തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളി. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്.കേസില്‍ നിരവധി തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.അതേസമയം, ശ്രീറാം മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ എന്ത് രേഖകളാണ് പ്രോസിക്യൂഷന്റെ കൈയിലുള്ളതെന്നും അദ്ദേഹം മദ്യപിച്ചുവെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ചോദിച്ചു. ഇതിന് സാക്ഷിമൊഴികളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ മറുപടി. എന്നാല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.അതിനിടെ ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായി സൂചനയുണ്ട്. പരിക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായി.അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നു കണ്ടെത്താനുള്ള പരിശോധനയാണ് ഡോപുമിന്‍ ടെസ്റ്റ്.സ്വാധീനമുപയോഗിച്ച് ശ്രീറാം കേസ് അട്ടിമറിച്ചെന്ന് സിറാജ് മാനേജ്‌മെന്റ് ആരോപിച്ചു.ശ്രീറാമിന് ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിച്ചതായി കരുതുന്നില്ലെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സൈഫുദീന്‍ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരാഖണ്ഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 7 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു
ഉത്തരാഖണ്ഡ്:ഉത്തരാഖണ്ഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 7 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു.തെഹ്‌രി ഗര്‍വാളിലെ കാങ്‌സാലിയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് ഏഴ് കുട്ടികള്‍ മരിച്ചത്. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 18 പേരാണ് ബസിലുണ്ടായത്. ബദരിനാഥ് ഹൈവേയിലാണ് രണ്ടാമത്തെ അപകടം. ബസിനു മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് പതിക്കുകയായിരുന്നു. ഈ അപകടത്തില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം:മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക.കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മ്യൂസിയം ക്രൈം എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടർന്നുണ്ടായതാണ്. മാധ്യമങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.എന്നാൽ പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്ന ആക്ഷേപത്തെ തുടർന്ന് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ ഇന്നലെ സസ്പെൻഡ് ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിലും എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.കേസ് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കേസ് അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വടക്കൻ കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴ;മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്;വയനാട്ടിൽ മണ്ണിടിച്ചിൽ
കോഴിക്കോട്:വടക്കൻ കേരളത്തിൽ ശക്തമായി പെയ്യുന്ന മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കലക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.രാത്രി മുതല്‍ കനത്ത മഴയാണ് വടക്കന്‍ ജില്ലകളില്‍ ലഭിക്കുന്നത്. നിലമ്പൂരിൽ 11 സെന്റിമീറ്ററും കോഴിക്കോട്ട് ഒന്‍പതു സെന്റിമീറ്ററും വടകരയില്‍ എട്ടു സെന്റിമീറ്ററും മഴ ലഭിച്ചു.മണിക്കൂറില്‍ 50 കി.മി വരെ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.അതേസമയം കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ കുറിച്യർ മലയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലുണ്ടായതിനേത്തുടര്‍ന്ന് ഇവിടെ രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൂനെയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാതായി
പൂനെ:മഹരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും കൂടെയുണ്ടായ മലയാളിയെ കാണാതാവുകയും ചെയ്തു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെയാണ്(40) കാണാതായത്. വൈശാഖിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിതീഷ് ഷേലാരുവാണ് മരിച്ചത്.നിതീഷും വൈശാഖും കൂടി കൊയ്‌ന അണക്കെട്ടിലേക്ക് വിനോദ യാത്ര പോയതായിരുന്നു. ശനിയാഴ്ച രാത്രിയോടെ പബല്‍ നാല എന്ന സ്ഥലത്തുവച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നത്.സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിതീഷിന്റെ മൃതദേഹം കാറില്‍ നിന്ന് ലഭിച്ചു.അതേസമയം പൊലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല.കുടുംബസമേതം ന്യൂസിലാൻഡിൽ താമസിക്കുന്ന വൈശാഖ് ഔദ്യോഗിക ആവശ്യത്തിനായി അടുത്തിടെയാണ് പൂനെയിലെത്തിയത്.
ഡൽഹിയിലെ ഫ്ലാറ്റിൽ വൻ തീപിടുത്തം;രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു മരണം
ന്യൂഡൽഹി:ഡൽഹിയിലെ സാക്കിർ നഗറിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തതിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർ മരിച്ചു.11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആളുകൾ തിങ്ങിപ്പാർത്തിരുന്ന കെട്ടിടത്തിലാണ് അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. പൂലർച്ചെ 2 മണിയോടെ, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവൻ വ്യാപിക്കുകയായിരുന്നു.പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന് ചുറ്റും നിർത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തിൽ കത്തി നശിച്ചു. എട്ട് ഫയർ എഞ്ചിനുകൾ രാത്രി മുഴുവൻ ശ്രമിച്ചാണ് തീ പൂർണമായും അണയ്ക്കാനായത്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫ ഫിറോസിന്റെ മൊഴി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ വാഹനപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ സുഹൃത്ത് വഫ ഫിറോസിന്റെ മൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.സംഭവം നടന്ന അന്ന് തന്നെ വഫയുടെ മൊഴി പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിരുന്നു.അമിത വേഗതയിലാണ് ശ്രീറാം കാര്‍ ഡ്രൈവ് ചെയ്തത്. വേഗത കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രീറാം ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും വഫ നല്‍കിയ മൊഴിയില്‍ പറയുന്നു.എന്നാല്‍ വഫയുടെ മൊഴി പുറത്തുവന്നതോടെ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.കേസിലെ പ്രധാന സാക്ഷിയാണ് അപകട സമയത്ത് വാഹനത്തില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ.
എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു
കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി.ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ അനിത മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.
ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യത്തെ സംഭവമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.
കേസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മെഡിക്കല്‍ കൊളേജിലെ സെല്ലില്‍ നിന്ന് ശ്രീറാമിനെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയെന്നാണ് വിവരം.ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ വെക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.
സംഘർഷ സാധ്യത;കശ്മീരില്‍ 8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ആം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍.8000 അര്‍ധ സൈനികരെയാണ് വ്യോമസേനയുടെ സി-17 യാത്രാവിമാനത്തില്‍ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ധസൈനികരെ കശ്മീരിലേക്ക് കൊണ്ടുപോയത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മുപ്പത്തി അയ്യായിരത്തിലധികം അര്‍ദ്ധസൈനികരെ കേന്ദ്രം ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു.നിലവില്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം തന്നെ വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ രാജ്യസഭയില്‍ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.