News Desk

സംസ്ഥാനത്ത് നാളെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം;അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

keralanews lockdown like restrictions in the state tomorrow permission only for essential services

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം നിലവില്‍ വരിക.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നാളെ കൂടി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാം. മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ചികിത്സയ്ക്കും വാക്സിനേഷനും യാത്ര ചെയ്യാം.മറ്റ് യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കയ്യില്‍ കരുതണം. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രമേ പാടുള്ളൂ. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. കഴിഞ്ഞ ഞായറാഴ്ചയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവം;യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ;യുവാക്കള്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് കുറ്റം ചുമത്തി കേസെടുത്തു

keralanews incident of girls missing from childrens home girls alleged that youths tried to harass them by giving alcohol case charged against youths

കോഴിക്കോട്:വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം കേസിൽ പെൺകുട്ടികളെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടികൾ മൊഴിനൽകി. ബെംഗളൂരുവിൽ നിന്നും കുട്ടികളോടൊപ്പം പിടികൂടിയ യുവാക്കൾക്കെതിരെയാണ് മൊഴി.സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെയും കേസെടുക്കുമെന്നും ഇരുവരും പ്രതികളാകുമെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ആക്ട്, പോക്‌സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുക്കുക. ഇതിനിടെ പെൺകുട്ടികൾക്ക് യാത്രയ്‌ക്കായി പണം നൽകിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച്‌ പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.അതേസമയം പിടികൂടിയ ആറ് പെൺകുട്ടികളിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കും. വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയ ആറ് പെൺകുട്ടികളെയും നിലവിൽ കോഴിക്കോട്ടെത്തിച്ചതായി പോലീസ് വ്യക്തമാക്കി. എല്ലാവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

സംസ്ഥാനത്ത് ഇന്ന് 54,537 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 47.05 ശതമാനം; എറണാകുളത്ത് 10,000 ത്തിൽ അധികം രോഗികൾ

keralanews 54537 corona cases confirmed in the state today more than 10000 patients in ernakulam

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 54,537 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂർ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂർ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസർഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്.ടിപിആർ 47.05 ശതമാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 258 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,786 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 227 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 50,295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3485 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 530 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6921, കൊല്ലം 581, പത്തനംതിട്ട 770, ആലപ്പുഴ 1907, കോട്ടയം 3290, ഇടുക്കി 853, എറണാകുളം 450, തൃശൂർ 4033, പാലക്കാട് 2258, മലപ്പുറം 2130, കോഴിക്കോട് 4135, വയനാട് 799, കണ്ണൂർ 2015, കാസർഗോഡ് 83 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,33,447 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,94,185 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെയും കണ്ടെത്തി;നാലുപേരെ കണ്ടെത്തിയത് മലപ്പുറത്തു നിന്നും

keralanews six girls missing from kozhikkode childrens home found four found from malappuram

മലപ്പുറം: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെയും കണ്ടെത്തി.രണ്ടുപേരെ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു.നാല് കുട്ടികളെ കൂടിയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. ഇവരെ മലപ്പുറം എടക്കരയിൽ നിന്ന് പോലീസ് പിടികൂടി. നിലവിൽ എടക്കര പോലീസ് സ്‌റ്റേഷനിലാണ് പെൺകുട്ടികളുള്ളത്. ഒടുവിൽ പിടികൂടിയ നാല് പെൺകുട്ടികളും ബെംഗളൂരുവിലായിരുന്നു.ഇവർ ഇന്ന് ട്രെയിൻ മാർഗം പാലക്കാടെത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറിയാണ് എടക്കരയിൽ വന്നത്. ഇവിടേക്ക് സുഹൃത്തിനെ കാണാൻ വന്നതായിരുന്നു. ഇതോടെ പോലീസിന്റെ പിടിയിലായി. നേരത്തെ, മൈസൂരിനടുത്ത് മിണ്ടിയിൽ നിന്ന് ഒരു പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ഇന്നലെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് ആദ്യത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ബെംഗളൂരുവിൽ പെൺകുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ട്രെയിനിൽവെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെൺകുട്ടികളുടെ മൊഴി.പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെയാണ് കാണാതായത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികളാണിവർ.

സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍തോ​തി​ല്‍ പാൻമസാല വിൽപ്പന;വ്യപാരി അറസ്റ്റിൽ

keralanews panmasala sale in supermarket trader arrested

ശ്രീകണ്ഠപുരം: കണിയാർവയലിൽ സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ വിൽപ്പന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു.സി.എച്ച് നഗറിലെ ഞാറ്റുവയല്‍ പുതിയപുരയില്‍ അബൂബക്കറിനെയാണ് (42) ശ്രീകണ്ഠപുരം എസ്.ഐ. സുബീഷ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കണിയാര്‍വയല്‍ -മലപ്പട്ടം റോഡരികിലെ മലബാര്‍ സൂപ്പര്‍ മാർക്കറ്റ് നടത്തിപ്പുകാരനാണ് ഇയാൾ.റിപ്പബ്ലിക് ദിനത്തിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച 607 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തത്.എ.എസ്.ഐ സജിമോന്‍, സി.പി.ഒ ശിവപ്രസാദ്, ഡ്രൈവര്‍ നവാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാപകമായി പാൻമസാലകൾ എത്തിച്ച് പലർക്കും വില്ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്:ഫോണ്‍ കൈമാറാൻ ആശങ്ക എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി; ഹരജിയില്‍ നാളെ വീണ്ടും വാദം

keralanews conspiracy to endanger investigating officers hc asks dileep why he was worried about handing over the phone petition will be heard again tomorrow

