കാസർകോഡ്:ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇൻസ്പെക്റ്റർ കൊടക്കാട് ആനിക്കാടിയിലെ പി പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയിലെ ഒന്നാംനിലയിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെ പദ്മനാഭന്‍ ആശുപത്രിയിലെത്തിയത്.വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈകീട്ട് ഭാര്യ ശാന്ത ആശുപത്രിയിലെത്തി.ബുധനാഴ്ച രാവിലെ ആറുമണിയോടെ ചായകുടിക്കാനെന്നുപറഞ്ഞ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പദ്മനാഭന്‍ തിരിച്ചെത്തിയില്ല. ഏറേനേരം കാത്തിരുന്നിട്ടും കാണാഞ്ഞതിനാല്‍ ഭാര്യ ആശുപത്രിയിലെ ബില്ലടച്ച് വീട്ടിലേക്ക് പോയി.പിറ്റേദിവസവും പദ്മനാഭന്‍ വീട്ടിലെത്താതിരുന്നതിനാല്‍ ബന്ധുക്കളെയും മറ്റും വിവരമറിയിക്കുകയും ആശുപത്രിയിലും അന്വേഷണം നടത്തുകയും ചെയ്തു.എന്നാൽ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വ്യാഴാഴ്ച രാത്രി 10.30-ഓടെ ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഒരാള്‍ മരിച്ചനിലയിലുണ്ടെന്ന വിവരം ചന്തേര പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പദ്മനാഭന്റെ ബന്ധുക്കളെ പോലീസ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും മരിച്ചത് അയാള്‍ തന്നെ എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.ഓപ്പറേഷന്‍ തീയേറ്ററില്‍ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കുന്ന മേശയിലാണ് അടിവസ്ത്രവും ഷര്‍ട്ടും മാത്രമായി മൃതദേഹം കണ്ടത്.ഉടുത്ത ലുങ്കി തൊട്ടടുത്ത ഓപ്പറേഷന്‍ ടേബിളിലായിരുന്നു.മൂക്ക്, വായ, ചെവി എന്നിവയിലൂടെ രക്തം വാര്‍ന്നൊഴുകി തളംകെട്ടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരുന്നും ഡ്രിപ്പും നല്‍കാനായി കൈത്തണ്ടയില്‍ പിടിപ്പിച്ചിരുന്ന സൂചിയുമുണ്ടായിരുന്നു.തീയേറ്ററിനകത്തെ ഉപകരണങ്ങള്‍ മിക്കതും വലിച്ചിട്ട നിലയിലായിരുന്നു.വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍നിന്നും സയന്റിഫിക് ഓഫീസര്‍ ഡോ എ.കെ.ഹെല്‍നയും കാസര്‍കോട്ടുനിന്ന് വിരലടയാളവിദഗ്ധരുമെത്തി വിശദപരിശോധന നടത്തി. തുടര്‍ന്ന് ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ആശുപത്രി അധികൃതര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികളെ കൊണ്ട് വിളമ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം
തിരുവനന്തപുരം:സ്കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികളെ കൊണ്ട് വിളമ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം.സ്‌കൂളുകളില്‍ പാചകം ചെയ്ത ഭക്ഷണം സ്റ്റീല്‍ ബക്കറ്റുകളിലാക്കി ക്ലാസ് മുറികളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തും എത്തിക്കുന്നതിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.പി.ഐയുടെ ഉത്തരവ്.ഉച്ചഭക്ഷണ പദ്ധതിപ്രകാരം സ്കൂളുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും തുടര്‍ന്ന് ഭക്ഷണം കുട്ടികള്‍ക്ക് വിളമ്പി നല്‍കുന്നതിനും എസ് എം സി, പിടിഎ, എംപിടിഎ എന്നിവയിലെ അംഗങ്ങളുടെ സഹായവും മേല്‍നോട്ടവും ഉറപ്പു വരുത്തണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.എന്നാല്‍, ചില സ്കൂളുകളില്‍ പാചകം ചെയ്ത ഭക്ഷണം ബക്കറ്റുകളിലാക്കി ക്ലാസ് മുറികളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തേക്കും എത്തിക്കുന്നത് കുട്ടികളാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ഉപയോഗിച്ച് ഭക്ഷണവിതരണം നടത്തരുതെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വേണ്ടി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി കുട്ടികളെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ട്രഷറികള്‍ നാളെയും പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും.ഓണക്കാലത്തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയിലെ തകരാ റുകാരണം വെള്ളിയാഴ്ച രാവിലെ ഇടപാടുകള്‍ തടസ്സപ്പെട്ടെങ്കിലും ഒന്നരമണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിച്ചു.ബില്ലുകള്‍ മാറുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. അതിനാല്‍ വിവിധ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിന്ന് ഒട്ടേറെ ബില്ലുകള്‍ മാറാന്‍ വരുന്നുണ്ട്. ഇത്തവണ ഓണം മാസത്തിന്റെ ആദ്യപകുതിയായതിനാല്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനൊപ്പം ഓണക്കാലത്തെ മറ്റാനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്.തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുന്നതിനാല്‍ മുന്‍കൂറായി ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ എത്തുന്നതും തിരക്കിന് കാരണമായിട്ടുണ്ട്.
ഐഎസ്‌ആര്‍ഒ രാജ്യത്തിന്റെ അഭിമാനം;ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യൂഡല്‍ഹി:ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍ രണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയോർത്ത് രാജ്യം അഭിമാനിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. അസാധാരണമായ പ്രതിബദ്ധതയും ആത്മാര്‍ത്ഥതയുമാണ് ശാസ്ത്രജ്ഞര്‍ പ്രകടിപ്പിച്ചതെന്നും രാഷ്‌ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍ ടു ഭാഗിക വിജയമായിരുന്നു.അവസാന നിമിഷത്തില്‍ വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായതോടെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല . 2.1 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് ആശയവിനിമയം നഷ്ടമായത്.47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ചന്ദ്രനിലെത്തിയത്.ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്.
