തിരുവനന്തപുരം:ലോക്സഭാ തെരെഞ്ഞെടുപ്പിനായുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി.തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ മത്സരിക്കും.മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശ്ശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ.ലോകസഭാ തെരഞ്ഞെടുപ്പിനായി രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.തിരുവനന്തപുരത്ത് മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ് സിപിഐ ഇത്തവണ രംഗത്തിറക്കുന്നത്.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റേതടക്കമുള്ള പേരുകള്‍ ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം കാനം രാജേന്ദ്രന്‍ തള്ളിയ സാഹചര്യത്തിലാണ് സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്.മൂന്ന് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള നിര്‍ദേശമാണ് മാവേലിക്കര മണ്ഡലത്തില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.തൃശൂരില്‍ നിലവിലെ എംപി സിഎന്‍ ജയദേവന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. ജനയുഗം എഡിറ്ററാണ് രാജാജി മാത്യു തോമസ്. വയനാട് പി.പി.സുനീറിനെയും കാര്യമായ എതിര്‍പ്പുകള്‍ കൂടാതെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു
ബെംഗളൂരു:കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു.ഉമേഷ് ജാദവാണ് രാജിവെച്ചത്. ഉമേഷ് ജാധവ് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാറിന് രാജിക്കത്ത് കൈമാറി. ഉമേഷ് ജാധവ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം.നേരത്തെ നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന എംഎല്‍എമാരില്‍ ഒരാളാണ് ഉമേഷ് ജാധവ്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമേഷ് ജാധവിന് ബിജെപി സീറ്റ് നല്‍കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ രാജി.
ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍
പാകിസ്താന്‍:പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍.ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് ശനിയാഴ്ച മരിച്ചമരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് കൊണ്ടാണ് ഉര്‍ദു ദിനപത്രമായ ജിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.മസൂദ് അസർ രോഗബാധിതനാണെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.വീടിനു പുറത്തുപോകാൻ കഴിയാത്ത വിധം അസർ രോഗബാധിതനാണെന്നാണ് ഖുറേഷി പറഞ്ഞത്.പുൽവാമയിലെ നാലാപത്തോളം വരുന്ന ഇന്ത്യൻ സൈനികരുടെ കൊലപാതകത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയായിരുന്നു.
തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ചിറ്റാരിക്കാൽ:തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കുളിനീരിലെ ബിരിക്കുളത്ത് കോട്ടയില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവം.ചിറ്റാരിക്കാലില്‍നിന്ന് ആറുകിലോമീറ്ററോളം അകലെ തയ്യേനിക്കടുത്ത കുണ്ടാരം കോളനിയില്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്.കോളനി നിവാസികളുടെ തറവാട് ക്ഷേത്രമാണ് കുളിനീരിലെ വീഷ്ണുമൂര്‍ത്തി ദേവസ്ഥാനം. ഓലകൊണ്ട് കെട്ടിയ താത്കാലിക ക്ഷേത്രമാണ് ഇവിടെ ഉള്ളത്. ചെങ്കുത്തായ പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മരപ്പലക കൊണ്ട് താത്കാലികമായി നിര്‍മിച്ച പ്ലാറ്റ് ഫോമില്‍നിന്നാണ് ആളുകള്‍ തെയ്യം വീക്ഷിച്ചിരുന്നത്. എല്ലാവരും നോക്കിനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലായില്ല. താഴെ വീണ സുരേന്ദ്രനെ കൂടിനിന്നവര്‍ ഓടിച്ചെന്ന് കോരിയെടുത്തപ്പോഴേക്കും അനക്കമറ്റിരുന്നു. തുടര്‍ന്ന് വെള്ളം കൊടുത്തെങ്കിലും അതും ഇറക്കിയില്ല. ഉടന്‍തന്നെ തെയ്യംവേഷം അഴിച്ചുമാറ്റി ആളുകള്‍ ഓട്ടോറിക്ഷയില്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ തന്നെമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തെയ്യം കെട്ടിയാടിയത്. പകല്‍ 11 മണിവരെ ഏതാണ്ട് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പഞ്ചുരുളി കെട്ടിയാടി സുരേന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പഞ്ചുരുളിക്കുശേഷം കെട്ടിയാടേണ്ട തെയ്യങ്ങളെല്ലാം സുരേന്ദ്രന്റെ മരണത്തോടെ നിര്‍ത്തിവെച്ചു.
