തിരുവനന്തപുരം:കോട്ടയം മെഡിക്കല്‍ കോളേജിൽ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് ഉത്തരവിട്ടു.പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പി നടത്തിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കീമോതെറാപ്പി.അതേസമയം തെറ്റായ പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായ രജനിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണില്‍ സംസാരിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡയനോവ എന്ന സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ചാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്റ്റർമാർ രജനിക്ക് കീമോതെറാപ്പി ആരംഭിച്ചത്.വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യ ലാബിൽ നൽകിയ സാംപിൾ തിരികെ വാങ്ങി പതോളജി ലാബിൽ വീണ്ടും പരിശോധിച്ചു. കാൻസർ കണ്ടെത്താതിരുന്നതിനെ തുടർന്ന് സാംപിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ വീണ്ടും പരിശോധന നടത്തി. ഇതിലും കാൻസർ കണ്ടെത്തിയില്ല എന്നതായിരുന്നു റിപ്പോർട്ട്. തുടർന്ന് പരിശോധനയിൽ കണ്ടെത്തിയ മുഴ, കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.കാൻസർ ചികിത്സയുടെ ദുരിതങ്ങൾ രജനിയുടെ മുഖത്തും ശരീരത്തിലും വ്യക്തമായി കാണാം.തലയിലെ മുടി മുഴുവൻ കൊഴിഞ്ഞുപോയി. മുഖവും കൺതടങ്ങളും കറുത്ത് കരിവാളിച്ചു.ജീവിതം വഴിമുട്ടിയ അവസ്ഥയിൽ 8 വയസ്സുകാരി മകൾക്കും പ്രായമായ മാതാപിതാക്കൾക്കും ഏക ആശ്രയമായ രജനി ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
നിപ പ്രതിരോധം;കോഴിക്കോട് നിന്നും വിദഗ്‌ദ്ധ സംഘം കൊച്ചിയിലേക്ക് തിരിച്ചു
കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോഴിക്കോട് നിന്നും വിദഗ്ധ സംഘം കൊച്ചിക്ക് തിരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. രണ്ട് നഴ്സുമാരും ഒരു റിസര്‍ച്ച് അസിസ്റ്റന്‍റും സംഘത്തില്‍ ഉണ്ട്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം ആരോഗ്യമന്ത്രി കെ.കെ ഷൈലജയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചിയില്‍ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടര്‍നടപടികള്‍. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മരുന്ന് എത്തിക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്.
മോദി സ്തുതി;അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
തിരുവനന്തപുരം:നരേന്ദ്ര മോദിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും. കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടും ഇതുവരെയും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സാധ്യത. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നും നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.മോദിയെ പുകഴ്ത്തിയ എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് നേരിട്ടത്.
മൂന്നു ദിവസം മുൻപ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ 17 കാരിയെ കണ്ടെത്തി
വയനാട്:മൂന്നു ദിവസം മുൻപ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 17 കാരിയെ കണ്ടെത്തി.കൊല്ലം റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് കാക്കവയല്‍ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്.താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച് കൂട്ടിയതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.കൊച്ചിയിലെ അമ്മ വീട്ടില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മേയ് 31ന് കോഴിക്കോടുവച്ചാണ് വിഷ്ണുപ്രിയയെ കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കൂടാതെ അച്ഛന്‍ ശിവജി തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക് പോസ്റ്റും ഇട്ടിരുന്നു.ഇതാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടി തനിച്ചിരിക്കുന്നത് കണ്ട ഒരു യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.അതേസമയം വിഷ്ണുപ്രിയയ്ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന
തിരുവനന്തപുരം:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന.പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ട്.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. തൃശൂരില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാമ്പിൾ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചത്.അതേസമയം നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ എല്ലാ സജ്ജീകരമങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍നിന്നുള്ള ഐഎസ് ഭീകരന്‍ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി സൂചന
കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള ഐഎസ് ഭീകരൻ റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന.അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസര്‍കോടുകാരനായ റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍നിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.2016 മെയ് മാസത്തിലാണ് കാസര്‍കോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തില്‍ ഭാര്യ ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീന്‍, മര്‍വാര്‍ ഇസ്മായില്‍, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനി നിമിഷ തുടങ്ങിയവർ ഐഎസില്‍ ചേരാന്‍ നാടു വിട്ടത്.ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബുകളിലെത്തിയതായി ദേശീയ അന്വേഷണ ഏന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു.സലഫി പ്രഭാഷകന്‍ എംഎം അക്‌ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാള്‍ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ സന്ദേശം അയക്കാറുണ്ടായിരുന്നു.
