കൊച്ചി:തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സിൽ നിന്നും യാത്രക്കാരെ മർദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.’സുരേഷ് കല്ലട ‘ ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെയാണ് മരട് പൊലീസ് കേസ് എടുത്തത്. ബസ് തകരാറിലായതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം യാത്ര തടസ്സപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയഘോഷ് എന്നിവര്‍ക്കാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ ബസ് ജീവനക്കാരിൽ നിന്നും മർദനമേറ്റത്. ബസിലുണ്ടായിരുന്ന ജേക്കബ് ഫിലിപ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ട് ഹരിപ്പാട് എത്തിയതോടെ ബസ് തകരാറിലായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്ര പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തു. ഇതാണ് വാഗ്വാദത്തിനും പിന്നീടുണ്ടായ മര്‍ദ്ദനത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ മൂന്ന് ഓഫീസ് ജീവനക്കാരെത്തി യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു.സംഭവത്തില്‍ അജയഘോഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ശ്രീലങ്കയിലെ സ്ഫോടനം;മരണം 290 ആയി;മരിച്ചവരിൽ മലയാളിയും
കൊളംബോ:ശ്രീലങ്കയിലെ പള്ളിയിൽ ഇന്നലെയുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി.മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയാണ് (61) കൊല്ലപ്പെട്ടത്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്.ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. രാവിലെ 8.45നാണ് ലോകത്തെ നടുക്കി സ്ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്സ്ബറി എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങളുണ്ടായത്.സ്‌ഫോടനത്തിൽ അഞ്ഞൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.സെന്റ് ആന്റണീസ് ചര്‍ച്ചില്‍ സ്ഫോടനം നടന്ന് അരമണിക്കൂറിനുള്ളിലാണ് മറ്റിടങ്ങിലുമുണ്ടായത്. നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് ദുരന്തത്തിന്റെ ആക്കം കൂട്ടി.മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. വിദേശികളുള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ കൊളംബോ നാഷണല്‍ ആശുപത്രിയിലുള്‍പ്പെടെ പ്രവേശിപ്പിച്ചു.
2009ല്‍ തമിഴ് പുലികളെ അടിച്ചമര്‍ത്തിയതിന് ശേഷം ശ്രീലങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങള്‍ക്ക് വേദിയായിരുന്നില്ല. ഇതോടെ നാട് സമാധാനത്തിലേക്ക് തിരികെ എത്തി. ഇതാണ് ഇന്നലത്തെ ആക്രമണങ്ങളോടെ ഇല്ലാതാകുന്നത്. സ്ഫോടനപരമ്ബരകളെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കി. ഭീതിയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. വിമനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ലഭ്യമാക്കാന്‍ അധികൃതര്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.അതിനിടെ, സ്‌ഫോടകവസ്തുക്കള്‍ കൊണ്ടു പോയ വാന്‍ പിടിച്ചെടുത്തതായി ലങ്കയിലെ ‘നവമണി’ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊളംബോയില്‍ വിവിധയിടങ്ങളിലേക്ക് ബോബ് എത്തിച്ച വാനും ഡ്രൈവറും ഉള്‍പ്പെടെയാണ് വെല്ലവട്ടയിലെ രാമകൃഷ്ണ റോഡില്‍ വച്ച് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം നടത്തി തീരുമാനമാകും വരെ ഫേസ്‌ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് എന്നിവയ്ക്കുള്ള വിലക്ക് ശ്രീലങ്കയില്‍ തുടരാനാണു തീരുമാനം. ആക്രമണങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പടരുന്നത് തടയാനാണ് വിലക്കെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തിരിച്ചറിൽ കാർഡ് ഇല്ലെങ്കിലും വോട്ട് രേഖപ്പെടുത്താം ഈ രേഖകൾ ഉണ്ടെങ്കിൽ
തിരുവനന്തപുരം:ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ നിരാശപ്പെടേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം.പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ളിക് ലിമിറ്റഡ് കമ്ബനികള്‍ എന്നിവര്‍ നല്‍കിയ ഫോട്ടോയോടുകൂടിയ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയോടുകൂടിയ ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കിയ പാസ് ബുക്ക് ഒഴികെ), പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ ജോബ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോയോടു കൂടിയ പെന്‍ഷന്‍ രേഖ, എം.പി/എം.എല്‍.എ/ എം.എല്‍.സി മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളാണ് വോട്ടര്‍ കാര്‍ഡിനു പകരമായി തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇവയില്‍ ഏതെങ്കിലും ഒരു രേഖയുമായെത്തി വോട്ട് ചെയ്യാം. ഇവയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പ്രത്യേക സ്ലിപ്പും ഹാജരാക്കണം.
