News Desk

ചിദംബരത്തിന് കുരുക്ക് മുറുകുന്നു; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

keralanews enforcement directorate issues look out notice against p chithambaram

ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് കുരുക്ക് മുറുകുന്നു. അറസ്റ്റിനായി മൂന്ന് തവണ സി.ബി.ഐ ചിദംബരത്തിന്റെ വസതിയിലെത്തി. എന്നാല്‍ ചിദംബരം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സംഘം മടങ്ങി.ഇതേ തുടർന്നാണ് പി ചിദംബരത്തിനെതിരേ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.സിബിഐ സംഘം നാലു തവണ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്. ചിദംബരത്തിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയുള്ള ഹൈക്കോടതി വിധി. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നിരിക്കെയാണ് ചിദംബരം ഇന്നലെ തന്നെ തിരക്കിട്ട് സുപ്രിം കോടതിയെ സമീപിച്ചത്.കേസ് അടിയന്തരമായി വാദം കേൾക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം ജസ്റ്റിസ് രമണ കേസ് ചീഫ് ജസ്റ്റിസിന് വിട്ടു. ഉച്ചകഴിഞ്ഞ് കേസ് പരിഗണനയ്ക്ക് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍ വി രമണയുടെ മുന്നിലാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. എന്നാല്‍ കേസ് പരിഗണിക്കുന്നതും ലിസ്റ്റ് ചെയ്യുന്നതും ചീഫ് ജസ്റ്റിസാണെന്നും, അദ്ദേഹത്തിന്റെ കോടതിയെ സമീപിക്കാനും ജസ്റ്റിസ് രമണയുടെ ബെഞ്ച് നിര്‍ദേശിച്ചു. ചിദംബരത്തിന്റെ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാനാവില്ല. അറസ്റ്റ് തടഞ്ഞ് ഉത്തരവിടാനാകില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുന്നതിന് സിബിഐക്ക് തടസ്സമില്ല.

ഇന്നലെ നാലു തവണ ചിദംബരത്തിന്റെ വസതിയില്‍ എത്തിയ സിബിഐ സംഘം അര്‍ദ്ധരാത്രിയില്‍ എത്തിയപ്പോള്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാണിച്ച്‌ വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ സിബിഐ യുടെ അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത ചിദംബരം സിബിഐ യുടെ തിടുക്ക നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ സിബിഐക്ക് മുന്നില്‍ ഹാജരാകാതിരുന്ന ചിദംബരം, അഭിഭാഷകന്‍ മുഖേന രാവിലെ 10.30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് ചിദംബരം ഒളിവില്‍ പോയെന്ന് കണക്കാക്കിയാണ് സിബിഐ ഇപ്പോള്‍ മുന്‍ കേന്ദ്രമന്ത്രിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.

കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം;ശ്രീറാം വെങ്കിട്ടരാമനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും

keralanews sriram venkittaraman case investigation team will record the statement of doctors who treated sriram

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്കുശേഷം ശ്രീറാം ചികിത്സ തേടിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മൊഴിയാണ് ഇതിന്റെ ഭാഗമായി ശേഖരിക്കുക. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടറും ശ്രീറാമിന്റെ സുഹൃത്തും കൂടിയായ അനീഷ് രാജിനെ അന്വേഷണസംഘം തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നേരത്തേ ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം ശ്രീറാം ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോള്‍ അനീഷ് രാജ് ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നാണ് അനീഷ് രാജ് അന്വേഷണ സംഘത്തോട് പറഞ്ഞത്. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് മ്യൂസിയം റോഡില്‍ വെച്ച്‌ ഉണ്ടായ അപകടത്തില്‍ കെ.എം. ബഷീര്‍ മരിക്കുന്നത്. അതിനുശേഷം ശ്രീറാമിനെ പൊലീസ് ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സകള്‍ക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാനാണ് പറഞ്ഞത്. എന്നാല്‍, ശ്രീറാം സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പിന്നീട് അറസ്റ്റിലാവുകയും അവിടെത്തന്നെ റിമാന്‍ഡില്‍ കഴിയുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് നല്‍കിയ ചികിത്സ സംബന്ധിച്ച്‌ ഡോക്ടര്‍മാരില്‍നിന്ന് വിവരം ശേഖരിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ചികിത്സാ രേഖകളും പരിശോധിക്കും.

