കണ്ണൂർ:പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം.സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേതൃത്വം ആവശ്യപ്പെട്ടിട്ടും ശ്യാമള കണ്‍വെന്‍ഷന്‍ സെന്ററിനുള്ള അനുമതി വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗം ഉടന്‍ ചേര്‍ന്നേക്കും.ഇന്നലെ സാജന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടറി എം.വിജയരാജനടക്കമുളള നേതാക്കളോട് രണ്ട് കാര്യങ്ങളാണ് സാജന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഒന്ന് അടിയന്തരമായി ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കുക,രണ്ട് പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുക.രണ്ട് കാര്യങ്ങളിലും അനുകൂല നിലപാടെടുക്കുമെന്ന ഉറപ്പ് നേതാക്കള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അനുഭാവി കൂടിയായ സാജന്‍ നേരത്തെ സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അനുമതി വൈകിപ്പിക്കുകയാണ് പി.കെ ശ്യാമള ചെയ്തത്. ഇക്കാര്യവും പാര്‍ട്ടി ഗൌരവത്തോടെയാണ് കാണുന്നത്.
ബിനോയ് കോടിയേരി യുവതിയുമായി മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെന്ന് പോലീസ്; യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതില്‍ തെളിവുണ്ടെന്ന് പോലീസ്. ബിനോയ് കോടിയേരിയും ലൈംഗികാരോപണം ഉന്നയിച്ച യുവതിയും മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചു. ഹോട്ടലുകളിലും, ഫ്‌ലാറ്റിലുമാണ് ഇവര്‍ ഒരുമിച്ച് താമസിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കണ്ണൂരിലെത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താനായില്ല. ബിനോയ് ഒളിവിലാണെന്നാണ് പോലീസ് നിഗമനം. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഒളിവില്‍ പോയതായി സൂചന ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേരളത്തിലെത്തിയത്. രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്.വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്.അതേ സമയം പോലീസ് യുവതിയെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തു. യുവതി പോലീസിന് നല്‍കിയ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പോലീസ് അവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞത്.
ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു
വയനാട്:ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. വിനായകൻ കൽപ്പറ്റ സ്റ്റേഷനിൽ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.അന്വേഷണസംഘം വിനായകന്റെ മൊഴി രേഖപ്പെടുത്തി.വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ദളിത് ആക്ടിവിസ്റ്റായ യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.അതെ സമയം തന്നോട് അപമര്യാദയായി ഒരാള്‍ സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് നടന്‍ വിനായകന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. വിനായകനും യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധനയും നടന്നുവരികയാണ്.
ഇന്ത്യൻ എയർഫോഴ്സ് വിമാനം തകർന്നു വീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ന്യൂഡൽഹി:അരുണാചൽ പ്രദേശിൽ ഇന്ത്യൻ എയർഫോർസിന്റെ വിമാനം തകർന്നു വീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളുമാണ് കണ്ടെടുത്തതെന്ന് വ്യോമസേനാവൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് അടുത്ത് ആണ് വ്യോമസേന വിമാനം എ.എന്‍ 32 തകര്‍ന്ന് വീണത്.ജൂണ്‍ 3 ന് കാണാതായ വിമാനം എട്ടാം ദിവസം കണ്ടെത്തിയിരുന്നുവെങ്കിലും പ്രതികൂലമായ കാലാവസ്ഥ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിന് തടസ്സമായിരുന്നു. മൂന്ന് മലയാളികള്‍ അടക്കം വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരുടെയും മൃതദേഹങ്ങളാണ് പതിനേഴ് ദിവസത്തിന് ശേഷം പൂര്‍ണ്ണമായി കണ്ടെടുക്കാനായത്.കണ്ടെടുത്ത മൃതദേഹങ്ങള്‍ അസമിലെ ജോര്‍ഹട്ടില്‍ എത്തിക്കും. മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെയാകും നാട്ടിലെത്തിക്കുക.തിരുവനന്തപുരം സ്വദേശി എസ്.അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ് കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥര്‍.അതേസമയം കണ്ടെടുത്ത വ്യോമസേന വിമാനത്തിന്‍റെ കോക്പിറ്റിലെ ശബ്ദരേഖയും ഡാറ്റ റെക്കോര്‍ഡിങും അടങ്ങിയ ബ്ലാക്ക് ബോക്സിന്‍റെ പരിശോധനയും നടക്കുകയാണ്.ഇത് വിശദമായി പരിശോധിച്ചാല്‍ മാത്രമേ അപകടകാരണം സംബന്ധിച്ച വ്യക്തത വരികയുള്ളു.
