തൃശൂര്‍: പ്രശസ്ത എഴുത്തുകാരി അഷിത(63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55 ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിസായിരുന്നു.തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5 നായിരുന്നു അഷിതയുടെ ജനനം. ദില്ലിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.കഥ, കവിത, നോവ്‌ലെറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നി വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. മറ്റ് ഭാഷയില്‍ നിന്നുള്ള പ്രശസ്തമായ രചനകള്‍ മലയാളത്തിന് പരിചയപ്പെടുത്തി.അപൂര്‍ണവിരാമങ്ങള്‍, മഴ മേഘങ്ങള്‍, വിസമയചിഹ്നങ്ങള്‍, അഷിതയുടെ കഥകള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവെച്ച നുണകള്‍, മീര പാടുന്നു തുടങ്ങിയവയാണ് അഷിതയുടെ പ്രധാനകൃതികള്‍.അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് 2015ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: കേരള സര്‍വ്വകലാശാലയില്‍ ജേണലിസം വിഭാഗം അധ്യാപകനായിരുന്ന ഡോ. കെ വി രാമന്‍കുട്ടി. മകള്‍-ഉമ. മരുമകന്‍-ശ്രീജിത്.
വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ കണ്ടക്റ്റർമാർക്കെതിരെ നടപടി
മട്ടന്നൂർ:ബസ് പുറപ്പെടും മുൻപ് വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കണ്ടക്റ്റർക്കെതിരെ നടപടിയെടുത്തു.കണ്ണൂർ-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലക്ഷ്യ’ ബസ്സിലെ കണ്ടക്റ്റർ എം.പി പ്രജിത്തിന്റെ ലൈസൻസ് തലശ്ശേരി ജോയിന്റ് ആർടിഒ ഉണ്ണികൃഷ്ണൻ രണ്ടുമാസത്തേക്ക് റദ്ദാക്കി.ബസ് ജീവനക്കാരിൽ നിന്നും പിഴയീടാക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർത്ഥികളെ വെയിലിൽ ബസ്സിന് പുറത്തു നിർത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൊവ്വാഴ്ച മുതൽ മട്ടന്നൂർ സ്റ്റാൻഡിൽ പരിശോധന നടത്തി.കുട്ടികളെ ബസ്സിൽ കയറാൻ അനുവദിക്കാത്ത അഞ്ചു ബസുകളിലെ കണ്ടക്ട്ടർമാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.കുട്ടികളെ പുറത്തുനിർത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ലക്ഷ്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ ബാലാവകാശ കമ്മീഷനും രംഗത്ത് വന്നു.വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ അധികൃതരിൽ നിന്നും കമ്മീഷൻ വിശദീകരണം തേടി.സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ.പി.സുരേഷ് നിർദേശം നൽകി.
പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന; കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി
ന്യൂഡല്‍ഹി: പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്കെന്ന് സൂചന.കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി.എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ജോര്‍ജ് അറിയിച്ചു. കൂടാതെ ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും ചേക്കേറാൻ സാധിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിലേക്ക് പോകാനുള്ള നീക്കം ജനപക്ഷം വീണ്ടും നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ജനപക്ഷം തീരുമാനിച്ചതോടെ യു.ഡി.എഫ് ആദ്യം ചില പ്രതീക്ഷകൾ നൽകി. ഇതോടെയാണ് 20 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പിൻവലിക്കാൻ പി.സി ജോർജും ജനപക്ഷവും തീരുമാനിച്ചത്. യു.ഡി.എഫ് കൈവിട്ടതോടെ പത്തനംതിട്ട അടക്കം മൂന്ന് മണ്ഡലങ്ങളിൽ വീണ്ടും പി.സി ജോർജിന്‍റെ അടക്കം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. എന്നാൽ കെ.സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതോടെയാണ് വിശ്വാസ സംരക്ഷണത്തിന്‍റെ പേര് പറഞ്ഞു എന്‍.ഡി.എക്കൊപ്പം നില്‍ക്കാന്‍ നീക്കം നടത്തുന്നത്.പി.സി.ജോര്‍ജിനെ ഒപ്പം കൂട്ടിയാല്‍ പത്തനംതിട്ടയില്‍ പ്രബല വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാകുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
എച്ച് വൺ എൻ വൺ പനി;ജില്ലയിൽ ജാഗ്രത നിർദേശം നൽകി
കണ്ണൂർ:ജില്ലയിൽ എച്ച് വൺ എൻ വൺ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.നാരായൺ നായിക് നിർദേശം നൽകി.വായുവിലൂടെയാണ് ഈ രോഗം പകരുക.മിക്കവരിലും ഇത് നാലഞ്ച് ദിവസം കൊണ്ട് ഭേദമാകും.എന്നാൽ ചിലരിൽ ഇത് ഗുരുതരമായ ശ്വാസതടസ്സം,ഓർമ്മക്കുറവ്,അപസ്മാരം,സ്വഭാവ വ്യതിയാനങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കും.ഗർഭിണികൾ,അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ,65 വയസ്സിനു മുകളിലുള്ളവർ,പ്രമേഹരോഗികൾ,വൃക്കരോഗം,കരൾ രോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങളായ പണി,ശരീരവേദന,തൊണ്ടവേദന,തലവേദന,വരണ്ട ചുമ,വിറയൽ,ഛർദി,വയറിളക്കം, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തണം.വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.രോഗം ബാധിച്ചവർ മറ്റുള്ളരുമായി സമ്പർക്കം കുറയ്ക്കുക.ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യണം.