കാസര്‍കോട് ട്രെയിനിടിച്ച് യുവതിക്കും മൂന്നുവയസ്സുകാരനായ മകനും ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് മെഗ്രാല്‍ പുത്തൂരില്‍ നാങ്കിയില്‍ ട്രെയിനിടിച്ച് യുവതിക്കും മൂന്നുവയസ്സുകാരനായ മകനും ദാരുണാന്ത്യം.നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറ(25) മകന്‍ സഹ്ഷാദ്(3) എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ മയിന്‍ പുരിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ആഗ്ര – ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ വച്ച് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ദില്ലിയില്‍ നിന്നും വാരണാസിയിലേക്ക് കണക്‌ട് ചെയ്യുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഒരു വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറടക്കം 34ഓളം പേലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോക്സഭാ ഇലക്ഷൻ;സംസ്ഥാനത്ത് 24,970 പോളിങ‌് സ്‌റ്റേഷനുകള്‍;മൂന്നിടത്ത് ഓക്‌സിലറി പോളിങ‌് ബൂത്തുകള്‍
തിരുവനന്തപുരം:ചൊവ്വാഴ്ച നടക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 24,970 പോളിങ‌് സ്‌റ്റേഷനുകള്‍ ക്രമീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.3ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ‌്. രാവിലെ ആറിന് മോക് പോള്‍ നടക്കും. രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക് പോള്‍ നടത്തുക. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്‌സിലറി പോളിങ‌് ബൂത്തുകളുണ്ട്.
പോളിങ‌് ജോലികള്‍ക്ക് ഇക്കുറി 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.സംസ്ഥാനത്ത് ഇക്കുറി 2,61,51,534 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീകളാണ്. 1,26,84,839 പുരുഷന്‍മാര്‍. 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. കന്നി വോട്ടര്‍മാര്‍ 2,88,191 പേര്‍.കാഴ്ചപരിമിതർക്കായി രണ്ട് ബ്രെയില്‍ സാമ്പിൾ ബാലറ്റ് പേപ്പര്‍ എല്ലാ ബൂത്തിലുമുണ്ടാകും.നോട്ടയടക്കം 15ലേറെ സ്ഥാനാര്‍ഥികളുള്ള ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം എന്നീ മൂന്ന് മണ്ഡലങ്ങളിൽ രണ്ട‌് ബാലറ്റ‌് യൂണിറ്റ‌് വീതം ഉപയോഗിക്കും. സംസ്ഥാനത്ത‌് 227 സ്ഥാനാര്‍ഥികളാണുള്ളത‌്. 23 വനിതകള്‍. കണ്ണൂരിലാണ് വനിതാസ്ഥാനാര്‍ഥികള്‍ കൂടുതല്‍, അഞ്ചുപേര്‍.സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ ഉള്ളത്, 2750 എണ്ണം. കുറവ് വയനാട്, 575 എണ്ണം.3621 ബൂത്തില്‍ വെബ് കാസ്റ്റിങ‌് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.219 ബൂത്തില്‍ മാവോയിസ്റ്റ് പ്രശ്‌ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ 72 ബൂത്ത‌് വയനാട്ടിലും 67 മലപ്പുറത്തുമാണ‌്. കണ്ണൂരില്‍ 39ഉം കോഴിക്കോട്ട‌് 41 ബൂത്തുമുണ്ട്. ഇവിടെ കൂടുതല്‍ സൂരക്ഷ ഏര്‍പ്പെടുത്തും.സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 257 സ്‌ട്രോങ‌് റൂമുകളാണുള്ളത്. ഇവയ‌്ക്ക‌് 12 കമ്ബനി സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. മൂന്നുനിര സുരക്ഷയാണ് ഒരുക്കുക. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തില്‍ വിവി പാറ്റ് എണ്ണുമെന്നും ടിക്കാറാം മീണ പറഞ്ഞു.
ദോഹ-കണ്ണൂര്‍ ഇൻഡിഗോ വിമാനം 14 മണിക്കൂര്‍ വൈകി;കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
കണ്ണൂര്‍ :വിമാനം വൈകിയതിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെയാണ് യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തിയത്.ദോഹയില്‍ നിന്നും ഇന്നലെ രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ1716 വിമാനമാണ് പതിനാല് മണിക്കൂറോളം വൈകിയത്.പുലര്‍ച്ചെ നാല് മണിക്ക് വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം നല്‍കിയ വിവരം.എന്നാല്‍ രാത്രി 12 മണിയോടെ അടുത്ത അറിയിപ്പ് വന്നത് രാവിലെ പത്ത് മണിയോടെ വിമാനം പുറപ്പെടും എന്നായിരുന്നു. എന്തു കൊണ്ടു വിമാനം വൈകുന്നു എന്ന ചോദ്യത്തിന് പൈലറ്റില്ല എന്നാണ് കാരണമായി അധികൃതര്‍ പറഞ്ഞത്.യാത്രക്കാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ പതിനാല് മണിക്കൂര്‍ വൈകി ദോഹ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിക്കുകയായിരുന്നു.
ദില്ലിയില്‍ മലയാളി ഡോക്ടറെ മോഷ്ട്ടാക്കൾ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നു
ദില്ലി:ദില്ലിയില്‍ മലയാളി ഡോക്ടറെ മോഷ്ട്ടാക്കൾ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നു. തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. പുലര്‍ച്ചയോടെ ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.കുടുംബത്തിനൊപ്പം ഹരിദ്വാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോ. തുളസിയുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാന്‍ മോഷ്ട്ടാക്കൾ ശ്രമിക്കുകയായിരുന്നു. സ്റ്റേഷന്‍ അടുത്തെത്താന്‍ ആയതിനാല്‍ വാതിലിന് സമീപമാണ് തുളസി നിന്നിരുന്നത്. മോഷ്ടാക്കള്‍ ബാഗ് വലിച്ച് ഓടിയപ്പോള്‍ തുളസി താഴെ വീഴുകയായിരുന്നു.ഈ സമയം ഭര്‍ത്താവും മകളുമുള്‍പ്പെടെയുള്ളവര്‍ കംപാര്‍ട്മെന്റില്‍ ഉണ്ടായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് സംസ്ക്കരിക്കും.മകള്‍ കാര്‍ത്തികയോടൊപ്പം വിഷു ആഘോഷിക്കാനാണ് തുളസിയും കുടുംബവും കഴിഞ്ഞയാഴ്ച ദില്ലിയിലേക്ക് പോയത്. ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച രുദ്രകുമാറാണ് ഡോക്ടര്‍ തുളസിയുടെ ഭര്‍ത്താവ്.കീരന്‍കുള്ളങ്ങര വാരിയത്ത് പത്മിനി വാര്യസ്യാരുയുടെയു ശേഖരവാര്യരുടെയും മകളാണ്.മുപ്പത് വര്‍ഷമായി പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ തറവാട് വീടിനോട് ചേര്‍ന്ന് ക്ലീനിക്ക് നടത്തിവരികയായിരുന്നു തുളസി.
എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യുഡിഎഫ്; ഇടുക്കിയില്‍ ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തില്‍ ലീഡ് നേടിയാല്‍ സ്വര്‍ണമോതിരം
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെല്ലുവിളിച്ച് യു.ഡി.എഫ്.ഇടുക്കിയില്‍ ഏതെങ്കിലും നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുകയാണെങ്കില്‍ സ്വര്‍ണമോതിരം നല്‍കുമെന്നാണ് വെല്ലുവിളിച്ചിരിക്കുന്നത്. ഡി.സി.സി അദ്ധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാറാണ് പരസ്യമായി എല്‍.ഡി.എഫിനെ വെല്ലുവിളിച്ചിരിക്കുന്നത്.ഇത്തവണ ശക്തമായ മത്സരമാണ് ഇടുക്കിയില്‍ നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴ് നിയോജക മണ്ഡലത്തില്‍ മൂന്നിടത്ത് മാത്രമേ യു.ഡി.എഫിന് മുന്നിലെത്താനായുള്ളു. നിയമസഭ തിരഞ്ഞെടുപ്പില്‍ അതിലും പരിതാപകരമായിരുന്നു. മൂന്നിടങ്ങളില്‍ മാത്രമേ യു.ഡി.എഫിന് മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞുള്ളു.
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വയോധികന്‍ കുത്തേറ്റ് മരിച്ചു;പ്രതി അറസ്റ്റില്‍
കോഴിക്കോട്:കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വയോധികന്‍ കുത്തേറ്റ് മരിച്ചു.സംഭവത്തില്‍ വളയം സ്വദേശിയായ പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.