News Desk

90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന’ലോങ് ലൈഫ് മില്‍ക്ക്’ വിപണിയിലിറക്കാനൊരുങ്ങി മിൽമ

keralanews milma plans to market long life milk which lasts for 90days

തിരുവനന്തപുരം:90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന’ലോങ് ലൈഫ് മില്‍ക്ക്’ വിപണിയിലിറക്കാനൊരുങ്ങി മിൽമ.ഇറ്റാലിയൻ സാങ്കേതികവിദ്യയായ അള്‍ട്ര ഹൈ ടെമ്പറേച്ചർ (യുഎച്ച്‌ടി) പ്രക്രിയയിലൂടെയാണ് പാല്‍ തയ്യാറാക്കുന്നത്.ഇതുമൂലം കൂടുതല്‍കാലം പാല്‍ കേടുകൂടാതെയിരിക്കും.സാധാരണയില്‍ നിന്നും വ്യത്യസ്തമായി അഞ്ച് പാളികളുളള പാക്കറ്റിലാണ് പുതിയ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നത്.അരലിറ്ററിന്റെ പായ്ക്കറ്റിന് 25 രൂപയാണ് വില.സാധാരണയായി പാസ്ചറൈസ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തുന്ന പാല്‍ തണുപ്പിച്ച്‌ സൂക്ഷിക്കാത്ത പക്ഷം എട്ട് മണിക്കൂര്‍ കഴിയുമ്പോൾ കേടുവന്നുപോകും. എന്നാല്‍ മില്‍മ ലോങ് ലൈഫ് മില്‍ക്ക് സാധാരണ അന്തരീക്ഷ ഊഷ്മാവിലും മൂന്ന് മാസത്തോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് സവിശേഷത.മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍റെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തെ ഡയറിയില്‍ നിന്നാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്.

കല്ലട ബസ്സിൽ യാത്രക്കാരിക്കുനേരെ പീഡനശ്രമം; ബസ് പോലീസ് പിടിച്ചെടുത്തു;രണ്ടാം ഡ്രൈവര്‍ കസ്റ്റഡിയില്‍

keralanews abuse attempt against woman passenger in kallada bus police take second driver and bus under custody

കോഴിക്കോട്:കല്ലട ബേസിൽ യുവതിക്ക് നേരെ പീഡനശ്രമമെന്ന് പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ ബസ് പോലീസ് പിടിച്ചെടുത്തു. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിലാണ് നടപടി. ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെതിരെയാണ് പരാതി.കണ്ണൂരില്‍ നിന്നും പുറപ്പെട്ട ബസ് കോഴിക്കോടെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. യുവതി ബഹളം വെച്ചതിനേ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിന് മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

keralanews the accused in soumya murder case ajas died

കൊച്ചി:മാവേലിക്കരയിൽ വനിതാ പോലീസ് ഓഫീസർ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അജാസ് മരണത്തിനു കീഴടങ്ങിയത്.എറണാകുളം കാക്കനാട് സ്വദേശിയായ അജാസ് ആലുവ ട്രാഫിക്കില്‍ സിവില്‍ പൊലിസ് ഓഫീസറായിരുന്നു.സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടയില്‍ അജാസിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലാക്കിയ അജാസ് ഗരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ ശനിയാഴ്ചയാണ് അജാസ് വടിവാളുപയോഗിച്ച് വെട്ടിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്.സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഴുപതുശതമാനത്തോളം പൊള്ളലേറ്റ അജാസിനെ സംഭവസ്ഥലത്തു നിന്നും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അജാസിന് ഡയാലിസിസ് ആരംഭിച്ചിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസ് തീവ്രപരിചരണ ഐസൊലേഷൻ വാർഡിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.അതേസമയം സൗമ്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് ശേഷം വീട്ടുവളപ്പിൽ നടക്കും.ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന്  രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഊപ്പൻതറ വീട്ടിൽ എത്തിക്കും.

ബിനോയ് കോടിയേരിക്കെതിരായ പരാതി; അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി

keralanews mumbai police reached kannur to investigate complaint against binoy kodiyeri

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ എത്തി.മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്.കണ്ണൂര്‍ എസ്പിയുമായി ഇവര്‍ കൂടിക്കാഴ്ച്ചയും നടത്തി. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു. അതേസമയം ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ ഓഷിവാര പോലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവ് ശേഖരണം നടത്തുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.അതേസമയം തനിക്കെതിരെ ബ്ലാക്ക് മെയിലിങാണ് നടക്കുന്നതെന്നും പരാതിയെ നിയമപരമായി നേരിടുമെന്നും ബിനോയ് പ്രതികരിച്ചു.ആറ് മാസം മുൻപ് യുവതി ഭീഷണി സ്വരമുളള നോട്ടീസ് അയച്ചിരുന്നെന്നും ഇതിൽ കഴിഞ്ഞ മെയ് മാസം കണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിനോയ് പറ‍ഞ്ഞു. പരാതി കിട്ടിയ കാര്യം കണ്ണൂർ എസ്.പി സ്ഥിരീകരിച്ചു. പരാതി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും എസ്.പി അറിയിക്കുകയുണ്ടായി.

