News Desk

അടിമാലിയിൽ ലോറി കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 മരണം

keralanews two died when lorry falls in to valley in adimali

ഇടുക്കി:അടിമാലിയിൽ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 മരണം. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം നടന്നത്.300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി വീണത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയിൽ എത്തി.പൊലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഒരുവശം മുറിച്ചു മാറ്റിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. വനമേഖലയായതിനാലും റോഡിൽ നിന്നും വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു. ക്രയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൊറോണ വ്യാപനം;തിരുവനന്തപുരം സി കാറ്റഗറിയിൽ;സ്കൂളുകളും തീയേറ്ററുകളും അടച്ചു; കർശന നിയന്ത്രണങ്ങൾ

keralanews corona spread thiruvananthapuram in c catagory schools and theaters closed

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ മുന്നറിയിപ്പിന്റെ അവസാന ഘട്ടമായ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.ഇതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. തിയേറ്ററുകളും, ജിംനേഷ്യങ്ങളും, നീന്തൽക്കുളങ്ങളും അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം.ജില്ലയിൽ ഒരുതരത്തിലുള്ള സാമൂഹിക, സാമുദായിക രാഷ്‌ട്രീയ ഒത്തുചേരലുകളും പാടില്ലെന്നാണ് നിർദ്ദേശം. പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവർഷമൊഴികെ എല്ലാം ഓൺലൈനായി നടത്താനാണ് നിർദ്ദേശം. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാൻ സാധിക്കൂ. എന്നാൽ മാളുകളും ബാറുകളും അടയ്‌ക്കില്ല. അതേസമയം സംസ്ഥാനത്ത് സ്‌കൂളുകളിൽ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകന് ഇക്കാര്യത്തിൽ തീരുമാനമെടുകാം. സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതും പരിഗണിക്കുന്നുണ്ട്.

തളിപ്പറമ്പിൽ ലഹരിവേട്ട;യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് കഞ്ചാവും എംഡിഎംഎയും

keralanews drugs seized from thalipparamba youth arrested ganja and mdma seized

കണ്ണൂർ : തളിപ്പറമ്പിൽ വൻ ലഹരിവേട്ട. ബിഎംഡബ്ല്യു ബൈക്കിൽ ലഹരി കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് കുപ്പം സ്വദേശി കെ മനസ്സിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.100 മില്ലിഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി കടത്തിൽ ഉപയോഗിച്ച് ബിഎംഡബ്ല്യു ബൈക്കും കസ്റ്റഡിയിലെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്; ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും; വിചാരണ നീട്ടണമെന്ന സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews case of conspiracy to endanger investigating officers dileeps interrogation continues for second day supreme court today cosider govt plea to extend trial

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും.ചോദ്യം ചെയ്യലിനായി ദിലീപും മറ്റ് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. രാവിലെ 9 മണിക്കാണ് ദിലീപ് എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്നും അത് തുടരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനെ സംബന്ധിച്ച് രൂപരേഖ ഇന്നലെ വൈകീട്ട് തന്നെ തയ്യാറാക്കിയിട്ടുണ്ട്.എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ച് പേരെയും മാറ്റി ഇരുത്തി അഞ്ച് പോലീസ് സംഘങ്ങളാണ് ചോദ്യം ചെയ്യുന്നത്. പൂർണമായും സഹകരിച്ചെങ്കിലും ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്റേത് എന്നാണ് ക്രെെംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.ഇന്ന് ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തീരുമാനം.മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയില്‍ നിരവധി പൊരുത്തുക്കേടുകളുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യല്‍.അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

കൊറോണ വ്യാപനം രൂക്ഷം; കണ്ണൂർ ജില്ല ‘എ’ കാറ്റഗറിയിൽ; പൊതുപരിപാടികൾക്ക് ഉൾപ്പെടെ 50 പേർ മാത്രം

keralanews corona spread is severe kannur district in a catagory only 50 people for public events

കണ്ണൂർ:കൊറോണ വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.കണ്ണൂർ ജില്ലയെ കൊറോണ നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കിയത്.‘എ’ കാറ്റഗറിയിലെ നിയന്ത്രണങ്ങൾ പ്രകാരം പൊതുപരിപാടികൾ, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ ചടങ്ങുകൾ, മരണ, വിവാഹ ചടങ്ങുകൾ എന്നിവയ്‌ക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം സർക്കാർ മെഡിക്കൽ കോളേജുകളിൽ കൊറോണ ബാധിതരുടെ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കൂ. പനി ബാധിച്ചെത്തുന്ന രോഗികൾക്കായി പ്രത്യേക ഫീവർ ക്ലിനിക്കും തയ്യാറാക്കിയിട്ടുണ്ട്.

