News Desk

മരട് ഫ്‌ളാറ്റ് വിഷയം; നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ തീരുമാനം

keralanews marad flat case cabinet meeting decision to take criminal case against flat builders

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.മൂന്ന് മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്നതു കൊണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ പദ്ധതികള്‍ സുപ്രീംകോടതിയെ അറിയിക്കാനും ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ പദ്ധതികള്‍ തയ്യാറാക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഫ്ലാറ്റ് നിര്‍മിച്ച കമ്പനികൾക്ക് വിലക്ക് ഏര്‍പ്പെടുത്താനാകുമോയെന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാതെ മറ്റ് വഴികളില്ലെന്നും നിയമപരമായി ഇനി മറ്റു സാധ്യതകളില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിച്ച്‌ നീക്കും. ഫ്ലാറ്റ് പൊളിക്കുന്നതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും സര്‍ക്കാര്‍ തയ്യാറാക്കും, തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരട് നഗരസഭാ പരിധിയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുനുള്ള നടപടികള്‍ ആരംഭിച്ചതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കിലും സുപ്രീം കോടതി വിധി എതിരായ പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ്;മഞ്ചേശ്വരത്ത് സി.എച്ച്‌ കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

keralanews manjeswaram by election c h kunjambu will be ldf candidate

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായസി.എച്ച്‌ കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്പുവിന്റെ പേരു മാത്രമാണ് പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ചത്.2006 തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിലെചെര്‍ക്കളം അബ്ദുല്ലയെ തോല്‍പിച്ച്‌ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച്‌ കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.2006 ലെ വിജയത്തിനുശേഷം 2011 ലും 2016ലും തെരഞ്ഞെടുപ്പുകളില്‍ പി.ബി അബ്ദുറസാഖിനോട് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ ഇപ്പോഴും സി.പി.എമ്മിന് പൊതുസമ്മതനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ സി.എച്ച്‌ കുഞ്ഞമ്പുവിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടേറിയറ്റില്‍ സി.എച്ച്‌ കുഞ്ഞമ്ബുവിന്റെ പേരുമാത്രമാണ് പരിഗണിച്ചത്. മുസ്ലിംലീഗില്‍ നിന്നും ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്നാണ് വിവരം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തുമായിരിക്കും അങ്കത്തട്ടില്‍.

നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അജിത് ഡോവലിനും നേരെ ജെയ്‌ഷെ മുഹമ്മദിന്റെ വധഭീഷണി;രാജ്യത്തെ 30 നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോർട്ട്

keralanews jaish e mohammeds death threat to narendra modi amit shah and ajit dowell and terrorist attacks are planned in 30 cities across the country

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കാശ്മീര്‍,പത്താന്‍കോട്ട് തുടങ്ങി രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.പാക് ചാരസംഘടനയായ ഐസിസിന്റെ പിന്തുണയോടെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് കൈമാറി. ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ പ്രതികാരനടപടി പരാമര്‍ശിക്കുന്ന കത്ത് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ഇതിലാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയുള്ളതായി വ്യക്തമാകുന്നത്. ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ ജയ്ഷെ മുഹമ്മദ് തയ്യാറാക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. രാജ്യത്തിന്‍റെ പല ഭാഗത്തും കശ്മീരിലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്പൂര്‍, ഗാന്ധി നഗര്‍, കാണ്ഡപൂര്‍, ലക്നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ്;വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

keralanews by election v k prasanth will be ldf candidate in vattiyoorkavu

തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തിരുന്നു. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതിന് കാരണം.ഇത്തവണ പ്രളയ ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണത്തില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ കൈയടി നേടിയിരുന്നു. പ്രശാന്തിന്റെ നേതൃപാടവത്തിന്റെ തെളിവായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് സിപിഎം വിലിയിരുത്തുന്നു.ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നല്‍കിയിരിക്കുന്നത് വി.കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ പേരുമാണ്.ഇന്ന് രാവിലെ ജില്ലാസെക്രട്ടേറിയറ്റും തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമേ അന്തിമതീരുമാനമുണ്ടാകൂ. എ.വിജയരാഘവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എ.വിജയരാഘവന്‍ തന്നെ പ്രശാന്തിന്റെ പേര് ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.