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് എന്തുകൊണ്ടാണ് അന്വേഷണ സംഘത്തിന് ഫോൺ കൈമാറാത്തതെന്തെന്ന് ഹൈക്കോടതി.കേസില്‍ ഗൂഢാലോചന നടത്തിയ സമയത്തെ ഫോണ്‍ ദിലീപ് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.കേസ് അന്വേഷണത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.ഫോൺ ഹാജരാക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും നടനെതിരായ ആരോപണം ഗൗരവതരമാണെന്നും കോടതി പറഞ്ഞു. നിജസ്ഥിതി കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ചുമതലയാണ്. അതിനാലാണ് അവർ ഫോൺ ചോദിക്കുന്നതെന്നും അന്വേഷിക്കരുതെന്ന് പറയാൻ പ്രതിഭാഗത്തിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുതിയ ഫോണാണ് ഉപയോഗിക്കുന്നതെന്നും ദിലീപ് കോടതിയിൽ വിശദീകരിച്ചു.ഫോണ്‍ കൈമാറണമെന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോണില്‍ ഉണ്ട്.കേസില്‍ തന്റെ നിരപരധിത്വം തെളിയിക്കാന്‍ പറ്റുന്ന വിധത്തിലുള്ള വിവരങ്ങള്‍ ഫോണില്‍ ഉണ്ട്.ഫോണ്‍ കൈമാറിയാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു. മൂന്ന് ദിവസം താൻ ചോദ്യം ചെയ്യലിന് ഹാജരായെന്നും ദിലീപ് കോടതിയെ അറിയിച്ചു.ഇരു വിഭാഗത്തിന്റെയും വാദത്തിനൊടുവില്‍കേസിന്റെ വാദം തുടരുന്നത് നാള രാവിലെ 11 മണിയിലേക്ക് കോടതി മാറ്റുകയായിരുന്നു.

ദിലീപ് കേസുമായി സഹകരിക്കുന്നില്ല;അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പിൻവലിക്കണമെന്ന് പ്രോസിക്യൂഷൻ, ജാമ്യഹർജി ഹൈക്കോടതി ഇന്ന് ഉച്ചയ്‌ക്ക് 1.30 ന് പരിഗണിക്കും

keralanews dileep not cooperating with case prosecution seeks to withdraw protection from arrest bail plea will be heard by high court at 1.30 pm today

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്‌ക്ക് പരിഗണിക്കും. ദിലീപ് കേസുമായി സഹകരിക്കുന്നില്ലെന്നും പ്രധാന തെളിവായ മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.കഴിഞ്ഞ ദിവസം പരിഗണിക്കാനെടുത്ത കേസ് പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വളരെ നാടകീയമായിട്ടാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിനെതിരെ പുതിയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്. പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകൾ മാറ്റി. പുതിയ ഫോണുകളിൽ അന്വേഷണത്തിന് സഹായകമാവുന്ന തെളിവുകളില്ല. പ്രതികൾ തെളിവ് നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്ക് നൽകിയിരിക്കുന്ന അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പിൻവലിക്കണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടുന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം നീക്കി; രാത്രി കര്‍ഫ്യൂ-ഞായറാഴ്ച ലോക് ഡൗണ്‍ ഒഴിവാക്കി

keralanes covid cases decreasing in tamilnadu restrictions on places of worship lifted night curfew sunday lockdown avoided

ചെന്നൈ:കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. നിലവില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ച മുതല്‍ ഈ നിയന്ത്രണവും നീക്കി.രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും ഒഴിവാക്കിയിട്ടുണ്ട്.ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളിലും തീയേറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. തുടര്‍ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. 10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള പൊതുപരീക്ഷ ഇത്തവണ ഒഴിവാക്കില്ലെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ട്രാക്ക് മാറുന്നതിനിടെ ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി;നാല് ട്രെയിനുകൾ റദ്ദാക്കി

keralanews goods train derails in aluva while changing tracks four trains canceled

കൊച്ചി: ട്രാക്ക് മാറുന്നതിനിടെ ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി.സിമന്റുമായെത്തിയ ട്രെയിനാണ് പാളം തെറ്റിയത്.മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല.അവസാനത്തെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുകയായിരുന്നു. തൃശൂർ ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.സംഭവത്തെ തുടർന്ന് എറണാകുളം-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. വിവിധ സ്‌റ്റേഷനുകളിലായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ ഇൻറർസിറ്റി, ഗുരുവായൂർ-തിരുവനന്തരം, പുനലൂർ-ഗുരുവായൂർ, നിലമ്പൂർ-കോട്ടയം തീവണ്ടികളാണ് റദ്ദാക്കിയത്.

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി;കൂടെ രണ്ട് ആൺകുട്ടികളും

keralanews six missing girls from kozhikode childrens home found in bangalore along with two boys

ബംഗളൂരു : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. ബാക്കി അഞ്ച് പെൺകുട്ടികളും പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.ബുധനാഴ്ച വൈകീട്ട് നാല് മണി മുതലാണ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിൽ എത്തിയതായി കണ്ടെത്തി. മടിവാളയിൽ മലയാളികൾ നടത്തുന്ന സീപേൾ എന്ന ഹോട്ടലിലാണ് പെൺകുട്ടികൾ മുറിയെടുക്കാൻ എത്തിയത്.ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നു. മാദ്ധ്യമ വാർത്തകൾ കണ്ട ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് പെൺകുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാൽ പോലീസിൽ എത്തിയപ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. മടിവാള പോലീസും ഇത് സ്ഥിരീകരിച്ചു.പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കാണാതായത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചേവായൂർ പോലീസിൽ പരാതി ലഭിച്ചത്.പെൺകുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രെയിനിൽവെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയിരിക്കുന്നത്.