തിരുവനന്തപുരം:ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നാലുദിവസത്തേക്ക് കൂടി നീട്ടി. അടുത്ത ദിവസങ്ങളില്‍ താപനില നിലവിലെ ഊഷ്മാവില്‍ നിന്നും നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഈ ജില്ലകളില്‍ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കടുത്ത ചൂട് ഇത്തരത്തില്‍ കൂടുകയാണെങ്കില്‍ ഉഷ്ണതരംഗത്തിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോടാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നാല് മണിയോടെ നടക്കുന്ന ഈ വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ വയനാട് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വരാനിടയുണ്ട്.അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈകമാന്‍ഡില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
സംസ്ഥാനത്ത് സൂര്യതാപമേറ്റ് മൂന്നുപേർ മരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കുതിച്ചുയരുന്നു.ഞായറാഴ്ച മാത്രം സൂര്യതാപമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു.പത്തുപേർക്ക് സൂര്യതാപമേറ്റു. തിരുവനന്തപുരം,കണ്ണൂർ,പത്തനംതിട്ട എന്നിവിടങ്ങളിലാണ് മൂന്നുപേർ മരിച്ചത്.ഞായറാഴ്ച കൊല്ലത്ത് നാലുപേർക്കും പത്തനംതിട്ടയിൽ മൂന്നുപേർക്കും ആലപ്പുഴ,മലപ്പുറം,കാസർകോഡ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും സൂര്യതാപമേറ്റു.പത്തുദിവസത്തിനിടെ 111 പേർക്ക് സംസ്ഥാനത്ത് സൂര്യതാപമേറ്റു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.വരും ദിവസങ്ങളിലും ചൂട് കൂടും എന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര പെരിക്കാവിള ആവണിയിൽ കരുണാകരൻ(43),കണ്ണൂർ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ(67),കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ ഷാജഹാൻ(55) എന്നിവരാണ് മരിച്ചത്.
പാടത്ത് പണിയെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു കരുണാകരൻ.അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.കാടൻവീട്ടിൽ നാരായണനെ വീടിനു സമീപത്തെ പാറപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അദ്ദേഹത്തിന്റെ കാലിലുൾപ്പെടെ പലഭാഗത്തും പൊള്ളിയനിലയിലായിരുന്നു.മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ മരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഷാജഹാൻ.അവശനിലയിലായ ഇദ്ദേഹത്തെ പോലീസെത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നറിയാം
ന്യൂഡൽഹി:രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നറിയാം.ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബി.ജെ.പി വിമര്‍ശനത്തിന് ശക്തികൂട്ടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വിലിയിരുത്തുന്നു.മണ്ഡലത്തിനായി എ, ഐ ഗ്രൂപ്പുകൾ നടത്തിയ കിടമത്സരമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം വിവാദമാക്കിയെന്ന സൂചനയും ദേശീയ വൃത്തങ്ങള്‍ നല്‍കുന്നു. മുസ്‍ലിം പ്രാതിനിധ്യം ചര്‍ച്ചയായതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്.ഈ സാഹചര്യത്തിൽ രാഹുൽ മത്സരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
തൃശ്ശൂരിൽ ഉത്സവപ്പറമ്പിൽ വിൽപ്പനയ്‌ക്കെത്തിച്ച റോഡമിന്‍ ബി എന്ന മാരക രാസവസ്തു ചേര്‍ത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു
തൃശൂർ:ചേലക്കരയിൽ ഉത്സവപ്പറമ്പിൽ വിൽപ്പനയ്‌ക്കെത്തിച്ച റോഡമിന്‍ ബി എന്ന മാരക രാസവസ്തു ചേര്‍ത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.ജില്ലയിലെ പല ഉത്സവപെരുന്നാള്‍ സ്ഥലങ്ങളിലും വഴിയോരത്തൊരുക്കുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയാണിത്.പലകടകളിൽ നിന്നായാണ് ഇവ പിടികൂടിയത്.കൃത്രിമ നിറം ലഭിക്കാന്‍ റോഡമിന്‍ ബി എന്ന നിരോധിത രാസവസ്തുവാണ് മിഠായില്‍ ചേര്‍ത്തിരിക്കുന്നത്. റോഡമിന്‍ ബിയുടെ നിരന്തര ഉപയോഗം കാന്‍സറിനു കാരണമാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ചോക്ക് മിഠായിക്ക് മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങള്‍ ലഭിക്കാന്‍ റോഡമിന്‍ ബി ചേര്‍ത്തിരുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ നിരന്തരമായ ഉപയോഗം കുട്ടികളില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.ഉല്‍സവ പെരുനാള്‍ പറമ്ബുകളില്‍ മിഠായി അടക്കം ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ പലതും ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം 34 കടകള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ജില്ലാ അസി. കമ്മിഷണര്‍ ജി. ജയശ്രീ, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ വി.കെ. പ്രദീപ് കുമാര്‍, ഡോ. എസ്. ലിജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതുപോലെ തന്നെ ഉത്സവപ്പറമ്പുകളിൽ കൂടുതലായി വിറ്റഴിക്കപ്പെടുന്ന മറ്റൊന്നാണ് ഐസ് പൈക്കറ്റുകളായ സിപ് അപ്.ഇവ എവിടെ നിര്‍മ്മിച്ചതാണെന്നോ ഏതു തീയതിയില്‍ നിര്‍മ്മിച്ചതാണെന്നോ എത്രദിവസം കേടാകാതെ നില്‍ക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും പ്രാദേശികമായി നിര്‍മ്മിക്കുന്ന സിപ് അപ്പ് പായ്ക്കറ്റുകളില്‍ കാണാറില്ല.ഇവയുടെ ഉപയോഗവും പലതരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിൻറെ കണ്ടെത്തൽ.കൃത്യമായ ലേബല്‍ പതിക്കാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ 3 ലക്ഷം രൂപ വരെ പിഴയീടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയീടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കണ്ടെത്തിയാല്‍ 6 മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.
