തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍.രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്. വിദഗ്ധാഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനം.ഇന്നലെ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 280 ആയി. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രോഗമുണ്ടാകുന്നതും സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആകെ 30 പേര്‍ക്കാണ് ഇതു വരെ സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവ അടക്കമുള്ള പൊതുപരിപാടികള്‍ക്ക് നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രോഗികളെ നേരത്തേ കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം കൂട്ടും. വിമാനത്താവളങ്ങളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം ഒരുക്കും.വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
കോഴിക്കോട് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
കോഴിക്കോട്:ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തേഞ്ഞിപ്പാലം സ്വദേശിയുമായ ആദര്‍ശ് നാരായണന്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീട്ടിലായിരുന്ന ആദര്‍ശ് കഴിഞ്ഞ ദിവസമാണ് കോളേജില്‍ മടങ്ങിയെത്തിയത്.വീട്ടില്‍ നിന്ന് തിരിച്ചെത്തിയത് മുതല്‍ ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം മെഡിക്കല്‍ കോളേജിൽ കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ; പിടിയിലായത് കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് കസ്റ്റഡിയിലായിരിക്കുന്നത്. കുഞ്ഞിനെ മോഷ്ടിച്ച നീതുവിന് സഹായം ചെയ്ത് നൽകിയത് ഇബ്രാഹിം ബാദുഷയാണ്. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തത്.നീതുവിന് റൂമെടുത്ത് കൊടുത്തത് ഇയാളാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഇയാളുടെ പങ്കെന്താണെന്നത് സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്.പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തിയത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു.വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയത്.സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം പോലീസ് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിൽ നിന്ന് കണ്ടെത്തി.കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ തിരികെ എത്തിച്ച് അമ്മയ്ക്ക് കൈമാറി.കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ച് എത്തിയ സ്ത്രീ കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ച് അമ്മയില്‍ നിന്നും കുഞ്ഞിനെ വാങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോയി.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി അന്വേഷിച്ചപ്പോഴാണ് നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരം ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.കളമശേരി സ്വദേശിനി നീനു ആണ് പോലീസിന്റെ പിടിയിലായത്.
കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർ മരിച്ചു
ഇരിട്ടി: ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർ മരിച്ചു.കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വേണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ് നിർത്തിയ ഉടനെ ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറുടെ മേൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വന്നിടിക്കുകയായിരുന്നു. ബസിനും കാറിനുമിടയിൽ പെട്ട പ്രകാശ് തൽക്ഷണം മരിച്ചു. മാഹി സ്വദേശി മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്കാർക്കും പരിക്കുകളില്ല.
പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി;ഏപ്രില്‍ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായി പ്രഖ്യാപിക്കും
ന്യൂഡൽഹി: പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി.ഏപ്രില്‍ 1 മുതല്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത പെര്‍മനന്റ് അക്കൗണ്ട് നമ്പർ (പാന്‍) കാര്‍ഡ് പ്രവര്‍ത്തന രഹിതമായി പ്രഖ്യാപിക്കും.ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA AA അനുസരിച്ച്, 2017 ജൂലൈ 1-ന് പാന്‍ ഉള്ള, ആധാര്‍ ലഭിക്കാന്‍ യോഗ്യതയുള്ള ഓരോ വ്യക്തിയും പാന്‍ ആധാറുമായി ലിങ്ക് ചെയ്യണം.ഓരോ തവണയും വ്യക്തി പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാം. ഇത് ഐ-ടി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ്.അതേസമയം ഒരാള്‍ക്ക് ഒരു പാന്‍ മാത്രമേ ഉണ്ടാകൂ. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ നേടുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ് കൂടാതെ 10,000 രൂപ വരെ പിഴ ഈടാക്കാം.
