കോട്ടയം: ജില്ലയിൽ ഇന്ന് നാലുപേർക്ക് സൂര്യാഘാതമേറ്റു.ഉദയനാപുരം, ഏറ്റുമാനൂര്‍,പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്.നിർമാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കപ്പന്‍,കുറുമുള്ളൂര്‍ സ്വദേശി സജി,ശുചികരണ തൊഴിലാളിയായ ശേഖരൻ എന്നിവർക്കാണ് പൊള്ളലേറ്റത്.ഇവരുടെ കൈക്കാണ് പൊള്ളലേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന്‍ അരുണിനും പൊള്ളലേറ്റു.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നും ഓച്ചിറയിലെ പെൺകുട്ടി
കൊല്ലം:ഓച്ചിറയിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ നിർണായക വെളിപ്പെടുത്തൽ.തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നും പെൺകുട്ടി വ്യക്തമാക്കി.പെൺകുട്ടിയെ താൻ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷനും പറഞ്ഞു.ഏറെനാളായി തങ്ങൾ പ്രണയത്തിലാണ്.പ്രണയം വീട്ടുകാർ അറിഞ്ഞു.ഇതോടെ വീട്ടുകാർ വേറെ കല്യാണാലോചന തുടങ്ങി.ഇതേ തുടർന്നാണ് നാടുവിടേണ്ടി വന്നത്.ട്രെയിനിൽ മംഗലാപുരത്തെത്തി അവിടെ ഒരു ദിവസം തങ്ങി.പിന്നീട് അവിടെ നിന്നും മറ്റൊരു ട്രെയിനിൽ മുംബൈയിലേക്ക് പോയി.നാല് ദിവസമായി മുംബൈയിൽ കഴിയുകയായിരുന്നുവെന്നും റോഷൻ പറഞ്ഞു.
സൂര്യാഘാതം;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം:കനത്ത ചൂടിൽ കേരളം ചുട്ടുപൊള്ളുകയാണ്.നിരവധിയാളുകൾക്കാണ് ദിനംപ്രതി സൂര്യാഘാതമേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ചൂട് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പുറമേ ചിക്കന്‍പോക്‌സ്, കോളറ, ഡെങ്കിപ്പനി അടക്കം സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണണെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നോക്കാം:
സൂര്യാഘാതം:
അന്തരീക്ഷത്തിലെ ചൂട് ഒരു പരിധിയിൽ കൂടുതൽ ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കും.ഇതോടെ ശരീരത്തിനകത്തുണ്ടാകുന്ന താപം പുറന്തള്ളുന്നതിന് തടസ്സം നേരിടും.ഇതിന്റെ ഫലമായി ശരീരത്തിൽ നടക്കുന്ന പല നിർണായക പ്രവർത്തനങ്ങളും തകരാറിലാക്കുന്ന അവസ്ഥയാണ് സൂര്യാഘാതം.വരണ്ട് ചുവന്ന ശരീരം,ശക്തമായ തലവേദന,തലകറക്കം,മന്ദഗതിയിലുള്ള നാഡിമിടിപ്പ്,മാനസിക നിലയിലുണ്ടാകുന്ന മാറ്റം,അബോധാവസ്ഥ എന്നിവയൊക്കെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്റ്ററുടെ സേവനം തേടണം. അതേസമയം സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം.തലവേദന,ഓക്കാനം,ഛർദി,അമിതമായ വിയർപ്പ്,തലകറക്കം,ക്ഷീണം,അതിയായ ദാഹം,മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇതും സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറാം.
സൂര്യാഘാതമേറ്റാൽ എന്തൊക്കെ ചെയ്യണം:
* സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തു നിന്നും തണലിലേക്ക് മാറി വിശ്രമിക്കണം.
* ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രം ഊരി മാറ്റണം.
* ധാരാളം വെള്ളം കുടിക്കുക.
* തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കണം.
* ധാരാളം പഴങ്ങളും സലാഡുകളും കഴിക്കുക.
* ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.