സാലറി ചലഞ്ച്;കെ.എസ്.ഇ.ബി സമാഹരിച്ച 132 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

keralanews salary challenge 132 crore raised by kseb has been donated to the relief fund

തിരുവനന്തപുരം:സാലറി ചലഞ്ചിന്‍റെ ഭാഗമായി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുകയായ 132 കോടി രൂപയുടെ ചെക്ക് കെ.എസ്.ഇ.ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീല്‍ വെച്ച് വൈദ്യുതി മന്ത്രി എം.എം മണിയാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.സാലറി ചലഞ്ചിനായി പിരിച്ച തുക കെ.എസ്.ഇ.ബി കൈമാറിയില്ലെന്ന റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഒരുമിച്ച് നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇന്നലെ തുക കൈമാറിയത്.

കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ്

keralanews consumer fed will blacklist two companies for not giving rice to consumer fed

തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്. ഈ കമ്പനികൾ പിൻമാറിയതിനാൽ 518 ടൺ അരി ഓണ ചന്തകളിലേക്കായി മറ്റിടങ്ങളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്കണ്‍സ്യൂമര്‍ ഫെഡ്.ഇത്തവണ 3500 ഓണചന്തകളാണ് സംസ്ഥാനത്തുണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേതിലും 150 ചന്തകള്‍ കൂടുതലായുണ്ടാകും. നേരത്തെ നാല് കമ്പനികള്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി നല്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് കമ്പനികള്‍ അരി നല്കാമെന്ന് അറിയിച്ചെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.അരി നല്കില്ല എന്നറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മെഹബൂബ് പറഞ്ഞു.ഓണചന്തയിലേക്കുള്ള 70 ശതമാനം സാധനങ്ങൾ എത്തിച്ച് കഴിഞ്ഞു.പ്രളയം കണക്കിലെടുത്ത്. കടലോര മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ചന്തകൾ തുടങ്ങാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു.

ഉത്തരേന്ത്യയിൽ പ്രളയ ദുരിതം തുടരുന്നു;യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു

keralanews floods continue in north india railway crossing across yamuna railway bridge stopped

ന്യൂഡൽഹി:ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല.യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല.ഉത്തരേന്ത്യയില്‍ ഇതുവരെ പ്രളയക്കെടുതിയില്‍ മരിച്ചത് 85 പേരാണെന്നാണ് കണക്ക്. പലയിടങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പഞ്ചാബ് ഗവണ്‍മെന്റ് വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ദുരിതാശ്വാസത്തിനായി 100 കോടി രൂപ അനുവദിച്ചു.

ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​ന്‍റെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ബിസിസിഐ അവസാനിപ്പിക്കുന്നു

keralanews b c c i ends the life time ban of sreesanth

മുംബൈ:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക്‌ വിടുകയായിരുന്നു.ക്രിക്കറ്റിന് തന്നെ നാണക്കേടായ ഒത്തുകളി വിവാദത്തില്‍ 2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്തിനു പുറമേ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാന്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച്‌ 15ന് ബിസിസിഐ അച്ചടക്ക കമ്മിറ്റിയുടെ ഉത്തരവ് സുപ്രീം കോടതി തള്ളി ശ്രീശാന്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷ ജെയ്ന്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് അന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയ്ന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

keralanews chance for heavy rain in the state for the next five days

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്.

വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭർത്താവ് ഫിറോസ് രംഗത്ത്

keralanews wafa firozs argument breaks and her husband demanding a divorce

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമൻ കേസിൽ അപകട സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ വാദം പൊളിയുന്നു.വഫായിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഫിറോസ് കേസ് ഫയൽ ചെയ്തു.നോട്ടീസ് ലഭിച്ച്‌ 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.വഫയ്ക്ക് നല്‍കിയ വിവാഹമോചന നോട്ടീസിന്റെ പകര്‍പ്പ് വെള്ളൂര്‍കോണം മഹല്ല് കമ്മിറ്റിക്കും നല്‍കിയിട്ടുണ്ട്. മുസ്ലിം മതാചാര പ്രകാരം 2000 ഏപ്രില്‍ 30 നാണ് ഇരുവരും വിവാഹതിരയായത്. ഇവര്‍ക്ക് 16 വയസുള്ള മകളുമുണ്ട്.അപകടം നടന്നതിന് ശേഷം വഫ  പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താനും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഭർതൃവീട്ടുകാർ തന്റെ ഒപ്പം ആണെന്നുമാണ് പറഞ്ഞിരുന്നത്.എന്നാൽ ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷബന്ധം,തന്റെ വാക്കുകൾ മുഖവിലക്കെടുക്കാതെയും,പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കൽ,അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ,തന്റെ ചിലവിൽ വാങ്ങിയ കാർ സ്വന്തംപേരിൽ രെജിസ്റ്റർ ഇഷ്ട്ടാനുസരണം രഹസ്യയാത്രകൾ നടത്തൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീൽ നോട്ടീസിലുള്ളത്. വിവാഹജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്ന ദിവസം വരെയുള്ള വഫയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോട്ടീസിൽ വിശദീകരിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു;മരണം 80 കടന്നു;യമുനാ നദി അപകട നിലയ്ക്കും മുകളില്‍; പ്രളയഭീതിയില്‍ ഡല്‍ഹി

