News Desk

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു;ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

keralanews strength of rain reducing yellow alert in three districts today

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം.ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്.കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഈ മാസം ആദ്യം മുപ്പത് ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ മഴ ലഭിച്ചതായാണ് കണക്ക്. 1601 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 1619 മില്ലീമീറ്റര്‍ മഴ. ഇടുക്കിയില്‍ മാത്രമാണ് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തിയത്.

ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി

keralanews indians aboard iranian ship captured by british navy released

ടെഹ്‌റാൻ:ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി.മൂന്നുമലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ.കെ.അജ്മല്‍ (27), കാസര്‍കോട് ഉദുമ നമ്ബ്യാര്‍ കീച്ചില്‍ ‘പൗര്‍ണമി’യില്‍ പി. പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത് (33), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍.മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നും മൂന്നുലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയുമായി സിറിയയിലേക്കു പോയ ‘ഗ്രെയ്‌സ് വണ്‍’ എന്ന കപ്പലിനെ സ്‌പെയിനിനു സമീപം ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു മാറി ബ്രിട്ടന്റെ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. 18,000 കിലോമീറ്ററും 25 രാജ്യങ്ങളും താണ്ടി കഴിഞ്ഞ മാസം 4ന് ജിബ്രാള്‍ട്ടറില്‍ എത്തിയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ നിറയ്ക്കുന്നതിനായി കപ്പല്‍ കരയിലേക്കു നീങ്ങി. ഈ സമയത്താണ് ഹെലികോപ്റ്ററില്‍ എത്തിയ ബിട്ടീഷ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ജീവനക്കാരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുന്‍പ് ഫോണ്‍ തിരിച്ചു കിട്ടിയതോടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

പ്രളയക്കെടുതിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും

keralanews sister of latvian woman killed in kovalam helps kerala flood victims

തിരുവനന്തപുരം:പ്രളയക്കെടുതിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും.തന്റെ വരുമാനത്തിന്റ ഒരു പങ്കാണ് ഇല്‍സി സ്‌ക്രോമേന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.’ കേരളത്തില്‍ കൊല്ലപ്പെട്ട നമ്മുടെ എല്ലാം നൊമ്ബരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരി ഇല്‍സി നമുക്ക് പിന്തുണയറിയിച്ചു. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇല്‍സിയുടെ മനസ് വലുതാണ്. ഇല്‍സിയുടെ സന്ദേശം മലയാളികള്‍ക്കാതെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദര’ വെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.അയര്‍ലന്‍ഡിലുള്ള അവര്‍ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സന്ദേശം അയച്ചത്. ഈ വിഷമാവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇല്‍സിയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് അവര്‍ ആശംസിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പുത്തുമലയില്‍ സ്നിഫര്‍ നായ്‍ക്കളെ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലും വിഫലം; ഇനിയും കണ്ടെത്താനുള്ളത് ഏഴുപേരെ കൂടി

keralanews could not find out any dead body in search using sniffer dogs in puthumala

വയനാട്:ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിലെ പുതുമലയിൽ കാണാതായവർക്കായി സ്നിഫര്‍ നായ്‍ക്കളെ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലും വിഫലം.നായ്ക്കള്‍ ചെളിയില്‍ താഴ്‍ന്നുപോകാന്‍ തുടങ്ങിയതോടെ ഇവരെ ഉപയോഗിച്ചുള്ള തിരച്ചിൽ നിര്‍ത്തി വച്ചു. ഏഴ് പേരെയാണ് ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുള്ളത്.മനുഷ്യശരീരം മണത്ത് കണ്ടെത്താന്‍ കഴിവുള്ള ബെല്‍ജിയം മെല്‍ നോയിസ്‌ ഇനത്തില്‍ പെട്ട നായ്‍ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്.എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് നായ്ക്കളെ എത്തിച്ചത്. പക്ഷേ, ആ തെരച്ചില്‍ വിഫലമായി. മാത്രമല്ല, നായ്ക്കളുടെ കാലുകള്‍ ചെളിയില്‍ താഴാനും തുടങ്ങി.മൃതദേഹം കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് തെരച്ചില്‍ നടത്തുന്നത്. ഭൂപടത്തില്‍ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച്‌ നോക്കിയിട്ടും ഏഴില്‍ ഒരാളെ പോലും കണ്ടെത്താനായില്ല.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; പ്രളയദുരന്തത്തില്‍ മരണസംഖ്യ 105 ആയി

keralanews the strength of rain is decreasing in the state the death toll in the flood reached 105

