ഇടുക്കി:പൈനാവ് ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പൊലീസ് സർജന്‍റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം നടക്കുക.പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും. ഒന്‍പത് മണിയോടെ വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിഖിലിനെ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിലാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.അതേസമയം ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ തളിപ്പറമ്പിൽ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.വൈകീട്ട് നാലു മണി മുതലാണ് ഹര്‍ത്താല്‍.
ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; കെഎസ്‌യു പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ
ഇടുത്തി: പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ.ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നത്. സംഘർഷത്തിനിടെ കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ ധീരജിനെ നിഖിലും സംഘവും ചേർന്ന് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കഴുത്തിന് കുത്തേറ്റ ധീരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് കൂടി പരിക്കേറ്റിരുന്നു.കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.കേസിൽ മറ്റൊരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി;ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍
വയനാട്: സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയിലായി.വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്.എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി നടക്കാൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. ഇവരാണ് കിർമാണി മനോജ് അടക്കമുള്ള പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാംപ്രതിയാണ് കിര്‍മാണി മനോജ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്;മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.ദിലീപും, സഹോദരൻ അനൂപും, സഹോദരി ഭർത്താവ് സുരാജും അപേക്ഷ നൽകിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 29ന് ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിൽ പോലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു.ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഇല്ല, സ്‌കൂളുകൾ അടക്കില്ല; പൊതുചടങ്ങുകളില്‍ 50 പേര്‍ മാത്രം
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ ഏർപ്പെടുത്തില്ല. രാത്രികാല കർഫ്യൂ ഏർപ്പെടുത്തില്ലെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി. ഏവരും വളരെ അധികം ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.അതേ സമയം ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.വിവാഹം, മരണം പോലെയുള്ള പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താനും അവലോകനയോഗം നിര്‍ദേശിച്ചിട്ടുണ്ട്.സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം എന്ന നിര്‍ദേശം നല്‍കും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേർന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവർ പങ്കെടുത്തു. മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത് കൊണ്ട് തന്നെ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് സർക്കാർ പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി ധീരജ്
ഇടുക്കി: ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജാണ് കൊല്ലപ്പെട്ടത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. മറ്റൊരു വിദ്യാർത്ഥിക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു വിദ്യാർത്ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോളേജിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സമയം പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥിയെ കുത്തിയത് എന്നാണ് ആരോപണം. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തൊട്ടടുത്തുള്ള ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആളുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു;നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ പുതിയ കേസ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംഭവത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ദിലീപ്അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.അപായപ്പെടുത്താൻ ശ്രമം, ഗൂഢാലോചന എന്നിവയാണ് ദീലിപിന് മേൽ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ.ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ക്രൈബ്രാഞ്ച് എസ്പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുക.
മാടായിപ്പാറയില്‍ പിഴുതുമാറ്റിയ കെ റെയില്‍ സര്‍വ്വേ കല്ലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു; യുവാവിനെതിരെ കേസ്
മാടായിപ്പാറയില്‍ പിഴുതുമാറ്റിയ കെ റെയില്‍ സര്‍വ്വേ കല്ലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു.സിപിഎം പ്രവര്‍ത്തകന്‍ ജനാര്‍ദ്ധന്‍ നല്‍കിയ പരാതിയിലാണ് ചെറുകുന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തത്.അതേസമയം തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂര്‍വമാണെന്ന് രാഹുൽ പറഞ്ഞു. പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും പരാതി കൊടുത്ത ആള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. എത്ര കേസെടുത്താലും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
ഏച്ചൂര്‍ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ:ഏച്ചൂരിൽ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ.കണ്ണൂര്‍ ഭദ്രനെന്നു അറിയപ്പെടുന്ന മഹേഷ്, ഇയാളുടെ കൂടെയുണ്ടായിരുന്ന ഗിരീശന്‍, സിബിന്‍, എന്നിവരെയാണ് ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സത്യനാഥന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അറസ്റ്റു ചെയ്തത്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പ്രദീപനാണ് മര്‍ദ്ദനമേറ്റത്. സ്വത്തുവില്‍പനയുമായി ബന്ധപ്പെട്ട് പ്രദീപന്‍ കമ്മിഷന്‍ തുകയില്‍ കൊടുക്കാനുണ്ടായിരുന്ന 25000 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ശനിയാഴ്‌ച്ച രാത്രി പത്തു മണിയോടെ ചക്കരക്കല്‍ സി.ആര്‍ പമ്പിലാണ് സംഭവം.സ്വത്തു വില്‍പനയുമായിബന്ധപ്പെട്ടു 25,000 രൂപ നല്‍കാനുള്ള വിഷയത്തില്‍ ഏച്ചൂര്‍ സ്വദേശിയുടെ ക്വട്ടേഷനേറ്റെടുത്ത കണ്ണൂര്‍ ഭദ്രനെന്ന മഹേഷാണ് അക്രമമഴിച്ചുവിട്ടത്.ഇയാള്‍ ഓഫിസില്‍ കയറി പണം കൊടുക്കാനുള്ള ജീവനക്കാരനായ പ്രദീപനെ മര്‍ദ്ദിക്കുകയും ഇതു തടയാന്‍ ചെന്ന മറ്റു തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.അതിക്രമത്തിനിടെ ഇയാള്‍ പൊലിസിനെ വെല്ലുവിളിക്കുകയും ചെയ്തു.സംഭവത്തില്‍ പെട്രോള്‍ പമ്പ് മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലിസ് കേസെടുത്തത്.പമ്പിലെത്തിയ യാത്രക്കാരിലൊരാളാണ് മൊബൈലില്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലിസ് വന്നാല്‍ തനിക്കു ഒരു പ്രശ്‌നവുമില്ലെന്നും ആരെ വേണമെങ്കിലും വിളിച്ചോളൂവെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ പേര് പറഞ്ഞു ഇയാള്‍ പലതവണ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പണം കിട്ടാനുള്ള ഏച്ചൂര്‍ സ്വദേശിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഭദ്രന്‍ ഓഫിസില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവർത്തകർ, 5.71 ലക്ഷം കൊറോണ മുന്നണി പോരാളികൾ എന്നിവരാണുള്ളത്. 18 വയസിന് മുകളിൽ പ്രായമായവരുടെ വാക്സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മുതിർന്നവർക്കുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നീല നിറത്തിലുള്ള ബോർഡാണ് ഉണ്ടാകുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്സിൻ എടുക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലത് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.