കണ്ണൂര്‍ ധര്‍മ്മടത്ത് വിദ്യാര്‍ത്ഥി വിഷം കഴിച്ച് ജീവനൊടുക്കി;ഓണ്‍ലൈന്‍ ഗെയിമിന്റെ ഇരയെന്ന് സൂചന
തലശ്ശേരി: ധര്‍മ്മടത്ത് വിദ്യാര്‍ത്ഥി വിഷം കഴിച്ച് ജീവനൊടുക്കി.കിഴക്കെ പാലയാട് റിവര്‍വ്യൂവില്‍ റാഫി – സുനീറ ദമ്പതികളുടെ മകന്‍ അദിനാന്‍ (16)ണ് കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. വിഷം കഴിച്ചതിനു ശേഷം പരിഭ്രാന്തിയിലായ വിദ്യാര്‍ത്ഥി വിഷം കഴിച്ച കാര്യം ഉമ്മയോട് പറയുകയായിരുന്നു. ഉടന്‍ ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരിക്കുന്നതിന് മുന്‍പ് അദിനാന്‍ പൊട്ടിച്ചെറിഞ്ഞ ഫോണ്‍ ധര്‍മടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ അന്വേഷണ വിധേയമായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ഗെയിമാണെന്നാണ് പൊലിസ് സംശയിക്കുന്നത്. അദിനാന്‍ വിഷം വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നാണ് സൂചന.ഓണ്‍ലൈന്‍ പഠനാവശ്യത്തിനാണ് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ രക്ഷിതാക്കള്‍ വാങ്ങി കൊടുത്തത്.എന്നാല്‍ ഇതുപയോഗിച്ചു ഓണ്‍ലൈനിലെ ചില അപകടകരമായ ഗെയിമുകള്‍ കളിച്ചിരുന്നതായാണ് പൊലിസ് നല്‍കുന്ന സൂചന.വീട്ടിലുള്ള സമയങ്ങളില്‍ അദിനാന്‍ മുഴുവന്‍ സമയവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് ബന്ധുക്കള്‍ പൊലിസിന് നല്‍കിയ മൊഴി. ആരുമറിയാതെ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമില്‍ വിദ്യാര്‍ത്ഥി വിഷം വാങ്ങിയത് ഡെവിള്‍ ഗെയിമിന്റെ ഭാഗമാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. എസ്.എന്‍ ട്രസ്റ്റ് സ്കുളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിയാണ് അദിനാന്‍. സഹോദരങ്ങള്‍: അബിയാന്‍. ആലിയ.
നടി ആക്രമിക്കപ്പെട്ട കേസ്;സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി.രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചു.സംവിധായകന്റെ വെളിപ്പെടുത്തൽ കേസിന്റെ നിർണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. ബാലചന്ദ്രകുമാറിന്‍റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണ്‍ റെക്കോഡ് ചെയ്ത ഫോണ്‍ അടക്കം കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നു.അതേസമയം സർക്കാരും രണ്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയുടെ ചില നടപടികളെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും.
സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയം:നിലവിൽ സ്കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിലവിൽ സ്കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളില്‍ പൂര്‍ണതോതില്‍ ക്ലാസുകള്‍ നടത്തിയാല്‍ മതിയെന്ന തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തിരുന്നു. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാൻ പൂര്‍ണസമയ ക്ലാസുകള്‍ തുടങ്ങാന്‍ നേരത്തേ ആലോചനകളുണ്ടായിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ നേരത്തെയുള്ള സമയക്രമം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ കണ്ണൂരിൽ പിടിയില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എംഡി എംഎയുമായി രണ്ടുപേര്‍ കണ്ണൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും പിടിയിലായി. കണ്ണൂര്‍ തയ്യില്‍ സ്വദേശി ചെറിയ ചിന്നപ്പന്റവിട സിസി അന്‍സാരി (33), കണ്ണൂര്‍ മരക്കാര്‍ക്കണ്ടി ആദര്‍ശ് നിവാസില്‍ കെ.ആദര്‍ശ് (21) എന്നിവരാണ് പിടിയിലായത്.18.38 ഗ്രാം എംഡി എംഎ യാണ് ഇവരിൽ നിന്നും പിടികൂടിയത്.ണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദും സംഘവും കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു സമീപത്തുള്ള സാജ് റെസ്റ്റ് ഇന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.പ്രിവന്റീവ് ഓഫിസര്‍ വി.പി ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് മയക്കയുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവര്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കഴിഞ്ഞ കുറേ മാസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.ഇവർ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, ഷജിത്ത് കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിഷാദ് സി എച്, സതീഷ് വി, ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, എക്സ്സൈസ് ഡ്രൈവര്‍ എം പ്രകാശന്‍ എന്നിവര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയത്. വിപണിയില്‍ 20000 മുതല്‍ 30000 രൂപ വരെ മൂല്യമുള്ള മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കണ്ണൂര്‍ സ്വദേശിയായ വ്യക്തിയെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ തുടര്‍നടപടികള്‍ക്കായി കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുൻപാകെ ഹാജരാക്കി.