News Desk

അവസാനദിനം ആഘോഷമാക്കാൻ വിദ്യാർഥികൾ;ബാഗിൽ നിന്നും കണ്ടെത്തിയത് മൊബൈൽഫോൺ,മുഖംമൂടി മുതൽ പടക്കം വരെ

keralanews students to celebrate their last day in school teachers seized mobile phone mask and crackers from their bags

ഇരിട്ടി:പരീക്ഷയുടെ അവസാനദിനം ആഘോഷമാക്കാൻ ബാഗിൽ മൊബൈൽഫോണും, മുഖമൂടിയും പടക്കവുമൊക്കെയായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ കയ്യോടെ പിടികൂടി അധ്യാപകർ.അതിരുവിട്ട ആഘോഷം നടത്താനുളള വിദ്യാര്‍ത്ഥികളുടെ ശ്രമം സ്‌കൂള്‍ അധികൃതരുടെ ജാഗ്രതയില്‍ പൊളിഞ്ഞിരിക്കുകയാണ്. ചില ബാഗുകളിൽ ഹോളി ആഘോഷങ്ങൾക്കുള്ള ചായവും ഉണ്ടായിരുന്നു.ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്‌സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ തീരുന്ന ദിവസം ആയിരുന്നു.മുൻവർഷങ്ങളിൽ സ്കൂളിലുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകരാണ് വിലകൂടിയ മൊബൈൽ ഫോണുകൾ മുതൽ പടക്കം വരെ കണ്ടെടുത്തത്.വിലപിടിപ്പുള്ള 30 മൊബൈല്‍ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങള്‍, മുഖംമൂടികള്‍, വിവിധ തരം ചായങ്ങള്‍, വലിയ തരം വാദ്യോപകരണങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.രക്ഷിതാവിന്റെ ആഡംബര ജീപ്പുമായാണ് ഒരു വിദ്യാര്‍ഥി എത്തിയത്. ഉടന്‍ അധ്യാപകര്‍ ആറളം പൊലിസിനെ വിളിച്ച്‌ വരുത്തി സാധനങ്ങള്‍ കൈമാറി. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ മടങ്ങും വരെ സ്‌കൂളിന് കാവല്‍ നിന്ന പൊലിസ് അധ്യാപകര്‍ കൈമാറിയ സാധനങ്ങള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.പൊലിസ് വിളിപ്പിച്ചതനുസരിച്ച്‌ രക്ഷിതാക്കളും സ്റ്റേഷനിലെത്തി.വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത വസ്തുക്കൾ പോലീസ് രക്ഷിതാക്കൾക്ക് കൈമാറി.അധ്യയനത്തിന്റെ അവസാന ദിവസം അതിരുകടന്ന ആഘോഷമാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചാല്‍ കര്‍ശനമായി നേരിടാന്‍ പൊലിസ് തീരുമാനിച്ചു. പ്ലസ്ടു പരീക്ഷ 27 നും എസ്‌എസ്‌എല്‍സി പരീക്ഷ 28 നുമാണ് തീരുന്നത്. ഈ രണ്ടു ദിവസവും മുഴുവന്‍ സ്‌കൂള്‍ പരിസരങ്ങളും പൊലിസ് നിരീക്ഷണത്തിലായിരിക്കും.

കര്‍ണാടകയിലെ ധാര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 15 ആയി

keralanews death toll rises to 15 in karnataka building collapsed

കര്‍ണാടക:ധാര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 15 ആയി.61 പേരെ രക്ഷപെടുത്തി. ഇനിയും 12 പേരോളം അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 72 മണിക്കൂറായി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണ്.മൂന്ന് നിലയ്‌ക്കുള്ള അനുമതിയെ ഉണ്ടായിരുന്നുള്ളുവെന്നും, നിലവാരം കുറഞ്ഞ സാമഗ്രികളുപയോഗിച്ച്‌ അഞ്ച് നിലകള്‍ നിര്‍മിച്ചതാണ് അപകടകരണമെന്നും മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ഉടമകളെ പോലീസ് അറസ്റ്റു ചെയ്തു.അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ശബ്ദം കേള്‍ക്കുന്നതിനാല്‍ തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു;26 വരെ ജാഗ്രതാ നിർദേശം

keralanews heat increasing in the state and alert till 26th

തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ കടുത്ത ചൂട് കൂടുതല്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 24 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനിലയില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകും.25, 26 തീയതികളില്‍ കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ മൂന്നു മുതല്‍ നാല് ഡിഗ്രിസെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെയും ശരാശരി താപനിലയില്‍ വർദ്ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

keralanews jaishe muhammad terrorist arrested in delhi

ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരന്‍ സജ്ജദ് ഖാന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍.ഇന്നലെ രാത്രി ഡല്‍ഹി  സ്പെഷ്യൽ സെല്ലാണ് സജ്ജദ് ഖാനെ പിടികൂടിയത്. പുല്‍വാമ ഭീകരാക്രമണ സൂത്രധാരകന്‍ മുദാസിര്‍ അഹമ്മദ് ഖാന്‍റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.മുദാസിര്‍ സ്ഫോടനത്തിനുപയോഗിച്ച വാഹനം സജ്ജദ് ഖാന്‍റെയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടിനടുത്ത് ഷാള്‍ വില്പന നടത്തുന്നതിനിടെയായിരുന്നു ഇയാളെ ഡല്‍ഹി പൊലീസ് പിടികൂടിയത്.എൻഐഎ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.സജ്ജാദ് ഖാനെ പിടികൂടാനായതോടെ പുൽവാമ ഭീകരാക്രമണത്തിന്റെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കാരണം വ്യക്തി വൈരാഗ്യമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

keralanews crime branchs preliminary report that the cause of peria double murder is personal matters

