തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നിയുക്ത ഗവര്‍ണറുടെ പത്‌നി രേഷ്മാ ആരിഫ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ യുപി സ്വദേശിയാണ്.
ഇന്ത്യ ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ബെംഗളൂരു:ചന്ദ്രയാന്‍-2 ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്ന് അന്‍പത്തിയഞ്ചിനാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്.വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിയെ ഇറങ്ങുന്ന 15 നിമിഷങ്ങള്‍ ആണ് ഏറെ നിര്‍ണായകം. ലോകത്ത് ഇതുവരെ നടന്ന സോഫ്റ്റ് ലാന്‍ഡിങ്ങുകളില്‍ മുപ്പത്തിയേഴു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. എങ്കിലും ഇന്ത്യക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജമായി ഇന്ത്യ മാറും.ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസ ഗവേഷകരും ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥികളും പ്രമുഖരും എത്തും.മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും പരാജയപ്പെട്ട ദൗത്യമാണ് ഐഎസ്‌ആര്‍ഒ ഏറ്റെടുത്തിരിക്കുന്നത്. ചന്ദ്രനില്‍ മാന്‍സിനസ് സി, സിംപേലിയസ് എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലെ സമതലപ്രദേശത്ത് ആകും ലാന്‍ഡര്‍ ഇറങ്ങുക. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അതിലെ പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങും. ഈ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നടത്തുന്ന യാത്രയിലാകും ഈ ദൗത്യത്തിലെ പ്രധാന വിവരങ്ങള്‍ വെളിപ്പെടുക. ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. റോവറിന്റെ ചക്രത്തില്‍ നിന്ന് ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യന്‍ മുദ്രയായി പതിയും. ആ ചരിത്ര നിമിഷത്തെ വരവേല്‍ക്കാന്‍ ഇന്ത്യ മുഴുവന്‍ ഉറങ്ങാതെ കാത്തിരിക്കും. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അപ്പോള്‍ ഇന്ത്യയിലേക്കായിരിക്കും.ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ ഒരു വിജയം കൂടി സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ഐ എസ് ആര്‍ ഒയും ശാസ്ത്രജ്ഞരും.
വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗാര്‍ ആണെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി
ന്യൂഡൽഹി:തന്നെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗാര്‍ ആണെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി.തന്നെ ഇല്ലാതാക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വാഹനാപകടം.സര്‍ക്കാരിനും പോലീസിനും പരാതി നല്‍കിയിട്ട് ഫലമുണ്ടായില്ലെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്‍കി.പെണ്‍കുട്ടിയെ ജൂലൈ 28നാണ് ലോറി ഇടിച്ച് കൊല്ലപ്പെടുത്താന്‍ നോക്കിയത്.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ഈ മാസം ആദ്യം വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.ലോറി കാറിന് നേരെ വരുന്നത് കണ്ട് വാഹനം ഓടിച്ച തന്റെ അഭിഭാഷകന്‍ കാറിന്റെ ഗതി തിരിക്കാന്‍ നോക്കി. എന്നാല്‍ ലോറി ഡ്രൈവര്‍ കാര്‍ ലക്ഷ്യമാക്കി വന്ന് ഇടിച്ചുവെന്ന് പെണ്‍കുട്ടി സിബിഐയോട് പറഞ്ഞു.അമ്മാവനെ കാണാന്‍ ജയിലില്‍ പോയി മടങ്ങവെയാണ് പെണ്‍കുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ 2 ബന്ധുക്കള്‍ മരണപ്പെടുകയും അഭിഭാഷകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.പെൺകുട്ടി ഇപ്പോഴും ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂരിൽ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു
കണ്ണൂർ:കണ്ണൂർ ചാലയിൽ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു.പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ രാജന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.അതേസമയം സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം.വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പത് വരെയാണ് മഴക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.
ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയാണെന്ന സിബിഐ റിപ്പോർട്ട് കോടതി മടക്കി
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം ആത്മഹത്യയെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി മടക്കി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനുസരിച്ചുള്ള മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കസ്റ്റഡി മരണമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 15ല്‍അധികം രേഖകളാണ് റിപ്പോര്‍ട്ടിന് അനുബന്ധമായി ചേര്‍ക്കാന്‍ കോടതി അവശ്യപ്പെട്ടിരിക്കുന്നത്.ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം വന്‍ ചര്‍ച്ചയായിരുന്നു. സമരം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനു കത്തെഴുതി. ശ്രീജിത്തിന്റെ അമ്മ രമണി ഗവര്‍ണറെ കണ്ടു നിവേദനം നല്‍കുകയും കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണു സിബിഐക്ക് കേസ് കൈമാറി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.ശ്രീജിവിന്റെ മരണത്തില്‍ പാറശാല പൊലീസ് 2014ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് അതേപടി എറ്റെടുക്കുന്നതായാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ശ്രീജിവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് എഫ്‌ഐആറിലെ വിവരം. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെ.എം. വര്‍ക്കിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനായിരുന്നു അന്വേഷണ ചുമതല. മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ശ്രീജീവിനെ അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ 2017 ജുലൈ 18ന് കത്ത് നല്‍കിയത്.
