പത്തനംതിട്ട:ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവൊന്നുമില്ലെന്ന് ഓഡിറ്റ് വിഭാഗം.ഇവയെ കുറിച്ച് മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.അതിനാൽ സ്ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു.സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ശബരിമലയിലെയും സ്ട്രോങ് റൂമിലെയും രേഖകള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.സ്വർണ്ണത്തിന്റെ അളവിൽ കുറവില്ലെന്നും സ്വര്‍ണം നഷ്ടമായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ദേവസ്വ ബോര്‍ഡ് വ്യക്തമാക്കി. ഒരുമാസം മുമ്പ് നിശ്ചയിച്ച പരിശോധനയാണ് നടന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാര്‍ വിശദീകരിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടി.കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ജസീറിൽ (34) നിന്നാണ് 1650 പായ്ക്കറ്റ് ലഹരിവസ്തുക്കൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.ഇവ വിമാനത്താവള പൊലീസിന് കൈമാറി.കഴിഞ്ഞ ദിവസം വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രെസ്സിൽ ദോഹയിലേക്ക് പോകാനെത്തിയതായിരുന്നു ജസീർ.മംഗളൂരുവിൽ നിന്നും കൊണ്ടുവന്നതാണ് ലഹരിവസ്തുക്കളെന്ന് ഇയാൾ പറഞ്ഞു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്ലസ് വൺ പ്രവേശനം;വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി
കണ്ണൂർ:പ്ലസ് വൺ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി.വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടായി 500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന സർക്കാർ നിർദേശം നിലനിൽക്കവെയാണ് നിർബന്ധിത പിരിവ്.500 രൂപ തന്നെ ഇത് നല്കാൻ ശേഷിയും സന്നദ്ധതയും ഉള്ളവരിൽ നിന്നും മാത്രമേ ഈടാക്കാവൂ എന്നും നിർദേശിച്ചിരുന്നു.എന്നാൽ മലയോരമേഖലയിലെ ചില വിദ്യാലയങ്ങൾ 2000 മുതൽ 8000 രൂപവരെ പിടിഎ ഫണ്ടായി ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പിടിഎ ഫണ്ട് വാങ്ങുന്നതിനു രസീത് നൽകണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും വാങ്ങുന്ന ഫണ്ടിന് രസീതിയൊന്നും നൽകുന്നുമില്ല.രക്ഷിതാക്കളിൽ നിന്നും ഇതിനെതിരെ പരാതിയുയർന്നതോടെ വാങ്ങുന്ന തുകയിൽ 500 രൂപമുതൽ 1000 രൂപവരെ കുറവുവരുത്തിയിട്ടുണ്ട്.എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മന്റ് ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വൻ തുകയാണ് ഫീസായി ഈടാക്കുന്നത്.ഇതിനു പുറമെയാണ് ഉന്നത റാങ്ക് നേടി മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ട് എന്ന പേരിൽ പിരിവ് നടത്തുന്നത്. പിടിഎ ഫണ്ട് ഇനത്തിൽ വാങ്ങുന്ന തുക സ്കൂളിലെ നിത്യച്ചിലവുകൾക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.ഇതിൽ കൂടുതൽ ചിലവുകളും മറ്റും വന്നാൽ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്ത് അവരുടെ സമ്മതത്തോടെ ഫണ്ട് ശേഖരിക്കാമെന്നും സർക്കാർ നിർദേശമുണ്ട്. ഈ നിർദ്ദേശങ്ങളൊക്കെ നിലനിൽക്കെയാണ് ചിലവിദ്യാലയങ്ങൾ തോന്നിയപോലെ പണം ഈടാക്കുന്നത്.
കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം;90 ലക്ഷം രൂപയുടെ നഷ്ട്ടം
കണ്ണൂർ:കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം.എസ്.എൻ പാർക്ക് റോഡിലെ ഇന്ത്യൻ വീവേഴ്‌സ് ഷോറൂമിലാണ്(പഴയ എസ്.ആർ ടെക്സ്) തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം.തുണിത്തരങ്ങളും ഫർണീച്ചറുകളുമെല്ലാം കത്തി നശിച്ചു.തീപടരുന്നതുകണ്ട സമീപവാസിയാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. കണ്ണൂർ,തളിപ്പറമ്പ്,മട്ടന്നൂർ,തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത്.ഇൻവെർട്ടറിൽ നിന്നും തീപടർന്നതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സതീശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
ലോകകപ്പ് സന്നാഹ മത്സരം;ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
ഇംഗ്ലണ്ട്:ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. ന്യൂസിലൻഡിനോട് തോറ്റ ആദ്യ സന്നാഹ മത്സരത്തിൽ കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം; രാജിവെയ്ക്കാനൊരുങ്ങി രാഹുൽഗാന്ധി; അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളുടെ ശ്രമം
ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാനൊരുങ്ങി രാഹുൽ ഗാന്ധി.അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്.രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.താന്‍ മാത്രമല്ല, സോണിയയോ, പ്രിയങ്കയോ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നുമാണ് രാഹുലിന്റെ പക്ഷം.രാജി സന്നദ്ധത അറിയിച്ചെങ്കിലും പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് രാഹുല്‍ സമയം നല്‍കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്തെങ്കിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായുള്ള കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളുമെല്ലാം റദ്ദാക്കാനും രാഹുല്‍ നിര്‍ദേശം നല്‍കി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
മകളുടെ വിവാഹത്തലേന്ന് വേദിയിൽ പാട്ടുപാടവേ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു;ഒന്നുമറിയാതെ മകൾക്ക് താലികെട്ട്
കൊല്ലം:മകളുടെ വിവാഹത്തലേന്ന് വേദിയിൽ പാട്ടുപാടവേ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു.വിവാഹാഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയിൽ പാട്ടുപാടിക്കൊണ്ടിരിക്കവെയാണ് അച്ഛൻ കുഴഞ്ഞു വീണത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമായിരുന്നു മരണ കാരണം.കരമന പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ്(55) ആണ് മരിച്ചത്.വിഷ്ണുപ്രസാദിന്റെ മകൾ അർച്ചയുടെ വിവാഹമായിരുന്നു ഇന്നലെ.അമരം എന്ന ചിത്രത്തിലെ ‘രാക്കിളി പൊന്മകളെ നിൻ പൂവിളി യാത്രാമൊഴിയാണോ’ എന്ന പാട്ട് ആലപിച്ചുകൊണ്ടിരിക്കെ വിഷ്ണുപ്രസാദ് വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഇതോടെ വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ആർച്ചയെയും അമ്മയെയും ആരും മരണ വിവരം അറിയിച്ചില്ല.നെഞ്ചുവേദനയെ തുടർന്ന് അച്ഛൻ ആശുപത്രിയിലാണ് എന്നാണ് ആർച്ചയോട് പറഞ്ഞിരുന്നത്.അടുത്ത ബന്ധുക്കളെയും വരന്റെ ബന്ധുക്കളിൽ ചിലരെ മാത്രവുമാണ് വിവരമറിയിച്ചത്.വിവാഹം മാറ്റിവെയ്ക്കുന്നതിലെ ബുദ്ധിമുട്ട് മൂലം മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.തുടർന്ന് നിശ്ചയിച്ചുറപ്പിച്ചത് പോലെ പരിമണം ദുർഗ്ഗാദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് കടയ്ക്കൽ സ്വദേശി വിഷ്ണുപ്രസാദ് അർച്ചയുടെ കഴുത്തിൽ മിന്നുകെട്ടി.കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോഴും ആഴ്ച്ച അച്ഛനെപ്പറ്റി തിരക്കി.ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞ വാക്ക് വിശ്വസിച്ചാണ് ആഴ്ച്ച ഭർതൃഗൃഹത്തിലേക്ക് യാത്രയായത്.കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും.ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കൊല്ലം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
കൊച്ചി നഗരത്തിൽ വൻ തീപിടുത്തം;നാലുകടകൾ കത്തിനശിച്ചു
കൊച്ചി:കൊച്ചി നഗരത്തിൽ വൻ തീപിടുത്തം.ബ്രോഡ്‌വേയിലുള്ള ഭദ്രാ ടെക്‌സ്‌റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെ നാലുകടകൾ പൂർണ്ണമായും കത്തിനശിച്ചു.12 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രാധമികമായ നിഗമനം.തീപിടുത്തത്തിന് പിന്നാലെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.തീപടർന്ന കെട്ടിടത്തിൽ നിന്നും വൻ തോതിൽ പുക ഉയരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം;കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് ഒരു കോടി രൂപ പിഴ ചുമത്തി
ഡൽഹി: പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ സ്ഥിരം സംവിധാനത്തിന് രൂപം കൊടുക്കുന്ന കർമപദ്ധതി സമർപ്പിക്കാതിരുന്നതിന് കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് പിഴ ഏർപ്പെടുത്തി. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനു പദ്ധതി സമർപ്പിക്കാനുള്ള അന്തിമതീയതി ഏപ്രിൽ 30 ആയിരുന്നു. ഒരുമാസം ഒരുകോടി രൂപയാണ് പിഴ.ആന്ധ്രപ്രദേശ്, സിക്കിം, ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ പദ്ധതി സമർപ്പിച്ചിരുന്നു. ഇവ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏപ്രിൽ 30നകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ മേയ് 1 മുതൽ പിഴ നൽകേണ്ടി വരുമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർച്ച് 12ലെ വിധി.കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര അടക്കം 22 സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ അവയുടെ ഉപയോഗവും വിൽപനയും അനിയന്ത്രിതമായി തുടരുകയാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ പട്ടികയിൽ കേരളം പെടുന്നില്ല.
സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു;കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മുന്നിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ രതീഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറിനിൽക്കാൻ കണ്ടക്റ്റർ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാലരാമപുരത്തുവെച്ച് കണ്ടക്ടറും യാത്രക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാരന്‍ തന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. വെടിവച്ചാന്‍ കോവിലിനു സമീപത്തു നിന്നും ഒരു കൂട്ടം ആള്‍ക്കാര്‍ ബസില്‍ അതിക്രമിച്ചു കയറുകയും കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.കണ്ടക്ടര്‍ രതീഷ് കുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.