രാജ്യം ഇസ്രോയ്ക്ക് ഒപ്പം;തിരിച്ചടിയിൽ തളരരുതെന്നും പ്രധാനമന്ത്രി
ബെംഗളൂരു:ചാന്ദ്ര ദൗത്യത്തിൽ പങ്കെടുത്തവർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.രാജ്യം ഇസ്രോയ്ക്ക് ഒപ്പമാണെന്നും തിരിച്ചടിയിൽ തളരരുതെന്നും അദ്ദേഹം പറഞ്ഞു.ദൌത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ആത്മവിശ്വാസത്തോടെ മുന്നേറണമെന്നും മോദി പറഞ്ഞു.ചാന്ദ്രയാന്‍-2 പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ഐഎസ്‌ആര്‍ഒ കേന്ദ്രത്തില്‍നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.ശനിയാഴ്ച പുലര്‍ച്ചെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ അകലെ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്.നിരാശപ്പെടേണ്ടെന്നും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചിരുന്നു. ഇതുവരെയെത്തിയത് വന്‍ നേട്ടമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു. ചാന്ദ്രദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ചാന്ദ്രയാന്‍-2നായുള്ള ശാസ്ത്രജ്ഞരുടെ പ്രയത്‌നം രാജ്യത്തിന് പ്രചോദനമേകുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ദൗത്യത്തിന്റെ ഭാഗമായ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു.
ചാന്ദ്രയാന്‍ 2;വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു; ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍
ബെംഗളൂരു:ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.റഫ് ബ്രേക്കിംഗിനു ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറുകയായിരുന്നു.ചന്ദ്രനില്‍ നിന്ന് 2.1 കി.മീ മാത്രം അകലെവച്ച് വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായെന്നും വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ന് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ മുകളില്‍നിന്നാണ് ലാന്‍ഡര്‍ ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങള്‍ക്കകം ചാന്ദ്രപ്രതലത്തില്‍ നാല് കാലുകളില്‍ വന്നിറങ്ങാനായിരുന്നു പദ്ധതി. ലാന്‍ഡര്‍ ഇറങ്ങുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവം വന്‍ ഗര്‍ത്തങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളെത്തുടര്‍ന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണ്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാന്‍ഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്.ഇന്നോളമുള്ള ചാന്ദ്രദൗത്യങ്ങളൊന്നും തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനായിരുന്നു ഐ.എസ്.ആര്‍.ഒ. പദ്ധതിയിട്ടിരുന്നത്. പര്യവേക്ഷണവാഹനം ചന്ദ്രനില്‍ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാന്‍ഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നവും അവസാന നിമിഷം തെന്നിമാറി.നാലു ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ചന്ദ്രയാന്‍ 2 ദൗത്യത്തിലെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇസ്റോയുടെ ഇസ്ട്രാക് വിലയിരുത്തി തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത്. ഇതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.എന്നാല്‍ പ്രതീക്ഷ കൈവിടാറായിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറിന് ഓര്‍ബിറ്ററുമായി ആശയവിനിമയം സാധ്യമാകുന്നുണ്ട്. അവസാനം ലഭിച്ച ഡാറ്റകള്‍ വിശകലനം ചെയ്യുകയാണ്. എന്താണ് സംഭവിച്ചതെന്ന് വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. ഇതുവരെ കൈവരിച്ചത് ചെറിയ നേട്ടങ്ങളല്ല.ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണ്. ഇസ്റോയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി മെട്രോയിലെ വനിതകളുടെ സൗജന്യ യാത്ര ചോദ്യം ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച കെജ്‌രിവാൾ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി.സൗജന്യം നല്‍കുന്നത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നത്,സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ചോദിച്ചു.പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നും സുപ്രീം കോടതി കേജരിവാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.നാലാംഘട്ട മെട്രോ പദ്ധതിയില്‍ കാലതാമസം സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ഡല്‍ഹിയില്‍ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് പ്രഖ്യാപിച്ചത്. ഇതിന്‍റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കര്‍ക്ക് ‘രാഷ്ട്രപുത്രി’ പദവി നൽകാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി:ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കര്‍ക്ക് ‘രാഷ്ട്രപുത്രി’ പദവി നൽകാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സിനിമാ പിന്നണിഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ വിശിഷ്ടപദവി നല്‍കി ആദരിക്കുന്നത്.തൊണ്ണൂറു വയസ്സു തികയുന്ന സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2001ല്‍ ഭാരതരത്‌നയും ലഭിച്ചു. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌ക്കര്‍.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു.സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും.മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം.പാല്‍ വില വര്‍ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടും.പാലിന് 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്.2017ലാണ് പാൽ വില അവസാനമായി വർദ്ധിപ്പിച്ചത്.അന്ന് കൂടിയ 4 രൂപയിൽ 3 രൂപ 35 പൈസയും കർഷകർക്കാണ് ലഭിച്ചത്.ഇപ്പോഴത്തെ വര്‍ധനയുടെ 85 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം. ലിറ്ററിന് ഒരു പൈസ എന്ന നിലയിൽ സർക്കാർ പദ്ധതിയായ ഗ്രീൻ കേരള ഇനീഷ്യയേറ്റീവിനും നൽകും.അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിലെ പാല്‍വില. തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.കൂടാതെ ചീഫ് സെക്രട്ടറി 23-ന് സുപ്രീം കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നേരത്തേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴില്‍ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക.