തിരുവനന്തപുരം:മദ്യലഹരിയിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണത്തിൽ തൃപ്തരാണെന്ന് മരണപ്പെട്ട ബഷീറിന്റെ കുടുംബം.ശ്രീറാമിനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം നല്ല രീതിയില്‍ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും പിണറായി വിജയനെ കണ്ടശേഷം ബന്ധുക്കള്‍ പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച ബഷീറിന്‍റെ ഭാര്യക്ക് ജോലിയും സാമ്ബത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയിരുന്നു. അതേസമയം, മൊഴികള്‍ എല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കുറ്റപ്പത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നു. ഇനി ചില രഹസ്യ മൊഴികള്‍ രേഖപ്പെടുത്താനും പൂനെയില്‍ നിന്നുള്ള സംഘം നടത്തിയ വാഹനപരിശോധനയുടെ റിപ്പോര്‍ട്ടും കൂടി മാത്രമാണ് കിട്ടാനുള്ളത്.
കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ദുരന്തത്തില്‍ കാണാതായ 11 പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.സാധ്യമായ എല്ലാ രീതിയും പരീക്ഷിച്ച ശേഷമാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്താന്‍ ധാരണയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.ഓഗസ്റ്റ് ഒന്‍പതിന് തുടങ്ങിയ തിരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു.എന്നാല്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്.കണ്ടെത്താൻ കഴിയാത്തവരെ ഓഖി ദുരന്ത കാലത്ത് സ്വീകരിച്ചത് പോലെ മരിച്ചതായി കണക്കാക്കി ഉത്തരിവിറക്കാനും ധനസഹായം ഉൾപ്പടെ എല്ലാ നടപടികളും സ്വീകരിക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 1.15 ന് ആരംഭിച്ച് രണ്ടിന് അവസാനിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയം ഒന്നേകാല്‍ മുതല്‍ രണ്ടു മണി വരെയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ടു മണിവരെയാണ് ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നില്‍ക്കാനാകൂവെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ മുതല്‍ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു മണി മുതല്‍ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതല്‍ പഞ്ചായത്ത് ഓഫീസുകളില്‍ വരെ നടപ്പാക്കി വരുന്നത്. ഈ ധാരണ തന്നെയാണ് പൊതുജനങ്ങള്‍ക്കുമുള്ളത്.സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി സമയം സംബന്ധിച്ച സംശയങ്ങളും പരാതികളും ഏറിയതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താല്‍ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളില്‍ 10.15 മുതല്‍ 5.15 വരെയാണ് പ്രവൃത്തിസമയം.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ‘മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറും’ സെക്രട്ടേറിയറ്റിന് ‘കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്. എന്നാല്‍ ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലുള്ള ഓഫീസുകളുടെ സമയക്രമത്തില്‍ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇളവ് തുടരേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
കെവിൻ വധക്കേസ്;പത്തു പ്രതികൾക്കും ഇരട്ട ജീവപര്യന്തം
കോട്ടയം:കെവിൻ വധക്കേസിൽ പത്തു പ്രതികൾക്കും ഇരട്ടജീവപര്യന്തം.25000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ദുരഭിമാനക്കൊലയാണെന്നും വിധിച്ചിരുന്നു.നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു – 24), മൂന്നാം പ്രതി ഇഷാന്‍ ഇസ്‌മെയില്‍ (21), നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരന്‍ (27), ഏഴാം പ്രതി ഷിഫിന്‍ സജാദ് (28), എട്ടാം പ്രതി എന്‍. നിഷാദ് (23), ഒമ്ബതാം പ്രതി ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി ഫസില്‍ ഷെരീഫ് (അപ്പൂസ്, 26), പന്തണ്ടാം പ്രതി ഷാനു ഷാജഹാന്‍ (25) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.2018 മെയ് 27ന് പുലര്‍ച്ചെ രണ്ടിനാണ് കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ അടങ്ങുന്ന 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. മേയ് 28 ന് രാവിലെ 8.30 ഓടെ കെവിന്‍റെ മൃതദേഹം തെന്മലക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ കണ്ടെത്തി.ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്താനായത് േപ്രാസിക്യൂഷന് നേട്ടമായി.എന്നാല്‍, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് േപ്രാസിക്യൂഷന്‍ വാദിച്ച അഞ്ചാംപ്രതിയും നീനുവിന്‍റെ പിതാവുമായ തെന്‍മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ ചാക്കോ ജോണ്‍ (51), പത്താംപ്രതി അപ്പുണ്ണി (വിഷ്ണു -25), പതിമൂന്നാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ പൊയ്യാനി ബിജു വില്ലയില്‍ ഷിനു ഷാജഹാന്‍ (23), 14ാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ നേതാജി വാര്‍ഡില്‍ മഞ്ജു ഭവനില്‍ റെമീസ് ഷരീഫ് (25) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു.
