News Desk

സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;പരിശോധിച്ചത് 1,03,553 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 48.06 ശതമാനം

keralanews 49771 corona cases confirmed in the state today 103553 samples tested

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂർ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂർ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസർകോട് 866 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 48.06 ശതമാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 77 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,281 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 196 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45,846 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3272 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 457 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,439 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 9582, കൊല്ലം 755, പത്തനംതിട്ട 536, ആലപ്പുഴ 1043, കോട്ടയം 2364, ഇടുക്കി 955, എറണാകുളം 4768, തൃശൂർ 3600, പാലക്കാട് 1539, മലപ്പുറം 1681, കോഴിക്കോട് 3381, വയനാട് 520, കണ്ണൂർ 1814, കാസർകോട് 1901 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3,00,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,21,307 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത; നാളെ രാത്രി വരെ ജാഗ്രത നിർദേശം

keralanews chance for huge waves in kerala coast alert till tomorrow night

തിരുവനന്തപുരം:കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ 7 മണി മുതല്‍ 10 മണി വരെയും വൈകീട്ട് 7 മണി മുതല്‍ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാദ്ധ്യതയുണ്ട്. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 2.8 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരത്തള്ളല്‍ എന്ന പ്രതിഭാസമാണ് വലിയ തിരകള്‍ക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു;ആലപ്പുഴയിൽ വിദ്യാർത്ഥിക്ക് പരിക്ക്

keralanews mobile phone kept in pocket explodes in heat student injured in alappuzha

ആലപ്പുഴ:പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു.അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്‌നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി തീപിടിക്കുകയായിരുന്നു. അപകടത്തിൽ കൈയ്‌ക്കും, തുടയിലുമാണ് പരിക്കേറ്റത്. അമലിന്റെ പാന്റ്‌സിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.ചൂട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുത്ത് നിലത്തെറിയുകയായിരുന്നു. ഈ സമയത്താണ് അമലിന് പൊള്ളലേറ്റത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരും, നാട്ടുകാരും ചേര്‍ന്ന് അമലിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ദിലീപ്

keralanews no trust to investigators phones will not be handed over to crime branch says dileep

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തന്റെ മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്ന് നടന്‍ ദിലീപ് അറിയിച്ചു.ഫോണുകൾ ഹാജരാക്കാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിക്കും.ഫോണുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് നൽകാൻ അഭിഭാഷകനെ ഏൽപ്പിച്ചിരിക്കുകയാണെന്നും ഡിജിറ്റിൽ പകർപ്പുകളെടുത്ത ശേഷം ഫോണുകൾ നൽകാമെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കലുകൾ നടത്തിയേക്കുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണുകൾ ഹാജരാക്കാൻ ദിലീപ് തയ്യാറാവാത്തത്. അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനെതിരെ തെളിവുകൾ കെട്ടിച്ചമയ്‌ക്കുകയാണെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ദിലീപിന്റെ നീക്കം.ദിലീപും, സഹോദരൻ അനൂപും, സഹോദരി ഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ ഇന്ന് ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ച് നിർദ്ദേശം.ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത് . ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ അന്വേഷണ സംഘം ഫോണുകൾ പിടിച്ചെടുത്തിരുന്നു.ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വയനാട് വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടി;4 പേർ അറസ്റ്റിൽ

Handcuffed hands of arrested criminal man in black shirt and handcuffs

വയനാട്: വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്ഥലത്ത് നിന്ന് വില്‍പനയ്ക്ക് വേണ്ടി സൂക്ഷിച്ച്‌ വച്ചിരുന്ന 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്.വൈത്തിരി സ്വദേശികളായ ഷെഫീഖ് സി.കെ, ജംഷീര്‍ ആര്‍.കെ, പ്രജോഷ് വര്‍ഗീസ്, കോഴിക്കോട് സ്വദേശിയായ റഷീദ് സി.പി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി.ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഹോംസ്റ്റേയില്‍ റെയ്ഡ് നടത്തിയത്. കല്‍പ്പറ്റ ഡിവൈ.എസ്.പി സുനില്‍ എം.ഡി, വൈത്തിരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിൻ;ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി

keralanews plastic free kannur campaign strict action against producers distributors and users of disposable plastics

കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിളുകളും ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തല അവലോകന യോഗത്തിൽ തീരുമാനം.ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം എടുത്തത്. തദ്ദേശ സ്ഥാപനതല ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പരിശോധനകള്‍ ശക്തമാക്കും. വിജിലന്‍സ് ടീമുകള്‍ രൂപീകരിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനവരി 31 നകം ടീമുകള്‍ രൂപീകരിക്കാനും നിർദേശമുണ്ട്.താലൂക്ക് ജില്ലാ തലങ്ങളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും.പന്ത്രണ്ടിന പരിപാടി നിര്‍വ്വഹണത്തില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഫെബ്രുവരി അഞ്ചിനകം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാവാത്തരീതിയില്‍ പരിപാടി നടപ്പാക്കണം. കര്‍ശന പരിശോധനകള്‍ക്കൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണം.കല്യാണ മണ്ഡപങ്ങള്‍, ഉല്‍സവ ആഘോഷ കേന്ദ്രങ്ങള്‍, മത്സ്യ ഇറച്ചി മാര്‍ക്കറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ സന്ദര്‍ശനം നടത്തണം.ബദല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മതിയായ പ്രചരണവും പ്രോല്‍സാഹനവും നല്‍കണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.ഭാവിയില്‍ വരാനിടയുള്ള ഉല്‍സവ ആഘോഷങ്ങള്‍,കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി എല്ലാ ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളുവെന്ന്. ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, എഡിസി ജനറല്‍ ഡി വി അബ്ദുല്‍ ജലീല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എഞ്ചിനീയര്‍ അനിത കോയന്‍, ക്ലീന്‍ കേരളാ ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ് എന്നിവരും പങ്കെടുത്തു.

മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

keralanews seven medical students including the son of bjp mla killed when vehicle overturned in maharashtra

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിന് സമീപത്ത് തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.എംഎല്‍എ വിജയ് രഹാങ്കഡോലിന്റെ  മകന്‍ അവിഷ്കര്‍ രഹങ്കഡോല്‍, നീരജ് ചൗഹാന്‍, നിതേഷ് സിംഗ്, വിവേക് നന്ദന്‍, പ്രത്യുഷ് സിംഗ്, ശുഭം ജയ്‌സ്വാള്‍, പവന്‍ ശക്തി എന്നിവരാണ് മരിച്ചത്. വാര്‍ധ ജില്ലയിലെ സവാംഗി ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. ദിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും.

കാസര്‍ഗോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ച്‌;തെറ്റ് തിരിച്ചറിഞ്ഞത് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ; അന്വേഷണത്തിന് ഉത്തരവ്

keralanews kasargod minister ahmed devarkovil hoisted the national flag upside down order for inquiry

കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോട്ട് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ച്‌.കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് സംഭവം. പതാക തലകീഴായാണ് ഉയർത്തിയതെന്ന് മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ല. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്‌ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൊറോണ വ്യാപനം; വയനാട് ജില്ലയില്‍ ഫെബ്രുവരി 14വരെ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി

keralanews corona spread tourists will be restricted in wayanad district till february 14

വയനാട്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ന് മുതല്‍ ഫെബ്രുവരി 14 വരെയാണ് നിയന്ത്രണം. പൂക്കോട് തടാകം, ബാണാസുര ഡാം, കാരാപ്പുഴ ഡാം എന്നിവയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഇവിടെ പ്രതിദിനം 3,500 പേരെ കടത്തിവിടും. എടയ്ക്കല്‍ ഗുഹയില്‍ 2,000 പേര്‍ എന്നത് 1,000 ആയി കുറയ്ക്കും. കുറുവ ദ്വീപില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ 400 പേരെ അനുവദിക്കും. കളര്‍കാട് തടാകം, സൂചിപ്പാറ എന്നിവിടങ്ങളില്‍ 500 പേര്‍ക്ക് അനുമതിയുണ്ടാവും.പഴശ്ശി പാര്‍ക്ക് മാനന്തവാദി, പഴശ്ശി സ്മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ, ചേമ്ബ്ര പീക്ക് എന്നിവിടങ്ങളില്‍ 200 പേരെ അനുവദിക്കും. മീന്‍മുട്ടിയില്‍ 300 പേരെ കയറ്റും.

നടിയെ ആക്രമിച്ച കേസ്;ഫോണുകൾ ഇന്ന് ഉച്ചയ്‌ക്ക് ഹാജരാക്കാന്‍ ദിലീപുള്‍പ്പടെയുള്ളവര്‍ക്ക് നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച്

keralanews actress assault case crime branch directs dileep and others to produce phones this afternoon

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കാൻ നിർദേശം നൽകി ക്രൈം ബ്രാഞ്ച്.ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് മുൻപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നിവർക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിച്ചേക്കാമെന്ന് കരുതുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കൂടാതെ, ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ പിടിച്ചെടുത്ത ഫോൺ പുതിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയാണ് കേസില്‍ മൂന്ന് ദിവസമായി തുടരുന്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. 33 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയില്‍ സമർപ്പിക്കും. അതിനുശേഷമായിരിക്കും ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. അതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി ഉത്തരവിട്ടിരുന്നു.ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബി.ആര്‍.ബൈജു, ആര്‍.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു കോടതിയുടെ മുന്നിലുള്ളത്. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ അധിക സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി 10 ദിവസം കൂടി സമയം അനുവദിച്ചു. പ്രോസിക്യൂഷൻ അപേക്ഷയിലാണ് നടപടി.