നിപ രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ യുവാവ് നിരീക്ഷണത്തിൽ;പരിശോധനാ ഫലം ഉച്ചയോടെ ലഭ്യമാകും
കൊച്ചി:നിപ രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ യുവാവ് നിരീക്ഷണത്തിൽ.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രക്ത സാംപിൾ പരിശോധനക്കായി അയച്ചു. മണിപ്പാൽ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.സംഭവത്തെ തുടർന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെ അടിയന്തര യോഗം വിളിച്ചു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.അതേസമയം പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിന് നിപ ബാധ സ്ഥിരീകരിക്കപ്പെട്ടാലും രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ.രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ;അപകടം നടന്ന സ്ഥലത്തു നിന്നും ഒരാൾ ഓടിപോകുന്നത് കണ്ടതായി കലാഭവൻ സോബി
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി മിമിക്രി കലാകാരൻ കലാഭവൻ സോബി.അപകടം നടന്ന സ്ഥലത്തുനിന്ന് ഒരാള്‍ ഒരാള്‍ ഓടിപ്പോകുന്നതു കണ്ടെന്ന് സോബി വെളിപ്പെടുത്തി. അപകടം നടന്നു പത്തുമിനിറ്റിനുള്ളില്‍ അവിടെ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടതെന്ന് സോബി പറയുന്നു.സംഭവം നടന്നു പത്തു മിനിറ്റിനുള്ളില്‍ അപകടം നടന്ന സ്ഥലത്തിന് അടുത്തുകൂടി 25 വയസിനടുത്തുള്ള ഒരാള്‍ ഓടിപ്പോകുന്നതു കണ്ടു. മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു കാലുകൊണ്ടു തുഴഞ്ഞുപോകുന്നതും കണ്ടു. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നു. പിന്നീടാണ് അപകടത്തില്‍പ്പെട്ടതു ബാലഭാസ്കറാണെന്ന് അറിഞ്ഞത്.തുടർന്ന് ഇക്കാര്യം ഗായകൻ മധുബാലകൃഷ്ണനെ അറിയിച്ചു. മധു ബാലകൃഷ്ണന്‍ പ്രകാശ് തമ്പിയുടെ ഫോണ്‍ നമ്പർ തന്നു. കണ്ട കാര്യങ്ങളെല്ലാം പ്രകാശ് തമ്പിയോട് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും സോബി പറയുന്നു. ബാലഭാസ്കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണക്കടത്തുമായി പിടിയിലായതോടെയാണ് ഇക്കാര്യത്തില്‍ സംശയം തോന്നിയതെന്നും സോബി വെളിപ്പെടുത്തി.ബാലഭാസ്കറുമായി പരിചയമുള്ള പ്രകാശ് തമ്പിക്കും വിഷ്ണുവിനും സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.ഇരുവരും ബാലഭാസ്കറുമായുണ്ടായിരുന്ന ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളും മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തെ പരാതി നല്‍കിയിരുന്നു.സ്വര്‍ണ കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്ബി ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്കറിന്റെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് കെ.സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രകാശന്‍ തമ്ബിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നില്ലെന്ന് ബാലഭാസ്കറിന്റെറെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല;മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുളള കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.എന്നാല്‍ മത്സരിക്കാനില്ല എന്നതാണ് സുരേന്ദ്രന്റെ നിലപാട്.മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മറ്റ് നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.മുസ്ലീം ലീഗിന്റെ എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. 2016ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രണ്ടാമത് എത്തിയത് കെ സുരേന്ദ്രന്‍ ആയിരുന്നു. വെറും 89 വോട്ടുകള്‍ക്കാണ് അന്ന് സുരേന്ദ്രന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടത്.ഇതേത്തുടര്‍ന്ന് മണ്ഡലത്തില്‍ കളളവോട്ട് നടന്നുവെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സുരേന്ദ്രന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റു
ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റു.ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അമിത് ഷായെ സ്വീകരിച്ചു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് അമിത് ഷാ ചുമതല ഏറ്റെടുക്കാന്‍ എത്തിയത്. അമിത് ഷാ വരുന്നതിന് മുൻപ് മന്ത്രാലയത്തിലും ഓഫീസിലും പൂജകള്‍ നടത്തിയിരുന്നു.പ്രോട്ടോക്കോള്‍ പ്രകാരം രാജ്‍നാഥ് സിംഗാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെങ്കിലും ഫലത്തില്‍ രണ്ടാമന്‍ ഇനിമുതല്‍ അമിത് ഷാ ആയിരിക്കും.