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം അന്വേഷണസംഘം പുനരാവിഷ്‌ക്കരിച്ചു

keralanews the investigation team recreate the accident that cause the death of balabhaskar

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ തീര്‍ക്കാനായി അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ അപകടം അന്വേഷണസംഘം പുനരാവിഷ്‌ക്കരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവ കാർ ഉപയോഗിച്ചാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്.അതേസമയം അപകടത്തില്‍ പെട്ട കാറില്‍ വിദഗ്ധ പരിശോധന നടന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ മെക്കാനിക്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ട കാര്‍ പരിശോധിച്ചത്. കാറിന്റെ സീറ്റ് ബെല്‍റ്റുകള്‍ ശേഖരിച്ച്‌നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് സീറ്റില്‍ ഇരുന്നയാല്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്നാണ് കണ്ടെത്തിയത്. മുന്‍വശത്ത് ഇടത് സീറ്റിലിരുന്ന ആള്‍ മാത്രമാണ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. കാര്‍ ഓടിച്ചിരുന്നതാരാണ് എന്നകാര്യത്തില്‍ വ്യത്യസ്ത മൊഴികള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിശോധന നടത്തുന്നത്. കാര്‍ അപകടത്തില്‍ പെടുത്തിയതാണോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതേതുടര്‍ന്നാണ് മംഗലാപുരം സ്റ്റേഷനിലുള്ള കാര്‍ പരിശോധിക്കുന്നത്.

നിപ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍

keralanews man from tamilnadu worked in malappuram thirur under observation in puthucheri with nipah symptoms

പുതുച്ചേരി:നിപ രോഗ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍.തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശിയായ ഇയാളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ രക്തസാംപിള്‍ പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം.79-കാരനായ ഇയാള്‍ക്ക് പനി കലശലായതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി ഇയാളെ തമിഴ്നാട്ടിലേക്ക്  തിരികെ കൊണ്ടു വരികയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഡോക്റ്റർമാർ ഇയാളെ ജിപ്മെർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നിലവില്‍ ജിപ്മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്.ഇയാളുടെ രക്തവും ശരീരസ്രവങ്ങളും അടക്കമുള്ള സാംപിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്;മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് നിർദേശം

keralanews police stregenthen investigation against binoy kodiyeri present infront of the police within three days

മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേൽ ബിനോയ് കൊടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി മുംബൈ പോലീസ്.ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചു. മുംബൈ ഓഷിവാര പൊലീസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.നിലവില്‍ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്‌സ് ആപ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം.കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ടെന്നാണ് വിവരം.കുട്ടിയുടെ പിതൃത്വം സംബന്ധിച്ച്‌ തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ തിരഞ്ഞെടുത്തു

keralanews bjp mp om birla was elected as the speaker of the loksabha

ന്യൂഡൽഹി:ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള, രണ്ടാം തവണയാണ് ലോക്സഭയിൽ എത്തുന്നത്.മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സുമിത്ര മഹാജന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.

ബീഹാറില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി

keralanews heat wave in bihar 184 people died

ഗയ:ബീഹാറില്‍ കൊടും ചൂട് തുടരുന്നു. 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില.ഉഷ്ണ തരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 184 ആയി.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്.ഔറംഗബാദ് , നവാഡ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ഈ മാസം 22 വരെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതേസമയം ദില്ലിയിൽ കനത്ത ചൂടിന് ആശ്വാസമായി പലസ്ഥലത്തും മഴ പെയ്തു. 32 ഡിഗ്രിയാണ് ദില്ലിയിൽ രേഖപ്പെടുത്തിയ താപനില.

കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

keralanews two scooter passengers died when the scooter trapped under tipper lorry

കോഴിക്കോട്:കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്തിനടുത്ത് ഓടത്തെരുവിൽ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചത്.രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്.അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച്‌ പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.മുക്കം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയും ഡ്രൈവര്‍ നിസാമുദ്ദീനെയും പോലീസ് കസ്റ്റഡിയിലെടുത്തു.