കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ടമെന്റിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ദിലീപ് അടക്കമുള്ള പ്രതികള്‍ ഇവിടുത്തെ ഫ്ളാറ്റില്‍ വെച്ചും ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കുകയാണ്. കൂടാതെ, ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈൽ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ചും ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്വേഷണം സംഘം ആവശ്യപ്പെട്ട ഫോണുകൾ മുഴുവൻ ദിലീപ് ഹാജരാക്കിയില്ല. ഇത് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെതിന്റെ തെളിവാണ്. അതിനാൽ വിശദമായ അന്വേഷണത്തിന് ദിലീപിനെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ജാമ്യം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്നത് നിർണ്ണായകമെന്ന് ദിലീപിനോട് കോടതി പറഞ്ഞു.
ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് മുൻതൂക്കം;ഇതിനായി ബാറ്ററി സ്വാപ്പിംഗ് പോളിസി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് മുൻതൂക്കം നൽകി കേന്ദ്ര ബജറ്റ്. ഇതിനായി ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ട് പൊതുഗതാഗത മേഖലകൾ സൃഷ്ടിക്കും. ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനമായി. തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവച്ചിന് കീഴിൽ 2,000 കിലോമീറ്റർ റെയിൽ ശൃംഖല കൊണ്ടുവരാനും ബജറ്റിൽ തീരുമാനം.മലിനീകരണ പ്രശ്‌നങ്ങൾ പൂർണമായും തടയാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കും.
‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍’ പദ്ധതി;നിർണായക പ്രഖ്യാപനം നടത്തി നിർമല സീതാരാമൻ
ന്യൂഡൽഹി:ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ കഴിയുന്നവിധം പുതിയ നിയമനിർമാണം നടത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വ്യവസായത്തിനും മറ്റ് ആവശ്യങ്ങൾക്കും ഭൂമി ഏറ്റെടുക്കുന്നതിനും ഇത് കൂടുതൽ സൗകര്യപ്രദമാകും.ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.1.5 ലക്ഷം പോസ്റ്റോഫീസുകളില്‍ കോര്‍ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്‌പോര്‍ട്ട് വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ബജറ്റ് 2022;ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സര്‍വ്വകലാശാല;ഡിജിറ്റല്‍ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊറോണ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതലായി വ്യാപിപ്പിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും.അംഗന്‍വാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. സക്ഷം അംഗന്‍വാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കവാടികളെ ഉള്‍പ്പെടുത്തും. അംഗന്‍വാടികള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരീകരിക്കും. പ്രകൃതി സൗഹാര്‍ദ്ദപരമായ സീറോ ബജറ്റ് ഓര്‍ഗാനിക് ഫാമിങ്, ആധുനിക കാല കൃഷി എന്നിവ കൂടുതല്‍ വിപുലീകരിക്കുന്നതിനായി കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
ആലപ്പുഴ താമരക്കുളത്ത് അമ്മയേയും രണ്ട് പെൺമക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: താമരക്കുളത്ത് അമ്മയേയും രണ്ട് പെൺമക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.കിഴക്കേമുറി കലാഭവനത്തില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ പ്രസന്ന(52), മക്കളായ കല(33),മിന്നു(32) എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.പ്രസന്നയുടെ മക്കള്‍ക്ക് മാനസിക വൈകല്യമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസ്;മൊബൈല്‍ ഫോൺ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇന്ന്.ഏത് ഫോറൻസിക് ലാബിലേയ്‌ക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി ഇന്ന് നിർദ്ദേശം നൽകും. ഉച്ചയ്‌ക്ക് 1.45നാണ് ഉപഹർജി പരിഗണിക്കുന്നത്. തന്റെ വീട്ടിൽ നിന്നും എടുത്ത എല്ലാ ഗാഡ്‌ജേറ്റുകളും പോലീസിന്റെ പക്കൽ ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും കൂട്ടിച്ചേർക്കാനുള്ള സാധ്യതയും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈൽ ഫോണുകളിൽ ആറെണ്ണം ദിലീപ് കൈമാറിയിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോൺ താൻ ഉപയോഗിക്കുന്നതല്ലെന്ന് ദിലീപ് അറിയിച്ചു.2021ല്‍ വാങ്ങിയ ഈ ഐ ഫോണ്‍ 13 പ്രോ താനിപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇത് ഹാജരാക്കാന്‍ കഴിയില്ലെന്നും ദിലീപ് കോടതിയില്‍ ഉപഹര്‍ജി നല്‍കുകയായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.കൂടാതെ, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ഹർജി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 4ന് വീണ്ടും പരിഗണിക്കും.
