കൊച്ചി:കൊച്ചിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി.യുവാവിന് പനിയും അസ്വസ്ഥതയുമുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇപ്പോഴുമുണ്ട്.പ്രധാനമായും മസ്തിഷ്‌കത്തെയാണ് നിപ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവിന് ഇടയ്ക്കിടയ്ക്ക് ബോധക്ഷയം സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനിപ്പോള്‍ മാറ്റമുണ്ട്. ഭക്ഷണത്തോടും മരുന്നുകളോടും രോഗി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.മാത്രമല്ല നിപ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാർക്കും പനിയുണ്ട്. യുവാവുമായി അടുത്തിടപഴകിയ സുഹ്യത്തും കുടുംബാംഗവുമാണ് പനി ബാധിച്ച മറ്റുള്ളവര്‍. ഇവർക്ക് വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുകയാണ്. നിപ സ്ഥിരീകരിച്ചുവെന്ന് അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തിയതായും മന്ത്രി അറിയിച്ചു.ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് ചൊവ്വാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.
മാസപ്പിറവി കണ്ടില്ല;കേരളത്തിൽ ചെറിയപെരുന്നാൾ ബുധനാഴ്ച
തിരുവനന്തപുരം:മാസപ്പിറവി കാണാത്തതിനാല്‍ ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പെരുന്നാള്‍ ആഘോഷിക്കും.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഹിലാല്‍ കമ്മറ്റിയും പെരുന്നാള്‍ ബുധനാഴ്ചയെന്ന് സ്ഥിരീകരിച്ചു.
നിപ പ്രതിരോധ പ്രവർത്തനം;സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം
കൊച്ചി:സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം.എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. ആരോഗ്യസെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കി എല്ലാവരും ജാഗ്രത പാലിക്കണം. സമൂഹമാധ്യമങ്ങളിലൂടെ നിപയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട് നിന്നും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് 3 മരണം
പാലക്കാട്:പാലക്കാട് കൊടുവായൂരിൽ നിന്നും കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുരയിലേക്ക് വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് 3 മരണം.കൊടുവായൂർ സ്വദേശികളായ സരോജിനി, പെട്ടന്മാൾ,കുനിശ്ശേരി സ്വദേശി നിഖില എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വിനോദയാത്ര പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. മധുരയെത്തും മുൻപ് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് പുറത്ത്;കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ ബാധ സ്ഥിതീകരിച്ച് ആരോഗ്യമന്ത്രി
കൊച്ചി:ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപയാണെന്ന് സ്ഥിരീകരിക്കുന്ന പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടി.ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കാര്യം സ്ഥിരീകരിച്ചു.നിപാ വൈറസ് ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ഇന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചത്.ഇന്നലെ വൈകുന്നേരമാണ് രക്തസാമ്പിളുകൾ പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചത്. അതേസമയം വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാര്‍ അടക്കം 86 പേര്‍ നിലവില്‍ ആരോഗ്യ നിരീക്ഷണത്തിലാണ്.രോഗിയെ പരിചരിച്ച രണ്ട് നേഴ്‌സുമാര്‍ക്കും പനി ബാധയുണ്ട്. അവരും നിരീക്ഷണത്തിലാണ്. മരുന്നും മറ്റു സംവിധാനവുമെല്ലാം സുസജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ മൂന്ന് പേർ കൊല്ലത്ത് നിരീക്ഷണത്തിലാണുള്ളത്. തൊടുപുഴയിലെ കോളേജില്‍ ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്.പിന്നീട് തൃശ്ശൂരില്‍ വച്ചു നടന്ന പരിശീലന പരിപാടിയിലും ഇവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍ തഴവ സ്വദേശിയുമാണ്. അതേസമയം ഇവര്‍ മൂന്ന് പേര്‍ക്കും നിലവില്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ നിപ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.നിപബാധ സംശയിക്കുന്ന യുവാവുമായി അടുത്ത് ഇടപഴകിയതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചതെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ വിട്ടയക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.നിപ ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ പ്രതിരോധ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ആരോഗ്യ പ്രവര്‍ത്തകരുടെ തീരുമാനം.പനി നിര്‍ണ്ണയം നടത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാനാണ് നീക്കം.ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനമടക്കം നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയത്തും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.
നിപ;യുവാവിന്റെ നില മാറ്റമില്ലാതെ തുടരുന്നു; ഒൻപത് ജില്ലകളിൽ നിന്നുള്ളവർ നിരീക്ഷണത്തിൽ
കൊച്ചി:കൊച്ചിയിൽ നിപ രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില മാറ്റമില്ലാതെ തുടരുന്നു.യുവാവിന്‍റെ സ്രവപരിശോധന റിപ്പോര്‍ട്ട് പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും . ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. യുവാവുമായി ബന്ധപ്പെട്ടവരിലാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്തതിനാല്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.അതേസമയം വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.എറണാകുളം, തൃശൂര്‍, കളമശേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങൾ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും. 1056 എന്ന നമ്പറില്‍ ആരോഗ്യ വകുപ്പിന്റെ ദിശാ സെന്ററുമായും പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെടാം.നിപ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിപ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നലാ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഡല്‍ഹിൽ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് ഇനിമുതൽ സൗജന്യ യാത്ര
ന്യൂഡൽഹി:ഡല്‍ഹിൽ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് ഇനിമുതൽ സൗജന്യ യാത്ര. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പദ്ധതി പ്രഖ്യാപിച്ചത്.തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നടപ്പില്‍ വരും.സ്ത്രീകളുടെ സുരക്ഷിത യാത്രക്കും യാത്രാ ചെലവ് ഗണ്യമായി കുറക്കുന്നതിനുമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നതെന്ന് കെജ്‍രിവാള്‍ വ്യക്തമാക്കി.പദ്ധതി അനുസരിച്ച് മെട്രോ, ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍, ക്ലസ്റ്റര്‍ ബസുകള്‍ തുടങ്ങിയവയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. 700 കോടി സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.അടുത്ത വര്‍ഷം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി സര്‍ക്കാരിന്‍റെ പ്രഖ്യാപനം. ജനപ്രിയ പ്രഖ്യാപനത്തിലൂടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടി മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണ് എ.എ.പിയുടെ ലക്ഷ്യം.
എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി
തിരുവനന്തപുരം:എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി.കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടി. പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എ പി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത്. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം.രാഷ്ട്രീയം മാറുകയാണ്.വിജയം വികസനത്തിനൊപ്പമാണ്.ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നുമായിരുന്നു പോസ്റ്റ്.സംഭവത്തിൽ പാർട്ടി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു.പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.എന്നാൽ നൽകിയ വിശദീകരണം പരാഹാസരൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചു
കൊച്ചി:കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.പൂനെ വൈറോളജി ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. എറണാകളുത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ വടക്കേക്കര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സ്വകാര്യ ആശുപത്രി യുവാവിന്റെ രക്ത സാമ്പിളുകൾ ആദ്യം ബംഗളൂരുവിലെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.ഇതില്‍ നിപ കണ്ടെത്തിയതോടെ സ്വകാര്യ ആശുപത്രി വിവരം ആരോഗ്യ വകുപ്പിന് കൈമാറി.തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമ്പിളുകൾ ആലപ്പുഴയിലേക്കും പൂനയിലേക്കും മണിപ്പാലിലേക്കും അയച്ചു. ആലപ്പുഴയിലെ പരിശോധനയിലും നിപ തന്നെയെന്ന് കണ്ടെത്തി.ഇന്ന് രാവിലെ പൂനെ വൈറോളജി ലാബും നിപ സ്ഥിരീകരിച്ചുള്ള വിവരം സംസ്ഥാന ആരോഗ്യവകുപ്പിന് അനൌദ്യോഗികമായി കൈമാറി.സമാനമായ റിപോര്‍ട്ട് തന്നെയാണ് മണിപ്പാല്‍ ലാബിന്റെതെന്നുമാണ് സൂചനകള്‍. പക്ഷേ മണിപ്പാലില്‍ നിന്നുള്ള റിപോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇത് കൂടി ലഭിച്ച ശേഷമായിരിക്കും നിപ ബാധ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക.
അതേസമയം നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപുറത്തുള്ള യുവാവിന്‍റെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളും വിവരമറിഞ്ഞതില്‍ പിന്നെ ജാഗ്രതയിലാണ്. നിപ സൂചനയെ തുടര്‍ന്ന് ആരോഗ്യ ഡയറക്ടര്‍ ഇന്നലെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിയുന്ന യുവാവിനെ പരിചരിക്കേണ്ടതടക്കമുള്ള നിര്‍ദേശങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു.കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
നിപ വൈറസ്;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൊച്ചി:കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുമ്പോൾ ഈ വൈറസ് ബാധയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്:
1998 ൽ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ 2008 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിലും ഇന്ത്യയിൽ ബംഗാളിലും ഈ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം കഴിഞ്ഞ ജൂണില്‍ കേരളത്തിലാണ് ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ കൊച്ചിയിൽ വീണ്ടും നിപ ബാധ സ്ഥിതീകരിച്ചിരിക്കുകയാണ്. പഴങ്ങൾ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിൽ (fruit bat) കാണപ്പെടുന്ന നിപ വൈറസ് എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്.ഇത്തരം വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ് (natural carriers). അതുകൊണ്ടു തന്നെ വവ്വാലുകൾക്ക് ഈ രോഗം ബാധിക്കില്ല. എന്നാൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറത്തേക്കു വ്യാപിക്കും. ഇങ്ങനെ പുറത്തു വരുന്ന വൈറസുകൾ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങൾക്കു രോഗം വരൻ ഇടയാക്കും. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം.വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങളിലൂടെയും, വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും, രോഗ ബാധയുള്ള വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് രോഗം വരം. രോഗം ബാധിച്ച ഒരാളിൽ നിന്നും മറ്റു വ്യക്തികളിലേക്കു രോഗം പകരാം. രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്.രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്കും ഗ്ലൗസും ഉപയോഗിക്കുകയും ശരീര സ്രവങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളിൽ വ്യക്തി സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ രോഗം പകരുന്നത് ഒഴിവാക്കാൻ സാധിക്കും.
വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ നാലു മുതൽ പതിനെട്ട് ദിവസം വരെ ദിവസങ്ങൾ വേണ്ടി വരും.പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചകിത്സ ആരംഭിക്കണം.രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോർട്ടീവ് ചികിത്സകളാണ് വേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. പക്ഷിമൃഗാദികളും കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
2. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിഗതമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
3. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചിലവഴിക്കാതിരിക്കുക.
4. പനി ഉള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.
5. രോഗികളുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
7. മൃതദേഹ ശുശ്രൂഷ ചെയ്തവര്‍ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.
8.രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.