തിരുവനന്തപുരം: കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ശാഖകളിൽ ഇന്ന് മുതൽ സ്വർണ പണയത്തിൻമേൽ വായ്പ നൽകില്ല. ശാഖകൾ പൂട്ടുന്നതിന്‍റെ കാരണം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല.എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്. പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നും അറിയിപ്പിൽ പറയുന്നു.അതേസമയം മുത്തൂറ്റ് സമരം സങ്കീർണമാകുന്ന സാഹചര്യത്തിൽ പ്രഴ്നപരിഹാരത്തിനായി ഇന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ ചർച്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാൻസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.മുൻകാല ചർച്ചകളിലെ തീരുമാനങ്ങൾ മാനേജ്മെന്‍റെ നടപ്പിലാക്കാത്തത് കൊണ്ടാണ് സമരമെന്നാണ് തൊഴിലാളികളുടെ പക്ഷം. അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും സമരം സ്ഥാപനത്തെ തകർക്കാനാണ് എന്നുമാണ് മാനേജ്മെന്‍റ് നിലപാട്. സമരം തുടരുകയാണെങ്കിൽ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ;കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറസ്റ്റില്‍
ബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമന്‍സ് അയച്ചത്.429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.2017 ജൂലായില്‍ ശിവകുമാറും മകളും പണം നിക്ഷേപവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി 8.59 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പ്;ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ്
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ചിഹ്നം നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വഴി ജോസ് കെ മാണിയെ അറിയിച്ചുവെന്നും ചിഹ്നത്തിന്‍ മേല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി.ചൊവ്വാഴ്ച ചിഹ്ന തര്‍ക്കത്തില്‍ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തര്‍ക്കത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാര്‍ഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.എന്നാൽ രണ്ടില ചിഹ്നം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് ടോം പറഞ്ഞു. മറ്റ് ചിഹ്നമാണ് കിട്ടുന്നതെങ്കിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് ടോം വ്യക്തമാക്കി.അതേസമയം ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ കോർപറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; സുമ ബാലകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്.രാവിലെ പതിനൊന്ന് മണിക്ക് കോര്‍പ്പറേഷന്‍ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. മുന്‍ മേയര്‍ ഇ.പി ലതയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫിലെ ഇ.പി ലതക്ക് മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.55 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗ സംഖ്യ. ഒരു കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് എല്‍.ഡി.എഫിന് നിലവില്‍ 26 അംഗങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് അടക്കം യു.ഡി.എഫിന് 28 അംഗങ്ങളുടെ പിന്തുണയുണ്ട്.അട്ടിമറികളൊന്നും ഉണ്ടായില്ലങ്കില്‍ സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.പി.കെ രാഗേഷിനോട് എതിര്‍പ്പുള്ള യു.ഡി.എഫ് അംഗങ്ങളില്‍ ആരുടെയെങ്കിലും പിന്തുണയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ .എന്നാല്‍ അത്തരം സാധ്യതകളെ യു.ഡി.എഫ് പൂര്‍ണമായും തള്ളിക്കളയുകയാണ്.
ശ്രീറാം വെങ്കിട്ടരാമൻ കേസിൽ പോലീസിന്റെ കള്ളക്കളി പൊളിയുന്നു;അപകട സമയത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നതായി വിവരാകാശ രേഖ
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ കള്ളക്കളികള്‍ പൊളിയുന്നു. അപകടസമയം പരിസരത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞു. അപകടസമയം മ്യൂസിയം,രാജ്ഭവന്‍ പരിസരത്തെ ഏഴ് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നും വെള്ളയമ്പലത്തെ ക്യാമറ മാത്രമാണ് പ്രവര്‍ത്തിക്കാതിരുന്നതെന്നും വിവരാകാശരേഖയിലൂടെ വ്യക്തമായി.പോലീസ് തന്നെ നല്‍കിയ വിവരാവകാശ രേഖയിലുള്ള മറുപടിയിലാണ് സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാവുന്നത്. മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന്‍ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫിക്സഡ് ക്യാമറകളും ഉണ്ടായിരുന്നു. തലസ്ഥാന നഗരിയില്‍ 235 ക്യാമറകള്‍ ഉണ്ടെന്നും അതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. അത് കൃത്യമായി ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തിന് ആശ്വാസം;സിബിഐ കസ്റ്റഡിയിൽ തുടരും
ന്യൂഡൽഹി:ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ പി.ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും.സുപ്രീംകോടതിയിൽ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ ഇനി വേണ്ടെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി സിബിഐ കസ്റ്റഡിയിൽത്തന്നെ വിടാൻ ഉത്തരവിടുകയായിരുന്നു.73 വയസ്സുള്ള ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ സിബിഐ പ്രത്യേക കോടതിയിലും അഭിഭാഷകർ വാദിച്ചിരുന്നു.”ഞങ്ങൾക്കിനി ചിദംബരത്തിനെ ചോദ്യം ചെയ്യണമെന്നില്ല. ചോദ്യം ചെയ്യൽ അവസാനിച്ചു. ഇനി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ”, എന്ന് കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സിബിഐയുടെ റിമാൻഡിനെതിരായി ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസർക്കാർ ഈ നിലപാടെടുത്തത്.എന്നാൽ ചിദംബരം സിബിഐ കസ്റ്റഡിയിൽത്തന്നെ തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. എന്നാൽ ഇതിനെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‍ത ശക്തമായി എതിർത്തു. ”ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാനാഗ്രഹിക്കുന്നില്ല എന്നതു കൊണ്ടോ, ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടോ കോടതി അത്തരമൊരു ഉത്തരവ് പാസ്സാക്കേണ്ടതുണ്ടോ?”, എസ്‍ജി മേഹ്‍ത ചോദിച്ചു. വിചാരണക്കോടതിയുടെ തീരുമാനങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നും എസ്‍ജി വാദിച്ചു.അതേസമയം, ചിദംബരത്തിന്‍റെ ജാമ്യത്തിനായി ഇനി കേസ് പരിഗണിക്കുന്ന സെപ്റ്റംബർ 5 വരെ വാദിക്കുകയോ അപേക്ഷ നൽകുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിംഗ്‍വിയും കോടതിയിൽ ഉറപ്പ് നൽകി. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തെ തിഹാറിലേക്ക് അയക്കേണ്ടതില്ല, അദ്ദേഹം സിബിഐ കസ്റ്റഡിയിൽ തുടരട്ടെയെന്ന് സുപ്രീംകോടതിയും നിലപാടെടുത്തത്.
