ദുബായ്:യു.എ.ഇയില്‍ വിവിധയിടങ്ങളിൽ കനത്ത മൂടല്‍മഞ്ഞ് അനുഭപ്പെട്ടു.വ്യാഴാഴ്ച രാവിലെ മുതലാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാൻ തുടങ്ങിയത്.മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടങ്ങളിലും വാഹനാപകടങ്ങളും ഗതാഗത സ്തംഭനവും അനുഭവപ്പെട്ടു. ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നീ പ്രധാന പാതകളില്‍ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.ഈ റോഡുകളില്‍ ഒന്നിലേറെ അപകടങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനമോടിക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും നിശ്ചിത അകലം പാലിച്ച് പതുക്കെ വാഹനം ഓടിക്കണമെന്നും പോലീസും ആര്‍ടിഎയും മുന്നറിയിപ്പ് നല്‍കി.
ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ആഗോള വിലക്ക്
ആഡിസ് അബാബ:എത്യോപ്യന്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 157 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്സ് എട്ട് വിഭാഗത്തില്‍പെട്ട മുഴുവന്‍ വിമാനങ്ങളും സര്‍വിസ് നിര്‍ത്തിവെക്കാന്‍ ലോകത്തുടനീളം സമ്മര്‍ദം ശക്തം.യൂറോപ്യന്‍ യൂനിയന്‍ കടുത്ത നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിലെയും ഏഷ്യയിലെ മറ്റു മേഖലകളിലെയും കൂടുതല്‍ രാജ്യങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി വിമാനം നിലത്തിറക്കുകയാണെന്ന് പ്രഖ്യാപിച്ചു.ബോയിങ് 737 മാക്സ് എട്ട്, ഒൻപത് വിമാനങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് യൂേറാപ്യന്‍ യൂനിയന്‍ വ്യോമയാന വിഭാഗം വിലക്കേര്‍പെടുത്തിയത്.ഈ ജിപ്ത്, വിയറ്റ്നാം, കസാഖ്സ്താന്‍, ചൈന, സിംഗപ്പൂര്‍, ആസ്ട്രേലിയ, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, അയര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, മംഗോളിയ, ഇന്തോനേഷ്യ, മലേഷ്യ, ഒമാന്‍, യു.എ.ഇ, ഇത്യോപ്യ, നോര്‍വേ, അര്‍ജന്‍റീന തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനകം വിലക്ക് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, യു.എസില്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. ലോകത്തുടനീളം 54 വിമാനക്കമ്ബനികള്‍ക്കായി 350 ഓളം ബോയിങ് 737 മാക്സ് വിമാനങ്ങളാണ് നിലവില്‍ സര്‍വിസിനുള്ളത്.
രാഹുൽ ഗാന്ധി കാസർകോട്ടെത്തി;കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റെയും വീടുകൾ സന്ദർശിച്ചു
കാസർകോഡ്:പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്.ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബാംഗങ്ങളെയും രാഹുല്‍ കാണുന്നുണ്ട്. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.സന്ദര്‍ശനത്തോടനുബന്ധിച്ച് കാസര്‍കോട് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ ജനാമഹാറാലിക്ക് ശേഷം രാത്രി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും.
തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെണ്‍ക്കുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്
പത്തനംതിട്ട:പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെണ്‍ക്കുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍ക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. 52 ശതമാനം പൊള്ളലേറ്റതിന് പുറമെ യുവതിയുടെ വയറില്‍ കുത്തേറ്റിട്ടുമുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതിയെ റോഡില്‍ വെച്ച് പ്രതി തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രി കിടക്കയില്‍ നിന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷ എഴുതിയ ശേഷം കുഴഞ്ഞുവീണു മരിച്ചു
കടത്തുരുത്തി:ആശുപത്രി കിടക്കയില്‍ നിന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷ എഴുതിയ ശേഷം കുഴഞ്ഞുവീണു മരിച്ചു.കല്ലറ എസ്‌എന്‍വിഎന്‍എസ്‌എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ദാസിന്റെ മകള്‍ അതുല്യ(15) യാണ് മരിച്ചത്.പനിയും ശ്വാസംമുട്ടലും പിടിപെട്ടതിനെ തുടര്‍ന്ന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അതുല്യ.എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതിനായി രാവിലെ ആശുപത്രിയില്‍ നിന്ന് അമ്മയ്ക്കും സഹോദരനുമൊപ്പം സ്കൂളിലേക്ക് പോയി. പരീക്ഷയ്ക്ക് ശേഷം അസുഖം കൂടിയതിനെ തുടര്‍ന്ന് അതുല്ല്യയെ കല്ലറയില്‍ ചികിത്സയിലായിരുന്ന ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ചുമണിയോടെ മരിച്ചു.സംസ്‌കാരം ഇന്ന് നടക്കും.മാതാവ്: രാധാമാണി,സഹോദരന്‍: അതുല്‍.
മലപ്പുറത്ത് ഏഴുവയസ്സുകാരന് വെസ്റ്റ് നൈൽ വൈറസ്ബാധ സ്ഥിതീകരിച്ചു
മലപ്പുറം:മലപ്പുറത്ത് ഏഴുവയസ്സുകാരന് വെസ്റ്റ് നൈൽ വൈറസ്ബാധ സ്ഥിതീകരിച്ചു.കുട്ടിയെ കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരനിൽ രോഗബാധ സ്ഥിതീകരിച്ചതെന്ന് ഡിഎംഒ ഡോ.കെ.സക്കീന പറഞ്ഞു. ക്യൂലക്സ് വിഭാഗത്തിൽപെടുന്ന കൊതുകാണ് ഈ വൈറസ് പരത്തുന്നത്.1937 ഇൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്.പിന്നീട് ആഫ്രിക്ക,യൂറോപ്പ്, ഏഷ്യ മേഖലകളിൽ നിരവധിപേർക്ക് ഈ രോഗം ബാധിച്ചെങ്കിലും 1999 ഇൽ ന്യൂയോർക്ക് സിറ്റിയിൽ കണ്ടെത്തിയതിനു ശേഷമാണ് വൈറസിനെ കുറിച്ച് കൂടുതൽ പഠനം നടത്തിയത്. ഇന്ത്യയിൽ 1952 ഇൽ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്.കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് ഈ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും രോഗം സ്ഥിതീകരിച്ചിരുന്നില്ല.പനി,ശക്തമായ തലവേദന,ബോധക്ഷയം,അപസ്മാരം,ഛർദി എന്നിവയാണ് രോഗലക്ഷണങ്ങൾ.കൊതുകിനെ നിയന്ത്രിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം.
കാസർകോഡ് ഇരട്ടക്കൊലപാതകം;ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ
കാസർകോഡ്:പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ.കല്ല്യോട്ട് സ്വദേശി മുരളി തനിത്തോടിനെയാണ്(35) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാനായി വാഹനം ഏർപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. സിപിഎം പ്രവത്തകനാണിയാൾ.കേസിലെ ഏഴാം പ്രതി ഗിരിജന്റെ അച്ഛൻ ശാസ്താ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ മേസ്തിരി തൊഴിലാളിയാണ് മുരളി.ശാസ്താ ഗംഗാധരന്റെ കാറാണ് ഇയാൾ പ്രതികൾക്ക് രക്ഷപ്പെടാനായി എത്തിച്ചു നൽകിയത്. ശരത്തിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ ശേഷം എട്ടംഗ കൊലയാളി സംഘം രണ്ടായി പിരിഞ്ഞു.നാലുപേരടങ്ങിയ ഒരു സംഘം ശാസ്താ ഗംഗാധരന്റെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലേക്കും രണ്ടാമത്തെ സംഘം സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലേക്കുമാണ് പോയത്.കേസിലെ ഒന്നാം പ്രതി പീതാംബരനടക്കമുള്ള നാലംഗ സംഘമാണ് പാർട്ടി ഓഫീസിലേക്ക് പോയത്.ഇവർക്ക് സഞ്ചരിക്കാനാണ് മുരളി കാർ എത്തിച്ചത്. പിടിയിലായ മുരളിയെ ഇന്ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
