മലപ്പുറം:പൊന്നാനിക്ക് സമീപം ഉള്‍ക്കടലില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു.കൊച്ചി മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ സില്‍വിയ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്. ഇവരെ അയ്യമ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.ഇന്നലെ രാത്രിയായിരുന്നു അപകടം.അപകടമുണ്ടാക്കിയ കപ്പല്‍ നിര്‍ത്താതെ പോയി. 11 തൊഴിലാളികള്‍ കപ്പലില്‍ ഉണ്ടായിരുന്നു.
തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് മസ്തിഷ്‌കമരണം സ്ഥിതീകരിക്കാനായില്ല; വെന്റിലേറ്ററിൽ തുടരും
കൊച്ചി:തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസ്സുകാരന് മസ്തിഷ്‌കമരണം സ്ഥിതീകരിക്കാനായിട്ടില്ലെന്ന് ചികിത്സ തുടരുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ദ്ധസംഘം പരിശോധിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കുട്ടിയുടെ മസ്തിഷ്‌കമരണം സംഭവിച്ചതായും വെന്റിലേറ്റർ നീക്കം കുറിച്ച് ആലോചിക്കുമെന്നും ചികില്സിക്കുന്ന ഡോക്റ്റർമാർ അറിയിച്ചിരുന്നു.ഈ തീരുമാനമാണ് വിദഗ്ദ്ധ ഡോക്റ്റർമാരുടെ പരിശോധനയ്ക്ക് ശേഷം മാറ്റിയത്.അതേസമയം വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.ചികിത്സയാരംഭിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പള്‍സ് നിലനിര്‍ത്തുന്നത്.ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് വിവരം.സര്‍ക്കാര്‍ ഏഴുവയസുകാരന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയുടെ മാതാവിനൊപ്പം താമസിക്കുന്ന തിരുവനന്തപുരം നന്ദൻകോഡ് സ്വദേശി അരുൺ ആനന്ദാണ് കുട്ടിയെ മർദിച്ച് അവശനാക്കിയത്.സംഭവത്തെ തുടർന്ന് ഇയാളെ വധശ്രമത്തിന് പുറമെ പോക്സോ കേസും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെയാണ് അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയത്.തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടി കട്ടിലിൽ നിന്നും നിലത്തുവീണാണ് അപകടം പറ്റിയതെന്നാണ് ഇവർ ഡോക്റ്റർമാരെ അറിയിച്ചത്. കുട്ടിയുടെ അവസ്ഥകണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ ചികിത്സ നൽകിയ ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമര്ദനത്തിന്റെ ചുരുളഴിഞ്ഞത്.
രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്
ന്യൂഡൽഹി:രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടന്‍ മുന്‍ കരുതല്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്.ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണെമന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഈ മേഖലകളിലൂടെ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്‌ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കേന്ദ്രനിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ അതീവ സുരക്ഷാ മേഖലകള്‍ ഉള്‍പ്പെടുത്തി ഉടന്‍ റെഡ്സോണ്‍ പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് കേരളാ പോലീസ്.
തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്‌ക്കമരണം സംഭവിച്ചതായി ഡോക്റ്റർമാർ
കൊച്ചി:തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്‌ക്കമരണം സംഭവിച്ചതായി ഡോക്റ്റർമാർ.രാവിലെ നടത്തിയ സ്‌കാന്‍ റിപ്പോർട്ട് പരിശോധിച്ച ഡോക്റ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിശ്ചലമായി.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം സംഭവിക്കാമെന്ന അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി. ശ്രീകുമാര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. എന്നാൽ പരിക്കിനെ കുറിച്ച് സംശയം തോന്നിയ ആശുപത്രി പി.ആര്‍.ഒ പുത്തന്‍കുരിശ് എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പുത്തന്‍കുരിശ് പൊലീസ് അരുണ്‍ ആനന്ദിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും.
ബോളിവുഡ് നടി ഊര്‍മിള മുംബൈ നോര്‍ത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയാകും
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ നിന്നും ജനവിധി തേടും. ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറക്ക് ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമായിരുന്നു ഊര്‍മിള അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.ഏഴാം വയസില്‍ ബാല താരമായി മറാത്തി ചിത്രത്തിലൂടെയാണ് ഊര്‍മിള സിനിമാരംഗത്തെത്തിയത് തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നായികയായിട്ടുണ്ട്.
