News Desk

എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ

keralanews sbi sets time limit for withdrawing cash from atms

തിരുവനന്തപുരം:എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ.ഇനി എടിഎം സേവനങ്ങള്‍ രാത്രി 11 മുതല്‍ രാവിലെ ആറുവരെ ലഭ്യമാകില്ല എന്നാണ് എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ സമയനിയന്ത്രണങ്ങളുമായി എസ്ബിഐ രംഗത്തുവന്നിരിക്കുന്നത്.തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നതോടെ പല നിയന്ത്രണങ്ങളും ബാങ്ക് അധികൃതര്‍ കൊണ്ടുവന്നിരുന്നെങ്കിലും അവയൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സമയനിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. പുതിയ മാറ്റത്തെക്കുറിച്ച്‌ എടിഎം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച്‌ ഇടപാടുകാരെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

ശ്രീ​റാം വെങ്കിട്ടരാമൻ കേ​സ്:പ​രി​ശോ​ധി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന വാ​ദം തെ​റ്റ്;പോലീസിനെതിരെ ഡോക്റ്റർമാരുടെ സംഘടന

keralanews sriram venkittaraman case doctors association will file complaint against police report

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ശ്രീറാമിന്‍റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വാദം തെറ്റാണ്.ശ്രീറാമിന്റെ ദേഹ പരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്.രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല.നിയമപരമായ നടപടിക്രമങ്ങള്‍ ഡോക്ടര്‍ പാലിച്ചിരുന്നു. എസ്‌ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്തപരിശോധന നടത്തിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കളവാണെന്നും സംഘടന പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.രക്ത പരിശോധന നടത്താത്തതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.പ്രത്യേക അന്വേഷണസംഘത്തലവന്‍ ഷീന്‍ തറയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പരിസോധന ചാര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രക്തപരിശോധന നടത്താന്‍ ആവശ്യപ്പെടാതെ, മെഡിക്കല്‍ എടുക്കാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല, പൊലീസ് കേസെടുക്കാത്തതിനാല്‍ തനിക്ക് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പോലീസ് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടെന്നു സിറാജ് പത്രത്തിന്‍റെ മാനേജ്മെന്‍റ് ആരോപിച്ചിരുന്നു. അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം.രാത്രി ഒരു മണിക്കുണ്ടായ പകടത്തില്‍ രാവിലെ എട്ടുമണിയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ താന്‍ പൊലീസിന്റെ ഒപ്പം ഉണ്ടായിരുന്നെന്നും, എന്നാല്‍ തന്റെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും പരാതിക്കാരനായ സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി.

കോഴിക്കോട് പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

keralanews seven students were injured when a pick up lorry fell on their body

കോഴിക്കോട്:പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പയിമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടിനകത്തെ മുറ്റത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ഹൈസ്കൂളില്‍ നിന്ന് ഹയര്‍സെക്കണ്ടറിയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം നടന്നത്. സാധനങ്ങള്‍ കയറ്റിവരികയായിരുന്ന  ലോറി ഇതിലെ നടന്ന് പോയിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.അമിത ലോഡാണ് അപകടകാരണമെന്നാണ് പറയപ്പെടുന്നത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ക്‌ളീൻ പയ്യാമ്പലം ഡ്രൈവിലൂടെ പയ്യാമ്പലം ബീച്ചിനെ മാലിന്യമുക്തമാക്കി കണ്ണൂർ സൈക്ലിംഗ് ക്ലബ്

keralanews kannur cycling club cleaned payyambalam beach through clean payyambalam drive

