ഇരിട്ടി: ഇരിട്ടി എടക്കാനം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വീട്ടമ്മ മുങ്ങിമരിച്ചു.ഇവരുടെ പത്തുവയസ്സുള്ള മകളെ കാണാതായി.എടക്കാനത്തെ നടുവിലെ പുരയിൽ എൻ.വി മനോജിന്റെ ഭാര്യ ടി.പി ധന്യയാണ്(32)മരിച്ചത്.മകൾ എടക്കാനം എൽ.പി സ്കൂൾ വിദ്യാർത്ഥിനി അനന്തശ്രീയെയാണ് കാണാതായിരിക്കുന്നത്. എടക്കാനം പുഴയുടെ സമീപത്താണ് ഇവരുടെ വീട്.ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുഴയിൽ കുളിക്കാനായി പോയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകൽ തിരച്ചിൽ നടത്തി.ധന്യയുടെ മൃതദേഹം അഞ്ചരയോടെ പഴശ്ശി ജലാശയത്തിൽ കണ്ടെത്തി.എന്നാൽ അനന്തശ്രീയെ കണ്ടെത്താനായില്ല. ഇരിട്ടി അഗ്നിരക്ഷാ ഓഫീസർ ജോൺസൺ പീറ്ററിനെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.തിരച്ചിൽ ഇന്നും തുടരും.ധന്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
പിതാവിനെയും മകളെയും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു:പിതാവിനെയും മകളെയും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാള്‍ ബി സി റോഡ് വിവേക് നഗറിലെ വാടക വീട്ടില്‍ താമസിക്കുന്ന പ്രഭാകര്‍ (45), മകള്‍ പ്രമണ്യ (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൂന്നു വര്‍ഷമായി ഇവര്‍ വാടക വീട്ടിലാണ് താമസം. പ്രഭാകര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. മകള്‍ പ്രമണ്യ ബണ്ട്വാള്‍ എസ് വി എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽ;അന്തിമ തീരുമാനം ഇന്നുണ്ടായേക്കും
വയനാട്:വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോൺഗ്രസ് അധ്യക്ഷൻ വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രനേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കള്‍.രാഹുല്‍ ഗാന്ധി അനുകൂല നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ യുഡിഎഫിന് വലിയ വിജയപ്രതീക്ഷയാണ് നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുകൂല നിലപാട് അറിയിച്ചു എന്ന് സംസ്ഥാന നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. അമേഠി കോൺഗ്രസ് കമ്മിറ്റിയും നീക്കത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നു.എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് രാഹുൽ മത്സരിക്കണം എന്ന നിർദേശം ചർച്ചയിൽ ഉണ്ടെന്നത് ശരിവച്ചു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന നിലയിൽ വയനാട് സജീവ പരിഗണനയിൽ ഉണ്ടെന്നും കുട്ടിച്ചേർത്തു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സൂചന
കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിനു ശേഷം വീണ്ടും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സൂചന.സുഗന്ധഗിരിയില്‍ നാലു തവണ മാവോയിസ്റ്റുകള്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെടിവെയ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തില്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കണ്ണൂർ നടുവിലിൽ ബോംബ് സ്ഫോടനം;രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ: നടുവിലിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് നിലത്തു വീണ് പൊട്ടുകയായിരുന്നു. കതിരുമ്മല്‍ ഷിബുവിന്റെ മകന്‍ എം.എസ്.ഗോകുല്‍ (8), ശിവകുമാറിന്റെ മകന്‍ ഇളം പാവില്‍ കാഞ്ചിന്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുട്ടികളെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഗോകുലിന്റെ ജനനേന്ദ്രിയം തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും
ന്യൂഡൽഹി:അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രെട്ടറി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കും.കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിന് ഇടയാക്കിയിരുന്നു.പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെയാണ് ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം ശക്തമായി ഉയര്‍ന്നതോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എം.ടി.രമേശ്, അല്‍ഫോന്‍സ് കണ്ണാന്താനം തുടങ്ങിയവരും പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു.സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായിരിക്കുകയാണ്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്;കെപിസിസിയുടെ ആവശ്യം അംഗീകരിച്ചതായി മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും. രാഹുലിന് വേണ്ടി പിന്മാറാന്‍ തയ്യാറെന്ന് സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നും സിദ്ധിഖ് അറിയിച്ചു.വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെപിസിസി ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവില്‍ വയനാട്ടില്‍ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ടി.സിദ്ദിഖിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സിദ്ദിഖിനും ഇതുതന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അതിന്റെ നേട്ടം ദക്ഷിണേന്ത്യ മുഴുവന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.
ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു;ഡൽഹിയിൽ നിന്നും മത്സരിക്കാൻ സാധ്യത

സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നാലുകോടി രൂപ സുള്ള്യയിലെ ഹോട്ടലുടമയ്ക്ക്
കാസർകോഡ്:സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നാലുകോടി രൂപ സുള്ള്യയിലെ ഹോട്ടലുടമയ്ക്ക്.സുള്ള്യ ടൗണിലെ നിധീഷ് ഹോട്ടൽ ഉടമ ബി.സുധാമനാണ് ഒന്നാം സമ്മാനം ലഭിച്ചത്.മാർച്ച് ഒന്നിന് കുടുംബത്തോടൊപ്പം മല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി സുള്ള്യയിലേക്ക് മടങ്ങുംവഴി മുള്ളേരിയയിലെ ചെറുകിട ലോട്ടറി ഏജന്റായ കുഞ്ഞിക്കണ്ണന്റെ സ്റ്റാളിൽ നിന്നാണ് സുധാമൻ ടിക്കറ്റെടുത്ത്.എസ്.ബി 131399 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.ഇതാദ്യമായാണ് തനിക്ക് ലോട്ടറിയിൽ നിന്നും സമ്മാനം ലഭിക്കുന്നതെന്ന് സുധാമൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം;പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിക്കും
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ പരിശോധിക്കാൻ പോലീസ് സർജൻ പരിയാരം മെഡിക്കൽ കോളേജിലെ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള കോടതിയിലെത്തും. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിശോധിച്ച ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതിന് അനുമതി നൽകിയത്.കോടതിയിൽ ഹാജരാക്കിയ വടിവാൾ,ഇരുമ്പ് ദണ്ഡ് എന്നീ ആയുധങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹർജി സമർപ്പിച്ചത്.എന്നാൽ ആയുധങ്ങൾ സീൽ ചെയ്തിരിക്കുന്നതിനാൽ അവ തുറന്ന് പരിശോധിക്കാനാവില്ലെന്നും സൂപ്രണ്ട് മുൻപാകെ കാണിക്കാമെന്നും കോടതി അറിയിച്ചു. അതോടൊപ്പം പ്രവൃത്തി സമയങ്ങളിൽ അസി.പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരിക്കണം പോലീസ് സർജൻ ആയുധങ്ങൾ പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിക്കുന്നത് വളരെ അപൂർവമാണ്. ശരത്ലാലിന്റെയും കൃപേഷിന്റേയും ശരീരത്തിലുണ്ടായ മുറിവുകളുടെ ആഴവും നീളവുമെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന കോടതിൽ ഹാജരാക്കിയ ആയുധങ്ങളുടെ അളവും മൃതദേഹങ്ങളിൽ കണ്ടെത്തിയ മുറിവുകളും തമ്മിൽ പൊരുത്തമില്ലെങ്കിൽ അത് പ്രതികൾക്ക് അനുകൂലമാകും.ഇത് മുന്നിൽക്കണ്ടാണ് കുറ്റപത്രം കുറ്റമറ്റതാക്കാൻ വേണ്ടി ക്രൈം ബ്രാഞ്ച് ഇത്തരം മുന്നൊരുക്കങ്ങൾ നടത്തുന്നത്.