കണ്ണൂർ അഴീക്കോട് 11 കാരന് സൂര്യതാപമേറ്റു
കണ്ണൂർ: അഴീക്കോട് കപ്പക്കടവിൽ 11 കാരന് സൂര്യതാപമേറ്റു.പി വി ഹൗസിൽ എം. റഫീഖ് പി.വി ഷാഹിന ദമ്പതികളുടെ മകൻ ഹാഫിസ് ഹസ്സനാണ് സൂര്യതാപമേറ്റത്.അഴീക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ വിദ്യാർത്ഥിയാണ് ഹാഫിസ്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
തമിഴ്‌നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു
ചെന്നൈ:തമിഴ്‌നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു.കാഞ്ചിപുരം ജില്ലയിലെ നെമിലിയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റിലാണ് സംഭവം.മരിച്ചവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്.സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയില്‍ കൃഷ്ണമൂര്‍ത്തിയെന്നയാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സ്വയരക്ഷയ്ക്കായുള്ള കൃഷ്ണമൂര്‍ത്തിയുടെ നിലവിളി കേട്ടാണ് 30കാരനായ മകന്‍ കണ്ണന്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. എന്നാല്‍, പിതാവിനെ രക്ഷപ്പെടുത്താന്‍ കഴിയാതെ കണ്ണന്‍ തല കറങ്ങി വീണു. 20 വയസുകാരനായ ഇളയമകന്‍ കാര്‍ത്തിക് ഇരുവരെയും രക്ഷിക്കാനായി സ്ഥലത്ത് എത്തിയെങ്കിലും വിഷശ്വാസം ശ്വസിച്ച് കാര്‍ത്തികും തല കറങ്ങി വീഴുകയായിരുന്നു.മറ്റുമൂന്നുപേരും സെപ്റ്റിക് ടാങ്കിലിറങ്ങി വൃത്തിയാക്കുകയായിരുന്നു. അതേസമയം, യാതൊരു സുരക്ഷാമാര്‍ഗങ്ങളും ഒരുക്കാതെയാണ് സ്വകാര്യ അപ്പാര്‍ട്മെന്‍റ് തൊഴിലാളികളെ ജോലിക്ക് വിളിച്ചത്.ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ദളിത് സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്. മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കരുതെന്ന നിയമം നിലനിൽക്കെ തൊഴിലാളികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് ശുചീകരണം നടത്തിച്ചതില്‍ വന്‍പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.
ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതി റോഷനെയും പെൺകുട്ടിയെയും ഇന്ന് കേരളത്തിലെത്തിക്കും
കൊല്ലം:ഓച്ചിറയിൽ നിന്നും കാണാതായ പെൺകുട്ടിയെയും കേസിലെ പ്രതിയായ റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും.രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും.പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും.നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.ഇരുവരെയും കാണാതായതിന്റെ പത്താം ദിവസമാണ് രണ്ടുപേരെയും മുബൈയിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്.അതേസമയം റോഷൻ തന്നെ തട്ടികൊണ്ടുവന്നതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം റോഷനൊപ്പം ഇറങ്ങിവന്നതാണെന്നും പെൺകുട്ടി ഇന്നലെ പറഞ്ഞിരുന്നു.തനിക്ക് പതിനെട്ട് വയസായെന്നും പെണ്‍കുട്ടി അവകാശപ്പെടുന്നുണ്ട്. തന്‍റെ പ്രായം തെളിയിക്കാനുള്ള തെളിവുകള്‍ അച്ഛന്‍റെ പക്കലുണ്ടെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്. ഏറെ വിവാദമായ തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആശയക്കുഴപ്പങ്ങള്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന അടക്കം പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണ്ണമായും നീങ്ങുകയുള്ളൂ.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ?തീരുമാനം ഇന്നുണ്ടായേക്കും
ന്യൂഡൽഹി:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന.കേരളത്തിലോ കര്‍ണ്ണാടകത്തിലോ രാഹുല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ദക്ഷിണേന്ത്യയില്‍നിന്നും മത്സരിക്കുകയാണെങ്കില്‍ രാഹുല്‍ കര്‍ണ്ണാടകയിലെ ഏതെങ്കിലും സീറ്റ് തെരഞ്ഞെടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കര്‍ണ്ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞിരുന്നു. ലോക്‌സഭാ സീറ്റില്‍ ദക്ഷിണേന്ത്യയിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. ഇതേത്തുടര്‍ന്നാണ് ഉത്തരേന്ത്യയിലെ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍നിന്നുകൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
പ്രണയം നിരസിച്ച പെൺകുട്ടിയുടെ വീടിനു മുൻപിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം;സംഭവം കണ്ണൂരിൽ
തളിപ്പറമ്പ്:പ്രണയം നിരസിച്ച പെൺകുട്ടിയുടെ വീടിനു മുൻപിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം.ഇന്ന് പുലർച്ചെയാണ് സംഭവം. പ്രണയാഭ്യർഥനയുമായി പലവട്ടം കാത്തു നിന്നിട്ടും അനുകൂല മറുപടി കിട്ടാതായപ്പോൾ യുവാവ് പുലർച്ചെ യുവതിയുടെ വീടിനു സമീപത്ത് എത്തി കൈഞരമ്പ് മുറിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ നാട്ടുകാർ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവ് പെൺകുട്ടിയെ പതിവായി ശല്യം ചെയ്തുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്:വെള്ളിപറമ്പിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ദാരുണാന്ത്യം.അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്‍റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്‍ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.താഴെ വീണ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മാവൂരിലേക്ക് പോകുകയായിരുന്ന പവാസ് മോന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് ഒരു ഐഫോണ്‍ കണ്ടെത്തിയെങ്കിലും ലോക്ക് ചെയ്ത നിലയിലാണ്. മെഡിക്കല്‍ കോളജ് പൊലീസ് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.