News Desk

‘കാവൽക്കാരൻ കള്ളൻതന്നെ’;വിവാദപരാമർശത്തിൽ രാഹുൽഗാന്ധി സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു

keralanews chowkidar chor hai remark rahul gandhi apoligies unconditionally to supreme court

ന്യൂഡൽഹി:’കാവൽക്കാരൻ കള്ളൻതന്നെ’ എന്ന  വിവാദപരാമർശത്തിൽ രാഹുൽഗാന്ധി സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് നിരുപാധികം മാപ്പ് അപേക്ഷിച്ചത്.’കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് കോടതിയും സമ്മതിച്ചെന്നാ’യിരുന്നു രാഹുലിന്‍റെ വിവാദ പ്രസ്താവന.പരാമര്‍ശം തെറ്റായിപ്പോയെന്നും തെരഞ്ഞെടുപ്പ് ആവേശത്തില്‍ പറഞ്ഞതാണെന്നും രാഹുല്‍ വ്യക്തമാക്കി. അതിനാല്‍‌ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.രാഹുലിന്‍റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.ഇതു മതിയാവില്ലെന്നും നിരുപാധികം മാപ്പ് പറയണമെന്നും മീനാക്ഷി ലേഖി കോടതിയില്‍ വാദിച്ചു. രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;84.33 ശതമാനം വിജയം

keralanews plus two result of this year published

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;84.33 ആണ് വിജയശതമാനം.വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.44%) കുറവ് പത്തനംതിട്ട( 78 %)യിലുമാണ്.14224 കുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 71 ആണ്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. prd live, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.

അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ മൃതദേഹം ഖബറടക്കി

keralanews the funeral of famous singer eranjoli moosa completed

കണ്ണൂർ:അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ മൃതദേഹം ഖബറടക്കി.തലശ്ശേരി ടൗണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് 12 മണിക്ക് മട്ടമ്ബ്രം ലാലാ ശഹ്ബാസ് മസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്ക്കാരം.ആയിരക്കണക്കിന് ആളുകളാണ് മൃതദേഹം പൊതുദർശനത്തിനു വെച്ച തലശ്ശേരി ടൌൺ ഹാളിലേക്ക് തങ്ങളുടെ പ്രിയഗായകനെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയത്.രാവിലെ 9 മണിയോടെ ഭൗതികദേഹം തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതു ദര്‍ശനം നീണ്ടു.മുഖ്യമന്ത്രിക്ക് വേണ്ടി ധര്‍മ്മടം മണ്ഡലം പ്രതിനിധി പി ബാലന്‍, സംസ്ഥാന സര്‍ക്കാറിന് വേണ്ടി കണ്ണൂര്‍ സബ് കളക്ടര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.സി പി ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എ എന്‍ ഷംസീര്‍ എം എല്‍ എ വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍,ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, മാപ്പിളപ്പാട്ട് ഗായകര്‍, പാട്ട് എഴുത്തുകാര്‍, ചലച്ചിത്ര താരം ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.എരഞ്ഞോളി മൂസയോടുള്ള ആദരസൂചമായിഉച്ചയ്ക്ക് ഒരു മണി വരെ തലശ്ശേരിയില്‍ കടകമ്പോളങ്ങൾ അടച്ച്‌ ഹര്‍ത്താല്‍ ആചരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് എരഞ്ഞോളി മൂസ അന്തരിച്ചത്.

വിമാനത്തിന്റെ ടയറിനടിയിൽപ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം

keralanews malayalee youth died in kuwait when he trapped under aircraft tyre

കുവൈറ്റ്:കുവൈറ്റ് എയര്‍വേയ്സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളിയായ ജീവനക്കാരന് ദാരുണാന്ത്യം.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കുവൈറ്റ് എയര്‍വേയ്സിന്റെ് സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് (34) മരിച്ചത്.വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലായിരുന്നു അപകടം. ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഇല്ലായിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് കുവൈറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന, മകള്‍ നൈനിക ആനന്ദ്.മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും.

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം;സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു

keralanews protest against chief justice 144 imposed supreme court premises

ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് എതിരായ ലൈംഗികാരോപണത്തിൽ പ്രതിഷേധം നടന്നതിന് പിന്നാലെ സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു. ലൈംഗീക പീഡന പരാതിയില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ സുപ്രീം കോടതി പരിസരത്ത് പ്രതിഷേധം നടന്നത്.വനിതാ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.സുപ്രീംകോടതിയ്ക്ക് മുന്‍പില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്‌ആപ്പ് ഗ്രൂപ്പാണ് സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം ആഹ്വാനം ചെയ്തത്. കൂടാതെ, ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. ചില വനിതാ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതി ലൈംഗികാരോപണ കേസിൽ ചീഫ് ജസ്റ്റീസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റീസിനെതിരേ ആരോപണം ഉന്നയിച്ചത്. പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് നല്‍കാത്തത് നീതിയല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ണമായും അനീതിയായാണ് തോന്നുന്നതെന്ന് സിപിഎം നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു.അതേസമയം പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിക്ക് മുമ്ബാകെ ഹാജരാവില്ലെന്ന് പരാതിക്കാരി നിലപാടെടുത്തിരുന്നു.സമിതിയില്‍ നിന്നും നീതി കിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതിനാല്‍ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടരാന്‍ സമിതി തീരുമാനമെടുത്തിരുന്നു.

തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം;അമ്മയും അറസ്റ്റിലാകും

keralanews muder of seven year old boy in thodupuzha mother will be arrested

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ കുട്ടിയുടെ അമ്മയും അറസ്റ്റിലാകും. ഇന്നോ നാളെയോ അമ്മയെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഉന്നത തലത്തില്‍ പൊലീസ് എടുത്ത തീരുമാനം.സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ അമ്മ പരാജയപ്പെട്ടിട്ടുണ്ടെന്ന അന്വേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബാലനീതി നിയമം 75 ആം വകുപ്പ് അനുസരിച്ചാണ് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ് എടുക്കാന്‍ ശിശുക്ഷേമ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇളയ കുട്ടിയുടെ മൊഴിയും തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ശിശുക്ഷേമ സമിതിയുടെയും ശുപാര്‍ശ പ്രകാരമാണ് പൊലീസ് നടപടി.അമ്മയുടെ സാന്നിധ്യത്തിലാണ് ഏഴുവയസുകാരന്‍ അമ്മയുടെ കാമുകനാല്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. ഈ മര്‍ദ്ദനമാണ് കുട്ടിയുടെ മരണത്തിനു കാരണമായത്. അമ്മയുടെ കാമുകന്‍ അറസ്റ്റിലായിട്ടും മര്‍ദ്ദനത്തിനു കൂട്ടുനിന്ന അമ്മ സംരക്ഷിക്കപ്പെടുന്നതില്‍ എതിര്‍പ്പ് ശക്തമായിരുന്നു.പപ്പിക്കുട്ടി എന്ന് സോഷ്യല്‍ മീഡിയ പുനര്‍നാമകരണം ചെയ്ത ഏഴുവയസുകാരന് നീതിതേടിയാണ് സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുംകഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഈ യോഗത്തിനു ശേഷം തീരുമാനിച്ച സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്താണ് പി.സി.ജോര്‍ജ് എംഎല്‍എ എത്തിയത്. ഇതിനിടെ മർദനമേറ്റു മരിച്ച കുട്ടിയുടെ ഇളയ സഹോദരനെ കുട്ടിയുടെ പിതാവിന്റെ അച്ഛനോടൊപ്പം വിട്ടു.ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് കുട്ടിയുടെ സംരക്ഷണം മുത്തച്ഛന് കൈമാറിയത്.

വിവിപാറ്റ്‌ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

keralanews supreme court rejected revision petition in vivipat

ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണേണ്ടതില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയതുകൊണ്ടു മാത്രം കാര്യമില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് കമ്മിഷന്‍ അറിയിച്ചതിനെ ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സരിത നായർക്കെതിരെ ആക്രമണം

keralanews attack against saritha nair

കൊച്ചി: കൊച്ചിയില്‍ കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിതാ എസ് നായരുടെ പരാതി. കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച്‌ കാറിന്‍റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് സരിതാ എസ് നായരുടെ പരാതി. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.രാത്രി 8.30 ഓടെയാണ് തന്‍റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം നടത്തിയത്.ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാറിന് മുന്നിലെത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്‍റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു. ആക്രമണത്തില്‍ കാറിന്‍റെ ഇടതുവശത്തെ ഗ്ലാസ് തക‍ര്‍ന്നുവെന്നും പല ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും സരിത പറഞ്ഞു. അക്രമികള്‍ തന്‍റെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ നേരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു.

കല്ലട ബസ്സിലെ മർദനം;ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും ആര്‍ടിഒ നോട്ടീസ് നല്‍കി

keralanews the incident of passengers beaten in kallada bus rto sent notice to bus owner suresh and two drivers

കൊച്ചി:കല്ലട ബസ്സിൽ യാത്രക്കാരെ  ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും എറണാകുളം ആര്‍ടിഒ നോട്ടീസ് നല്‍കി.അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകാനാണ് നിർദേശം.സുരേഷിനൊപ്പം ഹരിപ്പാട് വരെ ഓടിയ ബസ്സിന്റെ ഡ്രൈവറിനും തുടര്‍ന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസ്സിന്റെ ഡ്രൈവറിനുമാണ് നിലവില്‍ ഹാജരാകാന്‍ നിര്‍ദേശം വന്നിരിക്കുന്നത്. എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിനായി ഹാജരാകേണ്ടത്.കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിക്ക് ഇന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ശുപാര്‍ശ ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എറണാകുളം ആര്‍ടിഒയുടെ നടപടി.

അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

keralanews election commission denied the argument of smrithi irani that congress captured booth in amethi

ന്യൂഡൽഹി:അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ.ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയിരിക്കുന്നത്. ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ആരോപണം ഉന്നയിച്ചിരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച്‌ കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്തിരുന്നത്.ഇതിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു.വെങ്കടേശ്വര്‍ അറിയിച്ചു.