തിരുവനന്തപുരം:’ഓപ്പറേഷന്‍ വേട്ട’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി ക്വാറികളില്‍ വിജിലന്‍സ് റെയ്‍ഡ് നടത്തുന്നു.ക്വാറികളില്‍ വ്യാപകമായി അനധികൃത ഖനനം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ ക്വാറികളിലും പരിശോധന നടത്തുന്നുണ്ട്. അനുമതിയോടെയാണോ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നത്, ഖനനം ചെയ്തെടുക്കുന്നതിന്‍റെ അളവ്, സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങി പ്രധാനമായ വിവരങ്ങളാണ് സംഘം പരിശോധിക്കുന്നത്. അനുവദിച്ചതിലും അധികം അളവില്‍ ഖനനം നടക്കുന്നുവെന്ന നിരവധി പരാതികളും ഉയര്‍ന്നിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പ്;ജോസഫ് കണ്ടത്തിൽ ഇന്ന് പത്രിക പിൻവലിക്കും
പാല:പാലാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി പത്രിക നല്‍കിയ ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ പത്രിക പിൻവലിക്കും.പി.ജെ ജോസഫാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. ഇതിന് ശേഷം പത്രിക പിന്‍വലിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.സൂക്ഷ്മപരിശോധനക്ക് ശേഷം നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് ഫോണ്‍ ചെയ്ത് ആവശ്യപ്പെട്ടിരുന്നെന്നും അതുപ്രകാരംപത്രിക പിന്‍വലിക്കുമെന്നുംജോസഫ് കണ്ടത്തില്‍ പറഞ്ഞു. പി.ജെ.ജോസഫ് നിര്‍ദേശിച്ചാല്‍ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് 10 മണിക്ക് ആരംഭിക്കും.വിമതസ്ഥാനാര്‍ഥി നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ യു.ഡി.എഫ്.നേതൃത്വത്തിെന്‍റ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിന്‍വലിക്കണമെന്ന് ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫ് നിര്‍ദേശം നല്‍കിയത്.
നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി;സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി. രാജ്യാന്തര വിമാനത്താവളത്തില്‍ മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ രാജ് ഭവനിലേക്ക് പോയി.സംസ്ഥാനത്തിന്‍റെ 22മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.ഡല്‍ഹി ജാമിഅ മില്ലിയ സ്കൂള്‍, അലീഗഢ്, ലഖ്നോ സര്‍വകലാശാലകളിലായി പഠനം പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ യു.പി മുന്‍മുഖ്യമന്ത്രി ചരണ്‍ സിങ് രൂപം നല്‍കിയ ഭാരതീയ ക്രാന്തിദള്‍ വഴിയാണ് രാഷ്്ട്രീയത്തില്‍ എത്തിയത്. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും 1977ല്‍ യു.പി നിയമസഭാംഗമായി. 1980 മുതല്‍ കോണ്‍ഗ്രസിനൊപ്പം.അക്കൊല്ലം കാണ്‍പുരില്‍ നിന്നും 1984ല്‍ ബഹ്റൈച്ചില്‍ നിന്നും ലോക്സഭാംഗമായി.മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് 1986ല്‍ ദേശീയ ശ്രദ്ധ നേടിയ ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലിം വനിത വിവാഹമോചന അവകാശ സംരക്ഷണ നിയമം കോണ്‍ഗ്രസിന്‍റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് കുറ്റപ്പെടുത്തി സഹമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ ജനതാദളില്‍ ചേര്‍ന്നു.1989ല്‍ ജനതാദള്‍ ടിക്കറ്റില്‍ േലാക്സഭയില്‍ എത്തി.ജനതാദള്‍ സര്‍ക്കാറില്‍ വ്യോമയാന മന്ത്രിയായി.98ല്‍ ജനതാദൾ വിട്ട് ബി.എസ്.പിയില്‍ ചേർന്നു.ബഹ്റൈച്ചില്‍ നിന്ന് വീണ്ടും മത്സരിച്ചു ജയിച്ചു. 2004ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അക്കൊല്ലം ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു.രണ്ടു മൂന്നു വര്‍ഷത്തിനകം സജീവ ബി.ജെ.പി പ്രവര്‍ത്തനവും വിട്ടു. എന്നാല്‍, അനുഭാവ നിലപാട് തുടര്‍ന്നു.ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മയും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ‘സമര്‍പ്പണ്‍’ എന്ന സ്ഥാപനം നടത്തി വരുന്നുണ്ട്. വിദ്യാര്‍ഥികാലം മുതല്‍ എഴുതിയ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.
