ഇടുക്കി:പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു.ഇക്കണോമിക്സ് ചോദ്യ പേപ്പറാണ് ചോർന്നത്.ഇടുക്കിയിലെ എട്ട് സ്കൂളുകളിലാണ് ചോദ്യപ്പേപ്പർ ചോർന്നത്.ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്.ഇതേതുടർന്ന് അധ്യാപകർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോൾ ഹിസ്റ്ററി ചോദ്യപ്പേപ്പർ സ്കൂളിലേക്ക് ഇമെയിൽ ചെയ്തു. ഇത് സ്കൂളിൽ വച്ച് തന്നെ പ്രിന്‍റെടുത്ത് കുട്ടികൾക്ക് നൽകി 11 മണിക്ക് പരീക്ഷ ആരംഭിച്ചു.എന്നാൽ വൈദ്യുതിയില്ലാതിരുന്നതിനാൽ മലയോര മേഖലകളിലെ സ്കൂളുകളിൽ ചോദ്യങ്ങൾ ബോർഡിൽ എഴുതി നൽകിയാണ് പരീക്ഷ നടത്തിയത്. പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എൽശി, ഹയർസെക്കൻഡറി ഫൈനൽ പരീക്ഷകൾ രാവിലെ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായാണ് പദ്ധതി നടപ്പിക്കാലാക്കിയത്.ചോദ്യപ്പേപ്പർ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൊളിയുന്നു
അജ്മാന്‍:വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിയുന്നു.ചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി അജ്മാന്‍ കോടതിയില്‍ ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരനായ നാസില്‍ അബ്ദുല്ലയും ഹാജരായിരുന്നു.പ രാതിക്കാരനായ നാസില്‍ തന്‍റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രോസിക്യൂഷന്‍റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ശ്രമം നടന്നെങ്കിലും ഒത്തു തീര്‍പ്പ് തുക അപര്യാപ്തമാണെന്നു പറഞ്ഞു നാസില്‍ അബ്ദുള്ള ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല.യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ജാമ്യകാലാവധി കഴിയുന്ന മുറക്കായിരിക്കും തുഷാര്‍ കോടതിയിലെത്തുക. 20 ദിവസത്തിനകം ജാമ്യകാലാവധി അവസാനിക്കും.തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്.കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാറിന് കേസ് തീരും വരെ യു എ ഇ വിട്ടു പോകാനാകില്ല.
കവളപ്പാറയില്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത 11 പേര്‍ക്കായി രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനം
മലപ്പുറം: ഉരുൾപൊട്ടൽ നാശം വിതച്ച കവളപ്പാറയില്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത 11 പേര്‍ക്കായി രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനം. ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും കവളപ്പാറയില്‍ ആരേയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി കാണാതായാവരുടെ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തി ഇന്ന് പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് തെരച്ചില്‍ രണ്ട് ദിവസം കൂടി തുടരാനുള്ള തീരുമാനമുണ്ടായത്.സാധ്യമായ എല്ലാ രീതിയിലും കവളപ്പാറയില്‍ തെരച്ചില്‍ നടത്തിയെന്നും കാണാതായവരെ ഇനി കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായവരുടെ ബന്ധുക്കള്‍ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇതോടെയാണ് തെരച്ചില്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചത്.കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ചാവും ഇനിയുള്ള രണ്ട് ദിവസം തെരച്ചില്‍ നടത്തുക. രണ്ട് ദിവസത്തെ തെരച്ചിലിലും ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ തെരച്ചില്‍ അവസാനിപ്പിച്ച് കാണാതായവരെ മരിച്ചതായി കണക്കാക്കി ആശ്രിതര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റും ധനസഹായവും നല്‍കാനും യോഗത്തില്‍ ധാരണയായി.
ആമസോണ്‍ കാടുകളിലെ തീയണയ്ക്കാൻ സൈന്യം;എയർ ടാങ്കറുകൾ കാടുകള്‍ക്ക് മേല്‍ ‘മഴ’ പെയ്യിക്കുന്നു
ബ്രസീൽ:ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖല മഴക്കാടായ ആമസോണ്‍ വനത്തിലെ തീ അണക്കാന്‍ ബ്രസീലിയന്‍ യുദ്ധവിമാനങ്ങള്‍ ആമസോണ്‍ വനങ്ങില്‍ എത്തി. വെള്ളം ഒഴിച്ച് തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയാണെന്ന് ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.പാരാ, റോണ്ടോണിയ, റോറൈമ, ടോകാന്റിന്‍സ്, ഏക്കര്‍, മാറ്റോ ഗ്രോസോ എന്നീ സംസ്ഥാനങ്ങളാണ് സൈന്യത്തിന്റെ സേവനം തേടിയിരിക്കുന്നത്.പാരാഗ്വ അതിര്‍ത്തിയില്‍ മാത്രം 360 കിലോമീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൌദ്യോഗിക കണക്കുകള്‍. അതേസമയം അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മോറല്‍സിന്‍റെ പ്രത്യേക ആവശ്യപ്രകാരം എത്തിയ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ കാടുകള്‍ക്ക് മേല്‍ മഴ പെയ്യിപ്പിച്ച് പറക്കുന്നതിന്‍റെ ആകാശ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്നത്.
മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോവണം;തരൂരിന്റെ മോദി സ്തുതിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
കോഴിക്കോട്:നരേന്ദ്രമോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എം.പി.മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോയി സ്തുതിക്കണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ഇടയ്ക്ക് മോദി സ്തുതി നടത്തിയാല്‍ മാത്രമേ വിമര്‍ശനം ഏല്‍ക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസില്‍ നില്‍ക്കേണ്ട. ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയത്. അത് ആരും മറക്കണ്ടേന്നും കെ.മുരളീധരന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാര്‍ട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവര്‍ക്ക് പുറത്ത് പോകാം.താന്‍ കുറച്ച് കാലം പാര്‍ട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. പാര്‍ട്ടിക്കകത്തിരുന്നുകൊണ്ട് ശശി തരൂരിനെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അനുവദിക്കില്ലെന്നും, മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവര്‍ക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കില്‍ കോടതിയില്‍ നേരിടണമെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം മോദിയെ മഹത്വവത്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്വമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. ആര്‍.എസ്.എസ്. അജണ്ടയുടെ ഭാഗമായി മോദി നടപ്പാക്കുന്ന നയങ്ങളോട് കോണ്‍ഗ്രസിന് ഒരിക്കലും യോജിക്കാനാകില്ല. അതുകൊണ്ടാണ് പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് മോദിയെ ശക്തമായി എതിര്‍ക്കുന്നത്.’ മോദിയെ എതിര്‍ക്കുന്നത് ഒരു പുതിയ കാര്യമല്ലെന്നും മോദിയെ മഹത്വവത്കരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിക്കുന്നു
കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിക്കുന്നു.ഗ്രാമിന് 3580 രൂപയും പവന് 320 വര്‍ധിച്ച് 28,640 രൂപയായി. സ്വര്‍ണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വിവാഹ സീസണും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയത്. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.
റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് ഒക്ടോബർ മുതൽ റേഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് ഒക്ടോബർ മുതൽ റേഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.രണ്ടാം മോദി സര്‍ക്കാറിെന്‍റ ‘ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ് പദ്ധതി’യുടെ ഭാഗമായാണ് നിര്‍ദേശം. ആധാര്‍ ഇനിയും ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാന അവസരമാണിതെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു.അടുത്ത ജൂണ്‍ 30ന് മുൻപ് ‘ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ് പദ്ധതി’ നടപ്പാക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് സെപ്റ്റംബര്‍ 30ന് ശേഷം ആധാര്‍ നമ്പർ നല്‍കാത്തവര്‍ റേഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇ-പോസിലൂടെ ആധാര്‍ ചേര്‍ക്കുവാന്‍ ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളിലെത്തിയാല്‍ മതിയാകും. ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ക്കുവാന്‍ താലൂക്ക് സപ്ലൈ ഓഫിസ് / സിറ്റി റേഷനിങ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ റേഷന്‍കാര്‍ഡും ചേര്‍ക്കേണ്ട ആധാര്‍ കാര്‍ഡുമായി എത്തുക.ഓണ്‍ലൈനായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാന്‍ civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.നിലവില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗത്തിെന്‍റയെങ്കിലും ആധാര്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂ.
ഇടുക്കി കുട്ടിക്കാനത്ത് ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
ഇടുക്കി: കുട്ടിക്കാനത്ത് വളഞ്ഞങ്ങാനത്ത് ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടില്‍നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.വാഹനത്തില്‍നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.ഏറെ കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തീവ്രവാദ ബന്ധം സംശയിച്ച് തൃശ്ശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ വിട്ടയച്ചു
തൃശൂർ:തീവ്രവാദ ബന്ധം സംശയിച്ച് തൃശ്ശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ വിട്ടയച്ചു.കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം അബ്ദുള്‍ ഖാദറിനേയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതി എന്നിവരെയാണ് വിട്ടയച്ചത്. ശനിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.24 മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച് എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് എന്നീ ഏജന്‍സികളും യുവാവിനെ ചോദ്യം ചെയ്തിരുന്നു.ലഷ്‌കര്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. മലയാളികള്‍ ഉള്‍പ്പെട്ട ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്നാട്ടില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.താന്‍ നിരപരാധിയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നുമാണ് റഹീം അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിൽ ഭക്ഷ്യവിഷബാധ;ഷവർമ്മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ ചികിത്സയിൽ
കണ്ണൂർ:പയ്യന്നൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.മാടക്കാല്‍ സ്വദേശി പി സുകുമാരനും കുടുംബവുമാണ് ഭക്ഷവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്ന് സുകുമാരന്‍ രണ്ടു പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബ്ബൂസും പാഴ്‌സലായി വാങ്ങിയിരുന്നു.ശേഷം വീട്ടിലെത്തുകയും അത് കഴിച്ച് വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവശനിലയിലായ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പൂട്ടിക്കുകയും 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.