keralanews heavy rain continues in north india 80 killed water level in yamuna river reaches danger mark delhi in flood scare

ഡൽഹി:ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു.മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.22 പേരെ കാണാനില്ല. ഹിമാചൽപ്രദേശിലെ കുളുവിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മണാലി -കുളു ദേശീയപാത തകർന്നു. ഹൗൽ – സ്പിതി ജില്ലയിൽ കുടുങ്ങിയ വിദേശികളും മലയാളികളുമടക്കം 150 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.സർസാദിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.പഞ്ചാബിൽ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

അതേസമയം യമുനാ നദിയിലിലെ ജലനിരപ്പ് അപകട നിലയും പിന്നിട്ടതോടെ ഡൽഹി പ്രളയഭീതിയിലാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുമുനാ നദിയുടെ ജലനിരപ്പ് അപകട നിലയും കടന്നത്. ഹരിയാണയിലെ ഹത്‌നികുണ്ട് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്ത് വിടുന്നതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം പേരെ ഇതിനോടകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളകാന്‍ സാധ്യതയുള്ളതിനാല്‍ 23,800 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു.ജലനിരപ്പ് വലിയ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യമുനക്ക് മുകളിലുള്ള പഴയ ഇരുമ്പ് പാലം അടച്ചിട്ടു.

കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു

keralanews yarn exports from kannur cooperative spinning mill to abroad

കണ്ണൂർ:കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു.മ്യാന്മറിലേക്കും ശ്രീലങ്കയിലേക്കുമാണ് ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുന്നത്.മ്യാന്മറിലേക്കുള്ള ഒരു ലോഡ് നൂലിന്റെ ഉത്പാദനം പൂർത്തിയായി.ശ്രീലങ്കയിൽ നിന്നും ഓർഡർ ലഭിച്ച രണ്ട് ലോഡ് നൂലിന്റെ ഉത്പാദനം ഉടൻ തുടങ്ങും.മികച്ച ഗുണനിലവാരമുള്ള 2/80 ഇനം നൂലാണ് കയറ്റുമതി ചെയ്യുക.മ്യാന്മറിലേക്ക് 5400 കിലോയും ശ്രീലങ്കയിലേക്ക് 6780 കിലോയുടെ രണ്ട് ലോഡുകളുമാണ് അയക്കുക.ചെന്നൈ തുറമുഖം വഴിയാണ് നൂൽ കൊണ്ടുപോവുക.2008 ലാണ് കണ്ണൂർ മില്ലിന്റെ നവീകരണം തുടങ്ങിയത്.മന്ത്രി ഇ.പി ജയരാജൻ കഴിഞ്ഞ നവംബറിൽ മിൽ സന്ദർശിച്ചിരുന്നു.തുടർന്ന് മില്ലിൽ ഹാങ്ങ് ഓവർ യൂണിറ്റും ഇറ്റലിയിൽ നിന്നും ഓട്ടോ കോർണർ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു. നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയതാണ് വിദേശ ഓർഡറുകൾ ലഭിക്കാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു.മില്ലിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.40 വർഷത്തോളം പഴക്കമുള്ള യന്ത്രങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ 17.5 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ എൻ.സി.ഡി.സിക്ക് നൽകിയിട്ടുണ്ട്. പത്തുവർഷത്തിലധികം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായി മില്ലിൽ ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം നടപ്പിൽ വരുത്താൻ ശ്രമം നടത്തുന്നുണ്ട്.സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിലുള്ള നെയ്ത് സംഘങ്ങൾക്ക് കണ്ണൂർ മിൽ മാസം 20000 കിലോ നൂൽ നൽകുന്നുണ്ട്.60 ലക്ഷം രൂപയുടെ നൂൽ ഇത്തരത്തിൽ നൽകിക്കഴിഞ്ഞു.