സിനിമ ഷൂട്ടിങ്ങിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരണം
ബംഗളൂരു: സിനിമാ ഷൂട്ടിംഗിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം.ചിത്രീകരണം കാണാനെത്തിയ സുമേരയും(28) മകള്‍ ആര്യ(8)യുമാണ് മരിച്ചത്.സുമേരയുടെ ഭര്‍ത്താവിനും ഇളയ കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തെലുങ്ക് സംവിധായകന്‍ വി സമുദ്രയുടെ ‘രണം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയാണ് അപകടമുണ്ടായത്.രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് തീ പിടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.കാര്‍ പൊട്ടിത്തെറിക്കുമ്പോൾ മറ്റുള്ളവര്‍ ഒഴിഞ്ഞുമാറിയെങ്കിലും സുമേരക്കും കുഞ്ഞിനും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അപകടത്തെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചു.ചേതന്‍, ചിരഞ്ജീവി സര്‍ജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
സ്ത്രീധനം നൽകിയില്ല;യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് പട്ടിണിക്കിട്ട് കൊന്നു
കൊല്ലം:ഓയൂരിൽ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും അമ്മായിയമ്മയും ചേർന്ന് യുവതിയെ പട്ടിണിക്കിട്ട് കൊന്നു. ഓയൂർ സ്വദേശിനി തുഷാരയാണ് മരിച്ചത്.സംഭവത്തിൽ ഭർത്താവ് ചന്തു ലാൽ , ഭർതൃമാതാവ് ഗീത ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ യുവതിക്ക് 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. മാര്‍ച്ച് 21ന് രാത്രി പന്ത്രണ്ട് മണിയോടെ മരിച്ച നിലയിലാണ് തുഷാരയെ ഭര്‍ത്താവും വീട്ടുകാരും ചേർന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.മരണത്തിൽ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വര്‍ഷങ്ങളായി ഭര്‍ത്താവും, അമ്മായി അമ്മയും ചേര്‍ന്ന് തുഷാരയോട് ചെയ്തുവന്നിരുന്ന കൊടും പീഡനത്തിന്റെ ചുരുളഴിഞ്ഞത്. ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.ഇത് കൂടാതെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചാണ് മരണകാരണമെന്ന് കണ്ടെത്തി.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതിയെ മനപൂര്‍വം പട്ടിണിക്കിട്ടതാണെന്ന് വ്യക്തമായതോടെ ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സ്ത്രീധനത്തുക നല്‍കാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി ഇവർ യുവതിയെ ഉപദ്രവിക്കുമായിരുന്നു.പൊലീസ് ചോദ്യം ചെയ്യലില്‍ പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമേ തുഷാരയ്ക്ക് നല്‍കിയിരുന്നുള്ളുവെന്ന് ചന്തുലാല്‍ പൊലീസിനോട് പറഞ്ഞു. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇരുവരേയും കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
2013ലായിരുന്നു ചന്ദുലാലിന്റെയും തുഷാരയുടെയും വിവാഹം. മൂന്ന് മാസം കഴിപ്പോള്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം ചന്തുലാല്‍ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ നല്‍കിയില്ല. തുടര്‍ന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല.രണ്ടു വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാന്‍ ബന്ധുക്കള്‍ എത്തിയാല്‍പോലും മടക്കി അയയ്ക്കും. അവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചന്തുലാലിന്റെ അമ്മ ഗീതലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി പലരും എത്തിയിരുന്നു.ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു.പലപ്പോഴും വീട്ടില്‍നിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.മന്ത്രവാദവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും മറ്റും അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഹോട്ടൽ ഹോട്ടൽ ഗ്രൂപ്പ് ഉടമ പി.രാജഗോപാലിന് ജീവപര്യന്തം ശിക്ഷ
ന്യൂഡൽഹി:യുവതിയെ സ്വന്തമാക്കുന്നതിനായി യുവതിയുടെ ഭർത്താവും തന്റെ ഹോട്ടലിലെ ജീവനക്കാരനുമായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഹോട്ടൽ ഹോട്ടൽ ഗ്രൂപ്പ് ഉടമ പി.രാജഗോപാലിന് ജീവപര്യന്തം ശിക്ഷ.കേസിൽ നേരത്തെ നേരത്തെ മദ്രാസ് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ്. എന്‍വി രമണ്ണയുടെ ബെഞ്ചാണ് ഭവന്‍ ഉടമ പി രാജഗോപാലിന്‍റെ ഹര്‍ജി തള്ളി ശിക്ഷ ശരിവച്ചത്. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ എല്ലാം കുറ്റത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. നേരത്തെ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിനും മറ്റുള്ളവര്‍ക്കും വിധിച്ചതെങ്കില്‍ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.ജൂലൈ 7 ന് മുൻപായി രാജഗോപാല്‍ കീഴടങ്ങണം എന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.