സിനിമ ഒഡിഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം;പയ്യന്നൂരിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
പയ്യന്നൂർ:പയ്യന്നൂരിൽ സിനിമ ഒഡിഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ രമേശനാണ് അറസ്റ്റിലായത്.പുതുതായി ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷന് വേണ്ടിയാണ് കോഴിക്കോട് നിന്ന് യുവതികള്‍ ഹോട്ടലിലെത്തിയത്. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഓഡിഷന്‍. ഇവിടെ കാത്തിരുന്ന യുവതികളുടെ മുറിയിലേക്ക് ഇയാളെത്തി ഇവരിലൊരാളെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതികളുടെ ബഹളം കേട്ടെത്തിയവര്‍ പൊലീസിലറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആര്‍ട്ട് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളുടെ അടുത്തെത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളം കൊടും വരൾച്ചയിലേക്ക്;വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത
പാലക്കാട്:കേരളം കൊടും വരൾച്ചയിലേക്ക്.മാര്‍ച്ച് മാസം ആരംഭിച്ചതോടെ വരുംദിവസങ്ങളില്‍ ചൂട് കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്.കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍നിന്നു കൂടുവാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ചില ഇടങ്ങളിലെങ്കിലും ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ അനുമാനം.ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കരുതിയിരിക്കണം. പൊതുജനങ്ങള്‍ പ്രത്യേകിച്ച് രോഗികള്‍ 11 മണി മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. അയഞ്ഞതും ഇളം നിറമുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.ദുരന്തനിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മിഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.104 ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനം ആകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടുത്തം, കൃഷ്ണമണി വികാസം, ക്ഷീണം, ചുഴലി രോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.സൂര്യാഘാതമേറ്റാല്‍ ഉടനടി രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചെയ്യണം.
കടൽ വഴി ആക്രമണത്തിന് സാധ്യയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി
തിരുവനന്തപുരം: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കടൽ വഴി ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി.മുങ്ങിക്കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ച് കരുതലോടെയിരിക്കണമെന്നും സംശയകരമായ എന്തു കാര്യവും അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കി.കടല്‍ മാര്‍ഗമുള്ള തിരിച്ചടിക്ക് ഭീകരര്‍ തയാറായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം എന്നാണ് സൂചനകള്‍. ബന്ധപ്പെട്ട ഏജന്‍സികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ സന്ദേശം നല്‍കിയതെന്ന് ഫീഷറീസ് വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് പറഞ്ഞു.കടലോര ജാഗ്രതാ സമിതികള്‍, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ക്കാണ് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാസർകോട്ട് മദ്യവില്പനശാലയിൽ വൻ തീപിടുത്തം;മദ്യക്കുപ്പികൾ കത്തിനശിച്ചു
കാസർകോഡ്:കാസർകോട്ട് മദ്യവില്പനശാലയിൽ വൻ തീപിടുത്തം.വെള്ളരിക്കുണ്ടിലെ മദ്യവില്പനശാലയിലാണ് തീപിടുത്തമുണ്ടായത്.ഞായറാഴ്ച അര്‍ദ്ധ രാത്രിയിലാണ് തീ പടര്‍ന്നത്.അപകടത്തിൽ മദ്യക്കുപ്പികൾ കത്തിനശിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട്ട് നിന്ന് ഒന്നും പെരിങ്ങോത്തു നിന്ന് രണ്ടും യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്സേന മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ നയതന്ത്ര തലത്തില്‍ പ്രതിഷേധമറിയിക്കും
ന്യൂഡൽഹി:ഇന്ത്യൻ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്സേന മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ നയതന്ത്ര തലത്തില്‍ പ്രതിഷേധമറിയിക്കും.പാകിസ്ഥാന്‍ തടങ്കലില്‍ ശാരീരിക മര്‍ദ്ദനം നേരിട്ടില്ലെങ്കിലും പാകിസ്ഥാന്‍ കരസേനയും ഐഎസ്‌ഐ ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കി . ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്ന് കാട്ടി നയതന്ത്രതലത്തില്‍ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.വ്യോമസേനയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന് ശേഷം ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുക്കും.ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍സ ചികിത്സയിലുള്ള അഭിനന്ദന്റെ നട്ടെല്ലിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും അവര്‍ വ്യക്തമാക്കി. അഭിനന്ദന് ഈ ആഴ്ച തന്നെ ആശുപത്രി വിടാനാകുമെന്നാണ് സൂചന.പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ശാരീരികമായി മര്‍ദ്ദനങ്ങള്‍ ഒന്നും ഏറ്റില്ലെങ്കിലും മാനസികമായി വളരെ യാതന അനുഭവിക്കേണ്ടി വന്നെന്ന് അഭിനന്ദന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ഇന്ന് കൂടി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇന്നുകൂടി അവസരം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, പേരുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം ഇന്ന് കൂടി പ്രയോജനപ്പെടുത്താം. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകും. വിലാസവും ഫോട്ടോയും ജനന തിയ്യതിയും തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയുമായാണ് പേരുചേര്‍ക്കാന്‍ എത്തേണ്ടത്. ഓണ്‍ലൈനായി പേരുചേര്‍ക്കാനുള്ള സൗകര്യം തെരഞ്ഞടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള തിയ്യതി വരെ പേര് ചേര്‍ക്കാനാകും.