കണ്ണൂർ:കാടാച്ചിറയിൽ സി പി എം സ്തൂപം തകര്‍ത്തു.കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപ്പില്‍ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ സ്തൂപമാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു ബൈക്കുകളിലായെത്തിയ സംഘം തകര്‍ത്തത്.ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം. കടമ്ബൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.ഞായറാഴ്ച രാത്രി കോട്ടൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തൈപ്പറമ്ബത്ത് വിപിന്റെ വീടിനുനേരേ ബോംബേറുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത്. സംഭവം സംബന്ധിച്ച് എടക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കാടാച്ചിറ ടൗണിലെ ബിജെപി ഓഫീസായ ശിവജി മന്ദിരത്തിനു നേരെ തിങ്കളാഴ്ച പുലർച്ചെ 12.15 ഓഡി ബോംബേറുണ്ടായിരുന്നു.നടൻ ബോംബാണ് എറിഞ്ഞത്.ഓഫീസിന്റെ ഷട്ടറിലാണ് ബോംബ് പതിച്ചത്.
വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വോട്ടുമരം സംഘടിപ്പിച്ചു
കണ്ണൂർ:വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം സമ്മതിദായകരെ ബോധ്യപ്പെടുത്തുന്നത്തിനും വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിനും ബോധവൽക്കരണം നൽകുക ലക്ഷ്യത്തോടെ കളക്റ്ററേറ്റ് പരിസരത്ത് വോട്ടുമരം സംഘടിപ്പിച്ചു.സ്വീപ്പിന്റ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി കലക്റ്റർ മിര മുഹമ്മദലി ഉൽഘാടനം ചെയ്തു.ഏപ്രിൽ 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരുൾപ്പെടെ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് കലക്റ്റർ പറഞ്ഞു.സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്റ്ററൽ പാർട്ടിസിപ്പേഷൻ) ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. പരിപാടിയിൽ പങ്കെടുത്തവർ ഒപ്പിനോടൊപ്പം തിരഞ്ഞെടുപ്പ് സന്ദേശവും ഒപ്പുമരത്തിൽ രേഖപ്പെടുത്തി.എ.ഡി.എം ഇ.മുഹമ്മദ് യൂസഫ്,സബ് കലക്റ്റർ ആസിഫ്.കെ.യൂസഫ്,ഡെപ്യുട്ടി കലക്റ്റർ(ഇലെക്ഷൻ)എ.കെ രാമേന്ദ്രൻ,സീനിയർ സൂപ്രണ്ട് സി.എം ലതാദേവി,നോഡൽ ഓഫീസർമാർ,അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ,കളക്റ്ററേറ്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
‘ജലീലിന്റെ മരണം പൊറുക്കില്ല ഒരിക്കലും’; പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന് ഐക്യദാര്‍ഢ്യവുമായി പൊന്‍കുന്നത്ത് മാവോയിസ്റ്റ് പോസ്റ്റര്‍
കോട്ടയം:വയനാട് വൈത്തിരിയിൽ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന് ഐക്യദാര്‍ഢ്യവുമായി പൊന്‍കുന്നത്ത് മാവോയിസ്റ്റ് പോസ്റ്റര്‍.ഗ്രാമദീപം ജംഗ്ഷനിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘ജലീന്റെ മരണം , പൊറുക്കില്ല ഒരിക്കലും’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം.പൊന്‍കുന്നത്തെ മൂന്നിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പൊലീസ് കണ്ടെടുത്തു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.മാര്‍ച്ച് ഏഴിന് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പോലീസുമായി നടന വെടിവയ്പിലാണ് ജലീൽ കൊല്ലപ്പെട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടർന്നാണ് ഇന്നലെ നടക്കേണ്ടിയിരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നത്തേക്ക് മാറ്റിയത്.കുമ്മനം രാജശേഖരന് തിരുവനന്തപുരവും ബി.ഡി.ജെ.എസിന് തൃശൂരും നല്‍കിയതോടെയാണ് ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ടയില്‍ തര്‍ക്കമുണ്ടായത്.പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോൻസ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്.ഇത്തരത്തില്‍ മാറ്റം വരുത്തി പുതിയ പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന ഘടകം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ പ്രാഥമിക പരിശോധന കേന്ദ്രം പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പ്രസിഡന്റിന്റെ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. ഇതോടെ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കടുത്ത അമർഷത്തിലാണ്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. അൽഫോൻസ് കണ്ണന്താനവും ഇതേ നിലപാട് കേന്ദ്രത്തോട് ആവര്‍ത്തിച്ചു.ബി.ജെ.പി ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ് , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ സ്ഥാനാർഥികൾ ആകില്ല. പത്തനംതിട്ട കിട്ടില്ലെന്ന് കണ്ടതോടെയാണ് എം.ടി രമേഷിന്റെ പിന്മാറ്റം. കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ എറണാകുളത്തും ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. തൃശൂര്‍ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി
കൊച്ചി:കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി.വഴിയരികില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തത്. ആഞ്ഞിലിച്ചക്ക വാങ്ങി കഴിക്കുന്നതിനിടയിലുണ്ടായ രുചിവിത്യാസമാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയത്.മരട് ന്യൂക്ലിയസ് മാളിനു സമീപം കിലോഗ്രാമിനു 100 രൂപ നിരക്കിലാണ് ആഞ്ഞിലിച്ചക്ക വിറ്റിരുന്നത്. വില്‍പ്പനക്കാരന്‍ കുന്നംകുളം സ്വദേശി തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു.വില്‍ക്കാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കു വേണ്ടിയാണ് താന്‍ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.ആഞ്ഞിലിച്ചക്ക വിറ്റ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ മുഴുവന്‍ പെട്ടിയിലും കടലാസില്‍ പൊതിഞ്ഞ കാര്‍ബൈഡ് വച്ചിരുന്നതായി പോലീസ് കണ്ടെത്തി.
യുഎയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പലയിടത്തും ഗതാഗതം താറുമാറായി;ജാഗ്രത നിർദേശം നൽകി
ദുബായ്:യുഎയിൽ കനത്ത മഴ തുടരുന്നു.ദിവസങ്ങളായി തുടരുന്ന മഴയിൽ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.പലയിടത്തും റോഡ് ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയാണ്.മോശം കാലവസ്ഥയെ തുടര്‍ന്ന് നഗരത്തിലെ ട്രാഫിക്ക് സിഗ്നലുകളും തകരാറിലായി.ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലാണ് മഴ കൂടുതലായി പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥാപനങ്ങളും നഗരത്തില്‍ അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിയും വലിയ പാറകള്‍ പതിച്ചും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.പല റോഡുകളും പൊലീസ് അടിച്ചിട്ടിരിക്കുകയാണ്. ഡ്രൈവര്‍മാര്‍ ജാഗ്രതയോടെ വേഗം കുറച്ച് മാത്രമെ വാഹനം ഓടിക്കാന്‍ പാടുള്ളു എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.
ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
പനാജി:അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം 11മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് വാശിപിടിച്ചു നിന്ന രണ്ട് ഘടകകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപി സംസ്ഥാനത്ത് ഭരണം നിലനിറുത്തിയത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ സുധിന്‍ ധവാലികര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ സർക്കാർ രൂപീകരിക്കാന്‍ നീക്കം നടത്തിയ കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റത്.
സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി
തൃശൂര്‍:ഗുണ്ടകളെ ഉപയോഗിച്ച് തന്നേയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു എന്ന നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിക്കുകയായിരുന്നു.ആ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ സുഹൃത്തായ ഡോക്ടറെയും ഗുണ്ടകള്‍ ആക്രമിച്ചെന്നും സ്‌കൂളില്‍ പോകുന്ന തന്റെ മകളെ പോലും വെറുതെ വിട്ടില്ലെന്നും ആല്‍വിന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് നിര്‍മാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തി.ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.ഇതിന്റെ പ്രതികാരമായി തനിക്കെതിരെ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും ഒടുവില്‍ അസഹ്യമായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആരോപണം. ആല്‍വിനും കൂട്ടുകാരനും തന്നെ മര്‍ദിച്ചുവെന്നു കാണിച്ചു റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു
കൊല്ലം:കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. തെന്‍മലയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്. സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് ജനങ്ങള്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഉഷ്‌ണതരംഗം;കടലില്‍ തിരമാലകള്‍ ഉയരും; കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ ജാഗ്രതാ നിർദേശം
തിരുവനന്തപുരം:ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.ഈ സമയം കടലില്‍ 1.7 മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉയരുമെന്നും അതിനാൽ കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.കടലില്‍ ഈ സമയത്തുണ്ടാകുന്ന ഉഷ്ണജലപ്രവാഹങ്ങളുടെ തീവ്രത വര്‍ധിക്കുന്നതാണ് തിരമാല ഉയരാന്‍ കാരണം.കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.