News Desk

ലോക്‌സഭാ തിരഞ്ഞെടുപ്പ്;അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

keralanews loksabha election fifth phase voting started

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.7 സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്‌. ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി, ലഖ്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പതിനാലും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.രാജസ്ഥാന്‍ 12, മധ്യപ്രദേശ് 7, ഝാര്‍ഖണ്ഡ്‌ 4, ബീഹാര്‍ 5, ബംഗാള്‍ 7, കശ്മീര്‍-2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാവ് സ്മൃതി ഇറാനി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ.അഞ്ചാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന 51 മണ്ഡലങ്ങളില്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരുന്നു ബിജെപി നേടിയിരുന്നത്. 51ല്‍ 38 സീറ്റുകളായിരുന്നു മോദി തരംഗത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്. അതേസമയം കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തില്‍ നിന്നും വലിയൊരു തിരിച്ചു വരവിനാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രാദേശിക കക്ഷികള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. കശ്മീരില്‍ കശ്മീരില്‍ ലഡാക്ക് മണ്ഡലത്തിലെ കാര്‍ഗില്‍, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പം ഇന്നാണ് നടക്കുന്നത്. അനന്തനാഗില്‍ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പില്‍ 10% വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്.543ല്‍ 425 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം കഴിയുന്നതോടെ പൂര്‍ത്തിയാകും.

തലശ്ശേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം;ഒരാൾക്ക് പരിക്ക്

keralanews one injured in bomb blast in thalasseri

കണ്ണൂർ:തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. രണ്ടുകൈകൾക്കും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പ്രദേശത്ത് ബോംബ് സ്ക്വാര്‍ഡ് പരിശോധന നടത്തുന്നു.

നീറ്റ് പരീക്ഷ ഇന്ന്;15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു;കേരളത്തിൽ നിന്നും ഒരുലക്ഷത്തോളം പേർ

keralanews neet exam today 15lakhs students writing the exam one lakh students from kerala

ന്യൂഡൽഹി:മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പരീക്ഷയായ ‘നീറ്റ്’ ഇന്ന് നടക്കും.രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ചുമണി വരെയാണ് പരീക്ഷ. പതിവ് പോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ നടക്കുക.ഒന്നരക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.ദേശീയ പരീക്ഷ ഏജന്‍സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വെക്കണം.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കൂര്‍ത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, പക്ഷെ ഷൂ പാടില്ല. വാച്ച്‌, ബ്രെയിസ് ലെറ്റ്, തൊപ്പി,ബെല്‍റ്റ് എന്നിവയും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാല്‍ സണ്‍ ഗ്ലീസിന് വിലക്കുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം.എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനക്കായി 12.30 ഹാളില്‍ എത്തുകയും വേണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്;അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

keralanews loksabha election fifth phase polling tomorrow

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 51 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിങ്, രാജ്യവര്‍ധന്‍ റാത്തോര്‍, രാംവിലാസ് പാസ്വാന്‍ തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

keralanews man killed wife and son and committed suicide

കൊച്ചി:ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.കളമശേരി കൊച്ചിന്‍ സര്‍വകലാശാല ക്യാമ്പസിനു സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകൻ ശ്രീഹരിയും ഉറങ്ങുന്നതിനിടെ സജി ഇവരു ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും സജി തീകൊളുത്തി.ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിച്ചതും. 60അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജിയും ബിന്ദുവും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു സജിയും കുടുംബവും. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജി.

തമിഴ്‌നാട് റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി;90 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 150 പേർ അറസ്റ്റിൽ

keralanews drug party in tamilnadu resort 150 including 90 malayalee students were arrested

തമിഴ്‌നാട്:പൊള്ളാച്ചി റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ 90 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 150 പേർ അറസ്റ്റിൽ.ഇന്നലെയാണ് സംഭവം.ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലാണ് വാട്സ് ആപ്പ് കൂട്ടായ്മകളില്‍ കൂടി സംഘടിച്ചെത്തിയ ഇവര്‍ സ്വകാര്യ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്. ശക്തിമാന്‍ എന്നപേരില്‍ 13 വാട്സ് ആപ്പ് കൂട്ടായ്മകള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ പരിപാടിക്കായി എത്തിയത് . വിദ്യാര്‍ഥികള്‍ക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോര്‍ട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച വൈകുന്നേരം റിസോര്‍ട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാര്‍ഥികളെത്തിയത്. അര്‍ധരാത്രിയായപ്പോള്‍ ഉച്ചത്തില്‍ പാട്ടും നൃത്തവും തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു.ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു.കോയമ്ബത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂടുതലും പിടിയിലായത്. റിസോര്‍ട്ട് നടത്താന്‍ ലൈസന്‍സെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അറക്കൽ സുല്‍ത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