ഐഎസ് ഭീകരർ കേരളത്തിലേക്ക് കടന്നതായി സൂചന;കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യത
കൊച്ചി:ശ്രീലങ്കയില്‍ നിന്ന് മാല ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.കൊച്ചിയിലെ ഷോപ്പിംഗ് മാളുകൾ,പ്രധാനപ്പെട്ട മറ്റ് സ്ഥലമാണ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായും സൂചനയുണ്ട്.ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.ഐഎസുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് ഇന്റലിജൻസ് പൊലീസിന് കൈമാറിയിരിക്കുന്നത്.ഇതിലൊന്നിലാണ് കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഉൾപ്പെടെയുള്ള കൊച്ചിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കല്ലട ബസ്സിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:കല്ലട ബസ്സിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി.മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസ്സിലാണ് തമിഴ്നാട് സ്വദേശിനിയായ യുവതിക്ക് നേരെ പീഡന ശ്രമം നടന്നത്.കണ്ണൂർ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയിൽ വെച്ച് ബഹളം വെച്ചതോടെ സഹയാത്രക്കാർ ഇടപെട്ട് വാഹനം നിർത്തിച്ചു. ബസിന്റെ സഹഡ്രൈവർ ജോൺസൺ പുതുപ്പള്ളി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന് യുവതി ആവർത്തിച്ചതോടെ യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു.ഇതോടെ തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.യുവതിയുടെ പരാതിയിൽ ജോൺസനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ജൂലായ് മുതല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ മാത്രം
തിരുവനന്തപുരം:ജൂലായ് മുതല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ മാത്രം.ശമ്പളം ട്രഷറി വഴി ലഭിക്കുന്നതിന് എല്ലാ ജീവനക്കാരും എംപ്ലായി ട്രഷറി സേവിംങ്‌സ് അക്കൗണ്ട് എടുക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി.സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസം ആദ്യം ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും. മാസം ഏകദേശം 2500 കോടിരൂപയാണ് ജീവനക്കാരുടെ ശമ്പള ഇനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ശമ്പളം പിന്‍വലിക്കാതെ അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശ നിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നല്‍കും.
കര്‍ഷക വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി;കേരളത്തിന് മാത്രം മൊറട്ടോറിയം അനുവദിക്കാനാകില്ലെന്ന് റിസര്‍വ്വ് ബാങ്ക്
തിരുവനന്തപുരം:കര്‍ഷക വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി.കേരളത്തിന് മാത്രം മൊറട്ടോറിയം നീട്ടാനുള്ള അനുമതി നൽകാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്.മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.ഇത് സംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കിയിരുന്നു. എന്നല്‍ മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്.വായ്പാ തിരിച്ചിടവ് മുടങ്ങിയപ്പോഴുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ഷക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്.ഇത് നടപ്പാക്കാന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും റോഡ് ടാക്‌സും ഒഴിവാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി:ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും റോഡ് ടാക്‌സും ഒഴിവാക്കി കേന്ദ്രസർക്കാർ.ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. 1989 ലെ മോട്ടോര്‍ വാഹനചട്ടത്തിലെ 81ആം നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് നിലവില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലും ഒഴിവാക്കിയിട്ടുണ്ട്.2023 മുതല്‍ഇലക്ട്രിക് വാഹനങ്ങളും 2025 മുതല്‍ 150 സിസിയ്ക്ക് താഴെയുള്ള ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും മാത്രം വില്‍പന നടത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമായാണ് രാജ്യത്തെ ഗതാതഗ സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം;യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു
കണ്ണൂർ:ഓഡിറ്റോറിയത്തിന് നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു.നഗരസഭ ചെയർപേഴ്‍സൺ പി കെ ശ്യാമള, നഗരസഭ എഞ്ചിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാജന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും.പി ജയരാജനും എം വി ജയരാജനമടക്കമുള്ള സിപിഎം നേതാക്കൾ സാജന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയേക്കും.ബിജെപി നേതാവ് കെ സുരേന്ദ്രനും ഇന്ന് സാജന്‍റെ വീട് സന്ദർശിക്കും.അതേസമയം ആന്തൂർ നഗരസഭാ നഗരസഭാ സെക്രട്ടറിയേയും ഓവർസിയറെയും തദ്ദേശ സ്വയംവരണ മന്ത്രി എസി മൊയ്തീൻ തിരുവന്തപുരത്തേക്ക് വിളിപ്പിച്ചു.ആത്മഹത്യയില്‍ ഭരണസമിതിക്ക് പങ്കില്ലെന്നും മെയ് അവസാനവാരത്തിലാണ് ആത്മഹത്യ ചെയ്ത പാറയില്‍ സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയര്‍ സെക്രട്ടറിക്ക് മുന്നിലെത്തിയതെന്നുമായിരുന്നു, നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയുടെ വിശദീകരണം. ഈ ഫയലില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പികെ ശ്യാമള വിശദീകരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍റെ ഭാര്യയാണ് പി കെ ശ്യാമള.