വാഷിങ്ടണ്‍:ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിന് പ്രതീക്ഷിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിങ് അല്ല സംഭവിച്ചതെന്ന് അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ.വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് (ഹാര്‍ഡ് ലാന്‍ഡിങ്) തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ചിത്രങ്ങള്‍ എടുത്തത്. വിക്രം ലാന്‍ഡറിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമം തുടരുമെന്നും നാസ അറിയിച്ചു.അതേസമയം, വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല.സെപ്റ്റംബര്‍ ഏഴിനായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഒക്ക് നഷ്ടപ്പെടുകയായിരുന്നു.ലാൻഡിങ്ങിന് ശേഷം 14 ദിവസമായിരുന്നു വിക്രം ലാന്‍ഡറിന്‍റെ ദൗത്യ കാലാവധി. ഈ കാലാവധി ശനിയാഴ്ചയോടെ അവസാനിച്ചിരുന്നു.
മരട് ഫ്ലാറ്റ് കേസ്;സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്
കൊച്ചി:മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും.ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസം സാവകാശം തേടിയിരുന്നെങ്കിലും എത്ര സാവകാശം കിട്ടുമെന്ന് ഇന്നറിയാം.തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയ കോടതി ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി.കടുത്ത ഭാഷയില്‍ സംസ്ഥാന സര്‍ക്കാറിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും വിമര്‍ശിച്ചു.പൊളിക്കാനുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസില്‍ വിശദമായ ഉത്തരവ് ഇന്നിറക്കുമെന്ന് വ്യക്തമാക്കി.അതേസമയം പാരിസ്ഥിതിക ആഘാതമില്ലാതെ പൊളിക്കാന്‍ മുന്നൊരുക്കം ആവശ്യമായതിനാല്‍ മൂന്ന് മാസത്തെ സാവകാശമാണ് സര്‍ക്കാര്‍ ചോദിച്ചിരുന്നത്. ഇത് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൊളിക്കാനുള്ള സമയപരിധി എത്രയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ഇന്നത്തെ അന്തിമ ഉത്തരവില്‍ വ്യക്തമാക്കും.
പാലായിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു;മാണി സി കാപ്പന്റെ ലീഡ് 3000 കടന്നു;വോട്ട് കച്ചവടം നടന്നതായി ജോസ് ടോം
പാലാ:പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുന്നു.3000 ത്തോളം വോട്ടുകൾക്കാണ് മാണി.സി.കാപ്പൻ നിലവിൽ മുന്നിട്ടു നിൽക്കുന്നത്. രാമപുരം പഞ്ചായത്തിലെയും കടനാട് പഞ്ചായത്തിലെയും വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.അതേസമയം പാലായിൽ വോട്ട് കച്ചവടം നടന്നതായി യുഡിഎഫ് സ്ഥാനാർഥി ടോം ജോസ് ആരോപിച്ചു.ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം പറഞ്ഞു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യ റൗണ്ടിൽ എൽഡിഎഫിന് മുന്നേറ്റം
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ആദ്യ ലീഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്. 162 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. രാമപുരം പഞ്ചായത്തിലെ ആദ്യ 15 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് മാണി സി.കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത്.തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.പതിനഞ്ച് ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, 4,263 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിരിക്കുന്നത്. 4,101 വോട്ടുകളാണ് ജോസ് ടോം പുലികുന്നേല്‍ നേടിയത്. എന്‍ഡിഎയുടെ എന്‍ ഹരിക്ക് 1929വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 180വോട്ടുകളാണ് കെഎം മാണി ഇവിടെ നേടിയത്.എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും.
കണ്ണൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സിയും സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍
കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സിയും സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍.ദോഹയില്‍ നിന്നും എത്തിയ വടകര സ്വദേശിനി ഷരീഫയിൽ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഷരീഫയില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് സ്വര്‍ണ്ണ ചെയിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.ദോഹയില്‍ നിന്ന് പുലര്‍ച്ചെ 5.40ന് എത്തിയ ഇന്‍ഡിഗോ വിമാനയാത്രക്കാരിയായിരുന്നു ഷരീഫ.സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി.കമ്മീഷണര്‍ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെയിന്‍ കണ്ടെടുത്തത്.മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീന്റെ പക്കല്‍ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളറാണ് പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. കഴിഞ്ഞ മാസം ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലരക്കോടി രൂപയുടെ സ്വര്‍ണം യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു.കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാര്‍, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ സോനിദ് കുമാര്‍, അശോക് കുമാര്‍, യൂഗല്‍ കുമാര്‍, ജോയ് സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍മാരായ പാര്‍വതി, മുകേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
പിറവം പള്ളി തർക്കം;പ്രതിഷേധക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടു പിറവം വലിയപള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റു ചെയ്തു നീക്കണമെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.അറസ്റ്റ് ചെയ്ത് നീക്കി ഉച്ചക്ക് മുന്‍പ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കെത്തിയത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. വലിയപള്ളിയില്‍നിന്ന് 500 മീറ്റര്‍ അകലെയുള്ള കാതോലിക്കോസ് സെന്‍ററില്‍നിന്നു പോലീസ് അകമ്പടിയോടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം എത്തിയത്. ഗേറ്റ് തുറന്ന് ഉള്ളില്‍ പ്രവേശിക്കാന്‍ അനുമതി തേടിയെങ്കിലും പോലീസ് നിസംഗത പാലിക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നു.കോടതി വിധി പ്രകാരം പള്ളിക്കുള്ളില്‍ പ്രവേശനം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം. ഓര്‍ത്തഡോക്സ് വൈദികര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ സംരക്ഷണം നല്‍കാനാണു ഹൈക്കോടതി ഉത്തരവ്.