പയ്യന്നൂരിലെ ജനതാ പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന മായം കലര്‍ത്തിയ 12000 ലിറ്റര്‍ പാല്‍ പിടികൂടി
പാലക്കാട്: പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ ഗുണനിലവാര പരിശോധനയിലും പാലിൽ മായം കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂരിലെ ജനത പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്. കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി മാല്‍ട്ടോഡെകസ്ട്രിന്‍ പാലില്‍ കലര്‍ത്തിയതായി കണ്ടെത്തി. പാലിന്‍റെ ആഭ്യന്തര ഉദ്പാദനം കുറഞ്ഞതിന് പിന്നാലെ മായം കലര്‍ന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ക്ഷീരവകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിക്കപ്പെട്ടത്.മാല്‍ട്ടോഡെകസ്ട്രിന്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലഡ് പ്രഷര്‍ കുത്തനെ വര്‍ധിക്കുവാനും ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും പാന്‍ക്രിയാസ് അടക്കമുള്ള അവയവങ്ങള്‍ക്ക് ഹാനികരവുമാണ്.
സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു; കർണാടകയിൽ നിന്നും പാലെത്തിക്കൽ മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു.പ്രതിസന്ധി നേരിടാൻ ഇത്തവണ ഓണക്കാലത്ത്, മില്‍മ എട്ട് ലക്ഷം ലിറ്റര്‍ പാൽ കര്‍ണാടകത്തിൽ നിന്നെത്തിക്കും.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാലിന്‍റെ ആഭ്യന്തര ഉല്‍പാദനം പന്ത്രണ്ടര ലക്ഷം ലീറ്ററിനു മുകളിലായിരുന്നു. ഈ വര്‍ഷം അത് 11ലക്ഷമായി കുറഞ്ഞു. ഓണാഘോഷങ്ങള്‍ കൂടി ആയതോടെ ആവശ്യത്തിന് പാല്‍ നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് മില്‍മ. ഇതോടെ കര്‍ണാകട ഫെഡറേഷന്‍റെ സഹായം തേടുകയായിരുന്നു.നിലവില്‍ ഒരു ലീറ്റര്‍ പാലിന് മില്‍മ കര്‍ഷകന് നല്‍കുന്നത് 32 രൂപയാണ്. മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2017ലായിരുന്നു.അന്ന് 50 കിലോ കാലിത്തീറ്റയുടെ വില 975 രൂപയും ഒരു കിലോ വൈക്കോലിന് എട്ട് രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 1300ഉം 15 രൂപയുമായി. ദിവസവും 45 മുതല്‍ 50 രൂപ വരെ നഷ്ടത്തിലാണ് കൃഷിയെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം പാല്‍വില കൂട്ടാനുള്ള നടപടികളുമായി മില്‍മ മുന്നോട്ടുപോകുകയാണ്.
മുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍ തീപിടിത്തം;അഞ്ച് പേര്‍ മരിച്ചു
ന്യൂഡല്‍ഹി:മുംബൈയിൽ ഒ.എന്‍.ജി.സിയുടെ ഗ്യാസ് പ്ലാന്റില്‍ വന്‍ തീപ്പിടിത്തം.അഞ്ചു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. എട്ടുപേര്‍ക്ക് പരിക്കേറ്റു.ഇതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയിൽ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ അഗ്നിബാധയുണ്ടായത്.പ്ലാന്റിലെ ചൂടുവെള്ളം പോകുന്ന ഡ്രൈനേജിലാണ് തീപിടിത്തമുണ്ടായത്. തീപ്പടര്‍ന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒരു കിലോമീറ്ററോളം ചുറ്റുപാടില്‍ പൊലീസ് സീല്‍ വെച്ചിരിക്കുകയാണ്. ഒഎന്‍ജിസി അഗ്‌നിശമനാ വിഭാഗം തീയണച്ചുകൊണ്ടിരിക്കുകയാണെന്നും ഓയില്‍ ഉല്‍പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.ഉറാന്‍, പനവേല്‍, നെരൂള്‍, ജെ.എന്‍.പി.ടി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം;ഒരു സ്‌കൂള്‍ ബസ് കത്തിച്ചു,ഏഴ് ബസുകള്‍ അടിച്ച് തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരത്തെ കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്കൂളില്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ ആക്രമണം. ഒരു ബസ് കത്തിച്ചു.ഏഴ് ബസുകള്‍ അടിച്ച് തകര്‍ത്തു.സ്കൂളിന്‍റെ എസി ബസാണ് കത്തിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു സൂചന.സ്കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്.ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂള്‍ മാനേജ്മെന്‍റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പോലീസ് പറഞ്ഞു.