തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് അതതു ഡിഡിഇമാര്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓണപ്പരീക്ഷകളുടെ തീയതികളിലും മാറ്റമുണ്ടാവില്ല.ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. മഴക്കെടുതി മൂലം ഈ ലക്ഷ്യം കൈവരിക്കാനാവാത്ത സാഹചര്യം ഒഴിവാക്കാനാണ് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്നത്. രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ളവ പ്രവൃത്തിദിനമാക്കി ഓരോ ജില്ലയിലെയും ആവശ്യം അനുസരിച്ച് ഡിഡിഇമാര്‍ ഉത്തവിറക്കും.ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍പ്പോലും അതില്‍ മാറ്റം വരുത്തേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. പരീക്ഷ മാറ്റുന്നത് മൊത്തം അധ്യയന കലണ്ടറിനെ ബാധിക്കുമെന്നതിനാലാണിത്.
കണ്ണൂര്‍ കോര്‍പറേഷനില്‍ ഇടത് ഭരണ സമിതിക്കെതിരെ യു.ഡി.എഫിെന്‍റ അവിശ്വാസപ്രമേയം ഇന്ന്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഇടത് ഭരണ സമിതിക്കെതിരെ യു.ഡി.എഫിെന്‍റ അവിശ്വാസപ്രമേയം ശനിയാഴ്ച ചര്‍ച്ചക്ക്. സി.പി.എമ്മിലെ മേയര്‍ ഇ.പി. ലതക്കെതിരായ പ്രമേയത്തിന്മേലുള്ള ചര്‍ച്ച രാവിലെ തുടങ്ങി ഉച്ചയോടെ വോട്ടെടുപ്പ് നടക്കും. രാവിലെ 9 മുതലാണ് അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ആരംഭിക്കുക. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. സി.പി.എമ്മിെന്‍റ 27 അംഗങ്ങളില്‍ ഒരു കൗണ്‍സിലര്‍ ഈയിടെ മരിച്ചു. ഇപ്പോള്‍ എല്‍.ഡി.എഫിന് 26ഉം യു.ഡി.എഫിന് 27ഉം ആണ് അംഗബലം. അവിശ്വാസം പാസാകണമെങ്കില്‍ 28 നേടണം. അതിനാല്‍ യു.ഡി.എഫിന് പി.കെ. രാഗേന്റെ പിന്തുണ അനിവാര്യമാണ്. അദ്ദേഹം വിട്ടുനിന്നാല്‍പോലും അവിശ്വാസം പരാജയപ്പെടും.കോണ്‍ഗ്രസിലെ ജില്ലയിലെ പ്രമുഖനായ കെ. സുധാകരനുമായി ഉടക്കിയാണ് പി.കെ. രാഗേഷ് കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.കെ. രാഗേഷ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായതിന്റെ തുടര്‍ച്ചയായാണ് സുധാകരന്‍ മുന്‍കൈയെടുത്ത് കോര്‍പറേഷനില്‍ അവിശ്വാസം കൊണ്ടുന്നത്. അവിശ്വാസ പ്രമേയം പാസായാല്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.കൗണ്‍സിലര്‍മാരായ അഡ്വ. ടി.ഒ. മോഹനന്‍, സി. സമീര്‍ എന്നിവര്‍ ജില്ല കലക്ടര്‍, ജില്ല പൊലീസ് ചീഫ്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസർ, കൗണ്‍സിലര്‍ എന്‍. ബാലകൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്ത് നല്‍കിയ ഹരജിയിലാണ് ഹൈകോടതി നിര്‍ദേശം.കോര്‍പറേഷെന്‍റ പ്രത്യേക യോഗത്തില്‍ പെങ്കടുക്കാനെത്തുന്ന യു.ഡി.എഫ് അംഗങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ കേസില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി.തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ വാദത്തിനിടെ ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മള്‍ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചോദിച്ച കോടതി തടയണ നിര്‍മ്മിച്ചവര്‍ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും ഉത്തരവിട്ടു.തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍. അന്‍വറിന്‍റെ തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടപ്പുണ്ടെന്നും തടയണ സ്ഥിതി ചെയ്യുന്നതിന് പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഈ മണ്‍സൂണ്‍ സീസണില്‍ തന്നെ തടയണ നില്‍ക്കുന്ന മേഖലയില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധയില്‍ പങ്കാളികളാവണമെന്നും കോടതി നിര്‍ദേശിച്ചു.