keralanews araikkal sultan adiraja fathima muthubeevi passed away

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീബി (86) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയായ ‘ഇശലില്‍’ വച്ചാണ് അന്ത്യം സംഭവിച്ചത്. പരേതനായ സി.പി. കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ഏക മകള്‍ ആദിരാജ ഖദീജ സോഫിയ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 ന് സഹോദരിയും 38 ആമത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഫാത്തിമ മുത്തുബീവി 39 ആമത്‌ അറക്കല്‍ സുല്‍ത്താന്‍ സ്ഥാനം ഏറ്റെടുത്തത്.തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ്‌രിബ് നമസ്‌ക്കാരത്തിന് ശേഷം മയ്യത്ത് നമസ്‌ക്കാരവും തുടര്‍ന്ന് ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇന്‍ത്യാസ് അഹമ്മദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.അറക്കല്‍ കെട്ടിന് സമീപത്തെ കണ്ണൂര്‍ സിറ്റി ജുമാ അത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരി കൂടിയാണ് അറയ്ക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന്‍കുന്ന അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് അന്തരിച്ച ആദിരാജ ഫാത്തിമാ മുത്തു ബീവി.

ഫോനി ചുഴലിക്കാറ്റിനെ കുറിച്ച് കൃത്യമായി മുന്നറിയിപ്പ് നൽകി;കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം

keralanews give accurate warning about foni cyclone un recognition for central weather monitoring centre

ന്യൂഡൽഹി:ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെ കുറിച്ച്‌ കൃത്യമായ മുന്നറിയിപ്പ് നൽകിയതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം.കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കായത് ഫോനിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സഹായകമായി എന്ന് ഐക്യരാഷ്ട്രസംഘടനയുടെ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു.ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ 8 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പതിനൊന്ന് ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഫോനിയെ അതിതീവ്രചുഴലിക്കാറ്റിന്റെ വിഭാഗത്തിലാണ് കാലാവസ്ഥാ ഗവേഷണകേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ വീശിയ ഫോനിയുടെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 90 കിമീ ആയി കുറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം;ആർക്കെതിരെയും പരാതിയില്ലെന്ന് വിദ്യാർത്ഥിനി

keralanews in the incident of suicide attempt in thiruvananthapuram university college student give statement that no complaint against anyone

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി മൊഴി നൽകി.രാവിലെ 11 മണിയോടെയാണ് പെൺകുട്ടി ആറ്റിങ്ങൽ സ്റ്റേഷനിലെത്തി മൊഴി നൽകിയത്.കടുത്ത മാനസിക സമ്മര്‍ദം അനുഭവപ്പെട്ടതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്നും കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.അധ്യയന ദിവസങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.നേരത്തെ ആത്മഹത്യാ കുറിപ്പിൽ രണ്ട് എസ്.എഫ്.ഐ വനിതാ നേതാക്കളുടെ പേര് പെൺകുട്ടി പറഞ്ഞിരുന്നു. ഇവരടക്കം സംഘടനാ നേതാക്കൾ പഠിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ ശേഷം കോളേജിൽ പഠിക്കാൻ കഴിയാതായെന്നുമായിരുന്നു പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വിവരിച്ചത്.

തൊടുപുഴയില്‍ പതിനാലുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം

keralanews 14year old boy brutally beaten by mothers friend in thodupuzha

കൊച്ചി:തൊടുപുഴയില്‍ പതിനാലുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം.കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇയാള്‍ ഇടിക്കുകയും ഫ്രിഡ്ജിന്റെ ഇടയില്‍വെച്ച്‌ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയെ മര്‍ദ്ദിച്ച തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.പൊലീസ് നിര്‍ദ്ദേശ പ്രകാരം ആശുപത്രിയില്‍ ചികില്‍സ തേടിയ പതിനാല് വയസുകാരനെ ഇന്ന് വീട്ടിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത്.