അതേസമയം പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു. അതേ സമയം പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്റെ ഗവര്‍ണര്‍.ബുധനാഴ്ച രാജ്ഭവനില്‍ സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകീട്ട് അഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് സദാശിവം ചെന്നൈയിലേക്കു പോയത്. എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയയില്‍ പോലീസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചായിരുന്നു മടക്കം. സദാശിവത്തെയും ഭാര്യ സരസ്വതി സദാശിവത്തെയും യാത്രയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, സതേണ്‍ എയര്‍കമാന്‍ഡ് എയര്‍ചീഫ് മാര്‍ഷല്‍ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്ബ് സ്റ്റേഷന്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടാൻ ശുപാര്‍ശ
തിരുവനന്തപുരം:സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടാൻ ശുപാര്‍ശ.ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. 2017ലാണ് അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്.അതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വില വര്‍ധിപ്പിക്കാറുള്ളൂ. ഇതുമായി ബന്ധപ്പെട്ട് നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ ചര്‍ച്ച നടത്തും.നിരക്ക് വര്‍ധന പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തൂ. വില വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം:യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവരുടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്.പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. നേരത്തേ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മാസവരിസഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
കണ്ണൂരിൽ പോലീസിനെ നിരീക്ഷിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ്;പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ:പോലിസിനെ നിരീക്ഷിക്കാൻ സിഐടിയു ഡ്രൈവർമാരുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്.പോലീസിന്റെ നീക്കങ്ങൾ അറിയാനും പങ്കുവെയ്ക്കാനുമാണ് സിഐടിയു ഡ്രൈവേഴ്സ് എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ് തുടങ്ങിയിരിക്കുന്നത്.ജില്ലയിലെ മലയോരമേഖലയായ പെരിങ്ങോം കേന്ദ്രീകരിച്ചാണ് ഗ്രൂപ്.90 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.നിരവധി ക്വാറികൾ ഉള്ള പ്രദേശമാണ് പെരിങ്ങോം മേഖല.ഇവിടെ പോലീസിന്റെ നീക്കങ്ങളും പരിശോധനകളും നിരീക്ഷിക്കുന്നതിനായാണ് ഗ്രൂപ് രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.രാവിലെ മുതൽ രാത്രിവരെയുള്ള പെരിങ്ങോം പോലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഗ്രൂപ്പിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നതായി ഗ്രൂപ്പിലുള്ള ശബ്ദ സന്ദേശങ്ങൾ വ്യക്തമാക്കുന്നു.പോലീസ് വാഹനങ്ങൾ ഇപ്പോൾ എവിടെയാണുള്ളതെന്നും ഇനി എങ്ങോട്ടാണ് പോകുന്നതെന്നുമുള്ള വിവരങ്ങളെല്ലാം ഗ്രൂപ്പിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.ക്വാറി മാഫിയയുടെയും ചെങ്കല്ല് കടത്തുകാരുടെയും നീക്കങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ ഗ്രൂപ് പ്രവർത്തിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.ഗ്രൂപ്പിന്റെ പ്രവർത്തനം പെരിങ്ങോം പോലീസ് കണ്ടെത്തുകയും തളിപ്പറമ്പ് ഡിവൈഎസ്പിയെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു;കാറിനുള്ളിൽ കുടുങ്ങിയ ഒരു യുവാവിന്റെ നില അതീവ ഗുരുതരം
കാസർകോഡ്:ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു.ആദൂര്‍ കുണ്ടാറിലെ സാജിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഫറു (26) വിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ ചര്‍ച്ചിനും പള്ളിക്കുമിടയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ വലിയ കാഞ്ഞിരമരം കടപുഴകി വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ മരം മുറിക്കുന്നവരെയും ജെ സി ബിയും കൊണ്ടുവന്ന് ഒരു മണിക്കൂറിന് ശേഷം മരം മുറിച്ച് പുറത്തെടുക്കുമ്പോഴേക്കും സാജിദ് മരിച്ചിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ആദൂര്‍ പോലീസും സ്ഥലത്തെത്തി.ഇപ്പോള്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണന് ജയം
കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണന് ജയം. 25നെതിരെ 28 വോട്ടുകൾക്കാണ് സുമ ബാലകൃഷ്ണന്‍ ജയിച്ചത്. മുൻ മേയർ ഇ.പി ലത യായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫിലെ ഇ.പി ലതക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കണം;പ്രവൃത്തിദിനം 5 മതിയെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാർശ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കി പ്രവൃത്തി ദിവസം അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ. വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രവൃത്തിദിനം അഞ്ചുദിവസമായി കുറയ്ക്കുന്നത് വഴി ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം പ്രവൃത്തിദിനങ്ങളിലെ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഒന്നിനും രണ്ടിനുമിടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം.ജീവനക്കാര്‍ ഓഫിസിലെത്തുന്നതും തിരികെ പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ 20 ദിവസമുള്ള കാഷ്വല്‍ ലീവ് 12 ദിവസമായി ചുരുക്കാനും ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ പൊതു അവധികള്‍, നിയന്ത്രിത അവധികള്‍, പ്രത്യേക അവധികള്‍ എന്നിവ മൂന്നായി തിരിക്കണം. പൊതു അവധികള്‍ 9 ആക്കി കുറയ്ക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടു ദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി എന്നിവയ്ക്ക് മാത്രം പൊതുഅവധി നല്‍കിയാല്‍ മതി. മറ്റ് അവധികള്‍ പ്രത്യേക അവധികളായിരിക്കും. ഒരാള്‍ക്ക് 8 പ്രത്യേക അവധി എടുക്കാം.പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40 ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞപ്രായം 18ല്‍നിന്ന് 19 ആക്കണം. ഒരു തസ്തികയ്ക്ക് നാല് അവസരം മാത്രമേ നല്‍കാവൂ. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; കോഴിയിറച്ചി വാങ്ങിയ ചിക്കന്‍ സ്റ്റാള്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു
കാസർകോഡ്:വിവാഹത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ.കഴിഞ്ഞ ദിവസം നീലേശ്വരം കോട്ടപ്പുറത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടായത്.നിരവധി പേര്‍ ചികിത്സയിലായതോടെ നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്കിറങ്ങുകയും കോട്ടപ്പുറം റോഡിലെ മദീന ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് കോഴിയിറച്ചി വാങ്ങിയതെന്നും കണ്ടെത്തി.തുടരന്വേഷണത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നറിഞ്ഞതോടെ ചിക്കൻ സ്റ്റാള്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു.പള്ളിക്കര ചെമ്മാക്കര പ്രദേശത്തുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.