രംഗത്തുള്ള പലരും കാക്കനാട്ടെ ഫ്ലാറ്റില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.നടിയുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി അശ്വതി ബാബു ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവരുടെ സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണ് നീക്കം.ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ഉൽപ്പന്നങ്ങളാണ് നടിയുടെ പാലച്ചുവടുള്ള വീട്ടിൽ നിന്നും കണ്ടെടുത്തത്.ഗ്രാമിന് 2000 രൂപ നിരക്കില്‍ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവര്‍ വിറ്റിരുന്നത്.പെൺവാണിഭ സംഘവുമായി അശ്വതി ബാബുവിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു .അശ്വതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. നടിയുടെ ബംഗളൂരു ബന്ധവും അന്വേഷിക്കുന്നുണ്ട്. പിടിയിലാകുമ്പോൾ നടിയുടെ മാതാവിനൊപ്പം ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.