പി.ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ;ഇനി 14 ദിവസം തിഹാർ ജയിലിൽ
ന്യൂഡല്‍ഹി:ഐഎന്‍എക്സ് മീഡിയാ കേസില്‍ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ്ചിദംബരത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.ഇതോടെ അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ളസിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സെപ്തംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.74 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു.ചിദംബരം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചിരുന്നു. ജയില്‍ ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ ഫലം കണ്ടില്ല.അദ്ദേഹത്തിന്റെ ആരോഗ്യനിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയുംവെസ്‌റ്റേണ്‍ ടോയ്‌ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു.ചിദംബരത്തെ കുപ്രസിദ്ധമായ തിഹാര്‍ ജയിലില്‍ അയക്കാതിരിക്കാന്‍ കോടതി തന്നെ നേരത്തേ ഇളവുകള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി സിബിഐ കസ്റ്റഡിയിലായിരുന്നു. ഈ സമയം സിബിഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലായിരുന്നു അദ്ദേഹത്തിന്റെ താമസം.അഗസ്റ്റ് 21നാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അദ്ദേഹത്തിന്‍റെ വസതിയില്‍നിന്നും സിബിഐ അറസ്റ്റുചെയ്തത്. അഗസ്റ്റ് 22 മുതല്‍ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരുകയായിരുന്നു.
സുധേഷ് കുമാറിനെ മാറ്റി;ആര്‍ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: ഗതാഗത കമ്മീഷണറായ സുധേഷ് കുമാറിനെ സ്ഥലംമാറ്റി.പകരം ട്രാഫിക്കിന്‍റെ ചുമതലയുള്ള ആർ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണർ ആയി നിയമിച്ചു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ശ്രീലേഖ ഗതാഗത കമ്മീഷണറാകുന്നത്. ഗതാഗതമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സുധേഷ് കുമാറിന്‍റെ സ്ഥലമാറ്റത്തിന് കാരണം.ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് സുധേഷ് കുമാര്‍ മന്ത്രിയുമായി ഉടക്കിയത്. സ്ഥലംമാറ്റ ഉത്തരവില്‍ കമ്മീഷണര്‍ക്കെതിരെ ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധേഷ് കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ മന്ത്രി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.കൂടാതെ വകുപ്പിലെ പദ്ധതികള്‍ സമയോചിതം കമ്മീഷണര്‍ നടപ്പാക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും സുധേഷ് കുമാറിനെ മാറ്റാനും, ശ്രീലേഖയെ നിയമിക്കാനും തീരുമാനിക്കുകയായിരുന്നു.
വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നു; ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി
വയനാട്: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തി.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓരോ മണിക്കൂർ ഇടവിട്ടാണ് ഷട്ടറുകൾ തുറക്കുക. മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്.ഇതിനോടനുബന്ധിച്ചാണ് ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനിച്ചത്.ഷട്ടർ കൂടുതലായി തുറക്കുമ്പോൾ നീരൊഴുക്ക് സെക്കൻഡിൽ 59 ക്യൂബിക് മീറ്റർ എന്നതിൽ നിന്ന് സെക്കൻഡിൽ 94 ക്യൂബിക് മീറ്റർ വരെ ഘട്ടം ഘട്ടം ആയി കൂടും.അതിനാൽ ഓരോ ഘട്ടത്തിലും കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തിൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ലെന്നും ഇരുകരകളിലും ഉള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുകൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർദ്ദേശിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പ്;ജോസ് ടോമിന് രണ്ടില ചിഹ്നം ഇല്ല;സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
പാല:പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. തിരഞ്ഞെടുപ്പില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയിലുള്ള നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലുള്ള പത്രികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. എന്നാൽ ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ജോസ് ടോം പറഞ്ഞു. ഏത് ചിഹ്നമാണെങ്കിലും പാലായിൽ യു.ഡി.എഫ് ജയിക്കുമെന്നും, മാണി സാറിന്റെ മുഖമാണ് തന്റെ ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു. പി.ജെ ജോസഫിനോട് താൻ ചിഹ്നം ആവശ്യപ്പെട്ടിരുന്നില്ലെന്നും ടോം ജോസ് പറഞ്ഞു.കേരളാ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കിടയിലെ അധികാര വടംവലികൾക്ക് ഒടുവിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ അവസാന മണിക്കൂറിൽ പിജെ ജോസഫിന് നിലപാടിൽ വിജയം നേടാനായത്. കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി. അതേസമയം ചിഹ്നം നൽകില്ലെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫിൽ ധാരണ ഉണ്ടായിരുന്നെന്നാണ് പി ജെ ജോസഫ് പറയുന്നത്. മറിച്ചുള്ള ജോസ് കെ മാണിയുടെ നീക്കങ്ങൾ ദുരൂഹമാണെന്ന് ആരോപിച്ച പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
കണ്ണൂരിൽ ബിൽഡിംഗ് കോൺട്രാക്റ്ററെ ആശുപത്രി കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ ചെറുപുഴയിൽ ബിൽഡിംഗ് കോൺട്രാക്റ്ററെ ആശുപത്രി കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിന്റെ കോൺട്രാക്റ്റർ ജോയി ആയിരുന്നു.ഈ വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ഭാര്യാ സഹോദരൻ പറഞ്ഞു. ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ജോയ് ആത്മഹത്യ ചെയ്തത്. ഈ പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് ചില ചർച്ചകൾ നടന്നിരുന്നു. ഇതിന് ശേഷം ജോയിയെ കാണാതാവുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ ജോയിയെ മരിച്ച നിലയിൽ കണ്ടത്തിയത്. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും പൊലീസ് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.