2001 ഇൽ തന്റെ ഹോട്ടലിലെ ജീവനക്കാരനായ പ്രിൻസ് ശാന്തകുമാരനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് രാജഗോപാൽ കൊലപ്പെടുത്തി എന്നതാണ് കേസ്. ശാന്തകുമാരന്റെ ഭാര്യ ജീവജ്യോതിയെ സ്വന്തമാക്കാനായിരുന്നു രാജഗോപാൽ കൊലപാതകം നടത്തിയത്.ശരവണഭവൻ ചെന്നൈ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരുടെ മകളായിരുന്നു ജീവജ്യോതി.രണ്ടു ഭാര്യമാരുള്ള രാജഗോപാൽ ജ്യോത്സ്യന്റെ നിർദേശപ്രകാരമായിരുന്നു ജീവജ്യോതിയെ ഭാര്യയാക്കാൻ തീരുമാനിച്ചത്.എന്നാൽ ജീവജ്യോതി ഇതിനെ എതിർക്കുകയും ശാന്തകുമാരനെ വിവാഹം ചെയ്യുകയും ചെയ്തു.പിന്നീട് രാജഗോപാലിൽ നിന്നും നിരന്തരമായി ഭീഷണി ഉണ്ടായതിനെ തുടർന്ന് ശാന്തകുമാരനും ജീവജ്യോതിയും പോലീസിൽ പരാതി നൽകി.ഇത് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം ശാന്തകുമാരനെ വാടകക്കൊലയാളികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.കൊടൈക്കനാൽ വനമേഖലയിലെ പെരുമാൾമലയിൽ നിന്നാണ് പിന്നീട് ശാന്തകുമാരന്റെ മൃതദേഹം കണ്ടെത്തുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകള്‍ നിർബന്ധമാക്കുന്നു
ന്യൂഡൽഹി:ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോൾ മോട്ടോര്‍വാഹന വകുപ്പ് നമ്പർ നല്‍കും. ഇത് നമ്പർ പ്ലേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കായിരിക്കും.നമ്പർ പ്ലേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം. റജിസ്ട്രേഷന്‍ നമ്പർ,എന്‍ജിന്‍, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ലാസ് മാറേണ്ടി വന്നാല്‍ പുതിയ സ്റ്റിക്കാറിനായി അംഗീകൃതര്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം.നമ്പർ പ്ലേറ്റുകള്‍ക്ക് നിശ്ചിത അളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് ഇവ ഘടിപ്പിക്കേണ്ട പ്രതലത്തില്‍ വ്യത്യാസമുണ്ട്. സാധാരണയായി നമ്പർ പ്ലേറ്റുകള്‍ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്.നമ്പർ പ്ലേറ്റുകൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്ബർ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകള്‍ നിര്‍ബന്ധമല്ല. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് ഘടിപ്പിക്കാം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇതില്‍ പഴയവാഹനങ്ങളും ഉള്‍പ്പെടുമെങ്കിലും തത്കാലം പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കില്ല.എന്നാല്‍ ഭാവിയില്‍ ഘടിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്നത്.
തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍;കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
തൊടുപുഴ:തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് അറസ്റ്റില്‍.കുട്ടിയെ പ്രതി അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് വിശദമാക്കി. ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു.ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി.കുട്ടിക്ക് ആവശ്യമായ ചികിത്സ ശേഷം ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയുടെ അരുണ്‍ ആനന്ദിനോട് വിശദാംശങ്ങള്‍ ചോദിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാനോ പൊലീസ് നിര്‍ദേശിച്ചതു പോലെ ആംബുലന്‍സില്‍ കയറാനോ ഇയാള്‍ തയ്യാറായില്ല.അരുണ്‍ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.അതേസമയം തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലുള്ള കുട്ടിയുടെ നില അതീവഗുരുതരമാണ്. തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.