യുവാക്കളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ:യുവാക്കളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.തെക്കിബസാർ എൻജിഒ ക്വാർട്ടേഴ്സിലെ ശ്രീരാഗ് എന്ന ടിറ്റുവിനെയാണ് (20) കണ്ണൂർ ടൌൺ എസ്‌ഐ എൻ പ്രജീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു.ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ഉദയഗിരിയിലുള്ള രണ്ട് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്.കണ്ണൂർ എസ്എൻ പാർക്കിന് അടുത്തുള്ള കവിത ടാക്കീസിന്റെ സമീപത്ത് നിന്നും പയ്യാമ്പലത്തേക്കാണ് ഇവർ യുവാക്കളെ തട്ടിക്കൊണ്ടുപോയത്.എന്നാൽ പോലീസ് വരുന്നതറിഞ്ഞ് കാറിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച രണ്ടുപേരെ പുതിയതെരുവിൽ വെച്ച് പോലീസ് പിടികൂടി. രണ്ടുപേർ പിന്നീട് അറസ്റ്റിലായി.സോഷ്യൽ മീഡിയ വഴി സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ കെണിയിൽപെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
വിദ്യാർത്ഥികളെ ആശങ്കയിലാക്കി ഇന്നലെ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍
കോഴിക്കോട്:വിദ്യാർത്ഥികളെ ആശങ്കയിലാക്കി ഇന്നലെ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍.കോഴിക്കോട് ജില്ലയിലെ കായണ്ണ ജിഎച്ച്‌എസ്‌എസില്‍ ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് പെരുവഴിയില്‍ നിന്നും ലഭിച്ചത്.സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിൽ നിന്നും ഇതുവഴിപോയ നാട്ടകാരനാണ് ഇവ കിട്ടിയത്.കെട്ട് ലഭിച്ചയാള്‍ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിച്ചു. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസില്‍ നിന്നും തപാല്‍വഴി അയയ്ക്കാനായി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടുപോകുമ്ബോള്‍ കെട്ട് ബൈക്കില്‍നിന്ന് വീണതാണെന്ന് കരുതുന്നു. കെട്ടുകള്‍ സീല്‍ പൊട്ടാതെ, ഒരു പോറല്‍പോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍ അറിയിച്ചു. ബുധനാഴ്ച ഉത്തരക്കടലാസുകള്‍ പോലീസ് കാവലില്‍ സ്‌കൂളില്‍ത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാല്‍വഴി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, താന്‍ രോഗിയാണെന്നും തലചുറ്റി ബൈക്കില്‍നിന്നുവീണ് പീടികയില്‍ കയറിയിരുന്ന സമയം നാട്ടുകാര്‍ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് സ്‌കൂള്‍ ജീവനക്കാരന്‍ ഡിഡിഇയോട് പറഞ്ഞത്.
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞു
ന്യൂഡല്‍ഹി:ജയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന വീണ്ടും തടഞ്ഞു.യുഎന്‍ രക്ഷാ സമിതിയിലാണ് ചൈന എതിര്‍പ്പുമായി രംഗത്ത് വന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനയുടെ തടസ്സവാദം.മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നും ചൈന യു.എന്നില്‍ അഭിപ്രായപ്പെട്ടു.മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽപെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടെ യു .എന്‍ എടുക്കാവൂ എന്നതാണ് ചൈനയുടെ നിലപാട്.ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന നേരത്തെ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.ജയ്ഷെ മുഹമ്മദ് ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫ്രാന്‍സ്, യുഎസ്, യുകെ രാജ്യങ്ങള്‍ സംയുക്തമായി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ നടപടികളും ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയത്തെയാണ് ചൈന എതിര്‍ത്തത്.അതേസമയം ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.