തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. ഈ മാസം പതിനാല് വരെ ചൂട് ഗണ്യമായി വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. താപനില രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കും.കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തില്‍. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടാന്‍ കാരണം.
ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ചൂട് ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം കോഴിക്കോട്ടെത്തും; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കോഴിക്കോടെത്തും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. കര്‍ണാടക ഗംഗവാദിയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് കടപ്പുറത്തെ സമ്മേളന വേദിയും പരിസരവും എസ്.പി.ജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് സമ്മേളനം ആരംഭിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളും എന്‍.ഡി.എയുടെ ദേശീയ സംസ്ഥാന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന മോദി പ്രത്യേകവിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും.
കണ്ണൂരിൽ തുണിക്കട കുത്തിത്തുറന്ന് നാല് ലക്ഷം രൂപ മോഷ്ടിച്ചു
കണ്ണൂർ:കണ്ണൂരിൽ തുണിക്കട കുത്തിത്തുറന്ന് നാല് ലക്ഷം രൂപ മോഷ്ടിച്ചു.സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന് സമീപത്തുള്ള മഹാലക്ഷ്മി ടെക്സ്റ്റെയിൽസിലാണ് മോഷണം നടന്നത്.കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതി മേശവലിപ്പ് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി യിൽ മോഷ്ട്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മുഖം മൂടി ധരിച്ചാണ് മോഷ്ട്ടാവ് എത്തിയത്.
കെ.എം മാണിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു
കോട്ടയം:അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.പാല സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.വൈകിട്ട് മൂന്ന് മണിയോടെ കെ എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. വിലാപയാത്രയിലും പാല സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങിലും ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയനേതാവിനെ അവസാനമായി കാണാന്‍ കരിങ്ങോഴക്കല്‍ തറവാട്ടിലേക്കും വന്‍ ജനാവലി ഒഴുകിയെത്തി.ആയിരങ്ങള്‍ വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മണ്‍മറഞ്ഞ പ്രിയ നേതാവിനോടുള്ള ആദരവ് പാലായിലെ ജനത പ്രകടിപ്പിച്ചു.തുടര്‍ന്ന് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മ്മികനായി.സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കി കെ എം മാണിക്ക് ആദരവ് അര്‍പ്പിച്ചു.തുടര്‍ന്ന് കുടുംബാംഗങ്ങളും രാഷ്ട്രീയത്തിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് അന്ത്യചുംബനം നല്‍കി അദ്ദേഹത്തെ യാത്രയാക്കി.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 100 ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തി
ന്യൂഡൽഹി:സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 100 ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തി. ഗുജറാത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് പാകിസ്ഥാന്‍ വിട്ടയച്ചത്.പാകിസ്ഥാനില്‍ നിന്നും അമൃത്സറില്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം വഡോദരയില്‍ എത്തി.അതേസമയം തടവിലെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി ബാബു പറഞ്ഞു. ഒരു ഇടുങ്ങിയ മുറിയിലാണ് പാര്‍പ്പിച്ചിരുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പീഡനങ്ങൾ ഉണ്ടായതായും ബാബു വ്യക്തമാക്കി. ഈ സമയത്ത് തങ്ങളെ മുറിയില്‍ അനങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാസർകോട്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസിലെ ശരിയായ പ്രതികളെ പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ വധശ്രമം നടന്നിട്ടില്ല;മുഖത്തു പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള പ്രകാശമെന്നും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി:പത്രികാ സമർപ്പണത്തിന് ശേഷം നടന്ന റാലിക്കിടെ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്.രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമാണ് രാഹുലിന്‍റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഏഴ് തവണയാണ് രാഹുലിന്‍റെ മുഖത്ത് ലേസര്‍ വെളിച്ചം പതിഞ്ഞത്.രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്) നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചത്.ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു.രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം നടന്നതായി കോൺഗ്രസ്
ലക്‌നൗ:രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം നടന്നതായി കോൺഗ്രസ്.അമേഠിയിലെ പത്രിക സമര്‍പ്പണത്തിനിടെ രാഹുലിന്‍റെ മുഖത്ത് ലേസര്‍ പതിഞ്ഞതായാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നല്‍കിയിട്ടുണ്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിക്കു മേല്‍ പച്ച നിറത്തിലുള്ള ലേസര്‍ രശ്മികള്‍ പതിച്ചത്.സ്നൈപര്‍ ഗണ്‍ ഉപയോഗിച്ചതാണോയെന്ന് സംശയമുണ്ടെന്നാണ് കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുന്നത്. ദൂരത്ത് നന്നും കൃത്യതയോടെ വെടിവെക്കാനായാണ് സ്നൈപര്‍ തോക്കുകളില്‍ ലേസര്‍ ഉപയോഗക്കുന്നത്. ഏഴ് തവണയാണ് പച്ച നിറത്തിലുള്ള ലേസര്‍ രാഹുലിന്‍റെ മുഖത്ത് പതിഞ്ഞത്.സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും, അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം;രണ്ടു പേര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം.പോളിങ്ങിനിടെ അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായി.ഒപ്പം വ്യാപകമായ കല്ലേറുമുണ്ടായി.തുടര്‍ന്ന് പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ മരിച്ചത്.രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഇലുരു നഗരത്തില്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ ടിഡിപി-വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വൈഎസ്‌ആര്‍ പ്രവര്‍ത്തകന് കുത്തേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപയോഗിച്ച വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി മുതൽ വിൽക്കുന്നയാൾ;നടപടി ക്രമങ്ങൾ ഇങ്ങനെ
ഉപയോഗിച്ച വാഹനം കൈമാറ്റം ചെയ്യുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ മോട്ടോർ വാഹന വകുപ്പിന് കീഴിൽ പുതിയ നടപടി ക്രമങ്ങൾ നിലവിൽ വന്നു. രജിസ്‌ട്രേഷന് വാഹന്‍ 4 സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്.മെയ് മാസത്തോടെ പുതിയ സംവിധാനം സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പില്‍വരും. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കാണ്. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാള്‍ മുന്‍കൈയ്യെടുക്കണം.ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ നിലവിലുണ്ട്. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു ഇതുവരെ.