കാറിൽ കുട്ടികളെ പിൻസീറ്റിൽ ഇരുത്തണം;ചൈൽഡ് സീറ്റ് നിർബന്ധമെന്നും ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം:പതിമൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ കാറിൽ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യരുതെന്ന് ബാലാവകാശ കമ്മീഷൻ നിർദേശം.രണ്ടില്‍ താഴെയുള്ളവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഗതാഗത കമീഷണറും വനിതാ ശിശുവികസന വകുപ്പും നടത്തണമെന്നും നിര്‍ദേശിച്ചു.വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും കുട്ടിയുടെയും അപകട മരണത്തെത്തുടര്‍ന്ന‌് കമീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.13 വയസ്സിന‌് താഴെയുള്ളവര്‍ പിന്‍സീറ്റില്‍ ഇരുന്ന‌് യാത്ര ചെയ്യുന്നതാണ് സുരക്ഷിതം.എയര്‍ബാഗ് മുതിര്‍ന്നവര്‍ക്ക് സുരക്ഷിതമാണ‌്. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് അപകടകരമാണ‌്. അവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി;മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു
മുംബൈ:കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി.കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്.പ്രദേശത്തെ മലയാളികളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്.ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷം റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.പ്രതി റോഷന്‍ കൊച്ചിയില്‍ നിന്ന് ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.ഇതോടെ റോഷനും പെൺകുട്ടിയും ബംഗളൂരുവിലേക്ക് കടന്നതായി പോലീസ് ഉറപ്പിച്ചു.തുടർന്ന് പോലീസ് അന്വേഷണം ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും വ്യാപിച്ചിരുന്നു.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പെൺകുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുകൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടുപടിക്കല്‍ നിരാഹാര സമരവും നടത്തി.ബിജെപിയും പൊലീസിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
കണ്ണൂരിൽ മയക്കുമരുന്നുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ:കണ്ണൂരിൽ മയക്കുമരുന്നുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.കണ്ണൂർ പഴയബസ്റ്റാൻഡ് പരിസരത്തുനിന്നുമാണ് ഇവരെ പിടികൂടിയത്.വിപണിയിൽ മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മുപ്പത് ഗ്രാം ഹെറോയിൻ ഇവരിൽ നിന്നും പിടിച്ചെടുത്തു.വെറ്റിലപ്പള്ളി അൽ അമീൻ ക്വാർട്ടേഴ്സിലെ അബ്ദുറൗഫ്(29),സിറ്റി നീർച്ചാലിലെ എൻ.മഷൂക്ക്(25),വളപട്ടണം മന്ന മൂസ ക്വാർട്ടേഴ്സിലെ ഷിബാസ്(24) എന്നിവരാണ് പിടിയിലായത്.കണ്ണൂർ ഡിവൈഎസ്പി കെ.വി വേണുഗോപാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ടൌൺ ഇൻസ്പെക്റ്റർ എ.ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ അറസ്റ്റിലാകുന്നത്. മുബൈയിൽ നിന്നും കണ്ണൂരിലേക്ക് സ്ഥിരമായി ഹെറോയിൻ കടത്തുന്നവരാണ് പിടിയിലായ ഷിബാസും മഷൂക്കും.മാസങ്ങൾക്ക് മുൻപ് എട്ടു കിലോ കഞ്ചാവുമായി അബ്ദുറൗഫ് പ്രഭാത് ജംഗ്ഷന് സമീപത്തുവെച്ച് പിടിയിലായിരുന്നു.മാത്രമല്ല ഇയാൾ ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതികൾ മുംബയിൽ നിന്നും ഹെറോയിനുമായി പുറപ്പെട്ടതായി വിവരം ലഭിച്ചത്.ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഞായറാഴ്ച രാവിലെ ഹെറോയിനുമായി പഴയബസ്റ്റാൻഡിൽ നിൽക്കുമ്പോളാണ് പിടിയിലാകുന്നത്.മൂന്നുപേരെയും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവൻ,ടൌൺ എസ്‌ഐ പ്രജീഷ്,എഎസ്ഐ മഹിജൻ,മിഥുൻ,സുഭാഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങളുമായി ശുചിത്വമിഷൻ
കണ്ണൂർ:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങളുമായി ശുചിത്വമിഷൻ.ജില്ലാ ഭരണകൂടം,ഹരിതകേരളാ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ,പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ നിർദേശത്തെയും കേരളാ ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണിത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവൻ പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ(മണ്ണിൽ ലയിച്ചു ചേരുന്നവ)ഉപയോഗിച്ചായിരിക്കണമെന്നാണ് നിർദേശം.പ്ലാസ്റ്റിക്,ഡിസ്പോസിബിൾ വസ്തുക്കൾ,പി.വി.സി ഫ്ളക്സ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഓഫീസ് അലങ്കാരങ്ങൾ, കൊടിതോരണങ്ങൾ,സ്ഥാനാർത്ഥികളും പ്രവർത്തകരും ഉപയോഗിക്കുന്ന തൊപ്പി,തിരിച്ചറിയൽ കാർഡ് തുടങ്ങിയവയൊക്കെ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമിച്ചവയായിരിക്കണം.സ്ഥാനാർത്ഥികളുടെ സ്വീകരണ കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണത്തിനും മറ്റും ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിക്കരുത്.തിരഞ്ഞെടുപ്പ് സാമഗ്രികൾ തുണിസഞ്ചിയിൽ വിതരണം ചെയ്യണം.
പോലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോൺ
തിരുവനന്തപുരം:കേരള പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ വീണ്ടും ഡ്രോൺ പരാതിയതായി റിപ്പോർട്ട്.ഇന്നലെ രാത്രി പത്തരയോടെയാണ് ഡ്രോണ്‍ ക്യാമറ കണ്ടത്.ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ സെക്യൂരിറ്റി ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ ക്യാമറ കണ്ടെത്തിയതായി റിപ്പോര്‍ട്ട് നല്‍കിയത്. കെട്ടിടത്തിന്റെ അഞ്ചാം നിലക്ക് സമീപത്ത് കൂടിയാണ് ഡ്രോണ്‍ ക്യാമറ പറന്നുവെന്നാണ് പറയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഡ്രോണ്‍ കണ്ടെത്താനായില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.രണ്ടു മാസം മുൻപും പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോൺ പരന്നിരുന്നു.അന്ന് പോലീസ് ആസ്ഥാനത്തിന് സമീപത്തുള്ള കല്യാണമണ്ഡപത്തിൽ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോൺ നിയന്ത്രണം വിട്ട് ആസ്ഥാനത്തിനു മുകളിലൂടെ പറക്കുകയായിരുന്നു.ഇതിനിടെ കിഴക്കേക്കോട്ടയിലും ഡ്രോൺ പറന്നതായി റിപ്പോർട്ടുകളുണ്ട്.ഇതിന്റെ ദൃശ്യം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്യാമറയില്‍ പതിഞ്ഞതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച കോവളത്തും തുമ്പ വിഎസ്‌എസ്‌സി ഉള്‍പ്പെട്ട തീരപ്രദേശങ്ങളിലും ഡ്രോണ്‍ പറന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കിട്ടാതെ പൊലീസും അന്വേഷണ ഏജന്‍സിയും കുഴയുന്നതിനിടയിലാണ് വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടതായി സംശയിക്കുന്നത്.
സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം
വയനാട്:സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം.വയനാട് വൈത്തിരിയിലും ഇടുക്കി കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്.വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു തന്നെ രണ്ടു പേര്‍ മരിച്ചു.കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വെള്ളയകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രാജന്‍,ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവർക്ക് മാസംതോറും 6,000 രൂപ;മിനിമം വരുമാന പദ്ധതിയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി:പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ഉറപ്പാക്കും. പണം നേരിട്ട് അക്കൗണ്ടില്‍ എത്തിക്കും.അധികാരത്തിലെത്തിയാലുടന്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.ഇത് പ്രായോഗികമായ പദ്ധതിയാണെന്നും അതിനുള്ള പണം കണ്ടെത്താന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു.പ്രകടനപത്രികയിലെ ഏറ്റവും ശക്തമായ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്.ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമാണ് ഈ പദ്ധതി. ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യത്തെ തുടച്ചുനീക്കും. ഇന്ത്യയില്‍ ദരിദ്രര്‍ ഇനിയുണ്ടാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ വളരെയധികം പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു’ എന്നും രാഹുല്‍ പറഞ്ഞു.