കൊറോണ വ്യാപനം;അവലോകന യോഗം ഇന്ന്; മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും

keralanews corona spread review meeting today chief minister participate online

തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ വ്യാപന സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും.നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗൺ ഫലപ്രദമായോ എന്നാണ് യോഗം വിലയിരുത്തുക.ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും.സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാൽപ്പതിനായിരത്തിൽ അധികമാണ് രോഗികൾ. കേരളത്തിൽ ഒമിക്രോൺ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലുകളും ശക്തമാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം വളരെയധികം ഗുരുതരമാണ്.ഇതിന്റെ പശ്ചാത്തലത്തിലാണ് അവലോകന യോഗം.ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ പിന്‍ബലമില്ലെന്ന വിമര്‍ശനം ശക്തമാണ്.ഏറെ നാളുകള്‍ക്ക് ശേഷം ഏര്‍പെടുത്തിയ ഞായറാഴ്ച്ച നിയന്ത്രണം ഇന്നലെ സമ്പൂർണ്ണമായിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത കുറവാണ്. ആൾക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നാണ് വിലയിരുത്തൽ. രോഗ വ്യാപന തോത് ഉയരുമ്പോഴും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നതാണ് സര്‍ക്കാരിനുള്ള ഏക ആശ്വാസം. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയിലും പൊലീസുകാര്‍ക്കിടയിലും രോഗവ്യാപനം രൂക്ഷമാകുന്നത് വെല്ലുവിളിയാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്;ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

keralanews dileep reached crime branch office for questioning over conspiracy to endanger investigating officers

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി.8.55 ഓടെ സഹോദരി ഭർത്താവിനും സഹോദരനും ഒപ്പമാണ് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. അപ്പുവും ബൈജുവും ദിലീപിന് മുൻപ് തന്നെ ഓഫീസിൽ എത്തിയിരുന്നു.  ഒറ്റയ്‌ക്കിരുത്തിയാകും ഇവരെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തും. ക്രൈംബ്രാഞ്ച് എസ്പി മോഹന കൃഷ്ണന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട ചോദ്യം ചെയ്യൽ. പിന്നീട് ഇതിലെ മൊഴികൾ പരിശോധിച്ച ശേഷമാകും രണ്ടാംഘട്ട ചോദ്യം ചെയ്യൽ ആരംഭിക്കുക.രാവിലെ 9 മണി മുതൽ രാത്രി എട്ട് മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. മൂന്ന് ദിവസം ഇത്തരത്തിൽ കസ്റ്റഡിയിൽ എടുക്കാതെ ചോദ്യം ചെയ്യാനാണ് കോടതി നിർദ്ദേശം. ഈ സാഹചര്യത്തിൽ കൃത്യം 9 മണിക്ക് തന്നെ ഓഫീസിൽ ഹാജരാകാൻ ദിലീപിനോട് അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു.ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.

കൊറോണ വ്യാപനം;സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ;അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ്

keralanews corona spread strict restrictions in the state today

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഇതിന്റെ ഭാഗമായി അർദ്ധരാത്രി മുതൽ പോലീസ് കർശന പരിശോധന ആരംഭിച്ചു. അവശ്യസർവ്വീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. അല്ലാത്ത യാത്രകൾക്ക് കാരണം ബോധിപ്പിക്കണം.പരീക്ഷയ്‌ക്കും മറ്റും പോകുന്നവർ ഹാൾടിക്കറ്റോ ബന്ധപ്പെട്ട രേഖകളോ കയ്യിൽ കരുതണം. ജോലിയ്‌ക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഇന്ന് തുറക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്‌സൽ മാത്രമാകും അനുവദിക്കുക. ട്രെയിനുകളും ദീർഘദൂര ബസുകളും ഇന്ന് സർവ്വീസ് നടത്തും. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ അനുവദിക്കും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. അടുത്ത ഞായറാഴ്ചയും സമാന നിയന്ത്രണങ്ങൾ ഉണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 45,136 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടിപിആർ 44.8 ശതമാനം; 21,324 പേർക്ക് രോഗമുക്തി

keralanews 45136 corona cases confirmed in the state today 21324 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45,136 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂർ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂർ 1673, ഇടുക്കി 1637, വയനാട് 972, കാസർഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 62 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,739 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 443 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4163, കൊല്ലം 3080, പത്തനംതിട്ട 709, ആലപ്പുഴ 567, കോട്ടയം 1021, ഇടുക്കി 465, എറണാകുളം 3324, തൃശൂർ 3041, പാലക്കാട് 687, മലപ്പുറം 720, കോഴിക്കോട് 1567, വയനാട് 824, കണ്ണൂർ 1003, കാസർഗോഡ് 153 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്;ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

keralanews conspiracy to endanger investigating officers crime branch allowed to question dileep tomorrow and the day after tomorrow

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി.ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്യലിന് ഹാജരാക്കണം. ആറ് പ്രതികളേയും എത്ര സമയം വേണമെങ്കിലും ചോദ്യം ചെയ്യാം. അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ ചൊവ്വാഴ്‌ച്ച അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.ഏത് അന്വേഷണത്തിനും തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയത്.ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മിൽ വൈരുദ്ധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പലകാര്യങ്ങളും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളിൽ കോടതിയും ചോദ്യങ്ങൾ ഉന്നയിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ വേണമെന്നും കോടതി പറഞ്ഞു. ഗൂഢാലോചനാ കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്നും കോടതി വ്യക്തമാക്കി.