കാസർകോഡ്:പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കാരണം വ്യക്തി വൈരാഗ്യമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.സംഭവത്തിൽ സിപിഎം ജില്ലാ നേതാക്കളുടെയോ ഉദുമ മുന്‍ എംഎല്‍എയുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ അംഗം പീതാംബരനെ ശരത്ലാൽ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ശരത്ലാലിന്റെ കൂടെയുണ്ടായിരുന്ന കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കാസര്‍കോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് വെട്ടിക്കൊലപ്പെടുത്തിയത്

പശ്ചിമബംഗാളിലും ത്രിപുരയിലും നിപ വൈറസിനെതിരെ ജാഗ്രത നിർദേശം

keralanews alert against nipah virus in bengal and thripura

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും ത്രിപുരയിലും നിപ വൈറസിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പുകള്‍. ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ മരിച്ചത് നിപ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.പനി മരണമാണെന്ന് കരുതിയെങ്കിലും കൂടുതല്‍ പരിശോധനയില്‍ ഇവര്‍ക്ക് നിപ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് അതാത് സംസ്ഥാന ആരോഗ്യവകുപ്പുകള്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള പഴങ്ങള്‍ കഴിക്കരുതെന്നും, പക്ഷി-മൃഗാദികളുമായി ഇടപെടുന്നത് നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഓച്ചിറയിൽ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

keralanews look out notice will be issued for the accused in ochira kidanapping case

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച്‌ 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.ബംഗളൂരുവിലും രാജസ്ഥാനിലുമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. കേസന്വേഷണത്തിനായി ഇന്നലെ ബെംഗളൂരു പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിരുന്നു.ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികള്‍. റോഷന്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടിയെടുത്ത ട്രെയിന്‍ ടിക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങളും മറ്റും നിര്‍മ്മിച്ച്‌ വിൽക്കുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവരെ ആക്രമിച്ചിട്ടാണ് പെണ്‍കുട്ടിയുമായി റോഷന്‍ നാടുവിട്ടത്. ഓച്ചിറയ്ക്ക് സമീപം വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറുപേർ പോലീസ് പിടിയിൽ

keralanews six under police custody in munambam human trafficking case

കൊച്ചി:മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറുപേർ പോലീസ് പിടിയിലായി.ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ്  മുഖ്യപ്രതിയായ സെല്‍വനടക്കമുള്ള പ്രതികളെല്ലാം പിടിയിലായത്.തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്.ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.

പത്തനംതിട്ട ഒഴികെ പതിമൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാർനാർത്ഥികളെ പ്രഖ്യാപിച്ചു

keralanews bjp has declared candidates in 13 seats except pathanamthitta

ന്യൂഡൽഹി:പത്തനംതിട്ട ഒഴികെ പതിമൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാർനാർത്ഥികളെ പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആലപ്പുഴയിൽ ഡോ.കെ.എസ് രാധാകൃഷ്ണനും ചാലക്കുടിയിൽ എ.എൻ രാധാകൃഷ്ണനും സ്ഥാനാർത്ഥികളാവും.കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്തും,ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും മത്സരിക്കും.

മറ്റുസ്ഥാനാർത്ഥികൾ:കൊല്ലം-സാബു വർഗീസ്,പാലക്കാട്-സി.കൃഷ്ണകുമാർ,പൊന്നാനി-വി.ടി രമ,മലപ്പുറം-വി.ഉണ്ണികൃഷ്ണൻ,കോഴിക്കോട്-കെ.പി പ്രകാശ് ബാബു,വടകര-വി.കെ സജീവൻ,കണ്ണൂർ-സി.കെ പദ്മനാഭൻ,കാസർകോഡ്-രവീശ തന്ത്രി കുണ്ടാർ.

പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രെട്ടറി ജെ.പി നഡ്ഡ അറിയിച്ചു.ബിജെപി പരിഗണിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും ജനറൽ സെക്രെട്ടറി സുരേന്ദ്രനുമാണ് പത്തനംതിട്ടയിൽ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പത്തനംതിട്ടയെ പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.അതേസമയം അടുത്തിടെ ബിജെപിയിലെത്തിയ കോൺഗ്രസ് നേതാവ് ടോം വടക്കന് സീറ്റില്ല.എം.ടി രമേശ്,പി.കെ കൃഷ്ണദാസ് തുടങ്ങിയവരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടില്ല.സംസ്ഥാനത്തെ പതിനാലു സീറ്റുകളിൽ ബിജെപിയും അഞ്ചുസീറ്റുകളിൽ ബിജെഡിഎസും ഒരു സീറ്റിൽ പി.സി തോമസിന്റെ കേരള കോൺഗ്രസ്സും മത്സരിക്കാനാണ് ധാരണയായത്.

 

 

കോവളത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രോണ്‍ കണ്ടെത്തി;പോലീസും ഇന്റലിജൻസും അന്വേഷണം തുടങ്ങി

keralanews drone camera found in mysterious circumstances in kovalam police and intelligence started investigation

തിരുവനന്തപുരം:കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളില്‍ ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി.കോവളത്ത് വ്യാഴാഴ്ച രാത്രിയില്‍ പട്രോളിംഗ് നടത്തിയ പൊലീസിന്റെ ശ്രദ്ധയിലാണ് ഡ്രോണ്‍ ക്യാമറ പതിഞ്ഞത്.വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച്‌ സെന്‍റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഡ്രോണ്‍ കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയത്.സംഭവത്തെ കുറിച്ച് പോലീസും ഇന്റലിജൻസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.