ഡ്രോണുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിച്ചതായി റിപ്പോർട്ട്

keralanews report that pakisthan dropped weapons in india

ന്യൂഡല്‍ഹി: കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ ഡ്രോണുകൾ ഉപയോഗിച്ച്‌ പാക്കിസ്ഥാൻ പഞ്ചാബിലെ ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ മാരകായുധങ്ങള്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.സാറ്റലൈറ്റ് ഫോണുകള്‍ അടക്കമുള്ള നിരോധിത വസ്‌തുക്കളുമായി 10 ദിവസത്തിനിടെ എട്ട് തവണ പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായാണ് പഞ്ചാബ് പൊലീസ് നല്‍കുന്ന വിവരം. കാശ്‌മീരില്‍ അടക്കം വന്‍ കലാപത്തിന് ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ നീക്കമെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നു.ഏതാണ്ട് അഞ്ച് മുതല്‍ പത്ത് കിലോ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ക്ക് നിരീക്ഷണ സംവിധാനത്തിന്റെ കണ്ണില്‍പെടാതെ അതിവേഗതയില്‍ താഴ്ന്ന് പറന്ന് ലക്ഷ്യസ്ഥാനത്തെത്തി മടങ്ങാന്‍ കഴിയും.ഇന്ത്യയില്‍ സിവിലിയന്‍ ഉപയോഗം നിരോധിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോണുകളുടെ സാന്നിധ്യം പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും തിരിച്ചറിഞ്ഞതാണ് ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ ആയുധം കടത്തിയെന്ന സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി തവണ ഇന്ത്യയിലേക്ക് പാക് ഡ്രോണുകള്‍ ആയുധങ്ങള്‍ എത്തിച്ചെന്ന് കണ്ടെത്തി.പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്ന കാശ്‌മീരില്‍ വിതരണം ചെയ്യാനാണ് ഈ ആയുധങ്ങള്‍ എത്തിച്ചതെന്നാണ് കരുതുന്നത്. ഇവ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.അതേസമയം, പാകിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ എത്തിച്ചതിന് ഖാലിസ്ഥാന്‍ സിന്ധാബാദ് ഫോഴ്സിലെ നാള് അംഗങ്ങളെ തിങ്കളാഴ്‌ച പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരില്‍ നിന്നും ആയുധങ്ങളും 10 ലക്ഷം രൂപയുടെ വ്യാജ കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) സമീപിച്ചതായും പഞ്ചാബ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് ശക്തമാക്കി സർക്കാർ;നാല് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും

keralanews govt to take strong action in marad flat controversy the water and electricity connection to four will disconnect within three days

കൊച്ചി:മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് ശക്തമാക്കി സർക്കാർ.നാല് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും.ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കി.തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.അതേ സമയം ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുന്നതും പൊളിച്ച്‌ നീക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും മുനിസിപ്പല്‍ സെക്രട്ടറിയെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസി ന് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് ചൊവ്വാഴ്ച വൈകീട്ടോടെ ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച്‌ ഒഴിഞ്ഞ് മാറാന്‍ മരട് നഗരസഭാ ശ്രമിച്ചു കൊണ്ട് ഇരിക്കവെ ആണ് സര്‍ക്കാരിന്റെ നടപടി.മരട് ഫ്ലാറ്റ് പൊളിക്കലിലെ കോടതി ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സുപ്രിം കോടതി ശകാരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.

മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

keralanews marad flat controversy high court rejected the petition submitted by flat owners questioning the notice of municipality to vacate the flat

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്ലാറ്റുകള്‍ പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെ കുറിച്ച്‌ അറിവില്ലേയെന്നും ഹൈക്കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നിര്‍മാതാക്കളെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നതില്‍ മരട് നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.അതേസമയം സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ മരടിലെ ആയിരത്തിലധികം നിര്‍മ്മാണ പ്രവൃത്തികള്‍ അനധികൃതമാണെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കണമെന്നും ഫ്‌ലാറ്റുടമകള്‍ ആവശ്യപ്പെട്ടു.ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളുടെ ഭാഗമായി 5 ദിവസത്തിനകം ഫ്ലാറ്റുകൾ ഒഴിയണമെന്ന് നിര്‍ദേശിച്ച്‌ നഗരസഭ ഇക്കഴിഞ്ഞ 10നാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഫ്ലാറ്റൊഴിയില്ലെന്ന് നിലപാടെടുത്ത താമസക്കാര്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കൊ​ച്ചി​ അ​മൃ​ത ആ​ശു​പ​ത്രി​ കെട്ടിടത്തില്‍ നിന്ന് ചാടി എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി

keralanews mbbs student committed suicide after jumping from the hospital building

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഡല്‍ഹി സ്വദേശിനി ഇയോണയാണു കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയത്. രണ്ടാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ഇയോണ. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

തിരുവനന്തപുരം പട്ടത്ത് ഏവിയേഷന്‍ അക്കാഡമയില്‍ എ.സി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

keralanews one injured when ac blast in aviation academy in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം പട്ടത്ത് ഏവിയേഷന്‍ അക്കാഡമയില്‍ എ.സി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്.കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്രാങ്ക്ഫിന്‍ ഏവിയേഷന്‍ അക്കാഡമിയിലാണ് പൊട്ടിത്തെറി നടന്നത്.സര്‍വ്വീസ് ചെയ്തുകൊണ്ടിരുന്ന എസിയാണ് പൊട്ടിത്തെറച്ചതെന്നാണ് വിവരം. വെഞ്ഞാറമൂട് സ്വദേശിയായ അഭിജിത്ത്(21) എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാള്‍ എസി നന്നാക്കാന്‍ എത്തിയതെന്നാണ് വിവരം. നാലുമണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോനം നടന്നത്. സംഭവ സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സുമടക്കം നിരവധി പേര്‍ എത്തിയിട്ടുണ്ട്. ക്ലാസ് നടക്കുമ്പോഴായിരുന്നു പൊട്ടിത്തെറിയെന്നാണ് വിവരം.കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും പരിക്ക് പറ്റിയോ എന്നുള്ള വിവരം വ്യക്തമല്ല.

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്;പന്ത്രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

keralanews chance for heavy rain in the state tomorrow yellow alert issued in twelve districts

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ പന്ത്രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ചയും സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില ഭാഗങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്.അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിനടുത്ത് രൂപം കൊണ്ട് ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തമാവാന്‍ കാരണം.