ക്രൈസ്റ്റ് ചർച്ച്:ന്യൂസിലൻഡിലെ രണ്ടു മുസ്ലിം പള്ളികളിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.ഇതിൽ മലയാളി അടക്കം അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു.ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചെന്നാണ് ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചത്. അഹമ്മദാബാദ് സ്വദേശി മെഹ്‌ബൂബ് കോക്കർ, ഹൈദരാബാദ് സ്വദേശി ഒസൈർ ഖാദർ, ഗുജറാത്ത് സ്വദേശി ആസിഫ് വോറ, മകൻ റമീസ് വോറ എന്നിവരാണ് അൻസിക്ക് പുറമെ മരിച്ച ഇന്ത്യാക്കാർ.ന്യൂസിലാന്‍റിലെ ലിൻകോൺ സർവകലാശാലയിലെ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മന്റ് വിദ്യാർഥിയായിരുന്നു അൻസി. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ പരിക്കുകളോടെ ചികിത്സയിലാണ്. അൻസിയുടെ മൃതദേഹം നാലു ദിവസത്തിനകം നാട്ടിൽ എത്തിക്കാനാകുമെന്ന് നോർക്ക റൂട്സ് അധികൃതർ പറഞ്ഞു.
അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലിന് തീപിടിച്ചു
കണ്ണൂർ:പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലിന് തീപിടിച്ചു.ഞായറഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.മാലിദ്വീപിൽ നിന്നും എത്തിച്ച ഹൊറൈസൺ ഫിഷറീസിന്റെ ‘ദിവാലി 107’ എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്.കപ്പലിന്റെ മുകൾത്തട്ടിലെ ഡക്കിലാണ് അഗ്നിബാധ ഉണ്ടായത്.കണ്ണൂരിൽ നിന്നും അസി.ഫയർ സ്റ്റേഷൻ ഓഫീസർ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.മാലിദ്വീപിൽ നിന്നും മൂന്നു കപ്പലുകളാണ് പൊളിക്കാനായി സിൽക്കിലെത്തിച്ചത്.ഇതിൽ ഒരു കപ്പൽ മുക്കാൽ ഭാഗത്തോളം പൊളിച്ചു. പൊളിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ കപ്പലിനാണ് തീപിടിച്ചത്.
കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവ് എറണാകുളത്ത് പിടിയിൽ
കൊച്ചി:കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവ് എറണാകുളത്ത് പിടിയിൽ.വളപട്ടണം കെ.വി ഹൗസിൽ ആഷിക്കിനെയാണ്(26) എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്റ്റർ പി.ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം രണ്ടു കിലോ കഞ്ചാവ് ഉണ്ടായിരുന്നതായാണ് സൂചന.കണ്ണൂരിൽ നിന്നും എറണാകുളത്തെത്തി ഓട്ടോ ഓടിച്ചാണ് ഇയാൾ കച്ചവടം തുടങ്ങിയത്.സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നിന്നും ചെറിയ പൊതി കഞ്ചാവ് വാങ്ങി ഉപയോഗിച്ചും വിറ്റും കച്ചവടം തുടർന്ന്.പിന്നീട് 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കൊണ്ടുനടന്ന് വിൽപ്പന ആരംഭിച്ചു.ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോറിക്ഷ ജീവിതം അവസാനിപ്പിച്ച് തട്ടുകട തുടങ്ങി.ഭക്ഷണം വാങ്ങാനെത്തുന്നവർ എന്ന വ്യാജേന ഉപഭോക്താക്കളെ തട്ടുകടയിലെത്തിച്ച് വില്പന തുടർന്നു.വൻ ലാഭം കിട്ടിത്തുടങ്ങിയതോടെ ഇന്നോവ,ഡസ്റ്റർ തുടങ്ങിയ ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് കമ്പം,തേനി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എറണാകുളത്തെത്തിക്കാൻ തുടങ്ങി.ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കിടെ സംശയം തോന്നാതിരിക്കാൻ സ്ത്രീകളെയും വണ്ടിയിലിരുത്തും.എന്നാൽ ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമായപ്പോൾ ബെംഗളൂരുവിൽ നിന്നും തീവണ്ടിമാർഗം കഞ്ചാവ് കടത്ത് ആരംഭിച്ചു.മാസത്തിൽ മൂന്നോ നാലോ തവണകളിലായി പത്തു മുതൽ ഇരുപത് കിലോ വരെ കഞ്ചാവ് കടത്തികൊണ്ടുവന്ന് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലോഡ്ജുകളിൽ മുറിയെടുത്ത് ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാൻ തുടങ്ങി.മുൻപ് പരിചയമുള്ള ചില്ലറ വില്പനക്കാർക്ക് മാത്രമാണ് ഇയാൾ നേരിട്ട് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്.’ബോംബെ ഭായ്’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ ഓരോ മാസത്തിലും രൂപത്തിലും വേഷത്തിലും മാറ്റം വരുത്തുന്ന ഇയാൾ പതിനയ്യായിരം രൂപയ്ക്ക് മേൽ വാടകയുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. സ്ഥിരമായി ഒരിടത്തും താമസിക്കില്ല.ആവശ്യക്കാരാണെന്ന വ്യാജേന സൂത്രത്തിൽ വിളിച്ചുവരുത്തിയാണ് എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.പ്രിവന്റീവ് ഓഫീസർമാരായ എം.എസ് ജയൻ,പി.എക്സ് റൂബൻ,എം.എം അരുൺ വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
