എറണാകുളം:വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ മില്‍മ ഇന്ന് മുതൽ വിപണിയിലിറക്കുന്നു. ഇന്ന് വിപണിയിലെത്തുന്ന പാല്‍ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാവും ഉപഭോക്താക്കളിലേക്കെത്തുക.എറണാകുളം മേഖല പരിധിയിലെ തൃപ്പുണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നീ ഡയറികളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ വൈറ്റമിന്‍ എ,ഡി എന്നിവ ചേര്‍ത്ത പായ്ക്കറ്റ് പാല്‍ വിപണിയിലെത്തുക.രാജ്യത്തെ അന്‍പത് ശതമാനത്തിലധികം പേരിലും വൈറ്റമിനുകളുടെ കുറവുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മില്‍മയുടെ പുതിയ ചുവട് വെയ്പ്പ്.പാലില്‍ വിറ്റാമിനുകള്‍ ചേര്‍ക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെ ഈടാക്കാനാണ് തീരുമാനം. പാൽ,ഐസ്‌ക്രീം ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി എത്തിക്കാനും മില്‍മ ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ ഇത് എത്തിച്ച് നല്‍കും.ജൂണ്‍ ഒന്ന് മുതല്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കും.നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നവരെയാണ് ഹോം ഡെലിവറിക്കായി ഉപയോഗിക്കുക. ഈ പരീക്ഷണം വിജയിച്ചാല്‍ കൊച്ചി ഉള്‍പ്പടെയുള്ള മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്രളയ സെസ് ഈടാക്കുന്നത് ജൂലൈ 1 ലേക്ക് മാറ്റി
തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയ സെസ് ഈടാക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവെച്ചു. നേരത്തെ ജൂൺ ഒന്ന് മുതൽ പ്രളയ സെസ് ഈടാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.സെസിന് മേൽ ജിഎസ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.പ്രളയ സെസിന് മേലും ജിഎസ്ടി വരുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കുന്നതിനായി ജിഎസ്ടി കൗൺസിലിന്റെ വിജ്ഞാപനം വേണ്ടിവരും.അതിനാൽ വിജ്ഞാപനം ഇറങ്ങിയ ശേഷം സെസ് ഏർപ്പെടുത്തിയാൽ മതിയെന്ന തീരുമാനത്തെ തുടർന്നാണ് സെസ് ഏർപ്പെടുത്തുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റിയത്.സെസ് ഏർപ്പെടുത്തുമ്പോൾ സെസും ഉൽപ്പന്നവിലയും ചേർത്തുള്ള തുകയ്ക്ക് മേലായിരിക്കും ജിഎസ്ടി ചുമത്തുകയെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ഇത് ഉൽപ്പന്നങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വിലയുയർത്തുമെന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ 6 ലേക്ക് മാറ്റി
തിരുവനന്തപുരം:റമദാന്‍ പ്രമാണിച്ച് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി.മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ 3 നാണ് നേരത്തെ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂൾ തുറക്കൽ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയിരുന്നു.
കണ്ണൂർ വിമാനത്താവളം വഴി പാൻമസാല കടത്താൻ ശ്രമം;കാസർകോഡ് സ്വദേശി പിടിയിൽ
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം വഴി പാൻമസാല കടത്താൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കാസർകോഡ് സ്വദേശി ഇഖ്ബാൽ മധൂരിനെ(45) എയർപോർട്ട് പോലീസ് പിടികൂടി.4951 പായ്ക്കറ്റ് പാൻപരാഗാണ് ഇയാളിൽ നിന്നും പിടികൂടിയത്.മുംബൈയിലേക്കാണ് ഇയാൾ പാൻ മസാല കടത്താൻ ശ്രമിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള ഗോ എയർ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്കാനറുപയോഗിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പാൻ മസാല പിടികൂടിയത്. കേരളത്തിൽ വിൽപ്പന നിരോധിച്ച പാൻമസാലകൾ മംഗളൂരുവിൽനിന്നെത്തിച്ചാണ് മുംബൈയിലേക്ക് കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1659 പായ്ക്കറ്റ് പുകയില ഉൽപ്പനങ്ങളുമായി കാഞ്ഞങ്ങാട് സ്വദേശി ജസീർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു.
ദളിത് വനിതാ ഡോക്റ്റർ ആത്മഹത്യ ചെയ്ത സംഭവം;മൂന്നു സീനിയർ ഡോക്റ്റർമാർ അറസ്റ്റിൽ
മുംബൈ:മുംബൈയിലെ സർക്കാർ ആശുപത്രിയായ ബി വൈ എൽ നായർ ഹോസ്പ്പിറ്റലിൽ റസിഡന്റ് ഡോക്ട്ടരും ഗൈനക്കോളജി വിദ്യാർത്ഥിനിയുമായ പായൽ ആശുപത്രിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതെ ആശുപത്രിയിലെ തന്നെ മൂന്ന് സീനിയർ ഡോക്റ്റർമാർ അറസ്റ്റിൽ.പായലിന്റെ റൂം മേറ്റ് ഡോ.ഭക്തി മോഹാര,ഡോ.ഹേമ അഹൂജ,ഡോ.അങ്കിത ഖണ്ഡൽവാർ എന്നിവരാണ് അറസ്റ്റിലായത്.പായലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവിൽ പോയിരുന്നു. സവർണ്ണരായ സീനിയർ വിദ്യാർത്ഥിനികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിച്ചിരുന്നതായി സഹപ്രവർത്തകർ മൊഴിനല്കിയിരുന്നു.ജാതി പീഡനം മൂലമാണ് പായൽ ആത്മഹത്യാ ചെയ്തതെന്ന് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജനും സ്ഥിതീകരിച്ചു. മൂന്നുപേരും മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പായലിന്റെ കുടുംബം ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
രാജി നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി;പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിർദേശം
ന്യൂഡൽഹി:2019 ലെ ലോക്സഭാ ഇലക്ഷനിൽ ഏറ്റ കനത്ത പരാജയത്തെ തുടർന്ന് രാജി വെയ്ക്കാനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മുതിർന്ന നേതാക്കളും സഹോദരി പ്രിയങ്ക ഗാന്ധിയും പലവട്ടം രാജി തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി.അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനഃസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനുനയത്തിനായെത്തിയ അശോക് ഗെലോത്ത്, സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ തുടങ്ങിയവരെ കാണാൻ പോലും രാഹുൽ ഇന്നലെ കൂട്ടാക്കിയിരുന്നില്ല.മറ്റ് പി.സി. സികളും രാജി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്ത് തന്നെ കോണ്‍ഗ്രസ് പ്രവർത്തക സമിതി ചേര്‍ന്നേക്കും.
നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ;മന്ത്രിമാരെ ഇന്ന് തീരുമാനിക്കും
ന്യൂഡൽഹി:നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം ഏഴുമണിക്ക് രാഷ്ട്രപതിഭവനിൽ നടക്കും.മന്ത്രിമാരെ കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ അറിയാം.രാവിലെയോടെ എല്ലാവർക്കും ഔദ്യോഗികമായി വിവരം കൈമാറും.നാളെ രാവിലെ പ്രധാമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണവും മന്ത്രിസഭംഗങ്ങൾക്ക് ലഭിക്കും.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള പ്രമുഖർ ക്യാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന.ഒന്നാം മോഡി സർക്കാരിൽ മന്ത്രിമാർ വഹിച്ചിരുന്ന വകുപ്പുകളിൽ വലിയ തോതിലുള്ള മാറ്റത്തിനു സാധ്യത കുറവാണ്.എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രെട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ഇന്ന് തീരുമാനിക്കും. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ,വി.മുരളീധരൻ,അൽഫോൻസ് കണ്ണന്താനം എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ ആയിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ നാളെ അധികാരമേൽക്കുക.
ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
കോട്ടയം:ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചങ്ങനാശ്ശേരി തെങ്ങനായിൽ വാടകയ്ക്ക് താമസിക്കുന്ന അഴകാത്തുപടി സ്വദേശി മാത്യു(38),പശ്ചിമബംഗാൾ സ്വദേശി വിജയ് ഒറോൺ(29) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.ചങ്ങനാശ്ശേരി ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഫൗസിയ ഹോട്ടലിന്റെ കിണറിൽ മോട്ടോർ നന്നാക്കുന്നതിനായി ഇറങ്ങിയതാണിവർ. അപകടത്തിൽപ്പെട്ട ഇവരെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ ഫയർമാന്മാരായ എസ്.ടി ഷിബു,റോബിൻ വർഗീസ് എന്നിവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇവരെ ചങ്ങനാശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് കിണറ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ബംഗാളിൽ രണ്ട് തൃണമൂല്‍ എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു
കൊൽക്കത്ത:മമത ബാനര്‍ജിയെ സമ്മര്‍ദത്തിലാക്കി പശ്ചിമ ബംഗാളിൽ അട്ടിമറി നീക്കവുമായി ബി.ജെ.പി. രണ്ട് എം.എല്‍.എമാരും അന്‍പതോളം കൌണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരു സി.പി.എം എം.എൽ.എയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.തൃണമൂൽ കോൺഗ്രസിൻറ എം.എൽ.എമാരായ ബീജ്പൂരിൽ നിന്നുള്ള ശുബ്രാങ്ശു റോയ്, ബിഷ്ണുപൂരിൽ നിന്നുള്ള തുഷാർ കാന്ദി ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. അതേസമയം ഇനിയും കുറേ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹെംതാബാദിൽ നിന്നുള്ള സി.പി.എം എം.എൽ.എ രവീന്ദ്രനാഥ് റോയിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച മറ്റൊരു എം.എല്‍.എ. പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.എം.എൽ.എമാരെയും കൌണ്‍സിലര്‍മാരെയും ചാക്കിട്ട് പിടിച്ചതോടെ മമത ബാനര്‍ജിയെയും തൃണമൂൽ കോൺഗ്രസിനെയും കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി.
നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
കൊച്ചി:നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.കൊല്ലം കുളക്കട പുത്തൂർമുക്ക് ഉദയയാണ്(30) മകൾ അദിതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.പാലാരിവട്ടം പി.ജെ ആന്റണി റോഡ് പുനത്തിൽ ലൈനിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലിലെ ജീവനക്കാരിയാണ് ഉദയ.തിങ്കളാഴ്ച രാവിലെ ഇവർ താമസിച്ചിരുന്ന മുറി തുറക്കാറായതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടത്തിയത്. ജീവിക്കാൻ വരെ മാർഗ്ഗമില്ലെന്നും മരണത്തിനുത്തരവാദി ഭർത്താവാണെന്നും കാണിച്ചുള്ള ഒരു കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു.ഭർത്താവ് രാജീവിനൊപ്പമാണ് ഉദയ കൊച്ചിയിൽ ജോലിക്കെത്തിയത്.കുറച്ചുദിവസമായി ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.