മോദി അനുകൂല പ്രസ്താവന; ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും
തിരുവനന്തപുരം: മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതില്‍ ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടും.തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന തിരുത്താത്ത തരൂരിന്‍റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തരൂര്‍ വ്യക്തമാക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെടും. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി അനുകൂല നിലപാടുകളായി രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ഉപയോഗിച്ചേക്കാമെന്നതിനാലാണ് കെ.പി.സി.സി വിഷയത്തില്‍ ഇടപെടുന്നത്. തരൂര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും കെ.പി.സി.സി ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകളില്‍ ഇടപെടണമെന്ന് എ.ഐ.സി.സിയോട് ഔദ്യോഗികമായി ആവശ്യപ്പേട്ടേക്കുമെന്നും സൂചനയുണ്ട്.തരൂരിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരുമുണ്ടാവില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള തരൂരിന്റെ മറുപടി. തന്നെ ആരും പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് രമേശ് ചെന്നിത്തലയോട് തരൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതോടെ നടപടി ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്നാണ് തരൂരിനോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്.മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്.
ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും വയനാട്ടില്‍ എത്തും

വയനാട്:വയനാട് ജില്ലയിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് എത്തും.ഉച്ചയ്ക്ക് 12.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.തുടര്‍ന്ന് റോഡ് മാര്‍ഗം മാനന്തവാടിയിലേക്കുപോകുന്ന രാഹുല്‍ മൂന്ന് മണിയോടെ തലപ്പുഴയില്‍ എത്തും.തലപ്പുഴയിലെ ചുങ്കം സെന്റ് തോമസ് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ദിവസം നിര്യാതനായ ഐഎന്‍ടിയുസി നേതാവ് യേശുദാസിന്റെ വീടും സന്ദര്‍ശിക്കും. അടുത്ത ദിവസങ്ങളിലായി കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.മാനന്തവാടി ഗസ്റ്റ് ഹൗസിലാണ് രാഹുലിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.30 ന് ബാവലിയും ചാലിഗദ്ദയും സന്ദര്‍ശിക്കുന്ന രാഹുല്‍ വൈകീട്ട് നാലിന് വാളാട്, തുടര്‍ന്ന് മക്കിയാട്, പാണ്ടിക്കടവ് ചാമപ്പാടി ചെറുപുഴ എന്നിവിടങ്ങളും എത്തും. 29ന് കല്പ്പറ്റ ബത്തേരി മണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. ശേഷം 30-ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. ഈ മാസം 30 വരെയാണ് പ്രത്യേക സി.ബി.ഐ കോടതി കസ്റ്റഡി നീട്ടിയത്. ചോദ്യം ചെയ്യലിനായി കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. സി.ബി.ഐ അറസ്റ്റിനെതിരായി പി. ചിദംബരം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അതേസമയം എന്‍ഫോഴ്സ്മെന്‍റ് കേസിലുള്ള ജാമ്യാപേക്ഷയില്‍ നാളെയും വാദം കേള്‍ക്കും. മുമ്പ് നാലു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വീട്ട ചിദംബരത്തെ വീണ്ടും നാലു ദിവസത്തേക്ക് കൂടിയാണ് കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ല എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഐ.എന്‍.എക്സ് മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട ചില ഈ മെയിലുകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നും മറ്റ് പ്രതികളോടൊപ്പം ചിദംബരത്തെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റില്‍ നിന്ന് ചില ചോദ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.അതേസമയം ഇതേ കേസില്‍ പി.ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ സുപ്രീംകോടതി പരിഗണിച്ചില്ല.ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ‘അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ ജാമ്യം റദ്ദാക്കാം’.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്‌ഐആറില്‍ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.
ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍
തിരുവനന്തപുരം:ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ശ്രീകാര്യം സ്വദേശിയായ സന്തോഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.സംഭവം മറച്ചു വച്ച ക്ലാസ് ടീച്ചര്‍ക്കെതിരെയും കേസെടുത്തേക്കും.ഇന്നലെ വൈകിട്ട് അഞ്ചരക്ക് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പിടി കൂടിയത്. കഴിഞ്ഞ മാസം 27നാണ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകര്‍ ഉപയോഗിക്കുന്ന ബാത്ത് റൂമില്‍ കൊണ്ട് പോയി നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ അറിയുന്നത്.തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്.കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയിലും ശാരീരിക പീഡനം സ്ഥിരീകരിച്ചു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ അദ്ധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു.ഇതിനിടയിലാണ് അറസ്റ്റുണ്ടായത്. പീഡനവിവരം കുട്ടി ആദ്യം ക്ലാസ് ടീച്ചറോട് പറഞ്ഞെങ്കിലും ക്ലാസ് ടീച്ചര്‍ ബോധപൂര്‍വ്വം മറച്ചു വച്ചു എന്ന മൊഴിയില്‍ നിയമോപദേശം തേടിയ ശേഷം കേസ് എടുക്കാനാണ് അന്വഷണ സംഘത്തിന്‍റെ നീക്കം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത;നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഈ ജില്ലകള്‍ക്ക് പുറമെ കാസര്‍കോടും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒൻപത് ജില്ലകളില്‍ 29 ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്.
തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു
കാഞ്ചിപുരം: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോൾ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനമുണ്ടായത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപെട്ടത്. സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.