കണ്ണൂർ:പാമ്പുരുത്തിയിൽ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു.പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 ആം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍, എല്‍ഡിഎഫ് പോളിംഗ് ഏജന്റുമാരായ മുഹമ്മദ് കുഞ്ഞി, സഹീര്‍ എന്നിവരാണ് കളക്ടര്‍ക്ക് മുൻപാകെ ഹാജരായി വിശദീകരണം നല്‍കിയിരിക്കുന്നത്.ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെട്ടവരെ കളക്ടര്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും.പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകള്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്;വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഹർജി പരിഗണിച്ച കോടതി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതലാണോ എന്നു സംസ്ഥാന സര്‍ക്കാരിനോടു കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദിലീപിന്‍റെ ഹര്‍ജിയില്‍ ജുലൈയില്‍ കോടതി വാദം കേള്‍ക്കും.നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കി പോലീസ് കേസെടുക്കുകയായിരുന്നുവെന്നും പോലീസിന്‍റെ കൈവശമുള്ള ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.
കോഴിക്കോട് ചെറുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.നല്ലളം ചിലാറ്റിപാരാത്ത് മുല്ല വീട്ടില്‍ ഹസന്‍ കുട്ടി (58), മക്കളായ ബഹാവുദ്ദീന്‍ (18) അബ്ദുല്‍ ഖാദര്‍ (12) എന്നിവരാണ് മരിച്ചത്.മതപഠന പരിപാടി കഴിഞ്ഞ് നല്ലളത്തെ വീട്ടിലേക്ക് മടങ്ങവെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം.കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഇവർ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഹസന്‍കുട്ടി, വഹാബുദ്ദീന്‍ എന്നിവര്‍ സംഭവസ്ഥലത്തും അബ്ദുല്‍ കാദര്‍ സ്വകാര്യ ആശുപത്രില്‍ വെച്ചുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കോഴിക്കോട് ഇതരസംസ്ഥാനക്കാരായ അമ്മയെയും കുഞ്ഞിനേയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് ഇതരസംസ്ഥാനക്കാരായ അമ്മയെയും കുഞ്ഞിനേയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയയെയും മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യയെയുമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് അമ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍
കൊച്ചി:കൊച്ചിയില്‍ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍.കോഴിക്കോട് സ്വദേശിയും മീലാന്‍റെ പൂവന്‍കോഴി’ എന്ന സിനിമയിലെ നായകനുമായ മിഥുന്‍ നളിനി( 25 ) ആണ് പിടിയിലായത്.മിഥുന്‍ നളിനിക്കൊപ്പം ബെംഗളുരു സ്വദേശിയും സിനിമയുടെ ക്യാമറാമാനായ വിശാല്‍ ശര്‍മ്മയും അറസ്റ്റ് ചെയ്തു.നടനും ക്യാമറാമാനും കൂടി ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്നു.മയക്കുമരുന്ന് സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച്‌കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുക്കുന്നത്. ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎസ് ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
കൊല്ലത്ത് നിന്നും ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കസ്റ്റഡിയിലെടുത്തു