ന്യൂസീലൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻസി അലിബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി:ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലിബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു.ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി.കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ആന്‍സിയുടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയോടെ ചേരമാന്‍ ജുമാമസ്ജിദ് ഖബറിസ്‌ഥാനില്‍ സംസ്‌കരിക്കും.ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സി.ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്.അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വയനാട്ടിൽ വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി
വയനാട്:വയനാട്ടിൽ വനപാലകരെ ആക്രമിക്കുകയും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്ത കടുവയെ പിടികൂടി.വനംവകുപ്പ് വെച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.ഞായറാഴ്ചയാണ് വനപാലകർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്.മൂന്ന് വാച്ചര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ തലയ്ക്ക് കടുവ അടിച്ചുവെന്നാണ് റിപ്പോർട്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ കുറച്ചു ദിവസം മുൻപാണ് ഈ വാച്ചർമാരെ നിയമിച്ചത്.പരിക്കേറ്റ മറ്റു രണ്ടു പേരുടെ നില തൃപ്തികരമാണ്. ഇവരെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വനപാലകര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായിരുന്നു. വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു;ഇന്നും നാളെയും ചൂട് കൂടും
തിരുവനന്തപുരം:സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു.പതിനൊന്ന് ജില്ലകളിൽ ഇന്ന് നാളെയും ചൂട് കൂടും.കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയരും.തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.പകല്‍ 11 മുതല്‍ ശേഷം 3 മണിവരെ ആരും സൂര്യതാപം നേരിട്ട് ഏല്‍ക്കരുതെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റത്.വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് ചൂട് കൂടാൻ കാരണം.
തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ അനി എന്ന എസ്.പി അനിലിനെ ആണ് വെട്ടി കൊലപ്പെടുത്തിയത്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന അനിലിനെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിരവധി കേസുകളില്‍ പ്രതിയായ ജീവന്‍ ആണ് അനിയെ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ഒന്നരവര്‍ഷം മുൻപ് അനില്‍ ജീവന്റെ വീട്ടില്‍ കയറി ആക്രമിച്ചിട്ടുള്ളതായി പറയുന്നു. ഇതിന്റെ പകയാണ്‌ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു
തിരുവനന്തപുരം:ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു.ക്ഷയം പോലുള്ള രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്.വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് പ്രത്യേക പേഷ്യന്റ് ഐ.ഡി കാർഡ് നൽകും.ഇവർ ആശുപത്രിയിൽ കൂടുതൽ സമയം ചിലവാക്കുന്നത് ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ.കിടപ്പു രോഗികളാണെങ്കിൽ മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കം വരാത്ത രീതിയിൽ പ്രത്യേക മേഖല വേർതിരിക്കും. ക്ഷയരോഗബാധിതരായി പ്രൈവറ്റ് ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യ ചികിത്സ ലഭിക്കും.ക്ഷയരോഗ നിർണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിൽ ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും.ഇതിനായി 200 സെന്ററുകൾ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളിൽ ആരംഭിച്ചു.എച്1 എൻ1 ബാധിതർക്കും കഫ് കോർണറിലൂടെ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകും.രോഗം പകരാതിരിക്കാൻ എയർബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റുകൾ രോഗികൾക്ക് നൽകും.