പൂനെയിൽ കനത്ത മഴയും വെള്ളപ്പൊക്കവും;11 മരണം;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പൂനെ:കനത്ത മഴയെത്തുടര്‍ന്ന് പൂനെയില്‍ വെള്ളപ്പൊക്കം.11 പേര്‍ മരണപ്പെടുകയും നിരവധി നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.ബുധനാഴ്ച രാത്രിയോടെയാണ് മഴ തുടങ്ങിയത്. മഴയില്‍ കുടുങ്ങിയ 500 ലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അര്‍ണേശ്വര്‍ മേഖലയില്‍ മതിലിടിഞ്ഞാണ് ഒൻപതു വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ചു പേര്‍ മരിച്ചത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 27 ഓടെ മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു.
ഉപതിരഞ്ഞെടുപ്പ്;മഞ്ചേശ്വരത്ത് കുഞ്ഞമ്പു മത്സരിക്കില്ല;പകരം എം.ശങ്കര്‍ റൈ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും
കാസർകോഡ്:മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം എം. ശങ്കര്‍ റൈ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും. കുഞ്ഞമ്പു മത്സരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് തീരുമാനം. ഇന്നലെ കുഞ്ഞമ്പുവിനെയാണ് മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. 2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു;ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.അറബിക്കടലിന്റെ തെക്കുകിഴക്കന്‍ തീരത്തും മാലദ്വീപ് മേഖലയില്‍ മല്‍സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.അതേസമയം കനത്ത മഴയെ തുടര്‍ന്ന് കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കനത്ത മഴ മൂലം ഇന്നലെ രാത്രി മുതല്‍ കൊല്ലം നഗരപരിധിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലുമാണ് അവധി.എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല/ ബോര്‍ഡ്/പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.
മരട് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി,ജലവിതരണം നിർത്തലാക്കി;പ്രതിഷേധം ശക്തമാക്കി താമസക്കാര്‍
കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി വിതരണവും,ജല വിതരണവും വിച്ഛേദിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കനത്ത പൊലീസ് സുരക്ഷയില്‍ കെ.എസ്.ഇ.ബി ജീവനക്കാരാണ് വൈദ്യുതി വിച്ഛേദിച്ചത്.രാവിലെ ഒൻപത് മണിയോടെയാണ് ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ഫ്ളാറ്റുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിലാണിത്. കുണ്ടന്നൂരിലെ എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍കേവ്, ആല്‍ഫാ വെഞ്ച്വേഴ്സ്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ളാറ്റുകളിലെ വൈദ്യുതി,ജലവിതരണമാണ് വിച്ഛേദിച്ചത്.സംഭവം അറിഞ്ഞ താമസക്കാര്‍ ഫ്ലാറ്റുകള്‍ക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. വെള്ളവും വെളിച്ചവും പാചകവാതകവും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രായമുള്ളവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ലെന്നും ഇവർ ആരോപിച്ചു.റാന്തല്‍വെളിച്ചത്തില്‍ സമരം തുടരുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു.സെപ്റ്റംബര്‍ 27നകം ഫ്ലാറ്റുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.കുടിവെള്ളം വെള്ളിയാഴ്ച വിച്ഛേദിക്കും. രണ്ടു ദിവസത്തിനകം പാചകവാതക വിതരണം അവസാനിപ്പിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി മൂന്നു മാസത്തിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഒക്ടോബര്‍ മൂന്നിനകം പൊലീസ്, ജില്ല അധികൃതര്‍, ജല-വൈദ്യുതി വകുപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് ഒഴിപ്പിക്കല്‍ പദ്ധതി തയാറാക്കും.ഒന്നിനും മൂന്നിനുമിടയില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും 750 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ താമസക്കാര്‍ക്കും നോട്ടീസ് നല്‍കും. 11ന് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാൻ ആരംഭിക്കും.ഡിസംബര്‍ നാലിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കും. അവശിഷ്ടങ്ങള്‍ ഡിസംബര്‍ നാലിനും 19നും ഇടയില്‍ നീക്കും.അതേസമയം ഫ്ലാറ്റുടമകളുടെ പരാതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്ലാറ്റ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.