കണ്ണൂർ മുണ്ടയാട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കണ്ണൂർ:കണ്ണൂർ മുണ്ടയാട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഞായറഴ്ച പുലർച്ചെ ഒന്നരയോടുകൂടി ചൊവ്വ-മട്ടന്നൂർ ഹൈവേയിലായിരുന്നു അപകടം.ചക്കരക്കൽ മൗവ്വഞ്ചേരി മാച്ചേരി സ്വദേശി പ്രാർത്ഥനയിൽ പ്രഭാകരൻ – ലീന ദമ്പതികളുടെ മകൻ ലിബീഷ് (25), എടയന്നൂർ കാനാട്ട് സ്വദേശി രാജന്റെയും അനിതയുടെയും മകൻ നെല്ലിത്തറയിൽ ഷിബിൻ (24) എന്നിവരാണ് മരിച്ചത്. ലിബീഷിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന അമൽമോഹൻ, ഋഷികേശ് എന്നിവർക്കും ഷിബിനൊപ്പം കാറിൽ ഉണ്ടായിരുന്ന എടയന്നൂർ സ്വദേശികളായ അഖിൽ, നിധിൻ, ജിജിത്ത് എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷിബിൻ സഞ്ചരിച്ച കാർ കണ്ണൂരിൽ നിന്നും എടയന്നൂരിലേക്കും ലിബീഷ് സഞ്ചരിച്ച കാർ എച്ചൂരിൽ നിന്നും ചൊവ്വയിലേക്കും പോവുകയായിരുന്നു.രണ്ടു കാറുകളും നേർക്കുനേർ കൂട്ടിയിടിക്കുകയാണ് ഉണ്ടായത്.ശക്തമായ കൂട്ടിയിടിയിൽ കാറുകൾ പൂർണ്ണമായും തകർന്നു.ഇടിയുടെ ശക്തിയിൽ ലിബീഷ് സഞ്ചരിച്ച കാർ റോഡിൽ തലകീഴായി മറിഞ്ഞു.കാറുകൾക്ക് അകത്തു കുടുങ്ങിയ യാത്രക്കാരെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
മലപ്പുറം:മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.വേങ്ങര സ്വദേശി ഷാന്‍ (6) ആണു മരിച്ചത്.രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനു നേരത്തെ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛര്ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.കൊതുകാണ് ഈ രോഗം പരത്തുന്നത്. മനുഷ്യനില്‍നിന്നു മനുഷ്യരിലേക്ക് രോഗം പകരില്ല. ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150-ല്‍ ഒരാള്‍ക്കു മാത്രമാണ് രോഗം മൂര്‍ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക. കൊതുകുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ കൊതുകുകളില്‍നിന്നും രക്ഷനേടുക എന്നതാണ് രോഗം പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.. വെസ്റ്റ് നൈല്‍ പനിക്ക് നിലവില്‍ പ്രത്യേക വാക്സിന്‍ ലഭ്യമല്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും. വൈറസ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മലിനജലത്തിലാണ് ക്യൂലക്സ് കൊതുകുകള്‍ കാണപ്പെടുന്നത്. കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകളുടെ ലാര്‍വ നശിപ്പിക്കാനായി ജലസ്രോതസുകളില്‍ ഗപ്പികളെ വളര്‍ത്തുക. കിണര്‍ നെറ്റ് ഉപയോഗിച്ചു മൂടണം. കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക.
ഗോവ മുഖ്യമന്ത്രി മനോജ് പരീക്കർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ
ഗോവ:ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന മനോജ് പരീക്കർ(63) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പനാജിയിലെ വസതിയിലായിന്നു അന്ത്യം. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തെ ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു പരീക്കര്‍. പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു പരീക്കര്‍. ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13–ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി.മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി.1999ല്‍ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. 2000 മുതല്‍ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ല്‍ ഗോവന്‍ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേറ്റു.അതേസമയം പരീക്കറിന്റെ സംസ്ക്കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.മനോഹര്‍ പരീക്കറിന്റെ മരണത്തോടനുബന്ധിച്ച് മാര്‍ച്ച് 18ന് ദേശീയ ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വനം ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഇന്നു കാലത്ത് 10 മണിക്ക് കേന്ദ്ര മന്ത്രിസഭ കൂടാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.
കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു

ശ്രീനഗര്‍:കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്‍ ആണ് മരിച്ചത്. വീടിനു പുറത്തു വെച്ചാണ് ഇവര്‍ക്ക് തീവ്രവാദിയുടെ വെടിയേല്‍ക്കുന്നത്. ഗുരുതരമായ പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷോപിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സിആര്‍പിഎഫും സൈന്യവും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.ആര്‍മിയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സിആര്‍പിഎഫും സംയുക്തമായി പ്രദേശം വളഞ്ഞിരിക്കുകയാണ്.പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ജവന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയും പൊലീസും നടപടികള്‍ ശക്തമാക്കിയിരുന്നു. ഇത്തരമൊരു ഓപ്പറേഷന്റെ ഭാഗമായി നിരവധി തീവ്രവാദികളെ കഴിഞ്ഞദിവസം സേന ഇല്ലാതാക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലാണ് ഇപ്പോള്‍ സേനാംഗങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നത്.
ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട;ടൂറിസ്റ്റ് ബസ്സിൽ നിന്നും 4200 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
ഇരിട്ടി:കേരള-കർണാടക ദേശീയ പാതയിൽ കച്ചേരിക്കടവിൽ ശനിയാഴ്ച പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 4200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി.സംശയം തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള സുഗന്ധമുള്ള അത്തറുകൾ പൂശി ലോക്ക് ചെയ്ത്, വ്യാജ മേൽവിലാസം രേഖപ്പെടുത്തിയ ബാഗുകളിലാണ് ഇവ കടത്താൻ ശ്രമിച്ചത്.കൂട്ടുപുഴ പേരട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ റനീസ്, റസാക്ക് എന്നിവരെ കഴിഞ്ഞ ദിവസം കഞ്ചാവ് സഹിതം പിടികൂടിയിരുന്നു.സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ലഹരിക്കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.മേഖലയിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്ത് അറിയിച്ചു. പ്രിവന്റിവ് ഓഫീസർ പി സി വാസുദേവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ എൻ ദീപക്, ബാബു ഫ്രാൻസിസ്, കെ കെ ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിംന സി എച്,ഡ്രൈവർ ഉത്തമൻ മൂലയിൽ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
പി.ജയരാജന് വധഭീഷണി
കൊയിലാണ്ടി:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന് വധഭീഷണി.കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോണ്‍ സന്ദേശമെത്തിയത്.സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇന്‍റര്‍നെറ്റ് കോള്‍വഴിയാണ് ഭീഷണി വന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ വടകര എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി:ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്നതായി റിപ്പോർട്ട്.വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി ഇന്ത്യയിലെത്തിയ ഇയാൾ വാലി ആദം ഈസ എന്ന പേരിലാണ് ഇവിടെ മുറികളെടുത്തത്. 1994 ലായിരുന്നു ഇത്.ന്യൂഡൽഹിയിലെ അശോക് ജൻപഥ്,ഷീഷ് മഹൽ ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇയാൾ താമസിച്ചിരുന്നത്.ബംഗ്ലാദേശ് സന്ദർശനത്തിന് ശേഷം ജനുവരി 29 നാണ് ഇയാൾ ഡൽഹിയിലെത്തിയത്.ഡൽഹിയിലെത്തിയ ദിവസം കശ്മീർ സ്വദേശിയായ അഷ്‌റഫ് ദർ എന്നയാളെ ഫോണിൽ വിളിച്ചു.ഇയാൾ പിന്നീട് ഹർക്കത്തുൽ അൻസാരെന്ന ഭീകരസംഘടനയിലെ അംഗമായ അബു മഹ്മൂദിനൊപ്പം മസൂദിനെകാണാൻ അശോക് ഹോട്ടലിലെത്തി.ഇവർക്കൊപ്പം സഹാരൻപൂരിൽ പോയി.പിന്നീട് ജനുവരി 31 ന് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തി.അന്നുമുതൽ കൊണാട് പ്ലേസിലുള്ള ജൻപഥ് ഹോട്ടലിലാണ് കഴിഞ്ഞത്.പിന്നീട് മൗലാനാ അബുഹസൻ നദ്‌വി എന്നയാളെ കാണാൻ ബസിൽ ലഖ്‌നൗവിലേക്ക് പോയെങ്കിലും അയാളെ കാണാനാകാതെ ഡൽഹിയിലേക്ക് തിരികെ പോന്നു. പിന്നീട് കരോൾബാഗിലെ ഷീഷ്‌മഹൽ ഹോട്ടലിലാണ് ഇയാൾ താമസിച്ചത്.ഫെബ്രുവരി ഒൻപതിന് വൈകുന്നേരം ശ്രീനഗറിലെത്തിയ ഇയാൾ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമിയെന്ന ഭീകരം സംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫഗാനി,അംജദ് ബിലാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഫെബ്രുവരി പത്താംതീയതി മതിഗുണ്ടിൽ പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരർ ഒത്തുചേർന്ന യോഗത്തിലെത്തി. ഇവിടെ നിന്നും അനന്തനാഗിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വെച്ച് കാർ കേടായതിനെ തുടർന്ന് പിന്നീടുള്ള യാത്ര ഓട്ടോയിലാക്കി.രണ്ടുമൂന്നു കിലോമീറ്ററുകൾ പിന്നിട്ടപ്പോഴേക്കും സൈനികർ ഓട്ടോ തടയുകയും മസൂദ് അസറിനെ തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.