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 103 ആയി.ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയിൽ ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്.അതേസമയം ഇന്ന് ഒരു ജില്ലയിലും അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നത്.കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന പ്രതിഭാസം വരും വർഷങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മഴക്കെടുതി;കണ്ണൂരിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

keralanews flood estimate of damage has begun in kannur district

കണ്ണൂർ:ജില്ലയിൽ മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ജില്ലയിൽ ഒൻപതുപേർ മരണമടഞ്ഞതായാണ് റിപ്പോർട്ട്.133 വീടുകള്‍ പൂര്‍ണ്ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 49.67 കോടിയുടെ കൃഷി നാശമുണ്ടായി.10164 വീടുകളില്‍ വെളളം കയറി.9000 ഓളം വീടുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. 1224 കടകളും 120 സര്‍ക്കാര്‍ സ്ഥാപനങ്ങളും വെളളം കയറിയതിനെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്. 839 റോഡുകളും നൂറിലേറെ പാലങ്ങളും കലുങ്കുകളും മലവെളളപ്പാച്ചിലില്‍ നശിച്ചു. ഇതില്‍ 133 റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത വിധം പൂര്‍ണ്ണമായി നശിച്ചു. 49.67 കോടിയുടെ കൃഷി നാശവും ജില്ലയിലുണ്ടായതായാണ് പ്രാഥമിക കണക്ക്.1083 ഹെക്ടറിലെ നെല്‍കൃഷി വെളളം കയറി നശിച്ചു.ജില്ലയില്‍ നിലവില്‍ 25 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉളളത്. 1047 കുടുംബങ്ങളിലെ 3992 പേര്‍ ഈ ക്യാമ്പുകളില്‍ തുടരുന്നുണ്ട്. മൂന്ന് ദിവസത്തിനുളളില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച അന്തിമ കണക്കെടുക്കാനാണ് ഉദ്യോഗസ്ഥർക്ക് കലക്ടറുടെ നിര്‍ദേശം. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണ്ണൂര്‍ ജില്ലയിലുണ്ടായത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നൽകും

keralanews govt job will be given to the wife of journalist-k m basheer

തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച്‌ തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ആയിരിക്കും ജോലി നല്‍കുക. ഇതിന് പുറമെ കുടുംബത്തിന് ആറ് ലക്ഷം രൂപയുടെ ധനസഹായവും നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്കൂട്ടർ 2022-ഓടെ ഇന്ത്യന്‍ നിരത്തുകളിൽ

keralanews ktms electric scooter on indian roads by 2022

2022-ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറും നിരത്തിലെത്തുകയെന്നാണ് വിവരം. ഓസ്ട്രേലിയന്‍ വാഹന നിര്‍മാതാക്കളായ കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത് ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും. കെടിഎം ബൈക്കുകളെ പോലെ തന്നെ സ്പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം.എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ബജാജിന്റെ മേധാവി രാഗേഷ് ശര്‍മ മണികണ്‍ട്രോള്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

ദുരന്തഭൂമിയായി കവളപ്പാറയും പുത്തുമലയും; മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 36 പേര്‍;തിരച്ചിൽ ഇന്നും തുടരും

keralanews 36persons trapped in mud in puthumala and kavalappara searching will continue today

കോഴിക്കോട്:ഇനിയും കണ്ണീർ തോരാതെ ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയും പുത്തുമലയും. 36 പേരെ കൂടിയാണ് ഇനിയും ഇവിടെ കണ്ടെത്താനുള്ളത്. നിലമ്പൂർ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു.പതിന്നാല് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ തോതില്‍ മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍ നടത്തുക.ഇനിയും 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടിയാണ് കണ്ടെത്താനുള്ളതെന്നാണ് അധികൃതരുടെ കണക്ക്. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്ക് അനുസരിച്ചായിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും ഏക്കറുകണക്കിന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തി ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച്‌ ഭൂപടം തയ്യാറാക്കിയും പുത്തുമലയില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ചതുപ്പായിക്കഴിഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരിക്കുകയാണ്.പലപ്പോഴും മണ്ണുമാന്തിയന്ത്രങ്ങള്‍ ചതുപ്പില്‍ പുതഞ്ഞു പോവുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം.എറണാകുളത്ത് നിന്ന് മണം പിടിച്ച്‌ മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് അധികൃതരുടെ ശ്രമം.

പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

keralanews free ration will give to flood affected person

തിരുവനന്തപുരം:പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ല. ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. ഇത് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.