കണ്ണൂർ:പ്രളയത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ ബീച്ചിനെ ക്‌ളീൻ പയ്യാമ്പലം ഡ്രൈവിലൂടെ മാലിന്യമുക്തമാക്കി കണ്ണൂർ സൈക്ലിംഗ് ക്ലബ്.മാതൃഭൂമി ക്ലബ് എഫ്എം.,സന്നദ്ധസംഘടനകളായ ‘കൈകോർത്ത് കണ്ണൂർ’,കണ്ണൂരിലെ യുവതികളുടെയും യുവാക്കളുടെയും കൂട്ടായ്മയായ ‘വൗ കണ്ണൂർ’,കണ്ണൂർ സൈക്ലിംഗ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പയ്യാമ്പലം തീരം മാലിന്യമുക്തമാക്കിയത്.ഞായറാഴ്ച  തുടങ്ങിയ ശുചീകരണം വൈകുന്നേരം മൂന്നു മണി വരെ തുടർന്ന്.’ക്‌ളീൻ പയ്യാമ്പലം ഡ്രൈവ്’ എന്ന പേരിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ഇരുനൂറോളംപേർ പങ്കെടുത്തു.പ്രളയത്തെ തുടർന്ന് വിവിധയിടങ്ങളിൽ നിന്നും പുഴകളിലൂടെ ഒഴുകിയെത്തിയ മരത്തടികളും പ്ലാസ്റ്റിക്കുകളും മറ്റും അടങ്ങിയ മാലിന്യങ്ങൾ കിലോമീറ്ററുകളോളം നീളത്തിൽ കടപ്പുറത്ത് അടിഞ്ഞുകൂടിയിരുന്നു.തീരത്തു നിന്നും ശേഖരിച്ച മാലിന്യങ്ങൾ കോർപറേഷൻ അധികൃതർക്ക് കൈമാറി.കണ്ണൂർ ഡെപ്യുട്ടി മേയർ പി.കെ രാഗേഷ് ശ്രമദാനം ഉൽഘാടനം ചെയ്തു.കണ്ണൂർ സൈക്ലിംഗ് ക്ലബ് പ്രസിഡണ്ട് കെ.വി രതീശൻ,വൈസ് പ്രസിഡന്റ് കെ.ജി മുരളി,സെക്രെട്ടറി കെ.നിസാർ,ജോയിന്റ് സെക്രെട്ടരി  ടി.പ്രശാന്ത്,ട്രഷറർ വി.സി ഷിയാസ് എന്നിവർ സംസാരിച്ചു.

കവളപ്പാറയില്‍ തെരച്ചിൽ ഇന്നും തുടരും;ഇനിയും കണ്ടെത്താനുള്ളത് 13 പേരെ കൂടി

keralanews search continues in kavalappara today 13 more are yet to be find out

മലപ്പുറം:നിലമ്പൂർ കവളപ്പാറയിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും.13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ 6 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.കവളപ്പാറയിലെ മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി.എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചേക്കാം.ചളി വെള്ളത്തിൽ മണ്ണുമാന്തിയന്ത്രങ്ങൾ താഴുന്നത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുന്നുണ്ട്.ഇന്നലെ ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം ജി.പി.ആർ ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിരുന്നെങ്കിലും ഇവിടെ നിന്നും ആളുകളെ കണ്ടെത്താനായില്ല. വെള്ളത്തിന്റെ സാന്നിദ്ധ്യമാണ് റഡാർ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചത്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

keralanews sister lucy kalappura complained that she was locked in the room

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. രാവിലെ ആറരമുതലാണ് സിസ്റ്റര്‍ ലൂസിയെ വയനാട്ടിലെ മഠത്തില്‍ പൂട്ടിയിട്ടത്. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിയതായി കണ്ടത്. ഒടുവില്‍ സിസ്റ്റര്‍ വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് വാതില്‍ തുറപ്പിച്ചത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പോലിസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍നിന്ന് പുറത്താക്കിയെന്ന് കാണിച്ച്‌ അധികൃതര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയതിന്റെ പേരിലാണ് സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയത്.മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം.

മലയാളിയായ ഒളിമ്പ്യൻ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

keralanews dhyan chand award for malayali olympian manuel frederick

ന്യൂഡൽഹി:മലയാളിയായ ഒളിമ്പ്യൻ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം. കായികരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പുരസ്‌കാര നിര്‍ണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമര്‍പ്പിച്ചു.കണ്ണൂര്‍ സ്വദേശിയായ ഫ്രെഡറിക്ക് 1972ലെ ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിമ്ബിക് മെഡല്‍ നേടിയ ഏക മലയാളി കൂടിയാണ് ഫ്രെഡറിക്ക്. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച്‌ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. ഗോള്‍മുഖത്തെ കടുവ എന്നാണ് മാനുവല്‍ ഫ്രെഡറിക്ക് അറിയപ്പെട്ടിരുന്നത്. അന്ന് വെങ്കലം നേടിയ ടീമിലെ എട്ട് പേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ട് പേര്‍ക്ക് പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു. ഏറെക്കാലം നീണ്ട അവഗണനകള്‍ക്കൊടുവിലാണ് ഫ്രെഡറിക്കിനെ തേടി പുരസ്‌കാരം എത്തുന്നത്.അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ മുഹമ്മദ് അനസ്, മിനിമോള്‍ എബ്രഹാം, സജന്‍ പ്രകാശ് എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. ക്രിക്കറ്റില്‍ നിന്ന് ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് സാധ്യത. പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്ന പന്ത്രണ്ടംഗ സമിതി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.

