തിരുവനന്തപുരം:ഇന്ന് ഉത്രാടം.തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി.നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകള്‍ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്താനുള്ള ഓട്ടത്തിലാണ്.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്‌ട്രോണിക്സ് കടകളിലുമാണ് തിരക്ക് കൂടുതല്‍. ഇന്ന് ഉത്രാടമായതിനാല്‍ തിരക്ക് ഒന്നുകൂടി കൂടും എന്ന കാര്യത്തില്‍ സംശയമില്ല.പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കായി ഹോര്‍ട്ടികോര്‍പ്പിന്‍റെ ഓണച്ചന്തകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയും തിരക്കുകള്‍ ഏറുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇരുന്നൂറിലേറെ ഓണചന്തകളാണ് ഹോര്‍ട്ടികോര്‍പ്പ് ഒരുക്കിയിരിക്കുന്നത്.ഓണത്തിന്‍റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്ബൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും.സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ഇന്ന് ചെയ്യും.
ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍; ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്;കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത നിർദേശം
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു കരസേനയുടെ മുന്നറിയിപ്പ്.ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലിലെ സിര്‍ ക്രീക്കില്‍ ഏതാനും ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്.കരസേനയുടെ മുന്നറിയിപ്പു ലഭിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നൽകിയിട്ടുണ്ട്. കേരളത്തില്‍ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പ്രത്യേക നീരിക്ഷണം ഏര്‍പ്പെടുത്തി. ഓണാഘോഷത്തോടനുബന്ധിച്ച് തിരക്കുള്ള എല്ലായിടത്തും പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നു സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് ചീഫുമാര്‍ക്കു നിര്‍ദേശം നല്‍കി.ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍ കണ്ടെത്തിയെന്നും ഭീകരര്‍ ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ടേക്കാമെന്നും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എസ്.കെ. സെയ്‌നിയാണ് അറിയിച്ചത്. ഏതു സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.കടലിനടിയിലൂടെയെത്തി ആക്രമണം നടത്താന്‍ പാകിസ്താന്‍ കമാന്‍ഡോകളുടെ മേല്‍നോട്ടത്തില്‍ ചാവേര്‍ ഭീകരര്‍പദ്ധതിയിടുന്നതായി നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് തീരം വഴി നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആ മേഖലയിലെ തുറമുഖങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.അതിനു പിന്നാലെ, ആറു ഭീകരര്‍ ശ്രീലങ്ക വഴി ഇന്ത്യയിലെത്തിയതായി മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരരുടെ തമിഴ്‌നാട് ബന്ധം രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
ഓണക്കാലമെത്തി;പൂക്കളുടെ വില കുത്തനെ ഉയർന്നു
കോഴിക്കോട്:ഓണക്കാലമെത്തിയതോടെ പൂക്കളുടെ വിലയും കുത്തനെ ഉയരുന്നു.പൂക്കളുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.കേരളത്തിലേക്ക് പൂക്കൾ കയറ്റുമതി ചെയ്യുന്ന തമിഴ്നാട്ടിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലധികമായി ഉയര്‍ന്നു.കഴിഞ്ഞ ആഴ്ച വരെ 200 രൂപയായിരുന്ന മുല്ലപൂവിന് കോയമ്പേട്ടിലെ മൊത്തക്കച്ചവട കേന്ദ്രത്തില്‍ വില അഞ്ഞൂറിന് മുകളില്‍ എത്തി.150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറും 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറുമായാണ് വില കൂടിയത്. 80 രൂപയായിരുന്ന റോസാപ്പൂവിന് 180ന് മുകളിലായി. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. ഇത്തവണ വരള്‍ച്ചാ പ്രതിസന്ധി രൂക്ഷമായതും പൂ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കർഷകർ വ്യക്തമാക്കുന്നു.ഒരാഴ്ച കൂടി തമിഴകത്തെ മൊത്തക്കച്ചവട പൂവിൽപ്പനാ കേന്ദ്രങ്ങളില്‍ ഈ വില തുടരാനാണ് സാധ്യത. കേരളത്തിലെ ചില്ലറ വിപണികളിലെത്തുമ്പോഴേക്കും ഇനിയും വില ഉയരുമെന്നതിനാല്‍ പൂക്കളമിടാന്‍ ഇത്തവണയും കൈപൊള്ളും.
പ്രതീക്ഷയില്‍ ശാസ്ത്രലോകം;വിക്രം ലാൻഡറിനെ കണ്ടെത്തി;ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി
ബെംഗളൂരു:ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്‌ആര്‍ഒ തീവ്രശ്രമം തുടരുകയാണ്. സോഫ്റ്റ് ലാന്‍ഡിംഗാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പിടിഐയോട് വ്യക്തമാക്കിയിരുന്നു.ലാന്‍ഡറിനെ കണ്ടെത്താൻ കഴിഞ്ഞു. ഹാര്‍ഡ് ലാന്‍ഡിംഗ് നടന്നിരിക്കാനാണ് സാധ്യത എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവന്‍ വ്യക്തമാക്കിയത്.വിക്രം ലാന്‍ഡറിലെ റോവര്‍ പ്രഗ്യാന്റെയും ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ എടുത്തിട്ടുണ്ട്.ഓര്‍ബിറ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓര്‍ബിറ്റില്‍ത്തന്നെയാണ് ഓര്‍ബിറ്റര്‍ സഞ്ചരിക്കുന്നത്. ഹാര്‍ഡ് ലാന്‍ഡിംഗില്‍ ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് ‘അത് നമുക്ക് ഇപ്പോഴും അറിയില്ലെ’ന്നാണ് കെ ശിവന്‍ വ്യക്തമാക്കിയത്.അവസാനഘട്ടത്തിലാണ് വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് ശ്രമം പാളിയത്.വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാല്‍ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനായില്ല.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഓര്‍ബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്താലേ കൃത്യമായ അനുമാനങ്ങളിലെത്താനാകൂ.ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെയാണ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോ ഭ്രമണത്തിലും ഓര്‍ബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓര്‍ബിറ്റര്‍ കടന്ന് പോകുക.വേണമെങ്കില്‍ ഓര്‍ബിറ്ററിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥത്തില്‍ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധിയെ ബാധിക്കുമെന്നതിനാല്‍ ഇസ്രൊ തല്‍ക്കാലം ഇതിന് മുതിരില്ല.ഓര്‍ബിറ്ററിന് ഇപ്പോള്‍ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്ന മറ്റേത് ചന്ദ്രദൗത്യത്തേക്കാള്‍ മികച്ച ക്യാമറയാണുള്ളത് . ഈ ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ ശാസ്ത്രലോകത്തിന് തന്നെ ഗുണകരമാകും.
