കാസർകോഡ്:ബദിയടുക്കയിൽ ഓംനി വാൻ മറിഞ്ഞ് രണ്ടുപേർ മരിച്ചു.മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.മുഗു ഉറുമി സ്വദേശികളും ഇപ്പോള്‍ ബദിയടുക്ക പെര്‍ളയില്‍ താമസക്കാരുമായ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഷരീഫ് (38), മാതാവ് ബീഫാത്വിമ (56) എന്നിവരാണ് മരിച്ചത്.അബ്ദുല്‍ ഷരീഫ് മുംബൈയില്‍ ഹോട്ടല്‍ കാഷ്യറാണ്.തിരഞ്ഞെടുപ്പിന് മുൻപ് നാട്ടില്‍ വന്നതായിരുന്നു.വെള്ളിയാഴ്ച തിരിച്ച് മുംബൈയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.അപകടത്തില്‍ ഷരീഫിന്റെ ഭാര്യ ഖൈറുന്നിസ (28), മക്കളായ ഷംന (10), ഷഹര്‍ബാന്‍ (ആറ്) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം നടന്നത്.പെര്‍ളയിലെ വീട്ടില്‍ നിന്നും മുഗു റോഡിലെ ഷെരീഫിന്റെ ഭാര്യാ സഹോദരന്‍ റഫീഖിന്റെ കുട്ടിയുടെ തൊട്ടില്‍കെട്ടല്‍ ചടങ്ങിന് കുടുംബസമേതം പോകുമ്പോഴാണ് വാന്‍ മുണ്ട്യത്തടുക്ക ഓണിബാഗിലുവില്‍ നിയന്ത്രണംവിട്ട് കുന്നിന്‍മുകളില്‍ നിന്നും വീട്ടുപറമ്ബിലേക്ക് മറിഞ്ഞത്.വാനിനുള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും പോലീസും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേർന്ന് വാന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഷരീഫും മാതാവ് ബീഫാത്വിമയും മരണപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക്;അതീവ ജാഗ്രത നിർദേശം നൽകി;എട്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
ഒഡിഷ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് നാളെ ഒഡിഷ തീരം തൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ചുഴലിക്കാറ്റ് ഒഡിഷ തീരത്തിന് 450 കിലോമീറ്റര്‍ അകലെ എത്തി.ഇതോടെ അതീവജാഗ്രാ നിര്‍ദേശമാണ് ഒഡിഷ, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്നത്.എട്ട് ലക്ഷത്തോളം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഢീഷയിലെ 11 ജില്ലകളില്‍ കനത്ത നാശം വിതച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.81 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയും നല്‍കിയിട്ടുണ്ട്.നാവികസേന, ഇന്ത്യന്‍ വ്യോമ സേന, തീരസംരക്ഷണ സേന എന്നിവയെവല്ലാം ഏതു അടിയന്തരസാഹചര്യവും നേരിടാന്‍ സജ്ജരായിക്കഴിഞ്ഞു. വിശാഖപട്ടണത്തും, ചെന്നൈയിലുമായി ദുരന്തനിവാരണ സേനയുടെ 8 ടീമുകളെയും നാവികസേനയുടെ ഓരോ കപ്പലുകളും, ഹെലികോപ്പ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച വരെ തെക്കുപിടഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ശ്രീലങ്കന്‍ തീരത്തും, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, ഒഢീഷ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കർശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ആവശ്യമായ മുന്‍കരുതലുകല്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കി.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുളളൂവെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു
ന്യൂയോർക്ക്:ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം.ഇന്നലെ ചേര്‍ന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ യോഗത്തിലാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്.രാജ്യാന്തര തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയുടെ വലിയ വിജയമാണിത്.പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് യുഎന്‍ തീരുമാനം.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയാണ്. ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ നാല് തവണയും ചൈന ഇതിനെ എതിര്‍ക്കുകയായിരുന്നു.ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിനെ സംരക്ഷിക്കാന്‍ ഇനി പാക്കിസ്ഥാന് സാധിക്കില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പാക്കിസ്ഥാന് നീങ്ങേണ്ടി വരും.കഴിഞ്ഞ ആഴ്ച വിദേശകാര്യ സെക്രട്ടറി ചൈന സന്ദര്‍ശിച്ച് മസൂദ് അസ്ഹറിനെ സംബന്ധിച്ച തെളിവുകള്‍ ചൈനയ്ക്ക് കൈമാറിയിരുന്നു. ഇതും നിലപാട് മാറ്റത്തില്‍ നിര്‍ണായകമായി.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്ബാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയം തത്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായില്ല. ഇതിനെതിരെ അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സും സമ്മര്‍ദം കടുപ്പിച്ചതോടെയാണ് ചൈനക്ക് നിലപാട് മാറ്റേണ്ടി വന്നത്.
കണ്ണൂർ പിലാത്തറയിലെ കള്ളവോട്ട്;മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു
കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാഥമികമായി കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും.ആള്‍മാറാട്ടം, ജനപ്രാതിനിധ്യ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കേസ് എടുത്തവരില്‍ സലീന സിപിഎം പഞ്ചായത്തു അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു. മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം.അതേസമയം ജില്ലാകളക്ടര്‍മാരില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ച മുഖ്യതിരഞ്ഞെടുരപ്പ് ഉദ്യോഗസ്ഥനായ ടീക്കാറാം മീണ കള്ളവോട്ടു നടന്നു എന്ന് സ്ഥിരീകരിക്കുകയും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. സി.പി.എം ശക്തി കേന്ദ്രമായ പിലാത്തറയില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വീഡിയോ പുറത്ത് വിട്ടിരുന്നു.
മെയ് ഒന്ന്… ഇന്ന് ലോക തൊഴിലാളി ദിനം
തിരുവനന്തപുരം:ഇന്ന് ലോക തൊഴിലാളി ദിനം.തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുന്നു.സാർവദേശീയ തൊഴിലാളി ദിനമെന്നും അന്താരാഷ്ട്ര തൊഴിലാളി ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക ദിനത്തിലാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്. എട്ടുമണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി ഈ ദിനം ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകം മുഴുവനും ആഘോഷിക്കാന്‍ തുടങ്ങി. എണ്‍പതോളം രാജ്യങ്ങളില്‍ മേയ് ദിനം പൊതു അവധിയാണ്.മെയ് ദിനാചരണത്തില്‍ നിന്നും ഇന്ത്യയും ഒരിക്കലും മാറിനിന്നിട്ടില്ല. സമീപ കാലത്തായി ബംഗളൂരുവിലും മറ്റുമുള്ള ടെക്കികളും മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയില്‍ ത്രിപുര ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മെയ്ദിനത്തിന് പൊതു അവധിയാണ്.
വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി:വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. ബിഎസ്‌എഫ് ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ച് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് തേജ് ബഹാദൂര്‍ യാദവ്.വരാണസിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. ഇതാണ് ഇപ്പോള്‍ പ്രശ്നത്തിന് ഇടയാത്തിയത്. ഉടന്‍ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാണ് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തേജ് ബഹാദൂറിന്റെ പത്രിക തള്ളണമോ വേണ്ടയോ എന്ന തീരുമാനിക്കുക.
സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം
കൊച്ചി:സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം.മലപ്പുറത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരുമാണ് മരിച്ചത്.മലപ്പുറം എടവണ്ണയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എം രമേശ് ആണ് മരിച്ചത്. മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത് കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം.കൊച്ചി വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് പ്രവർത്തകൻ
തിരുവനന്തപുരം:കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് പ്രവർത്തകൻ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴി.വിദേശികള്‍ കൂടുതലായി ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്ഫോടനം നടത്തുവാനായിരുന്നു പദ്ധതി.അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണത്തിനുള്ള നിര്‍ദേശം വന്നത്.കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ലക്ഷ്യം വെച്ചുവെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണ നല്‍കിയില്ലെന്ന് റിയാസ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക് ചേര്‍ന്നവരാണ് കേരളത്തില്‍ സ്ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ആക്രമണം നടത്തുന്നതിന് വേണ്ട സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇവര്‍ തന്നോട് നിര്‍ദേശിച്ചു. ആക്രമണം നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ താന്‍ നടത്തിയിരുന്നെന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്.മറൈന്‍ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിന്നു റിയാസ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.തൃശൂര്‍ പൂരത്തിന് പുറമേ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തിന് റിയാസ് പദ്ധതിയിട്ടിരുന്നു.മറൈന്‍ ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു.നഗരത്തിലെ ഒരു പ്രമുഖ മാളില്‍ ഇതേ വേഷത്തില്‍ എത്തിയ റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.എന്നാല്‍ മാള്‍ മാനേജ്‌മെന്റിനോ അധികൃതര്‍ക്കോ ഇവരെ കുറിച്ച് ഒന്നും അറിയില്ല. മാളില്‍ കാഴ്ചകള്‍ കാണാനെത്തുന്നവരെ പോലെ ഇവര്‍ എത്തി യോഗം ചേരുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്.
ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി;എന്‍എസ് ജി സംഘമെത്തി
കൊച്ചി:ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കൊച്ചിയിൽ സുരക്ഷ ശക്തമാക്കി.സംസ്ഥാനത്ത് ആകമാനം സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തെ സുരക്ഷാ വിഭാഗങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ(എൻഎസ്‌ജി) പ്രത്യേക സംഘം കേരളത്തിലെത്തി. എന്‍എസ്ജിയുടെ 150 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. വിമാനത്താവള സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ്., സംസ്ഥാന പോലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം എന്നിവയുമായി ചേര്‍ന്ന് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തും. കൊച്ചിയുടെ തീരപ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന എല്ലാവരെയും പരിശോധിക്കും. ശ്രീലങ്കയില്‍ നിന്നെത്തുന്നവരുടെ അടക്കം വിദേശികളുടെ യാത്രാരേഖകളും മറ്റും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.