മുത്തലാഖ് നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി
കോഴിക്കോട്:മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി.ചെറുവാടി ചുള്ളിക്കാംപറമ്പ് സ്വദേശി ഇ.കെ ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു. മുത്തലാഖ് നിയമപ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റാണിത്.മുക്കം കുമാരനെല്ലൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. തന്നെ ഈ മാസം ഒന്നാം തീയതി മുത്തലാഖിലൂടെ മൊഴി ചൊല്ലിയെന്ന് പരാതിയില്‍ പറയുന്നു. താനറിയാതെ മറ്റൊരു വിവാഹം കഴിച്ചെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് മുസ്ലിം വനിതാ സംരക്ഷണ നിയമം സെക്ഷന്‍ 3, 4 ആക്‌ട് പ്രകാരം കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു.തുടര്‍ന്ന് ഉസാമിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മുക്കം പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
കവളപ്പാറ ഉരുൾപൊട്ടൽ;അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മാത്രം മരിച്ചവരുടെ എണ്ണം 38ആയി.കാണാതായ 11പേരെ കൂടി കണ്ടെത്താനുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.സംസ്ഥാനത്ത് പ്രളയത്തില്‍ ഇതുവരെ പൊലിഞ്ഞത് 107 ജീവനുകളാണ്. കണ്ടെത്താനുള്ള പലരും മണ്‍കൂനക്കടിയിലാണ്. മഴകുറഞ്ഞതോടെ പ്രളയം നാശം വിതച്ച മേഖലകളില്‍ രക്ഷാദൗത്യം ഊർജ്ജിതമായിട്ടുണ്ട്.വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.ഔദ്യോഗിക കണക്കുപ്രകാരം ഇനി ഏഴു പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ്, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ തുടരുന്നത്.അതേസമയം കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും സർക്കാരിനില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി;ഇതുപോലുള്ളവർ ഉള്ളപ്പോൾ ആര്‍ക്കാണ് നമ്മളെ തോല്‍പ്പിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി
മലപ്പുറം:ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി.മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് തന്റെ കാതില്‍ക്കിടന്ന കടുക്കന്‍ ഊരിക്കൊടുത്ത് പ്രളബാധിതരെ സഹായിച്ചത്.സിപിഐഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിയുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ക്കാണ് ശ്രീനാഥ് കടുക്കന്‍ നല്‍കിയത്.ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്ബൂതിരി സംഭാവന നല്‍കിയത്. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്ബൂതിരി.
മേല്‍ശാന്തിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ‘ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക’ എന്നാണ് പിണറായി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.
പ്രളയ ദുരിതമേഖലയിലെ കുരുന്നുകളില്‍ പുഞ്ചിരി വിടര്‍ത്താന്‍ തലസ്ഥാന നഗരിയിൽ നിന്നും കളിപ്പാട്ടവണ്ടി ഒരുങ്ങി
തിരുവനന്തപുരം:പ്രളയ ദുരിതം കുഞ്ഞുങ്ങളിൽ നിന്നും തകർത്തെറിഞ്ഞ കളിചിരികൾ തിരികെ കൊണ്ടുവരാൻ തലസ്ഥാനത്ത് കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്.കുട്ടികളുടെ സന്തോഷങ്ങള്‍ കൂടിയാണ് പ്രളയം തകര്‍ത്തെറിയുന്നത് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചത്. കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ വീണ്ടും സന്തോഷത്തിന്റെ ലോകത്തേക്ക് കൊണ്ടുവരുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് റൈറ്റ്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കാവുന്നതാണ്. ഇന്ന് കളിപ്പാട്ടവണ്ടി കോഴിക്കോട്ടേക്ക് പുറപ്പെടും. കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ക്രയോണ്‍സും, കളര്‍പെന്‍സിലും ചെസ് ബോര്‍ഡും തുടങ്ങി കുട്ടികള്‍ക്ക് കളിക്കാനുളളതെന്തും ഇവര്‍ക്ക് കൈമാറാം എന്നും സംഘടന അറിയിച്ചിട്ടുണ്ട്.
വയനാടിന് സാന്ത്വനമായി രാഹുൽ ഗാന്ധി;50,000 കിലോ അരിയും ഭക്ഷ്യവസ്തുക്കളുമെത്തിച്ചു
വയനാട്:മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് താങ്ങായി എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.എം.പിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ വയനാടിന് നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കള്‍ എത്തിക്കും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റും എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
ആശങ്കയിൽ വയനാട്ടിലെ കുറിച്യർ മല;വീണ്ടും മണ്ണിടിച്ചിലിന് സാധ്യത;മലമുകളിലെ ജലാശയം താഴേക്ക് പതിച്ചേക്കുമെന്ന് മുന്നറിയിപ്പ്
വയനാട്:ആശങ്കയുയർത്തി വയനാട്ടിലെ കുറിച്യാർ മല.കുറിച്യാർമലയിൽ ഇനിയും ഒരു മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടർച്ചയായ രണ്ടാം വർഷവും കുറിച്യാർ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലെ വിള്ളൽ മലമുകളിലുള്ള വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ഇനിയും ഉരുൾപൊട്ടൽ ഉണ്ടായാൽ ഈ ജലാശയം താഴേക്ക് പതിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കുറിച്യാർമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രഭവ കേന്ദ്രത്തിന്റെ അടുത്താണ് ഈ തടാകം. മലയിൽ 60 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ കുറിച്യാർ മലയുടെ താഴ്വാരത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.ശനിയാഴ്ച ഉച്ചയോടെ വിദഗ്ധസംഘം ഈ പ്രദേശത്ത് എത്തി പരിശോധന നടത്തും. തടാകത്തിലെ വെള്ളവും മമ്ണും കല്ലും മരങ്ങളുമെല്ലാം താഴ്വാരത്തേക്ക് ഒലിച്ചു വന്നാൽ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും തിരച്ചിൽ ഇന്നും തുടരും
വയനാട്:ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയുമാണ് ഇനി കണ്ടെത്തേണ്ടത്.നിലമ്പൂർ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ രാവിലെ ഏഴരയോടെ തുടങ്ങി.പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തിരച്ചിൽ നടത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരെ കാണാതായത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ 31 പേരെ കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ആകെ 33 ആയി സ്ഥിരീകരിച്ചു.പുത്തുമലയില്‍ ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്.