കണ്ണൂർ കോർപറേഷൻ ഭരണം യുഡിഎഫിന്

keralanews udf to rule kannur corporation

കണ്ണൂർ:കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കേ കണ്ണൂർ കോർപറേഷൻ പിടിച്ചെടുക്കാൻ മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.ഇതോടെ കോര്പറേഷന് ഭരണം എൽഡിഎഫിന് നഷ്ടമായി.28 പേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 26 പേരാണ് എതിർത്തത്. കോൺഗ്രസ് വിമതനായ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് എൽഡിഎഫിന് തിരിച്ചടിയായത്. നാടകീയതകള്‍ക്കൊടുവിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായത്. കൌണ്‍സില്‍ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഗേഷ് എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചത്. പി.കെ രാഗേഷിനാവും മേയറുടെ താത്കാലിക ചുമതല.കെപിസിസി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ മേയറാകും. ആറു മാസത്തിനുശേഷം മേയർ സ്ഥാനം ലീഗിനു കൈമാറുമെന്നാണു ധാരണ.ഡെപ്യൂട്ടി മേയറായി പി.കെ.രാഗേഷ് തുടരും.എൽഡിഎഫ് പ്രവർത്തകർ തടഞ്ഞേക്കുമെന്ന ആശങ്കയിൽ യുഡിഎഫ് കൗൺസിലർമാരെ മുഴുവൻ നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ചശേഷം ഇന്നു പുലർച്ചെ മൂന്നരയോടെ രഹസ്യമായി കോർപറേഷൻ ഓഫിസിൽ എത്തിക്കുകയായിരുന്നു. കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പി.കെ രാഗേഷ് യു.ഡി.എഫ് പാളയത്തിലേക്കെത്തിയത്.

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവുമായി റിട്ട. പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫ്

keralanews retired dysp george joseph said that there is mystery in the accident that killes the journalist basheer