വാഹനയാത്രക്കാര്‍ക്ക് ആശ്വാസം,ഓണം കഴിയുന്നതുവരെ കർശന വാഹന പരിശോധന വേണ്ടെന്ന് സർക്കാർ തീരുമാനം
തിരുവനന്തപുരം: ഓണക്കാലത്ത് ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പുതിയ നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടി സ്വീകരിക്കില്ല. പകരം ഇവരെ ബോധവല്‍ക്കരണത്തിന് അയക്കാനാണ് തീരുമാനം. മോട്ടോര്‍വാഹന നിയമത്തില്‍ ഇളവുതേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകള്‍ കഠിനമാണ്. കേരളത്തില്‍ നിയമലംഘനങ്ങല്‍ കുറഞ്ഞത് സര്‍ക്കാര്‍ നടത്തിയ ബോധവല്‍ക്കരണം കൊണ്ടാണ്. ഗതാഗത ലംഘനത്തിന് പഴയ പിഴ ഈടാക്കാനാവില്ല. അതുകൊണ്ട് ഓണക്കാലത്ത് റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാനുള്ള അവബോധം സൃഷ്ടിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അതിനിടെ ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായ പശ്ചാത്തലത്തില്‍, മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നരവയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നും താഴെ വീണു;ഇഴഞ്ഞ് ചെക്പോസ്റ്റിലെത്തി;മാതാപിതാക്കള്‍ അറിഞ്ഞത് 50 കിലോമീറ്റര്‍ പിന്നിട്ടശേഷം
ഇടുക്കി : മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നരവയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നും താഴെ വീണു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. താഴെ വീണ കുട്ടി ഇഴഞ്ഞ് ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്താനായത്.ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയിൽ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ട്. ഇടുക്കി രാജമലയ്ക്ക് അടുത്തുവെച്ചാണ് സംഭവം. മാതാപിതാക്കള്‍ കുട്ടി വാഹനത്തില്‍ നിന്നും വീണത് അറിഞ്ഞില്ല. 50 കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് കുട്ടി താഴെ വീണ കാര്യം മാതാപിതാക്കള്‍ അറിയുന്നത്.കമ്പിളിക്കണ്ടം സ്വദേശികളുടേതാണ് കുട്ടി.പഴനി ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് സംഭവം ഉണ്ടായത്.
ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്;ആഗോളഭീകൻ മസൂദ് അസറിനെ ജയിൽ മോചിതനാക്കിയതായും സൂചന
ന്യൂഡൽഹി:രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇതിനു മുന്നോടിയായി ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയതായും ഇന്‍റലിജൻസ് മുന്നറിയിപ്പ്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ – പാക് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ വൻ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശമാണ് ഇതേത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‍എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.കാശ്‌മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രകോപനം. കാശ്‌മീരിലെ സഹോദരങ്ങള്‍ക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനിടയിലാണ് പാക് ഭീകരന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസറിനെ മോചിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അസറിനെ കസ്‌റ്റഡിയിലെടുത്തത്.
കണ്ണൂർ ചെറുപുഴയിൽ ബിൽഡിംഗ് കോൺട്രാക്റ്റർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നൽകി
കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ജോസഫിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നും കുടുംബം പറഞ്ഞു.ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികള്‍ ജോസഫിന് പണം നല്‍കാനുണ്ട്.കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസ് എന്നിവരെ നിര്‍മ്മാണ തുകയുടെ കുടിശ്ശികക്കായി പല തവണ സമീപിച്ചതായും കുടുംബാഗങ്ങള്‍ പറഞ്ഞു.സംഭവദിവസം രാത്രി 3.30 വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നു വച്ചതാകമെന്ന സംശയവും കുടുംബം ഉയര്‍ത്തി.രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയില്‍ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ജോസഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.
പിഎസ്‌സി പരീക്ഷാ തട്ടിപ്പ്;പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് തീരുമാനം
തിരുവനന്തപുരം:പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോര്‍ത്തിയ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് തീരുമാനം. ഇതിനായി അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്.അതേസമയം പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി.
പാലാരിവട്ടം മേല്‍പ്പാലം അഴിമതി;പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിൽ പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍. ബി ഡി സി കെ അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.ഇതു സംബന്ധിച്ച് വിവരം ലഭിക്കാൻ പ്രതികളെ ജയിലിൽ വച്ചായാലും കൂടുതൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും വിജിലൻസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.