കേന്ദ്രബജറ്റ് ഇന്ന്; രാവിലെ 11ന് ലോക്സഭയില്‍ അവതരിപ്പിക്കും;സാമ്പത്തിക രംഗത്തെ പ്രഖ്യാപനങ്ങള്‍ക്കായി പ്രതീക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11ന് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും.നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണ് ഇന്ന് നടക്കുന്നത്. കോവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് ബജറ്റ് അവതരണം. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്.സാധാരണ 120 മിനിറ്റ് വരെയാണ് ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യമെങ്കിലും നിര്‍മല സീതാരാമന്‍ നീണ്ട ബജറ്റ് പ്രസംഗം നടത്താറുണ്ട്. 2020ല്‍ രണ്ട് മണിക്കൂര്‍ 40 മിനിറ്റ് എടുത്തു. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സര്‍വേയും ഡിജിറ്റലായാണ് നല്‍കിയത്.കേന്ദ്ര ബജറ്റ് അവതരണങ്ങള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റ് മന്ദിരത്തിലെത്തി. രാവിലെ 8.45ഓടെ ധനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത് ബ്ലോക്കിലെത്തി.രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയോട് അനുവാദം വാങ്ങിയ ശേഷം ധനമന്ത്രി വീണ്ടും തിരികെ പാര്‍ലമെന്റ് മന്ദിരത്തിലെത്തും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് അംഗീകാരം ലഭിക്കുന്നതിനായി 10.10ന് കാബിനറ്റ് അംഗങ്ങളുടെ യോഗം സംഘടിപ്പിക്കും. ഇതിന് ശേഷമാണ് ബജറ്റ് അവതരിപ്പിക്കുക. വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയും ധനമന്ത്രി വിശദീകരണം നല്‍കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും പ്രഖ്യാപനങ്ങളുണ്ടാകും. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.കോവിഡ് കാലത്തെ കുട്ടികളുടെ പഠനച്ചെലവിനും, മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ചിലവിടുന്ന പണത്തിനും അലവന്‍സ് പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കുകളില്‍ വായ്പ തിരിച്ചടവ് പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാല്‍ കൂടുതല്‍ വായ്പകള്‍ നല്‍കുന്നതില്‍ ബജറ്റില്‍ നിയന്ത്രണം കൊണ്ടുവന്നേക്കും. പഞ്ചാബ് ഉള്‍പ്പെടെ കര്‍ഷകര്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്‍ഷിക മേഖലക്ക് കൂടുതല്‍ പണം അനുവദിക്കാനും സാധ്യതയുണ്ട്.വര്‍ക്ക് അറ്റ് ഹോം രീതിക്ക് അലവന്‍സുകള്‍ അനുവദിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതലുണ്ടായിരുന്നു. ജോലി ഓഫീസുകളില്‍ നിന്ന് വീട്ടിലേക്ക് മാറിയതോടെ അധികച്ചിലവായി വരുന്ന ഇന്റര്‍നെറ്റ് , വൈദ്യുതി ചാര്‍ജ് തുടങ്ങിയവക്ക് നികുതി ഇളവ് നല്‍കുന്നതാണ് വര്‍ക്ക് അറ്റ് ഹോം അലവന്‍സ്.
കണ്ണൂർ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ട് പേര്‍ പിടിയിൽ
കണ്ണൂർ: ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു.സൂഫി മക്കാനി ഹോട്ടലുടമ ജസീറാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഹോട്ടല്‍ അടച്ചതിന് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് കൊലപാതകം നടന്നത്. കാര്‍ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും, ജംഷീറിന് കുത്തേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് കാരണം എന്താണെന്നുള്ളത് ഇപ്പോഴും പൂര്‍ണ്ണമായും വ്യക്തമായിട്ടില്ല. ആസൂത്രിത കൊലപാതകം അല്ലെന്നാണ് പോലീസിന്റെ നിരീക്ഷണം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു;വാവ സുരേഷ് ഗുരുതരാവസ്ഥയില്‍
കോട്ടയം: ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്.ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്കാണ് മാറ്റുക. എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ച് വരുത്തിയത്. പാമ്പിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കടിക്കുകയായിരുന്നു.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റമില്ല;ഞായറാഴ്ച ലോക്ക്ഡൗൺ തുടരും
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം.ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഞായറാഴ്ച നടപ്പിലാക്കുന്ന ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ തുടരാനും യോഗത്തിൽ തീരുമാനമായി. ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും മാറ്റമുണ്ടാകില്ല.നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനമാണ് ഉണ്ടായതെന്നും കൂടുതൽ കർശനമാക്കാൻ അധിക നിയന്ത്രണങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരോഗ്യവകുപ്പ് മുന്നോട്ട് വെച്ച നിർദേശങ്ങൾ അവലോകന യോഗം പ്രധാനമായി പരിഗണിച്ചുവെന്നാണ് വിവരം.ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ തുടരും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈൻ പഠന രീതിയിൽ മുന്നോട്ടുപോകും. വരും ദിവസങ്ങളിലെ കൊറോണ കേസുകളുടെ സാഹചര്യം പരിഗണിച്ച് അടുത്ത അവലോകന യോഗം നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.