തിരുവനന്തപുരം:ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവുമായി  റിട്ട. പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫ്.സംഭവത്തെപ്പറ്റി താൻ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ, ബഷീറിന്റെ മരണം കൂടുതൽ സംശയങ്ങളുണർത്തുന്നുണ്ടെന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന സ്മാർട്ട്‌ഫോൺ കണ്ടെടുക്കുകയാണെങ്കിൽ പുതിയ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നും ഒരു അഭിമുഖത്തിൽ ജോർജ് ജോസഫ് പറഞ്ഞു. അപകട സമയത്ത് ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ശേഷം അപകട സ്ഥലം സന്ദര്‍ശിച്ച റിട്ട എസ്.പി ജോര്‍ജ് ജോസഫ് ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ ഏറെ ദുരൂഹത ഉണര്‍ത്തുന്നതാണ്.ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും മദ്യത്തിന്റെ മണം പരിചയമില്ലെന്നും പറയുന്ന വഫ ഫിറോസ്, ശ്രീറാമിൽ വേറൊരു മണമുണ്ടായിരുന്നു എന്നാണ് അഭിമുഖത്തിൽ പറഞ്ഞത്. വേറൊരു മണം ആണ് ശ്രീറാമിനുണ്ടായിരുന്നെങ്കിൽ അത് കഞ്ചാവിന്റെയോ അതുപോലുള്ള മയക്കുമരുന്നിന്റെയോ മണമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ ജോർജ് ജോസഫ് പറയുന്നു.’സിറാജ് പത്രത്തിന്റെ ഓഫീസ് കവടിയാർ ജംഗ്ഷനിലാണ്. കെ.എം ബഷീർ കൊല്ലത്തുനിന്ന് മടങ്ങിയെത്തി നേരെ പോയത് ഈ ഓഫീസിലേക്കാണ്. അരമണിക്കൂറോളം അദ്ദേഹം അവിടെ നിന്നു. സിറാജിന്റെ ഓഫീസിൽ നിന്നാൽ കവടിയാർ ജംഗ്ഷൻ വ്യക്തമായി കാണാം. അതിനടുത്തു നിന്നാണ് ശ്രീറാം തന്റെ കാറിൽ കയറിയതെന്ന് വഫ ഫിറോസ് പറയുന്നുണ്ട്. ശ്രീറാമിനെ പോലെ പ്രസിദ്ധനായ ഒരു വ്യക്തിയെ ആ സമയത്ത് അവിടെ കണ്ടത് ബഷീർ ശ്രദ്ധിച്ചിട്ടുണ്ടാകും. രാത്രി ഒരുമണി സമയത്ത് അത് കാണുമ്പോൾ ഒരു പത്രപ്രവർത്തകൻ സ്വാഭാവികമായും ഫോട്ടോ എടുക്കും.അല്ലെങ്കിൽ, നമ്പർ നോട്ട് ചെയ്യും.അത് ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അതിനു ശേഷം ബൈക്ക് ഓടിച്ച് ബഷീർ മുന്നോട്ടുപോയിട്ടുണ്ടെങ്കിൽ കാർ അതിനെ പിന്തുടർന്നത് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷേ, അതിന് തെളിവ് കിട്ടണമെങ്കിൽ ബഷീറിന്റെ മൊബൈൽ ഫോൺ പരിശോധിക്കണം.അതിനകത്ത് ഫോട്ടോയെ മറ്റു വല്ലതുമുണ്ടോ എന്ന് ഉറപ്പുവരുത്തണം.എന്നാൽ അപകട സ്ഥലത്തുനിന്ന് മൊബൈൽ ഫോൺ അപ്രത്യക്ഷമായിരിക്കുകയാണ്. ബഷീറിന്റെ സ്മാർട്ട്‌ഫോൺ കണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ 1.56 ന് പൊലീസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരൻ ഈ ഫോണിലേക്ക് വിളിച്ചപ്പോൾ കണക്ട് ചെയ്തിരുന്നു എന്ന് മനസ്സിലായി. അതിനു ശേഷം സ്വിച്ച്ഓഫ് ആവുകയാണ് ചെയ്തത്. വളരെ നിർണായകമായ ഒരു തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് അരങ്ങേറിയതെന്ന് സംശയിക്കുന്നു.ശ്രീറാമിന് ലിഫ്റ്റ് നല്‍കിയ ശേഷം കേവലം കുറച്ചു ദൂരം മുന്നോട്ട് പോകവേ വാഹനം നിര്‍ത്തി ഡ്രൈവിംഗ് സീറ്റ് ശീറാമിന് കൈമാറിയതായാണ് വഫയുടെ മൊഴി. അതിന് ശേഷം ഓവര്‍ സ്പീഡില്‍ വാഹനം പോയതായും പറയുന്നുണ്ട്. എന്നാല്‍ ചെറിയ ദൂരം മാത്രം പോകേണ്ട അവസരത്തില്‍ എന്തിനാണ് പെട്ടെന്ന് അങ്ങനെ മാറിക്കയറിയതെന്ന് ജോര്‍ജ് ജോസഫ് ചോദിക്കുന്നു. മൊബൈൽ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞാൽ കേസിന്റെ കഥ മാറും; മൊബൈൽ സംസാരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.’ – മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോർജ് ജോസഫ് പറയുന്നു.

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്;ഓമനക്കുട്ടൻ കുറ്റക്കാരനല്ല;സസ്‌പെന്‍ഷനും കേസും പിന്‍വലിക്കും

keralanews collection of money from relief camp omanakkuttan is not guilty suspension and the case will be withdrawn

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്ന്  പാർട്ടി സസ്‌പെൻഡ് ചെയ്ത സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരാതിയില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കൂടാതെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. കൂടാതെ ഓമനക്കുട്ടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസ് പിന്‍വലിക്കും.ചേര്‍ത്തല തെക്കു പഞ്ചായത്ത് ആറാംവാര്‍ഡ് എസ്.സി കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയെതുടർന്നാണ് സി.പി.എം കുറുപ്പംകുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തത്. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ്.സംഭവം പുറത്തായതോടെ  ഓമനക്കുട്ടനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡു ചെയ്തതായി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ അറിയിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം ഇതിന് അംഗീകാരവും നല്‍കി. ഓമനക്കുട്ടന്‍ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയും സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടത്. എന്നാൽ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഓമനക്കുട്ടനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നൽകുകയായിരുന്നു. ഓമനക്കുട്ടനോട് സര്‍ക്കാര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.ദുരന്തനിവാരണ അതോറിറ്റി തലവന്‍ വേണു ഓമനക്കുട്ടനോട് ക്ഷമചോദിച്ച്‌ നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ നിര്‍ദേശം.ഓമനക്കുട്ടന്‍ കഴിഞ്ഞ കാലങ്ങളിലും ക്യാമ്പിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയ ആളാണെന്ന് മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനായാണ് അദ്ദേഹം പണം പിരിച്ചതെന്നും വേണു കുറിച്ചു. പോലീസ് കേസുമായി വകുപ്പ് മുന്നോട്ടു പോവില്ലെന്നും കേസ് പിന്‍വലിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.