കൊല്ലം: ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.WB 6 8451 എന്ന നമ്പറിലുള്ള ഹോണ്ട കാറാണ് കസ്റ്റഡിയിലെടുത്തത്.കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു തമാശയ്ക്കാണ് ബിന്‍ ലാദന്റെ ചിത്രം പതിക്കുകയും പേരെഴുതുകയും ചെയ്തതെതെന്നാണ് മുഹമ്മദ് ഹനീഫ് പറയുന്നതെങ്കിലും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാര്‍ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല എന്നും ആരോപണമുണ്ട്. ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.കാറിന്റെ ചിത്രം സഹിതം ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തുകയായിരുന്നു.ഇന്നലെ ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിവരമറിയിച്ചു. തുടര്‍ന്ന് വധൂവരന്മാരുമായി പോയ കാര്‍ അയത്തിലില്‍ വെച്ച് ഇരവിപുരം പൊലീസ് പിടികൂടുകയായിരുന്നു. നവദമ്പതികളെ മറ്റൊരു കാറില്‍ കയറ്റിവിട്ടു.ബീച്ച് റോഡിലെ ഒരു കടയില്‍ നിന്നാണ് കാറില്‍ സ്റ്റിക്കറൊട്ടിച്ചത്. കാറിന്റെ ഡിക്കിയില്‍ ഇടതുഭാഗത്തായി ബിന്‍ലാദന്റെ കറുത്ത കാരിക്കേച്ചര്‍ ചിത്രം പതിക്കുകയും പിന്‍ഭാഗത്തെ ഗ്ലാസില്‍ വലതുവശത്ത് ബിന്‍ലാദന്‍ എന്ന് ഇംഗ്ലീഷില്‍ പേരെഴുതുകയും ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയായ പ്രവീണ്‍ അഗര്‍വാളിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍ ഇപ്പോഴും. ഒരുവര്‍ഷം മുൻപാണ് ബാംഗ്ലൂര്‍ സ്വദേശി ഇത് വാങ്ങിയത്. ഇതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മാറ്റാന്‍ അപേക്ഷനല്‍കിയിട്ടില്ല.ഇതെങ്ങനെ കൊല്ലം സ്വദേശിയുടെ കയ്യില്‍ വന്നെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അന്യസംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം രജിസ്‌ട്രേഷന്‍ മാറ്റാതെ 6 മാസം വരെ മാത്രമേ ഓടിയ്ക്കാവൂ എന്നാണ് നിയമം. ഹനീഫിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു.
ഇരിട്ടിയിൽ നൂറു രൂപയുടെ കള്ളനോട്ട് കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി.ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന ബാബു എന്നയാള്‍ക്കാണ് കള്ളനോട്ട് ലഭിച്ചത്.നിറത്തിലും വലുപ്പത്തിലും വ്യത്യാസമൊന്നും ഇല്ലാതിരുന്നതു കൊണ്ടുതന്നെ കള്ളനോട്ടാണെന്ന് ആദ്യം തിരിച്ചറിയാനായില്ല.എന്നാല്‍ കള്ളനോട്ടാണെന്ന് മനസ്സിലായതോടെ ഇരിട്ടി പൊലീസിനെ വിവരമറിയിച്ച് നോട്ട് കൈമാറി.മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കള്ളനോട്ട് കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ നോട്ട് ആരാണ് നല്‍കിയതെന്ന് തിരിച്ചറിയാനായിട്ടില്ല.
മുന്‍ മന്ത്രി വി.വിശ്വനാഥ മേനോന്‍ നിര്യാതനായി

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു
ഒഡിഷ:ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു.ഒഡീഷ പുരി തീരത്താണ് ഫോനി തീരം തൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 200കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ 14 ജില്ലകളില്‍ നിന്ന് 12ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.സംസ്ഥാനത്ത് 13ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 900 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഭുവനേശ്വറില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കര,വ്യോമ, നാവിക, സേനകള്‍ക്ക് പുറമെ തീരസംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ദ്രുത കര്‍മ സേന, അഗ്നിശമന സേന തുടങ്ങിയവ സജ്ജമായിട്ടുണ്ട്. നാവിക സേനയുടെ നേതൃത്വത്തില്‍ ചെന്നൈയിലും വിശാഖ പട്ടണത്തും 2 കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് ഹെലികോപ്റ്ററില്‍ വിതരണം ചെയ്യാന്‍ ഒരുലക്ഷത്തിലേറെ ഭക്ഷ പായ്ക്കറ്റുകള്‍ തയാറാക്കി വെച്ചിട്ടുണ്ട്.കൊല്‍ക്കത്ത-ചെന്നൈ തീരദേശ പാതയിലെ 223 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. പാട്ന- എറണാകുളം എക്സ്പ്രസ്സും, കൊച്ചുവേളി-ഗുഹാവത്തി എക്സ്പ്രസ്സും, തിരുവനന്തപരം- സില്‍ച്ചാല്‍ എക്സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ എണ്ണ ഖനന റിഗുകളില്‍ നിന്ന് ഒഎന്‍ജിസി 500ലേറെ ജീവനക്കാരെ മാറ്റി.ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 90മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗായിക റിമി ടോമി വിവാഹമോചനത്തിന് ഹർജി നൽകി
